വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നിൽ താത്‌പര്യം കാണിക്കുന്ന ഒരു പെൺകുട്ടിയോട്‌ ഞാൻ എങ്ങനെ പെരുമാറണം?

എന്നിൽ താത്‌പര്യം കാണിക്കുന്ന ഒരു പെൺകുട്ടിയോട്‌ ഞാൻ എങ്ങനെ പെരുമാറണം?

യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . .

എന്നിൽ താത്‌പ​ര്യം കാണി​ക്കുന്ന ഒരു പെൺകു​ട്ടി​യോട്‌ ഞാൻ എങ്ങനെ പെരു​മാ​റണം?

“മുൻ​കൈ​യെ​ടു​ത്തത്‌ സൂസനാണ്‌. എനിക്ക്‌ അതിൽ യാതൊ​രു പ്രശ്‌ന​വും തോന്നി​യില്ല. അത്‌ നല്ല കാര്യ​മാ​യി എന്നു​വേണം പറയാൻ.”—ജെയിംസ്‌. *

“സ്‌ത്രീ​ക​ളു​മാ​യുള്ള തന്റെ ഇടപെ​ട​ലു​ക​ളിൽ ഒരു പുരുഷൻ സത്യസ​ന്ധ​ന​ല്ലെ​ങ്കിൽ അതിനു വിപത്‌ക​ര​മായ ഫലങ്ങൾ ഉളവാ​ക്കാൻ കഴിയും.”—റോബർട്ടോ.

അടുത്ത​യി​ടെ ഒരു യുവതി നിങ്ങളെ സമീപിച്ച്‌ അവൾക്കു നിങ്ങ​ളോ​ടെ​ന്തോ ചോദി​ക്കാ​നു​ണ്ടെന്നു പറഞ്ഞു. സുഹൃ​ത്തു​ക്ക​ളു​ടെ കൂട്ടത്തിൽ നിങ്ങൾ അവളെ പലപ്പോ​ഴും കണ്ടിട്ടുണ്ട്‌. അവളോ​ടു സംസാ​രി​ക്കു​ന്ന​തും അവളു​മൊ​ത്തു കാര്യങ്ങൾ ചെയ്യു​ന്ന​തു​മൊ​ക്കെ രസമാണ്‌. എങ്കിലും, അവൾ പറഞ്ഞതു​കേട്ട്‌ നിങ്ങൾ ഞെട്ടി​പ്പോ​യി. അവൾ നിങ്ങളു​മാ​യി പ്രണയ​ബ​ന്ധ​ത്തി​ലാ​കാൻ താത്‌പ​ര്യ​പ്പെ​ടു​ന്നു. നിങ്ങൾക്കും അവളോട്‌ അങ്ങനെ​ത​ന്നെ​യാ​ണോ തോന്നു​ന്നത്‌ എന്നറി​യാൻ അവൾ ആഗ്രഹി​ക്കു​ന്നു.

ഇത്തര​മൊ​രു ബന്ധത്തിനു തുടക്ക​മി​ടേ​ണ്ടത്‌ പുരു​ഷ​നാ​ണെന്ന അഭി​പ്രാ​യ​ക്കാ​ര​നാണ്‌ നിങ്ങ​ളെ​ങ്കിൽ ഇതു നിങ്ങളെ അമ്പരപ്പി​ച്ചേ​ക്കാം. മിക്ക​പ്പോ​ഴും അങ്ങനെ​യാ​ണു സംഭവി​ക്കാ​റു​ള്ള​തെ​ങ്കി​ലും ഇക്കാര്യ​ത്തിൽ മുൻകൈ എടുക്കു​ക​വഴി അവൾ ബൈബിൾ തത്ത്വങ്ങ​ളൊ​ന്നും ലംഘി​ച്ചി​ട്ടി​ല്ലെന്ന കാര്യം മനസ്സിൽ പിടി​ക്കുക. * ഈ വസ്‌തുത ശരിയായ രീതി​യിൽ പ്രതി​ക​രി​ക്കാൻ നിങ്ങളെ സഹായി​ച്ചേ​ക്കാം.

അതി​നെ​ക്കു​റി​ച്ചു ചിന്തി​ച്ച​ശേഷം, നിങ്ങൾക്ക്‌ ഡേറ്റി​ങ്ങി​ലേർപ്പെ​ടാ​നുള്ള പ്രായ​മാ​യി​ട്ടി​ല്ലെ​ന്നോ ഇപ്പോൾ ആ പെൺകു​ട്ടി​യോട്‌ ആ വിധത്തി​ലുള്ള താത്‌പ​ര്യ​മൊ​ന്നും തോന്നു​ന്നി​ല്ലെ​ന്നോ ഉള്ള ഒരു നിഗമ​ന​ത്തിൽ നിങ്ങൾ എത്തി​ച്ചേർന്നേ​ക്കാം. ഏതെങ്കി​ലും വിധത്തിൽ അവൾക്ക്‌ തെറ്റായ ധാരണ നൽകി​യി​രി​ക്കു​മോ എന്നോർത്ത്‌ നിങ്ങൾക്കു കുറ്റ​ബോ​ധ​വും തോന്നി​യേ​ക്കാം. ഈ സാഹച​ര്യ​ത്തിൽ നിങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌? ഒന്നാമ​താ​യി, അവളുടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കും.

അവളുടെ വികാ​രങ്ങൾ കണക്കി​ലെ​ടു​ക്കു​ക

ഇത്തര​മൊ​രു സാഹച​ര്യ​ത്തിൽ ഒരു പെൺകു​ട്ടി ഏത്‌ അവസ്ഥയി​ലൂ​ടെ ആയിരി​ക്കും കടന്നു​പോ​കു​ന്ന​തെന്നു ചിന്തി​ക്കുക. ഒരു നല്ല ധാരണ ഉളവാ​ക്കാ​നുള്ള വെമ്പലിൽ അവൾ പറയാ​നു​ള്ളത്‌ ദിവസ​ങ്ങ​ളോ​ളം പറഞ്ഞു പരിശീ​ലി​ച്ചി​രി​ക്കാം. അനു​യോ​ജ്യ​മായ വാക്കുകൾ അനു​യോ​ജ്യ​മായ പുഞ്ചി​രി​യു​ടെ മേമ്പൊ​ടി കലർത്തി അവതരി​പ്പി​ക്കാൻ പഠിച്ച​ശേഷം നിങ്ങൾ അഭ്യർഥന നിരസി​ച്ചേ​ക്കാ​നുള്ള സാധ്യ​ത​യെ​പ്പറ്റി അവൾ ചിന്തി​ച്ചി​രി​ക്കാം. ഒടുവിൽ, വേണ്ടത്ര ധൈര്യം സംഭരിച്ച്‌, പരി​ഭ്ര​മത്തെ തരണം​ചെ​യ്‌ത്‌ അവളിതാ നിങ്ങളു​ടെ മുന്നിൽ ഹൃദയം തുറന്നി​രി​ക്കു​ന്നു.

അവൾ ആ വെല്ലു​വി​ളി ഏറ്റെടു​ക്കാൻ തയ്യാറാ​യത്‌ എന്തു​കൊ​ണ്ടാണ്‌? ഒരുപക്ഷേ അത്‌ നിങ്ങ​ളോ​ടുള്ള കടുത്ത പ്രണയാ​വേശം മൂലമാ​യി​രി​ക്കാം. ഇനിയും, മിക്കയാ​ളു​ക​ളും ശ്രദ്ധി​ക്കാ​തെ​പോ​കുന്ന നിങ്ങളി​ലെ നല്ല ഗുണങ്ങൾ അവൾ വിലമ​തി​ക്കു​ന്നു​ണ്ടാ​കാം. അതു​കൊണ്ട്‌ അവളുടെ വാക്കു​ക​ളിൽ സാധ്യ​ത​യ​നു​സ​രിച്ച്‌ നിങ്ങൾക്കുള്ള പ്രശംസ ഒളിഞ്ഞി​രി​പ്പുണ്ട്‌, അതാ​ണെ​ങ്കിൽ നിങ്ങൾക്ക്‌ എന്നു​മൊ​ന്നും കിട്ടു​ന്ന​ത​ല്ല​താ​നും.

ഈ ആശയങ്ങൾ ഇവിടെ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ നിങ്ങളു​ടെ തീരു​മാ​നത്തെ സ്വാധീ​നി​ക്കാൻ വേണ്ടിയല്ല, പിന്നെ​യോ ദയാപൂർവം പെരു​മാ​റേ​ണ്ട​തി​ന്റെ ആവശ്യ​ത്തെ​ക്കു​റി​ച്ചു നിങ്ങളെ ഓർമി​പ്പി​ക്കാൻ വേണ്ടി​യാണ്‌. ജൂലി എന്ന യുവതി ഇങ്ങനെ പറയുന്നു: “അയാൾക്ക്‌ അവളോ​ടു പ്രത്യേ​കി​ച്ചൊ​ന്നും തോന്നു​ന്നി​ല്ലെ​ങ്കിൽക്കൂ​ടി, തന്നെ ശ്രദ്ധി​ക്കാൻ ഒരാളു​ണ്ടാ​യ​ല്ലോ എന്നോർത്ത്‌ അയാൾ സന്തോ​ഷി​ക്കേ​ണ്ട​താണ്‌. അതു​കൊണ്ട്‌, യാതൊ​രു മയവു​മി​ല്ലാ​തെ അഭ്യർഥന നിരസി​ക്കു​ന്ന​തി​നു പകരം, അയാൾ കുറഞ്ഞ​പക്ഷം അവളോ​ടു നന്നായി പെരു​മാ​റു​ക​യും തനിക്കു താത്‌പ​ര്യ​മി​ല്ലെന്ന കാര്യം സൗമ്യ​മാ​യി പറയു​ക​യും വേണം.” നിങ്ങളും അങ്ങനെ​തന്നെ ആയിരി​ക്കും ചെയ്യു​ക​യെന്നു പ്രതീ​ക്ഷി​ക്കട്ടെ.

മുമ്പും നിങ്ങൾ അവളുടെ പ്രണയാ​ഭ്യർഥന നിരസി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലോ? അറുത്തു​മു​റി​ച്ചു കാര്യം പറയാൻ നിങ്ങൾക്കു തോന്നി​യേ​ക്കാം. ആ തോന്ന​ലി​നെ ചെറു​ക്കുക. സദൃശ​വാ​ക്യ​ങ്ങൾ 12:18 ഇങ്ങനെ പറയുന്നു: “വാളു​കൊ​ണ്ടു കുത്തും​പോ​ലെ മൂർച്ച​യാ​യി സംസാ​രി​ക്കു​ന്നവർ ഉണ്ടു; ജ്ഞാനി​ക​ളു​ടെ നാവോ സുഖ​പ്രദം.” ‘ജ്ഞാനി​ക​ളു​ടെ നാവി​നാൽ’ സംസാ​രി​ക്കാൻ നിങ്ങൾക്കെ​ങ്ങനെ സാധി​ക്കും?

വികാ​ര​ങ്ങൾ വെളി​പ്പെ​ടു​ത്തി​യ​തി​നും നിങ്ങളെ വിലമ​തി​പ്പോ​ടെ വീക്ഷി​ക്കു​ന്ന​തി​നും അവളോ​ടു നന്ദി പറയാൻ നിങ്ങൾക്കു കഴി​ഞ്ഞേ​ക്കാം. മനഃപൂർവ​മ​ല്ലെ​ങ്കിൽപ്പോ​ലും അവളിൽ തെറ്റായ ധാരണ ഉളവാ​ക്കി​യ​തി​നു ക്ഷമ ചോദി​ക്കുക. അവൾക്കു​ള്ള​തു​പോ​ലുള്ള വികാ​രങ്ങൾ നിങ്ങൾക്ക്‌ അവളോ​ടി​ല്ലെന്ന്‌ വ്യക്തമാ​യി, എന്നാൽ ദയാപു​ര​സ്സരം പറയുക. നിങ്ങൾ പറയു​ന്നത്‌ അവൾ മനസ്സി​ലാ​ക്കാൻ പരാജ​യ​പ്പെ​ടു​ക​യും നിങ്ങൾക്കു കാര്യങ്ങൾ കൂടുതൽ തറപ്പിച്ചു പറയേ​ണ്ടി​വ​രു​ക​യും ചെയ്യു​ന്നെ​ങ്കിൽ, അപ്പോ​ഴും പരുഷ​മായ സംസാ​ര​രീ​തി​യും കുത്തി​നോ​വി​ക്കുന്ന വാക്കു​ക​ളും ഒഴിവാ​ക്കണം. അവളുടെ ലോല​മായ വികാ​ര​ങ്ങ​ളാ​ണു നിങ്ങൾ കൈകാ​ര്യം ചെയ്യു​ന്നത്‌. അതു​കൊണ്ട്‌ ക്ഷമ പ്രകട​മാ​ക്കുക. അവളുടെ സ്ഥാനത്തു നിങ്ങളാ​യി​രു​ന്നെ​ങ്കിൽ, അവൾ നിങ്ങ​ളോ​ടു മയത്തിൽ ഇടപെ​ടാ​നാ​യി​രി​ക്കി​ല്ലേ നിങ്ങൾ ആഗ്രഹി​ക്കുക?

എന്നാൽ, നിങ്ങൾ അവളെ മനഃപൂർവം തെറ്റി​ദ്ധ​രി​പ്പി​ക്കു​ക​യാ​യി​രു​ന്നെന്ന്‌ അവൾ ഉറപ്പി​ച്ചു​പ​റ​യു​ന്നെ​ങ്കി​ലോ? നിങ്ങൾക്ക്‌ അവളോ​ടു താത്‌പ​ര്യ​മു​ണ്ടെന്നു തോന്നാൻ ഇടയാ​ക്കിയ നിങ്ങളു​ടെ ചില പ്രവർത്ത​നങ്ങൾ അവൾ ചൂണ്ടി​ക്കാ​ണി​ച്ചേ​ക്കാം. ‘എനിക്ക്‌ ആ പൂവ്‌ തന്നത്‌ ഓർമ​യു​ണ്ടോ?’ ‘കഴിഞ്ഞ മാസം നമ്മൾ ഒന്നിച്ചു നടക്കാൻ പോയ​പ്പോൾ എന്താണ്‌ എന്നോടു പറഞ്ഞ​തെന്ന്‌ ഒന്ന്‌ ഓർത്തു​നോ​ക്കി​ക്കേ’ എന്നൊക്കെ അവൾ പറഞ്ഞേ​ക്കാം. ഇപ്പോൾ നിങ്ങൾ ഗൗരവ​മേ​റിയ ഒരു ആത്മപരി​ശോ​ധന നടത്തേ​ണ്ടി​യി​രി​ക്കു​ന്നു.

യാഥാർഥ്യം അംഗീ​ക​രി​ക്കു​ക

പുരാ​ത​ന​കാ​ലത്തെ പര്യ​വേ​ക്ഷകർ തങ്ങൾ കണ്ടെത്തിയ ദേശങ്ങളെ, ജയിച്ച​ട​ക്കാ​നും ചൂഷണം ചെയ്യാ​നും ഉള്ളവയാ​യാണ്‌ പലപ്പോ​ഴും വീക്ഷി​ച്ചത്‌. ഇന്നത്തെ ചില പുരു​ഷ​ന്മാർ സ്‌ത്രീ​കളെ വീക്ഷി​ക്കു​ന്ന​തും ഇതേ വിധത്തി​ലാണ്‌. പ്രണയ​ബ​ന്ധ​ങ്ങ​ളു​ടെ മാധു​ര്യം നുകരാൻ ആഗ്രഹി​ക്കു​മ്പോൾത്തന്നെ വിവാ​ഹ​ജീ​വി​ത​ത്തി​ന്റെ ഉത്തരവാ​ദി​ത്വം കയ്യേൽക്കാൻ അവർ തയ്യാറല്ല. സ്വയം പ്രതി​ബ​ദ്ധ​ത​യി​ലാ​കാ​തെ നോക്കി​ക്കൊണ്ട്‌ അവർ സ്‌ത്രീ​കളെ പാട്ടി​ലാ​ക്കാൻ ശ്രമി​ക്കു​ന്നു. സ്‌ത്രീ​ക​ളു​ടെ വികാ​ര​ങ്ങളെ മുത​ലെ​ടു​ത്തു​കൊ​ണ്ടാണ്‌ അവരിതു ചെയ്യു​ന്നത്‌. അത്തര​മൊ​രു പുരുഷൻ സ്‌ത്രീ​യു​ടെ സ്‌നേഹം നേടി​യെ​ടു​ക്കു​ന്നത്‌ വഞ്ചനയി​ലൂ​ടെ​യാണ്‌. ഒരു ക്രിസ്‌തീയ മൂപ്പൻ ഇങ്ങനെ പറയുന്നു: “ചില യുവാക്കൾ പല പെൺകു​ട്ടി​ക​ളു​മാ​യി മാറി​മാ​റി പ്രണയ​ബ​ന്ധങ്ങൾ സ്ഥാപി​ക്കു​ന്ന​താ​യി കാണുന്നു. ഒരു സ്‌ത്രീ​യു​ടെ വികാ​ര​ങ്ങളെ ഇങ്ങനെ അമ്മാന​മാ​ടു​ന്നതു ശരിയല്ല.” അത്തരം സ്വാർഥത എവി​ടേ​ക്കാ​ണു നയിക്കു​ന്നത്‌?

“കൂട്ടു​കാ​രനെ വഞ്ചിച്ചി​ട്ടു അതു കളി എന്നു പറയുന്ന മനുഷ്യൻ തീക്കൊ​ള്ളി​ക​ളും അമ്പുക​ളും മരണവും എറിയുന്ന ഭ്രാന്ത​നെ​പ്പോ​ലെ​യാ​കു​ന്നു.” (സദൃശ​വാ​ക്യ​ങ്ങൾ 26:18, 19) സ്വാർഥ കാരണ​ങ്ങൾക്കാ​യി ഒരു പുരുഷൻ ഒരു സ്‌ത്രീ​യു​മാ​യി പ്രണയ​ബ​ന്ധ​ത്തി​ലാ​കു​മ്പോൾ അയാളു​ടെ ഉള്ളിലി​രുപ്പ്‌ എന്താ​ണെന്ന്‌ ഒടുവിൽ അവൾ മനസ്സി​ലാ​ക്കും. അപ്പോൾ ആ വഞ്ചന അവളുടെ ഹൃദയത്തെ കീറി​മു​റി​ക്കും. പിൻവ​രുന്ന ഉദാഹ​രണം അതാണ്‌ കാണി​ക്കു​ന്നത്‌.

ഒരു ചെറു​പ്പ​ക്കാ​രൻ ഒരു സ്‌ത്രീ​യു​മാ​യി പ്രണയ​ബ​ന്ധ​ത്തി​ലേർപ്പെട്ടു. എന്നാൽ അവളെ വിവാഹം കഴിക്കാ​നുള്ള ആഗ്രഹ​മൊ​ന്നും അയാൾക്കി​ല്ലാ​യി​രു​ന്നു. അയാൾ അവളെ​യും​കൂ​ട്ടി നല്ല നല്ല റെസ്റ്ററ​ന്റു​ക​ളിൽ പോയി. അവർ ഒരുമി​ച്ചു പാർട്ടി​ക​ളിൽ പങ്കെടു​ത്തു. അയാൾ അവളുടെ സൗഹൃദം ആസ്വദി​ച്ചു, അവളാ​കട്ടെ അയാൾ തന്നെ വിവാഹം കഴിക്കാൻ പോകു​ക​യാ​ണെന്നു വിചാ​രിച്ച്‌ അയാൾ തന്നിൽ കാണി​ക്കുന്ന ശ്രദ്ധ ആസ്വദി​ച്ചു. എന്നാൽ രസകര​മായ ഒരു സൗഹൃദം ആസ്വദി​ക്കു​ന്ന​തിൽ മാത്ര​മാണ്‌ അയാളു​ടെ താത്‌പ​ര്യ​മെന്നു മനസ്സി​ലാ​ക്കി​യ​പ്പോൾ അത്‌ അവളിൽ ആഴമായ മുറി​വേൽപ്പി​ച്ചു.

നിങ്ങളെ സമീപി​ച്ചി​രി​ക്കുന്ന യുവതിക്ക്‌, കരുതി​ക്കൂ​ട്ടി​യ​ല്ലെ​ങ്കി​ലും ഒരു തെറ്റായ ധാരണ കൊടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾ എന്താണു ചെയ്യേ​ണ്ടത്‌? സ്വയം പ്രതി​രോ​ധി​ക്കാ​നും ന്യായീ​ക​രി​ക്കാ​നും ശ്രമി​ക്കു​ന്നത്‌ അവളിൽ അമർഷ​വും കയ്‌പും നിറയ്‌ക്കു​ക​യേ​യു​ള്ളൂ. പിൻവ​രുന്ന ബൈബിൾ തത്ത്വം പരിചി​ന്തി​ക്കുക: “തന്റെ ലംഘന​ങ്ങളെ മറെക്കു​ന്ന​വന്നു ശുഭം വരിക​യില്ല; അവയെ ഏറ്റുപ​റഞ്ഞു ഉപേക്ഷി​ക്കു​ന്ന​വ​ന്നോ കരുണ ലഭിക്കും.” (സദൃശ​വാ​ക്യ​ങ്ങൾ 28:13) അതു​കൊണ്ട്‌ സത്യസ​ന്ധ​രാ​യി​രി​ക്കുക. തെറ്റി​ദ്ധാ​ര​ണ​യ്‌ക്ക്‌ ഇടവരു​ത്തി​യ​തി​ലുള്ള നിങ്ങളു​ടെ പങ്ക്‌ എന്തായാ​ലും അത്‌ അംഗീ​ക​രി​ക്കുക. അവളുടെ വികാ​ര​ങ്ങളെ നിങ്ങൾ മനഃപൂർവം മുത​ലെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കിൽ നിങ്ങൾ ഒരു വലിയ തെറ്റാണ്‌ ചെയ്‌ത​തെന്നു സമ്മതി​ക്കുക. ആത്മാർഥ​മാ​യി ക്ഷമാപണം നടത്തുക.

എന്നാൽ അതോടെ എല്ലാം അവസാ​നി​ച്ചെന്നു കരുത​രുത്‌. ആ യുവതിക്ക്‌ കുറെ​ക്കാ​ല​ത്തേക്കു നിങ്ങ​ളോ​ടു ദേഷ്യം തോന്നി​യേ​ക്കാം. അവളുടെ മാതാ​പി​താ​ക്ക​ളോട്‌ നിങ്ങൾ നിങ്ങളു​ടെ പ്രവർത്ത​ന​ങ്ങ​ളെ​പ്പറ്റി വിശദീ​ക​രി​ക്കേ​ണ്ടി​വ​ന്നേ​ക്കാം. മറ്റു ഭവിഷ്യ​ത്തു​ക​ളും നിങ്ങൾ അഭിമു​ഖീ​ക​രി​ച്ചേ​ക്കാം. ഗലാത്യർ 6:7 ഇപ്രകാ​രം പറയുന്നു: “മനുഷ്യൻ വിതെ​ക്കു​ന്നതു തന്നേ കൊയ്യും.” എന്നാൽ ക്ഷമാപണം നടത്തു​ക​യും നിങ്ങൾമൂ​ലം വന്നു​പോയ കുഴപ്പ​ങ്ങൾക്കു പരിഹാ​രം കാണാൻ നിങ്ങളാ​ലാ​വതു പ്രവർത്തി​ക്കു​ക​യും ചെയ്യു​ന്ന​തി​ലൂ​ടെ മുന്നോ​ട്ടു ജീവിതം തുടരാൻ നിങ്ങൾക്ക്‌ അവളെ സഹായി​ക്കാൻ കഴിയും. എതിർലിം​ഗ​ത്തിൽപ്പെ​ട്ടവർ ഉൾപ്പെടെ ജീവി​ത​ത്തി​ന്റെ എല്ലാ മേഖല​ക​ളി​ലും ഉള്ളവ​രോട്‌ ‘വ്യാജം പറയാതെ നിങ്ങളു​ടെ അധരത്തെ കാത്തു​കൊ​ള്ളു​ന്ന​തിന്‌’ ഈ അനുഭവം നിങ്ങളെ പഠിപ്പി​ക്കും.—സങ്കീർത്തനം 34:13.

മറുപടി പറയും​മുമ്പ്‌ ഗൗരവ​മാ​യി ചിന്തി​ക്കു​ക

എന്നാൽ നിങ്ങൾ ആ പെൺകു​ട്ടി​യെ അടുത്ത​റി​യാൻ ശരിക്കും ആഗ്രഹി​ക്കു​ന്നെ​ങ്കി​ലോ? എങ്കിൽ, ഡേറ്റി​ങ്ങും പ്രണയ​വും കേവലം നേര​മ്പോ​ക്കി​നുള്ള ഉപാധി​ക​ള​ല്ലെന്നു നിങ്ങൾ തിരി​ച്ച​റി​യേ​ണ്ട​തുണ്ട്‌. ഡേറ്റി​ങ്ങി​ലേർപ്പെ​ടുന്ന രണ്ടുപേർ അന്യോ​ന്യം വളർത്തി​യെ​ടു​ക്കുന്ന ശക്തമായ വികാ​രങ്ങൾ ദാമ്പത്യ​ത്തി​ലെ പ്രതി​ബ​ദ്ധ​ത​യി​ലേ​ക്കാണ്‌ അവരെ നയിക്കു​ന്നത്‌. വിവാ​ഹ​ശേഷം, ഈ വികാ​രങ്ങൾ ഭാര്യ​യും ഭർത്താ​വും എന്ന നിലയിൽ അവരെ പരസ്‌പരം വിളക്കി​ച്ചേർക്കാൻ ഉപകരി​ക്കു​ന്നു. ഈ അറിവ്‌ നിങ്ങളെ ഇപ്പോൾ സ്വാധീ​നി​ച്ചേ​ക്കാ​വു​ന്നത്‌ ഏതു വിധത്തി​ലാണ്‌?

ഈ യുവതി​യെ​ക്കു​റി​ച്ചു ചിന്തി​ച്ച​ശേഷം, അവൾ പല വിധങ്ങ​ളി​ലും ആകർഷ​ണീ​യ​യാ​ണെന്നു നിങ്ങൾ തിരി​ച്ച​റി​ഞ്ഞേ​ക്കാം. അവൾ നിങ്ങളു​മാ​യുള്ള ബന്ധത്തി​ലേ​ക്കുള്ള വാതാ​യനം തുറന്നി​രി​ക്കു​ന്നു. അത്‌ തുറന്നു​ത​ന്നെ​യി​ടാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു. എന്നാൽ എടുത്തു​ചാ​ടി കോർട്ടിങ്‌ ആരംഭി​ക്കു​ന്ന​തി​നു പകരം, പിന്നീട്‌ ഉണ്ടാകാ​വുന്ന കടുത്ത ഹൃദയ​വേ​ദ​ന​യിൽനി​ന്നു നിങ്ങളെ ഇരുവ​രെ​യും സംരക്ഷി​ക്കു​ന്ന​തി​നുള്ള പടികൾ ഇപ്പോൾ സ്വീക​രി​ക്കുക.

അവളെ അറിയാ​വുന്ന പക്വത​യുള്ള ഏതാനും വ്യക്തി​ക​ളോട്‌ അഭി​പ്രാ​യം ആരായാൻ നിങ്ങൾ ആഗ്രഹി​ച്ചേ​ക്കാം. നിങ്ങളെ അറിയാ​വുന്ന ചില​രോട്‌ നിങ്ങ​ളെ​ക്കു​റിച്ച്‌ അന്വേ​ഷി​ക്കാൻ അവളോ​ടും പറയുക. മറ്റേ വ്യക്തി​യിൽ നിരീ​ക്ഷി​ക്കാ​നാ​കുന്ന നല്ല ഗുണങ്ങ​ളും കുറവു​ക​ളും ഏതൊ​ക്കെ​യെന്നു നിങ്ങൾ ഓരോ​രു​ത്ത​രും പക്വത​യുള്ള ആ വ്യക്തി​ക​ളോ​ടു ചോദി​ക്കണം. ക്രിസ്‌തീയ മൂപ്പന്മാ​രോ​ടും നിങ്ങൾക്ക്‌ അഭി​പ്രാ​യം ചോദി​ക്കാ​വു​ന്ന​താണ്‌. നിങ്ങൾക്കു താത്‌പ​ര്യം തോന്നു​ന്ന​യാൾ, ക്രിസ്‌തീയ സഭയിൽ ആദരി​ക്ക​പ്പെ​ടുന്ന വ്യക്തി​യാ​ണോ​യെന്ന്‌ അറിയു​ന്നതു നല്ലതാണ്‌.

എന്നാൽ ‘എന്റെ സ്വകാര്യ ജീവി​ത​ത്തിൽ മറ്റാളു​കൾ ഇടപെ​ടേണ്ട കാര്യ​മെ​ന്താണ്‌’ എന്നു നിങ്ങൾ ചോദി​ച്ചേ​ക്കാം. പ്രണയം​പോ​ലുള്ള ഒരു വ്യക്തി​പ​ര​മായ കാര്യ​ത്തിൽപോ​ലും മറ്റാളു​ക​ളു​ടെ അഭി​പ്രാ​യം ആരായു​ന്നതു ജ്ഞാനമാണ്‌ എന്നതാണു വാസ്‌തവം. അതു തിരു​വെ​ഴു​ത്ത​നു​സൃ​ത​വു​മാണ്‌. കാരണം സദൃശ​വാ​ക്യ​ങ്ങൾ 15:22 ഇങ്ങനെ പറയുന്നു: “ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധി​ക്കാ​തെ​പോ​കു​ന്നു; ആലോ​ച​ന​ക്കാ​രു​ടെ ബഹുത്വ​ത്താ​ലോ അവ സാധി​ക്കു​ന്നു.” നിങ്ങൾ ആരോ​ടാ​ണോ അഭി​പ്രാ​യം ആരായു​ന്നത്‌ ആ മുതിർന്നവർ നിങ്ങൾക്കു​വേണ്ടി ഒരു തീരു​മാ​നം എടുക്കില്ല. എന്നാൽ, അവർ നൽകുന്ന “ഹൃദ്യാ​ലോ​ചന” മറ്റേ വ്യക്തി​യു​ടെ​യും നിങ്ങളു​ടെ​ത​ന്നെ​യും നിങ്ങൾ കാണാത്ത വശങ്ങൾ വെളി​പ്പെ​ടു​ത്തി​യേ​ക്കാം.—സദൃശ​വാ​ക്യ​ങ്ങൾ 27:9.

തുടക്ക​ത്തിൽ പരാമർശിച്ച ജെയിംസ്‌ അപ്രകാ​രം ചെയ്‌തു. വീട്ടിൽനി​ന്നു മാറി​യാണ്‌ താമസി​ച്ചി​രു​ന്ന​തെ​ങ്കി​ലും അവൻ തന്റെ മാതാ​പി​താ​ക്ക​ളു​മാ​യി സൂസ​നെ​ക്കു​റി​ച്ചു സംസാ​രി​ച്ചു. എന്നിട്ട്‌ തങ്ങൾ ചേർച്ച​യുള്ള ദമ്പതി​ക​ളാ​യി​രി​ക്കു​മോ എന്നതു സംബന്ധിച്ച്‌ അഭി​പ്രാ​യം ചോദി​ക്കാൻ പറ്റിയ പക്വത​യുള്ള വ്യക്തികൾ ആരൊ​ക്കെ​യെന്ന്‌ ഇരുവ​രും പരസ്‌പരം അറിയി​ച്ചു. ഓരോ​രു​ത്തർക്കും മറ്റേ ആളി​നെ​ക്കു​റിച്ച്‌ നല്ല അഭി​പ്രാ​യം ലഭിച്ച​തി​നെ തുടർന്ന്‌ ജെയിം​സും സൂസനും തങ്ങൾക്കു പരസ്‌പരം വിവാഹം കഴിക്കാൻ സാധി​ക്കു​മോ​യെന്നു കാണാ​നാ​യി ഡേറ്റിങ്‌ ആരംഭി​ച്ചു. വൈകാ​രി​ക​മാ​യി കൂടുതൽ ഉൾപ്പെട്ടു പോകു​ന്ന​തി​നു മുമ്പു​തന്നെ സമാന​മായ ഒരു ഗതി പിന്തു​ട​രു​ന്നെ​ങ്കിൽ അവസാനം എടുക്കുന്ന തീരു​മാ​ന​ത്തിൽ നിങ്ങൾക്കു കൂടുതൽ ഉറപ്പു തോന്നാ​നി​ട​യുണ്ട്‌.

എല്ലാറ്റി​നു​മു​പ​രി​യാ​യി, യഹോ​വ​യോ​ടു പ്രാർഥി​ക്കുക. ഡേറ്റിങ്‌ വിവാ​ഹ​ത്തി​ലേ​ക്കുള്ള ഒരു പടിയാ​യ​തി​നാൽ ആ യുവതി​യു​മാ​യുള്ള ബന്ധം പ്രസ്‌തുത ലക്ഷ്യത്തി​ലേക്കു നയി​ച്ചേ​ക്കു​മോ​യെന്നു കാണാ​നുള്ള സഹായ​ത്തി​നാ​യി ദൈവ​ത്തോട്‌ അപേക്ഷി​ക്കുക. ഏറെ പ്രധാ​ന​മാ​യി, ദൈവ​ത്തോ​ടു കൂടുതൽ അടുപ്പി​ക്കുന്ന തരത്തി​ലുള്ള തീരു​മാ​നങ്ങൾ എടുക്കാൻ നിങ്ങളെ ഇരുവ​രെ​യും സഹായി​ക്കേ​ണ​മേ​യെന്ന്‌ അവനോട്‌ അപേക്ഷി​ക്കുക. നിങ്ങളു​ടെ ഇരുവ​രു​ടെ​യും കാര്യ​ത്തിൽ യഥാർഥ സന്തോഷം കുടി​കൊ​ള്ളു​ന്നത്‌ അവി​ടെ​യാണ്‌.

[അടിക്കു​റി​പ്പു​കൾ]

^ ഈ ലേഖന​ത്തിൽ പേരു​കൾക്കു മാറ്റം വരുത്തി​യി​ട്ടുണ്ട്‌.

^ ഉണരുക!യുടെ 2004 നവംബർ 8, 2005 ജനുവരി 8 എന്നീ ലക്കങ്ങളിൽ വന്ന “യുവജ​നങ്ങൾ ചോദി​ക്കു​ന്നു” എന്ന ലേഖനങ്ങൾ ഒരു പുരു​ഷ​നി​ലുള്ള തന്റെ താത്‌പ​ര്യ​ത്തെ​ക്കു​റി​ച്ചു പറയാൻ ഒരു സ്‌ത്രീക്ക്‌ ഉചിത​മാ​യി മുൻ​കൈ​യെ​ടു​ക്കാൻ എങ്ങനെ കഴിയും എന്നതി​നെ​ക്കു​റി​ച്ചു ചർച്ച​ചെ​യ്യു​ന്നു.

[19-ാം പേജിലെ ചിത്രങ്ങൾ]

നിങ്ങൾക്ക്‌ യഥാർഥ​ത്തിൽ താത്‌പ​ര്യ​മി​ല്ലെ​ങ്കിൽ തെറ്റായ ധാരണകൾ നൽകാ​തി​രി​ക്കാൻ ശ്രദ്ധി​ക്കു​ക