വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥ സന്തുഷ്ടി കണ്ടെത്താനാകും!

യഥാർഥ സന്തുഷ്ടി കണ്ടെത്താനാകും!

യഥാർഥ സന്തുഷ്ടി കണ്ടെത്താ​നാ​കും!

നല്ലൊരു ബാങ്ക്‌ ബാലൻസ്‌, ഒരു പുത്തൻ ആഡംബര കാർ, അന്തസ്സുള്ള ജോലി, വലിയ വീട്‌, ഏറ്റവും പുതിയ ഇല​ക്ട്രോ​ണിക്‌ ഉപകര​ണങ്ങൾ, വശ്യമായ അല്ലെങ്കിൽ വടി​വൊത്ത ആകാരം. ഇവയൊ​ക്കെ​യാണ്‌ മനുഷ്യ​രെ സന്തുഷ്ട​രാ​ക്കു​ന്ന​തെന്ന്‌ ലോക​മെ​ങ്ങും അനേകർ വിശ്വ​സി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു. എന്നാൽ യഥാർഥ സന്തുഷ്ടിക്ക്‌ അടിസ്ഥാ​നം ഇത്തരം ഭൗതിക നേട്ടങ്ങ​ളാ​ണോ?

“സന്തുഷ്ടി, ശുഭാ​പ്‌തി​വി​ശ്വാ​സം, ആരോ​ഗ്യാ​വ​ഹ​മായ വികാ​രങ്ങൾ, വിശി​ഷ്ട​മായ വ്യക്തിത്വ സവി​ശേ​ഷ​തകൾ എന്നിവ​യെ​ക്കു​റി​ച്ചു നടത്ത​പ്പെ​ട്ടി​ട്ടുള്ള ഗവേഷ​ണ​ങ്ങൾക്ക്‌ കയ്യും കണക്കു​മില്ല” എന്ന്‌ ടൈം വാരി​ക​യി​ലെ ഒരു പ്രത്യേക റിപ്പോർട്ട്‌ ചൂണ്ടി​ക്കാ​ട്ടു​ന്നു. അത്തരം ഗവേഷ​ണ​ങ്ങ​ളു​ടെ ഫലങ്ങൾ അനേക​രെ​യും അതിശ​യി​പ്പി​ച്ചി​രി​ക്കു​ന്നു. പണവും പ്രശസ്‌തി​യും സൗന്ദര്യ​വു​മൊ​ക്കെ​യാണ്‌ സന്തുഷ്ടിക്ക്‌ ആധാര​മെന്നു വിശ്വ​സി​ക്കു​ന്നവർ തങ്ങളെ​ത്തന്നെ വഞ്ചിക്കു​ക​യാ​ണെന്ന്‌ അവ അസന്ദി​ഗ്‌ധ​മാ​യി തെളി​യി​ക്കു​ന്നു. യഥാർഥ​ത്തിൽ, മാനസിക ആരോ​ഗ്യ​ത്തെ നശിപ്പി​ക്കു​ക​യും വിഷാ​ദ​ത്തി​ലേക്കു കൂപ്പു​കു​ത്താൻ ഇടയാ​ക്കു​ക​യും​പോ​ലും ചെയ്‌തേ​ക്കാ​വുന്ന ഒരു അടിസ്ഥാ​ന​ത്തി​ന്മേ​ലാണ്‌ അവർ ജീവിതം കെട്ടി​പ്പ​ടു​ക്കു​ന്നത്‌.

ഇന്ന്‌ ഐക്യ​നാ​ടു​ക​ളി​ലുള്ള അനേക​രും മുമ്പെ​ന്ന​ത്തേ​തി​ലും സമ്പന്നരാണ്‌. “എന്നാൽ അതു ഞങ്ങളെ യഥാർഥ​ത്തിൽ സന്തുഷ്ട​രാ​ക്കി​യി​ട്ടില്ല,” ടൈം വാരിക പറയുന്നു. മറ്റു ദേശങ്ങ​ളി​ലു​ള്ള​വ​രു​ടെ കാര്യ​വും ഇങ്ങനെ​യൊ​ക്കെ​ത്ത​ന്നെ​യാണ്‌ എന്നതിനു സംശയ​മില്ല. സാമ്പത്തിക രംഗത്ത്‌ ചൈന ഒരു കുതി​ച്ചു​ചാ​ട്ടം നടത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും അസന്തു​ഷ്ട​രായ ചൈന​ക്കാ​രു​ടെ എണ്ണം ഞെട്ടി​ക്കുന്ന അളവിൽ വർധി​ക്കു​ക​യാണ്‌. അവിടത്തെ “15-നും 34-നും ഇടയ്‌ക്കു പ്രായ​മു​ള്ള​വ​രു​ടെ പ്രധാന മരണകാ​രണം” ആത്മഹത്യ​യാ​ണെന്ന്‌ ആക്‌സസ്‌ ഏഷ്യ എന്ന ത്രൈ​മാസ പതിപ്പ്‌ പ്രസ്‌താ​വി​ക്കു​ന്നു. തൊഴി​ലി​നും ഭൗതി​ക​നേ​ട്ട​ങ്ങൾക്കും ഊന്നൽനൽകുന്ന അവിടത്തെ സാമൂ​ഹിക വ്യവസ്ഥി​തി ഇളം തലമറ​യു​ടെ​മേൽ ചെലു​ത്തുന്ന സമ്മർദ​മാണ്‌ ഈ പ്രവണ​ത​യ്‌ക്കുള്ള ഒരു കാരണ​മെന്ന്‌ കാണ​പ്പെ​ടു​ന്നു.

ഭൗതിക അഭിവൃ​ദ്ധി ഉത്‌ക​ണ്‌ഠ​യും സമ്മർദ​വും ശമിപ്പി​ക്കു​ന്നി​ല്ലെ​ന്നതു വ്യക്തം, യഥാർഥ​ത്തിൽ അത്‌ അവയ്‌ക്ക്‌ ആക്കം കൂട്ടു​ക​യാ​ണു ചെയ്യു​ന്നത്‌. “നമ്മുടെ ജീവി​ത​രീ​തി​തന്നെ വൈകാ​രി​ക​വും മാനസി​ക​വു​മായ പ്രക്ഷു​ബ്ധ​ത​യ്‌ക്കുള്ള പ്രധാന കാരണം ആയിത്തീർന്നി​രി​ക്കു​ന്നു” എന്ന്‌ ഒരു യൂണി​വേ​ഴ്‌സി​റ്റി പഠനം വെളി​പ്പെ​ടു​ത്തി. സാമൂ​ഹിക വിശകലന വിദഗ്‌ധ​നായ വാൻ വിഷർഡ്‌ ചൂണ്ടി​ക്കാ​ട്ടുന്ന പ്രകാരം, “പല കമ്പനി​ക​ളു​ടെ​യും ആരോഗ്യ ഇൻഷ്വ​റൻസിൽ [തൊഴി​ലാ​ളി​ക​ളു​ടെ] മാനസി​ക​വും വൈകാ​രി​ക​വു​മായ ആരോ​ഗ്യം പ്രഥമ​സ്ഥാ​നം കയ്യടക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.”

ദ്രുത​ഗ​തി​യിൽ മാറി​ക്കൊ​ണ്ടി​രി​ക്കുന്ന ഈ ലോകം കുട്ടി​ക​ളു​ടെ​പോ​ലും ഉറക്കം കെടു​ത്തു​ന്നു. എട്ടു വയസ്സു​കാർക്കു​വേണ്ടി, “പിരി​മു​റു​ക്ക​ത്തി​ന്റെ ലക്ഷണങ്ങൾ എങ്ങനെ തിരി​ച്ച​റി​ഞ്ഞു നേരി​ടാം” എന്നതു സംബന്ധി​ച്ചു മാർഗ​നിർദേശം നൽകുന്ന പുസ്‌ത​കങ്ങൾ ഇപ്പോൾ ലഭ്യമാ​ണെന്ന്‌ വിഷർഡ്‌ പറയുന്നു. വിഷാദം സംബന്ധിച്ച ഒരു സ്ഥിതി​വി​വ​ര​ക്ക​ണക്കു പ്രകട​മാ​ക്കു​ന്ന​ത​നു​സ​രിച്ച്‌ പല പാശ്ചാത്യ ദേശങ്ങ​ളി​ലും, വിഷാ​ദ​മു​ള്ള​വ​രെന്നു വൈദ്യ പരി​ശോ​ധന വെളി​പ്പെ​ടു​ത്തുന്ന കുട്ടി​ക​ളു​ടെ എണ്ണം വർഷം​തോ​റും 23 ശതമാനം കുതി​ച്ചു​യ​രു​ന്നു. കൂടാതെ “വിഷാ​ദ​രോ​ഗ​ത്തി​നുള്ള ഔഷധ​ങ്ങൾക്ക്‌ ഏറ്റവു​മ​ധി​കം മാർക്ക​റ്റു​ള്ളത്‌ സ്‌കൂൾപ്രാ​യ​മെ​ത്താത്ത കുട്ടി​കൾക്കി​ട​യി​ലാണ്‌” എന്ന്‌ അതു വെളി​പ്പെ​ടു​ത്തു​ന്നു.

മനുഷ്യ​ന്റെ​മേൽ ഇന്നു ഭയവും പിടി​മു​റു​ക്കു​ന്നു. സാമ്പത്തിക അനിശ്ചി​ത​ത്വം മാത്രമല്ല അതിന്‌ ഇടയാ​ക്കു​ന്നത്‌. രാഷ്‌ട്രീ​യ​വും മതപര​വു​മായ തീവ്ര​വാ​ദം വർധി​ച്ചു​വ​രവേ, നാളെ എന്തായി​രി​ക്കും സംഭവി​ക്കുക എന്ന ചിന്ത അനേക​രെ​യും ഭീതി​യി​ലാ​ഴ്‌ത്തു​ന്നു. ഇതി​നൊ​രു പരിഹാ​ര​മു​ണ്ടോ?

ആശ്വാ​സ​ദാ​യ​ക​വും സമ്മർദം ലഘൂക​രി​ക്കു​ന്ന​തു​മായ ഒരു വ്യത്യസ്‌ത ജീവി​ത​രീ​തി​യെ​ക്കു​റിച്ച്‌ ഏകദേശം രണ്ടായി​രം വർഷം​മുമ്പ്‌ യേശു​ക്രി​സ്‌തു പഠിപ്പി​ക്കു​ക​യു​ണ്ടാ​യി. ലളിത​മെ​ങ്കി​ലും സുപ്ര​ധാ​ന​മായ ഒരു സത്യമാ​യി​രു​ന്നു അവന്റെ പ്രബോ​ധ​ന​ത്തി​ന്റെ കാതൽ. “ആത്മീയ ആവശ്യ​ങ്ങ​ളെ​ക്കു​റി​ച്ചു ബോധ​മു​ള്ളവർ സന്തുഷ്ടർ” ആണെന്ന്‌ അവൻ പറഞ്ഞു. (മത്തായി 5:3, NW) അതേ, മനുഷ്യ​ന്റെ ഏറ്റവും വലിയ ആവശ്യ​ത്തിന്‌—സ്രഷ്ടാ​വി​നെ​യും നമ്മെ സംബന്ധി​ച്ചുള്ള അവന്റെ ഉദ്ദേശ്യ​ത്തെ​യും കുറി​ച്ചുള്ള ആത്മീയ സത്യം അറിയു​ക​യെന്ന ആവശ്യ​ത്തിന്‌—ഒന്നാമതു ശ്രദ്ധ​കൊ​ടു​ക്കാൻ യേശു ശ്രോ​താ​ക്കളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു.

ശരിക്കും പ്രധാ​ന​പ്പെട്ട കാര്യങ്ങൾ തിരി​ച്ച​റി​യാ​നും അങ്ങനെ കൂടുതൽ സന്തുഷ്ട​വും അർഥവ​ത്തു​മായ ജീവിതം നയിക്കാ​നും ആ സത്യം നമ്മെ എങ്ങനെ സഹായി​ക്കു​ന്നു​വെന്ന്‌ അടുത്ത ലേഖന​ങ്ങ​ളി​ലൂ​ടെ നാം മനസ്സി​ലാ​ക്കും. അത്തരം ആത്മീയ സത്യം നമുക്കു മുമ്പാകെ പ്രത്യാ​ശ​യു​ടെ ഒരു പാത തുറന്നു​ത​രു​ക​യും ചെയ്യുന്നു.

[3-ാം പേജിലെ ആകർഷക വാക്യം]

സന്തുഷ്ടി ഭൗതിക ആസ്‌തി​കളെ ആശ്രയി​ച്ചി​രി​ക്കു​ന്നു​വോ?