വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഗതകാലസ്‌മൃതികളുമായി ഒരു അപൂർവസുന്ദര തോട്ടം

ഗതകാലസ്‌മൃതികളുമായി ഒരു അപൂർവസുന്ദര തോട്ടം

ഗതകാ​ല​സ്‌മൃ​തി​ക​ളു​മാ​യി ഒരു അപൂർവ​സു​ന്ദര തോട്ടം

ഗ്വാഡലൂപ്പിലെ ഉണരുക! ലേഖകൻ

പ്രകൃ​തി​ര​മ​ണീ​യ​മായ ഒരു ഭൂപ്ര​ദേ​ശ​ത്താ​യി​രു​ന്നു അവരുടെ ജീവിതം. എന്നാൽ ആ മനോ​ഹാ​രി​ത​യൊ​ന്നും ആസ്വദി​ക്കാൻ അവർക്കു കഴിഞ്ഞി​രു​ന്നില്ല. 17-ാം നൂറ്റാ​ണ്ടു​മു​തൽ ഗ്വാഡ​ലൂ​പ്പി​ലും മാർട്ടി​നി​ക്കി​ലും എത്തി​ച്ചേർന്ന ഹതഭാ​ഗ്യ​രായ ആയിര​ക്ക​ണ​ക്കിന്‌ ആഫ്രി​ക്ക​ക്കാ​രു​ടെ സ്ഥിതി​വി​ശേഷം അതായി​രു​ന്നു. മാതൃ​ദേ​ശ​ത്തു​നിന്ന്‌ അവരെ അടിമ​ക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു. ഈ കരീബി​യൻ ദ്വീപു​ക​ളി​ലെ കരിമ്പിൻതോ​ട്ട​ങ്ങ​ളിൽ അവരുടെ ചിരകാ​ല​സ്വ​പ്‌നങ്ങൾ വാടി​ക്ക​രി​ഞ്ഞു​പോ​യി.

ഭക്ഷണത്തി​നു​ള്ള വക അടിമ​കൾതന്നെ കണ്ടെത്തി​ക്കൊ​ള്ളണം എന്നതാ​യി​രു​ന്നു തോട്ട​മു​ട​മ​ക​ളിൽ അനേക​രു​ടെ​യും നിലപാട്‌. അതു​കൊണ്ട്‌ വളരെ കഷ്ടപ്പെ​ട്ടാ​ണെ​ങ്കി​ലും അടിമകൾ സ്വന്തമാ​യി കൃഷി ആരംഭി​ച്ചു. മരച്ചീ​നി​യും ചേനയും പോലുള്ള ഇഷ്ടവി​ഭ​വങ്ങൾ കൃഷി​ചെ​യ്യാൻ അത്‌ അവരെ സഹായി​ച്ചു. മുതലാ​ളി​മാർ വല്ലപ്പോ​ഴു​മൊ​ക്കെ നൽകി​യി​രുന്ന ഭക്ഷ്യവ​സ്‌തു​ക്ക​ളെ​ക്കാൾ രുചി​ക​ര​വും പോഷ​ക​പ്ര​ദ​വു​മാ​യി​രു​ന്നു അവ. ഒപ്പം ഔഷധ​ച്ചെ​ടി​ക​ളും പാചക​ത്തിന്‌ ഉപയോ​ഗി​ക്കുന്ന സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും അവർ നട്ടുണ്ടാ​ക്കി.

ഫ്രഞ്ച്‌ ഗവണ്മെന്റ്‌ 1848-ൽ കരീബി​യൻ ദ്വീപു​ക​ളിൽ അടിമ​വേല നിരോ​ധി​ച്ചു. എന്നാൽ സ്വത​ന്ത്ര​രാ​യി​ത്തീർന്ന ജനം തങ്ങളുടെ തോട്ടം​കൃ​ഷി ഉപേക്ഷി​ച്ചു​ക​ള​ഞ്ഞില്ല. അധ്വാ​ന​ശീ​ല​രായ ആ ആഫ്രി​ക്ക​ക്കാ​രു​ടെ പിൻത​ല​മു​റ​ക്കാ​രാ​യി ഇന്ന്‌ ഗ്വാഡ​ലൂ​പ്പി​ലും മാർട്ടി​നി​ക്കി​ലും ഉള്ള അനേക​രും തങ്ങളുടെ തോട്ടങ്ങൾ തുടർന്നും കൃഷി​ചെ​യ്‌തു പരിപാ​ലി​ക്കു​ന്നു. അവ ക്രയോൾ തോട്ടങ്ങൾ എന്ന്‌ അറിയ​പ്പെ​ടു​ന്നു.

ഒരു കൊച്ചു വനം

അടിമ​ക്കു​ടും​ബ​ങ്ങൾക്ക്‌ രണ്ടുതരം തോട്ടങ്ങൾ ഉണ്ടായി​രു​ന്നു. അതിൽ ഒന്ന്‌ പച്ചക്കറി​ത്തോ​ട്ട​മാ​യി​രു​ന്നു. അതു സാധാ​ര​ണ​മാ​യി വീട്ടിൽനിന്ന്‌ കുറെ ദൂരത്താ​ണു സ്ഥിതി​ചെ​യ്‌തി​രു​ന്നത്‌. മറ്റൊന്ന്‌ “വീട്ടു​വ​ള​പ്പി​ലെ തോട്ടം” ആയിരു​ന്നു. ഷാർഡിൻ ഡെ കാസ്‌ എന്ന്‌ പ്രാ​ദേ​ശി​ക​മാ​യി അറിയ​പ്പെ​ട്ടി​രുന്ന അത്‌ വീടി​നോ​ടു ചേർന്നു കാണ​പ്പെ​ടു​ന്നു. അതാണ്‌ ഇന്ന്‌ ഒരു ശരാശരി ക്രയോൾ തോട്ടം എന്ന നിലയിൽ വീക്ഷി​ക്ക​പ്പെ​ടു​ന്നത്‌. ഇടകലർന്നു നിൽക്കുന്ന പൂച്ചെ​ടി​ക​ളും പുല്ലും മരങ്ങളും കുറ്റി​ച്ചെ​ടി​ക​ളു​മെ​ല്ലാം ഒരു വനത്തി​നു​ള്ളി​ലെ സസ്യല​താ​ദി​ക​ളെ​പ്പോ​ലെ ഈ തോട്ട​ങ്ങ​ളിൽ ഇടതൂർന്നു വളരുന്നു. തോട്ടം കാണാൻ നല്ല ഭംഗി​യു​ണ്ടെ​ങ്കി​ലും സസ്യങ്ങ​ളും മറ്റും എല്ലായി​ട​ത്തും നിറഞ്ഞു​നിൽക്കു​ന്ന​തി​നാൽ ഒന്നിനും ഒരു ക്രമമി​ല്ലെന്നു തോന്നി​പ്പോ​കും. എന്നാൽ നല്ല അടുക്കും ചിട്ടയു​മു​ണ്ടെ​ന്നു​മാ​ത്രമല്ല ഓരോ​ന്നും ഇനംതി​രി​ച്ചാണ്‌ നട്ടുപി​ടി​പ്പി​ച്ചി​രി​ക്കു​ന്ന​തും. ഇടുങ്ങിയ കൈവ​ഴി​ക​ളി​ലൂ​ടെ ഓരോ ചെടി​യു​ടെ​യും അരികി​ലെ​ത്താൻ തോട്ട​ക്കാ​രനു സാധി​ക്കു​ന്നു.

വീടിന്റെ മുൻവ​ശ​ത്തേ​ക്കു​വരെ നീളുന്ന ഈ തോട്ടം അതിഥി​കൾക്ക്‌ ഹൃദയാ​വർജ​ക​മായ ഒരു കാഴ്‌ച​യാണ്‌. വർണശ​ബ​ള​മായ ഇലച്ചെ​ടി​കൾ, ഗോൾഡൻ ട്രംപറ്റ്‌, നിറപ്പ​കി​ട്ടാർന്ന ബൊ​ഗേൻവില്ല, ഇക്‌സോറ എന്നിവ​യെ​ല്ലാം വീട്ടു​കാ​രോ​ടൊ​പ്പം അവർക്കു സ്വാഗ​ത​മ​രു​ളു​ന്നു.

ക്രയോൾ തോട്ട​ത്തി​ന്റെ ഇതര ഭാഗങ്ങ​ളിൽ, പ്രത്യേ​കിച്ച്‌ വീടി​നോ​ടു ചേർന്ന്‌ തണലുള്ള സ്ഥലത്ത്‌ ഔഷധ​ച്ചെ​ടി​കൾ തഴച്ചു​വ​ള​രു​ന്നു. ബേസിൽ, കറുവാ​പ്പട്ട, ഗോട്ട്‌വീഡ്‌, എടന, ജാക്ക്‌ ഇൻ ദ ബുഷ്‌ എന്നിവ​യെ​ല്ലാം ഈ ദ്വീപു​ക​ളി​ലെ ഔഷധ സസ്യങ്ങ​ളിൽപ്പെ​ടു​ന്ന​വ​യാണ്‌. തോട്ട​ത്തിൽ വളരുന്ന ഇഞ്ചിപ്പുല്ല്‌ ഉണക്കി​ക്ക​ത്തി​ക്കു​ന്നത്‌ കൊതു​കി​നെ അകറ്റാൻ സഹായി​ക്കു​ന്നു.

ഔഷധ​ച്ചെ​ടി​ക​ളെ​ക്കു​റി​ച്ചു തങ്ങൾക്കുള്ള അറിവിൽ അനേകം ദ്വീപു​വാ​സി​ക​ളും അഭിമാ​നം കൊള്ളു​ന്നു. മുൻകാ​ല​ങ്ങ​ളിൽ, രോഗം പിടി​പെ​ടു​ക​യോ അപകടം സംഭവി​ക്കു​ക​യോ ചെയ്യു​മ്പോൾ ഒരു ഡോക്ട​റു​ടെ അടുത്ത്‌ എത്തി​ച്ചേ​രാൻ ആളുകൾക്ക്‌ ഏറെ ദൂരം സഞ്ചരി​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. അതു ബുദ്ധി​മു​ട്ടാ​യി​രു​ന്ന​തി​നാൽ അവർ ചികി​ത്സ​യ്‌ക്കാ​യി ക്രയോൾ തോട്ട​ത്തി​ലെ പച്ചമരു​ന്നു​ക​ളിൽ ആശ്രയി​ച്ചു. ഇന്നും അത്തരം നാട്ടു​ചി​കിത്സ പ്രചാ​ര​ത്തി​ലു​ണ്ടെ​ങ്കി​ലും സ്വയം ചികിത്സ അപകട​വും വരുത്തി​വെ​ക്കു​ന്നു. എന്തെങ്കി​ലും കൈപ്പിഴ പറ്റിയാൽ രോഗം സുഖ​പ്പെ​ടു​ന്ന​തി​നു​പ​കരം രോഗി​യു​ടെ നില കൂടുതൽ വഷളാ​യേ​ക്കാം. അതു​കൊണ്ട്‌ ഇന്ന്‌ ഈ ദ്വീപു​ക​ളിൽ പാർക്കുന്ന മിക്കവ​രും ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ ചികി​ത്സാ​രം​ഗത്തു പരിശീ​ലനം സിദ്ധി​ച്ച​വ​രെ​ത്തന്നെ സമീപി​ക്കു​ന്നു.

വീടിന്റെ പിൻവ​ശത്ത്‌ ചേന, കത്തിരി, ചോളം, സ്‌പ്ലീൻ അമരാന്ത്‌, പച്ചടി​ക്കീര എന്നിവ​യും അവ പാകം​ചെ​യ്യു​ന്ന​തിന്‌ ആവശ്യ​മായ സുഗന്ധ​വ്യ​ഞ്‌ജ​ന​ങ്ങ​ളും കൃഷി​ചെ​യ്യു​ന്നു. വാഴ, കടപ്ലാവ്‌, വെണ്ണപ്പഴം, പേര, മാവ്‌ എന്നിവ​യും ചില​പ്പോൾ അവിടെ കാണാം. ഇതാണ്‌ ക്രയോൾ തോട്ട​ത്തി​ന്റെ പ്രധാന ഭാഗം.

അനുഭൂ​തി​ക​ളു​ണർത്തുന്ന ഒരു തോട്ടം

ക്രയോൾ തോട്ട​ത്തി​ലൂ​ടെ നടന്നു​നീ​ങ്ങു​മ്പോൾ അതിന്റെ വശ്യത നിങ്ങളു​ടെ മനംക​വ​രും. കതി​രോ​ന്റെ പൊൻപ്ര​ഭ​യിൽ വെട്ടി​ത്തി​ള​ങ്ങുന്ന വർണാ​ഭ​മായ പൂക്കളും അവയ്‌ക്കു മാറ്റു​കൂ​ട്ടുന്ന ചാരു​ത​യാർന്ന ഇലച്ചാർത്തു​ക​ളും നിങ്ങളു​ടെ കണ്ണുകൾക്കു വിരു​ന്നൊ​രു​ക്കും. ഇളകി​യെ​ത്തുന്ന പൂങ്കാ​റ്റിൽ ചൂഴ്‌ന്നു നിൽക്കുന്ന സൗരഭ്യം ഇന്നു കടകളിൽ ലഭിക്കുന്ന വാസന​ദ്ര​വ്യ​ങ്ങ​ളെ​യെ​ല്ലാം കടത്തി​വെ​ട്ടു​ന്ന​താണ്‌. അങ്ങനെ ഈ പര്യടനം നിങ്ങൾക്ക്‌ മറക്കാ​നാ​വാത്ത ഒരു അനുഭ​വ​മാ​യി​ത്തീ​രു​ന്നു. എന്നാൽ അത്തരം ഒരു തോട്ടം നട്ടുണ്ടാ​ക്കു​ക​യും ദിവസ​വും അതിൽ സമയം ചെലവ​ഴി​ക്കു​ക​യും ചെയ്യുന്ന വീട്ടു​കാ​രന്റെ അനുഭൂ​തി നിങ്ങൾക്കു വിഭാവന ചെയ്യാ​നാ​കു​മോ!

ക്രയോൾ തോട്ടം തുടർന്നും നിലനിൽക്കു​മോ? അമൂല്യ​മായ ഈ മനോഹര തോട്ടങ്ങൾ പരിപാ​ലി​ക്കാൻ ഇളംത​ല​മു​റ​യ്‌ക്ക്‌ ഒട്ടും താത്‌പ​ര്യ​മി​ല്ലെന്ന്‌ ചില ദ്വീപു​വാ​സി​കൾ പരാതി​പ്പെ​ടു​ന്നു. എങ്കിലും അതിന്റെ മാസ്‌മ​രിക സൗന്ദര്യ​വും സാംസ്‌കാ​രിക പൈതൃ​ക​വും അങ്ങേയറ്റം വിലമ​തി​ക്കുന്ന അനേകം ചെറു​പ്പ​ക്കാ​രും പ്രായ​മാ​യ​വ​രും ഇന്നിവി​ടെ​യുണ്ട്‌. തങ്ങളുടെ ദുരവ​സ്ഥ​യി​ലും ജീവിതം ധന്യമാ​ക്കാൻ പാടു​പെട്ട ആഫ്രിക്കൻ അടിമ​ക​ളു​ടെ സ്‌മര​ണകൾ ഉണർത്തു​ന്ന​വ​യാണ്‌ ഇവി​ടെ​യുള്ള ഓരോ ക്രയോൾതോ​ട്ട​വും.

[27-ാം പേജിലെ ചതുരം]

“ക്രയോൾ” എന്ന പദത്തിന്റെ അർഥം

അമേരി​ക്ക​യിൽ ജനിച്ചു​വ​ളർന്ന യൂറോ​പ്യൻ വംശജ​രെ​യാണ്‌ “ക്രയോൾ” എന്ന പദം ആദ്യ​മൊ​ക്കെ പരാമർശി​ച്ചി​രു​ന്നത്‌. എന്നാൽ ഇന്ന്‌ അതിനു വ്യത്യസ്‌ത അർഥങ്ങൾ കൈവ​ന്നി​രി​ക്കു​ന്നു. വളരെ ആകർഷ​ക​മോ വില​യേ​റി​യ​തോ ആയ എന്തി​നെ​യെ​ങ്കി​ലും വർണി​ക്കാൻ ചില ഹെയ്‌റ്റി​ക്കാർ “ക്രയോൾ” എന്ന വാക്ക്‌ ഉപയോ​ഗി​ക്കു​ന്നു. ജമെയ്‌ക്ക, ഹെയ്‌റ്റി എന്നിങ്ങ​നെ​യുള്ള ദേശങ്ങ​ളി​ലെ ചില ഭാഷകൾ ക്രയോൾ എന്നാണ്‌ അറിയ​പ്പെ​ടു​ന്നത്‌. അടിസ്ഥാ​ന​പ​ര​മാ​യി നോക്കി​യാൽ, ഒരു ക്രയോൾ ഭാഷ ഒരു പിജിൻ ഭാഷയിൽനിന്ന്‌ ഉരുത്തി​രി​ഞ്ഞ​തും പിന്നീട്‌ ഒരുകൂ​ട്ടം ആളുക​ളു​ടെ പ്രാ​ദേ​ശിക ഭാഷയാ​യി മാറി​യ​തു​മാണ്‌.

ആളുക​ളു​ടെ സവി​ശേ​ഷ​മായ ജീവിത രീതി​കളെ പരാമർശി​ക്കാ​നും ഇന്നു “ക്രയോൾ” എന്ന പദം ഉപയോ​ഗി​ക്കു​ന്നു. പല കരീബി​യൻ ദ്വീപു​ക​ളി​ലും വികാ​സം​പ്രാ​പി​ച്ചി​രി​ക്കുന്ന തദ്ദേശീയ സംസ്‌കാ​രങ്ങൾ അറിയ​പ്പെ​ടു​ന്നത്‌ ആ പേരി​ലാണ്‌. ക്രിഓ​യോ എന്ന തത്തുല്യ​മായ സ്‌പാ​നീഷ്‌ പദത്തിന്‌ പോർട്ട​റി​ക്കോ​യി​ലും ഡൊമി​നി​ക്കൻ റിപ്പബ്ലി​ക്കി​ലും അതേ അർഥമാ​ണു​ള്ളത്‌. തദ്ദേശീ​യർ, ആഫ്രി​ക്ക​ക്കാർ, യൂറോ​പ്യ​ന്മാർ എന്നിവ​രു​ടെ​യെ​ല്ലാം പിൻത​ല​മു​റ​ക്കാർ നൂറ്റാ​ണ്ടു​ക​ളാ​യി കരീബി​യൻ ദ്വീപു​ക​ളിൽ ഇടകലർന്നു ജീവി​ക്കു​ക​യും പരസ്‌പരം വിവാ​ഹ​ബ​ന്ധ​ങ്ങ​ളിൽ ഏർപ്പെ​ടു​ക​യും ചെയ്‌തി​രി​ക്കു​ന്നു. സുമു​ഖ​രായ കുട്ടി​ക​ളു​ടെ ഒരു തലമു​റ​യ്‌ക്കും രസകര​മായ അനേകം പാരമ്പ​ര്യ​ങ്ങൾക്കും അതു ജന്മം നൽകി​യി​രി​ക്കു​ന്നു. അത്തരം പാരമ്പ​ര്യ​ങ്ങ​ളു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ ഗ്വാഡ​ലൂ​പ്പി​ലെ​യും മാർട്ടി​നി​ക്കി​ലെ​യും ക്രയോൾ തോട്ട​ങ്ങൾക്ക്‌ ആ പേരു ലഭിച്ചത്‌.

[26-ാം പേജിലെ ചിത്രങ്ങൾ]

ഇൻസെറ്റിൽ (മുകളിൽനിന്ന്‌): ആൽപി​നിയ, കുരു​മു​ളക്‌, കൈതച്ചക്ക, കൊക്കോ, കാപ്പി