വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധാർമിക നിലവാരങ്ങൾ മാറ്റിയെഴുതപ്പെടുന്നു

ധാർമിക നിലവാരങ്ങൾ മാറ്റിയെഴുതപ്പെടുന്നു

ധാർമിക നിലവാരങ്ങൾ മാറ്റിയെഴുതപ്പെടുന്നു

ധാർമിക മൂല്യങ്ങളുടെ പെട്ടെന്നുള്ള അധഃപതനം എന്നു മുതലാണ്‌ ആരംഭിച്ചത്‌? നിങ്ങളുടെ ജീവിതകാലത്തോ, അതോ അതിനും മുമ്പോ? 1914-ൽ പൊട്ടിപ്പുറപ്പെട്ട ഒന്നാം ലോകമഹായുദ്ധത്തോടെയാണ്‌ സമാന്തരങ്ങളില്ലാത്ത ധാർമികച്യുതിയുടേതായ നമ്മുടെ കാലത്തിനു തുടക്കംകുറിക്കപ്പെട്ടതെന്ന്‌ ചിലർ പറയുന്നു. 1914-ലെ തലമുറ (ഇംഗ്ലീഷ്‌) എന്ന തന്റെ പുസ്‌തകത്തിൽ ചരിത്ര പ്രൊഫസറായ റോബർട്ട്‌ വോൾ എഴുതി: “ആ യുദ്ധ കാലഘട്ടത്തിലൂടെ കടന്നുപോന്നവർക്ക്‌ 1914 ആഗസ്റ്റിൽ ഒരു ലോകം അവസാനിക്കുകയും മറ്റൊന്ന്‌ ആരംഭിക്കുകയും ചെയ്‌തുവെന്നു വിശ്വസിക്കാതിരിക്കാൻ കഴിയില്ല.”

“അധഃപതനത്തിന്റെ പാതയിലായിരുന്ന സാമൂഹിക പെരുമാറ്റച്ചട്ടങ്ങൾ എല്ലായിടത്തും തകർന്നടിഞ്ഞു.” ഇങ്ങനെ അഭിപ്രായപ്പെടുന്നത്‌ ചരിത്രകാരനായ നോർമൻ കാന്റർ ആണ്‌. “രാഷ്‌ട്രീയക്കാരും ജനറൽമാരും തങ്ങളുടെ കീഴിലുള്ള ദശലക്ഷങ്ങളെ അറവുമാടുകളെപ്പോലെ കണക്കാക്കുന്നിടത്തോളം ഏതു മത-ധാർമിക തത്ത്വങ്ങൾക്കാണ്‌ കാട്ടുമൃഗങ്ങളെപ്പോലെ അന്യോന്യം കടിച്ചുകീറുന്നതിൽനിന്ന്‌ മനുഷ്യനെ തടയാനാകുന്നത്‌? . . . ഒന്നാം ലോകമഹായുദ്ധത്തിലെ [1914-18] കൂട്ടക്കുരുതി മനുഷ്യജീവന്റെ വില തീർത്തും ഇടിച്ചുകളഞ്ഞു.”

ഇംഗ്ലീഷ്‌ ചരിത്രകാരനായ എച്ച്‌. ജി. വെൽസ്‌ ദി ഔട്‌ലൈൻ ഓഫ്‌ ഹിസ്റ്ററി എന്ന തന്റെ പുസ്‌തകത്തിൽ എഴുതി: പരിണാമസിദ്ധാന്തം സ്വീകാര്യമായതോടെയാണ്‌ “യഥാർഥത്തിൽ സദാചാരഭ്രംശത്തിനു തുടക്കമായത്‌.” എന്തുകൊണ്ട്‌? കാരണം ജന്തുലോകത്തിലെ ഒരു ഉയർന്ന ജീവരൂപം മാത്രമാണ്‌ മനുഷ്യൻ എന്ന്‌ ചിലർ ചിന്തിച്ചു. പരിണാമവാദിയായിരുന്ന വെൽസ്‌ 1920-ൽ എഴുതി: “മനുഷ്യൻ ഒരു സമൂഹജീവിയാണെന്ന്‌ അവർ തീരുമാനിച്ചു​—⁠കൂട്ടത്തോടെ വേട്ടയാടുന്ന ഇന്ത്യൻ വേട്ട നായ്‌ക്കളെപ്പോലെ . . . , അതുകൊണ്ട്‌ മനുഷ്യസമൂഹത്തിലെ വലിയ നായ്‌ക്കൾ മുട്ടാളത്തരം കാണിക്കുകയും ആധിപത്യം പുലർത്തുകയും ചെയ്യുന്നതിൽ തെറ്റില്ലെന്ന്‌ അവർ കരുതി.”

തീർച്ചയായും, കാന്റർ അഭിപ്രായപ്പെട്ടതുപോലെ ഒന്നാം ലോകമഹായുദ്ധം ആളുകളുടെ ധാർമികബോധത്തിന്മേൽ വിപത്‌കരമായ സ്വാധീനം ചെലുത്തി. അദ്ദേഹം വിശദീകരിക്കുന്നു: “പഴയ തലമുറ എല്ലാ കാര്യത്തിലും​—⁠അതിന്റെ രാഷ്‌ട്രീയത്തിൽ, വസ്‌ത്രധാരണരീതിയിൽ, ലൈംഗികതയോടുള്ള മനോഭാവത്തിൽ​—⁠പൂർണമായി തെറ്റിപ്പോയെന്ന്‌ വരുത്തിത്തീർത്തു.” പരിണാമ സിദ്ധാന്തം അംഗീകരിച്ചുകൊണ്ട്‌ ക്രിസ്‌തീയ പഠിപ്പിക്കലുകളെ ദുഷിപ്പിക്കുകയും അന്യോന്യം യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന രാഷ്‌ട്രങ്ങളെ പിന്തുണയ്‌ക്കുകയും ചെയ്‌തുകൊണ്ട്‌ ധാർമിക അപചയത്തിന്‌ സഭകൾ വലിയൊരു സംഭാവന നൽകി. ബ്രിട്ടീഷ്‌ ബ്രിഗേഡിയർ ജനറലായ ഫ്രാങ്ക്‌ ക്രോഷെർ എഴുതി: “രക്തദാഹികളെ സൃഷ്ടിക്കാൻ മുൻപന്തിയിൽ നിന്നത്‌ ക്രിസ്‌തീയ സഭകളാണ്‌. ഞങ്ങൾ അവയെ ശരിക്കും മുതലെടുത്തു.”

ധാർമിക മൂല്യങ്ങൾ കാറ്റിൽപ്പറത്തുന്നു

അഭിവൃദ്ധിയുടെ ഇരുപതുകൾ എന്ന്‌ അറിയപ്പെട്ട, ഒന്നാം ലോകമഹായുദ്ധത്തിനു ശേഷമുള്ള ദശാബ്ദത്തിൽ പഴയ മൂല്യങ്ങളുടെയും ധാർമിക ചട്ടങ്ങളുടെയും സ്ഥാനം ‘എന്തും ആകാം’ എന്ന മനോഭാവം കൈയടക്കി. ചരിത്രകാരനായ ഫ്രെഡറിക്‌ ലൂയീസ്‌ അലൻ അഭിപ്രായപ്പെടുന്നു: “യുദ്ധത്തെ തുടർന്നുവന്ന പത്തു വർഷം ‘മോശമായ പെരുമാറ്റരീതികളുടെ ദശാബ്ദം’ എന്ന്‌ അറിയപ്പെട്ടേക്കാം​—⁠അതു ശരിയാണുതാനും. . . . പഴയ വ്യവസ്ഥിതിയോടൊപ്പം ജീവിതത്തെ ധന്യമാക്കുകയും അതിന്‌ അർഥംപകരുകയും ചെയ്‌തിരുന്ന ഒരു കൂട്ടം മൂല്യങ്ങളും പോയ്‌മറഞ്ഞു. അവയ്‌ക്കു പകരം വെക്കാൻ മറ്റെന്തെങ്കിലും മൂല്യങ്ങൾ കണ്ടെത്തുക എളുപ്പവുമായിരുന്നില്ല.”

1930-കളിലെ ആഗോള സാമ്പത്തിക മാന്ദ്യം അനേകമാളുകളെ കൊടും ദാരിദ്ര്യത്തിലേക്കു തള്ളിവിട്ടു. എന്നിരുന്നാലും ആ ദശാബ്ദത്തിന്റെ അവസാനമായപ്പോഴേക്കും ലോകം കൂടുതൽ വിനാശകമായ മറ്റൊരു യുദ്ധത്തിൽ ഏർപ്പെട്ടു​—⁠രണ്ടാം ലോകമഹായുദ്ധം. താമസംവിനാ രാജ്യങ്ങൾ നശീകരണ ആയുധങ്ങൾ ഉണ്ടാക്കാൻ തുടങ്ങുകയും സാമ്പത്തിക മാന്ദ്യത്തിൽനിന്ന്‌ ലോകത്തെ കരകയറ്റുകയും ചെയ്‌തു. എന്നാൽ അതോടൊപ്പം അതു ലോകത്തെ വിവരിക്കാനാവാത്തത്ര ദുരിതങ്ങളിലേക്കും ഭീതിയിലേക്കും ആഴ്‌ത്തിക്കളഞ്ഞു. യുദ്ധം അവസാനിച്ചപ്പോഴേക്കും നൂറുകണക്കിനു നഗരങ്ങൾ നാശകൂമ്പാരങ്ങൾ ആയി മാറി, ജപ്പാനിൽ രണ്ടു നഗരങ്ങൾ അണുബോംബിന്‌ ഇരയായി! ദശലക്ഷക്കണക്കിന്‌ ആളുകൾ ഭയാനകമായ തടങ്കൽപ്പാളയങ്ങളിൽ മരിച്ചുവീണു. ഈ യുദ്ധം പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും ഉൾപ്പെടെ ഏതാണ്ട്‌ അഞ്ചു കോടി ആളുകളുടെ ജീവൻ അപഹരിച്ചു.

രണ്ടാം ലോകമഹായുദ്ധത്തിന്റെ ഭീതിജനകമായ കാലഘട്ടത്തിൽ വളരെനാളുകളായി നിലനിന്നുപോന്ന പാരമ്പര്യ മൂല്യങ്ങളോട്‌ പറ്റിനിൽക്കുന്നതിനു പകരം ആളുകൾ സ്വന്തം പെരുമാറ്റച്ചട്ടങ്ങൾ സ്ഥാപിച്ചു. സ്‌നേഹം, ലൈംഗികത, യുദ്ധം​—⁠മാറുന്ന മൂല്യങ്ങൾ, 1939-45 (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം അഭിപ്രായപ്പെട്ടു: “യുദ്ധഭൂമിയിലെ അനുവാദാത്മക മനോഭാവം സാധാരണ ജനങ്ങളെയും കീഴടക്കിയപ്പോൾ ലൈംഗിക നിയന്ത്രണങ്ങളെല്ലാം തത്‌കാലത്തേക്ക്‌ പിൻവലിക്കപ്പെട്ടതായി തോന്നി. . . . യുദ്ധകാലത്തിന്റെ അടിയന്തിരതയും ആവേശവും ധാർമിക നിയന്ത്രണങ്ങളുടെ ശക്തി ചോർത്തിക്കളഞ്ഞു. യുദ്ധരംഗത്ത്‌ എന്നപോലെതന്നെ പല കുടുംബങ്ങളിലും ജീവിതം വിലയില്ലാത്തതും ക്ഷണികവുമായി കാണപ്പെട്ടു.”

നിരന്തരമുള്ള മരണഭീതി വൈകാരിക ബന്ധങ്ങൾക്കു വേണ്ടിയുള്ള ആളുകളുടെ ഉത്‌കടമായ വാഞ്‌ഛയെ തീവ്രമാക്കി, അത്തരമൊരു ബന്ധം കുറച്ചുകാലത്തേക്കുള്ളതാണെങ്കിൽപ്പോലും. ബ്രിട്ടീഷുകാരിയായ ഒരു വീട്ടമ്മ അക്കാലങ്ങളിലെ ലൈംഗിക സ്വാതന്ത്ര്യത്തെ ന്യായീകരിച്ചുകൊണ്ടു പറഞ്ഞു: “ഞങ്ങൾ യഥാർഥത്തിൽ അസാന്മാർഗികൾ അല്ലായിരുന്നു, എന്നാൽ യുദ്ധമങ്ങനെ തുടരുകയല്ലായിരുന്നോ?” അതുപോലെ, ഒരു അമേരിക്കൻ പട്ടാളക്കാരൻ ഇങ്ങനെ സമ്മതിച്ചു: “മിക്കവരുടെയും കണ്ണിൽ ഞങ്ങൾ അസാന്മാർഗികൾ ആയിരുന്നു. എന്നാൽ ഒന്നോർക്കണം, ഞങ്ങൾ ചെറുപ്പവും സദാ മരണത്തിന്റെ നിഴലിലും ആയിരുന്നു.”

ആ യുദ്ധത്തിന്റെ അതിജീവകരിൽ പലർക്കും കൊടുംക്രൂരതകൾക്കു സാക്ഷ്യംവഹിക്കേണ്ടി വന്നതു മൂലമുള്ള ഭവിഷ്യത്തുകൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്‌. അക്കാലത്ത്‌ കുട്ടികളായിരുന്നവർ ഉൾപ്പെടെയുള്ള പലരെയും ആ ഭീകരരംഗങ്ങൾ ഇന്നും വേട്ടയാടുന്നു. പലർക്കും തങ്ങളുടെ വിശ്വാസവും അതോടൊപ്പം ധാർമികബോധവും നഷ്ടമായി. തെറ്റും ശരിയും സംബന്ധിച്ച്‌ നിലവാരങ്ങൾ സ്ഥാപിച്ചേക്കാവുന്ന ഏത്‌ അധികാരസ്ഥാനത്തോടും യാതൊരു ബഹുമാനവും ഇല്ലാതെ എന്തിനെയും ഏതിനെയും ആളുകൾ ആപേക്ഷികമായി വീക്ഷിക്കാൻ തുടങ്ങി.

പുതിയ മാനദണ്ഡങ്ങൾ

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം മനുഷ്യന്റെ ലൈംഗിക സ്വഭാവത്തെക്കുറിച്ചുള്ള ഗവേഷണ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കുകയുണ്ടായി. ഐക്യനാടുകളിൽ നടന്ന അത്തരമൊരു പഠനത്തിന്റെ ഫലമായിരുന്നു 1940-കളിൽ പ്രസിദ്ധീകരിച്ച 800 പേജുകളിൽ അധികമുള്ള കിൻസേ റിപ്പോർട്ട്‌. അതേത്തുടർന്ന്‌, പൊതുവേ ആളുകൾ സംസാരിക്കാൻ മടികാണിച്ചിരുന്ന ലൈംഗിക കാര്യങ്ങളെക്കുറിച്ച്‌ പലരും തുറന്നു സംസാരിക്കാൻ തുടങ്ങി. ആ റിപ്പോർട്ടിൽ കൊടുത്തിരുന്ന, സ്വവർഗരതിയിലും മറ്റും ഏർപ്പെടുന്നവരുടെ എണ്ണത്തെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകൾ ഊതിപ്പെരുപ്പിച്ചവയായിരുന്നെന്ന്‌ പിന്നീടു തെളിഞ്ഞെങ്കിലും യുദ്ധാനന്തര കാലഘട്ടത്തിലെ കുത്തനെയുള്ള ധാർമിക അധഃപതനത്തെ ആ പഠനം തുറന്നുകാണിച്ചു.

സഭ്യതയുടെ അതിർവരമ്പു കടക്കുന്നില്ലെന്ന തോന്നൽ ഉളവാക്കാനുള്ള ഒരു ശ്രമം കുറെക്കാലത്തേക്ക്‌ ഉണ്ടായിരുന്നു. അതിനൊരു ഉദാഹരണമാണ്‌ റേഡിയോ, ടിവി, സിനിമ എന്നിവയിലെ അശ്ലീലം സെൻസർ ചെയ്‌തിരുന്നത്‌. എന്നാൽ അത്‌ അധികകാലം നീണ്ടുനിന്നില്ല. അമേരിക്കയിലെ മുൻവിദ്യാഭ്യാസ സെക്രട്ടറിയായിരുന്ന വില്യം ബെന്നറ്റ്‌ വിശദീകരിക്കുന്നു: “1960-കളോടെ സാംസ്‌കാരിക അധഃപതനം എന്നു വിളിക്കാവുന്ന ഒന്നിലേക്ക്‌ അമേരിക്ക കൂപ്പുകുത്താൻ തുടങ്ങി.” കൂടാതെ അതിന്റെ അലയടികൾ മറ്റു നാടുകളിലും എത്തി. എന്തുകൊണ്ടാണ്‌ 1960-കളിൽ ധാർമിക അധഃപതനത്തിന്റെ ആക്കം വർധിച്ചത്‌?

വനിതാ വിമോചന സംഘടനകളുടെയും ലൈംഗിക വിപ്ലവത്തിന്റെയും ഏതാണ്ട്‌ ഒരേസമയത്തുള്ള ആവിർഭാവത്തിന്‌ ഈ ദശാബ്ദം സാക്ഷ്യംവഹിച്ചു. കൂടാതെ, ഫലപ്രദമായ ജനനനിയന്ത്രണ ഗുളികകളും ലഭ്യമായി. ഗർഭധാരണത്തെക്കുറിച്ചു ഭയക്കാതെ സെക്‌സ്‌ ആസ്വദിക്കാമെന്ന്‌ ആയപ്പോൾ “യാതൊരു പ്രതിബദ്ധതയുമില്ലാത്ത ലൈംഗികബന്ധങ്ങൾ” സർവസാധാരണമായി.

അതേസമയം, പത്രമാസികകൾ, സിനിമകൾ, ടിവി എന്നിവ അവയുടെ ധാർമിക നിലവാരങ്ങളിൽ അയവുവരുത്തി. യു.എ⁠സ്‌. നാഷണൽ സെക്യൂരിറ്റി കൗൺസിലിന്റെ ഒരു മുൻമേധാവിയായിരുന്ന സ്‌ബീഗ്‌ന്യൂ ബ്രഷിൻസ്‌കീ, ടിവി-യിൽ അവതരിപ്പിക്കുന്ന മൂല്യങ്ങളെ പരാമർശിച്ച്‌ പറഞ്ഞു: “അവ വ്യക്തമായും ‘സ്വന്തം സുഖം മാത്രം’ അന്വേഷിക്കുന്ന മനോഭാവത്തെ മഹത്ത്വീകരിക്കുന്നവയാണ്‌; മൃഗീയമായ അക്രമത്തെയും ക്രൂരതയെയും സ്വാഭാവികം എന്നപോലെ അവതരിപ്പിക്കുന്ന അവ ലൈംഗിക ദുർമാർഗത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.”

1970-കൾ ആയപ്പോഴേക്കും വിസിആർ ജനപ്രീതിയാർജിച്ചു. അങ്ങനെ ഒരു തീയേറ്ററിലിരുന്ന്‌ ഒരിക്കലും കാണുകയില്ലായിരുന്ന, ലൈംഗികത പച്ചയായി ചിത്രീകരിക്കുന്ന അധാർമിക രംഗങ്ങൾ തങ്ങളുടെ ഭവനങ്ങളുടെ സ്വകാര്യതയിൽ ഇരുന്ന്‌ ആളുകൾക്ക്‌ കാണാമെന്നായി. അടുത്തകാലത്തായി, കമ്പ്യൂട്ടർ ഉള്ള ഏതൊരാൾക്കും അറപ്പും വെറുപ്പും ഉളവാക്കുന്നതരം അശ്ലീല സൈറ്റുകളിലേക്ക്‌ ഇന്റർനെറ്റിലൂടെ ചെന്നെത്തുക സാധ്യമാണ്‌​—⁠അയാൾ ലോകത്തിന്റെ ഏതു കോണിൽ ആയിരുന്നാലും ശരി.

ഇതിന്റെയെല്ലാം പരിണതഫലങ്ങൾ ഭയാനകമാണ്‌. അമേരിക്കയിലെ ഒരു ജയിൽ വാർഡൻ അടുത്തയിടെ പറഞ്ഞു: “പത്തു വർഷം മുമ്പ്‌, തെരുവുകളിൽനിന്നും മറ്റും ജയിലിൽ എത്തുന്ന കുട്ടികളോട്‌ തെറ്റും ശരിയും സംബന്ധിച്ച്‌ എനിക്കു സംസാരിക്കാമായിരുന്നു. എന്നാൽ ഇന്നെത്തുന്ന കുട്ടികൾക്ക്‌ ഞാൻ എന്തിനെക്കുറിച്ചാണു സംസാരിക്കുന്നതെന്ന്‌ മനസ്സിലാകുന്നതേയില്ല.”

മാർഗനിർദേശത്തിന്‌ എവിടേക്കു തിരിയും?

ധാർമിക മാർഗനിർദേശത്തിനായി ലോകത്തിലെ സഭകളിലേക്ക്‌ നമുക്കു നോക്കാനാവില്ല. ധാർമിക നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ യേശുവിന്റെയും അവന്റെ ഒന്നാം നൂറ്റാണ്ടിലെ അനുയായികളുടെയും മാതൃക പിൻപറ്റുന്നതിനു പകരം സഭകൾ ഈ ലോകത്തിന്റെയും അതിന്റെ തിന്മകളുടെയും ഭാഗമായി മാറിയിരിക്കുന്നു. ഒരു എഴുത്തുകാരൻ ചോദിച്ചു: “ദൈവം തങ്ങളുടെ പക്ഷത്താണെന്ന്‌ ആരും അവകാശപ്പെടാത്ത ഒരു യുദ്ധം എന്നെങ്കിലും ഉണ്ടായിട്ടുണ്ടോ?” ദൈവത്തിന്റെ ധാർമിക നിലവാരങ്ങൾ ഉയർത്തിപ്പിടിക്കുന്നതിനോടുള്ള ബന്ധത്തിൽ ന്യൂയോർക്ക്‌ നഗരത്തിലെ ഒരു പുരോഹിതൻ വർഷങ്ങൾക്കു മുമ്പ്‌ പറഞ്ഞു: “ഒരു ബസ്‌ യാത്രക്കാരനിൽനിന്നു പ്രതീക്ഷിക്കാവുന്ന നിലവാരംപോലും ആവശ്യമില്ലാതെ അംഗത്വം നേടാനാകുന്ന ഒരേയൊരു സംഘടനയാണ്‌ സഭ.”

ധാർമികനിലവാരങ്ങളിൽ വളരെവേഗം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം അപചയം, അതു സംബന്ധിച്ച്‌ സത്വര നടപടി സ്വീകരിക്കേണ്ടതുണ്ടെന്നു വ്യക്തമാക്കുന്നില്ലേ? എന്നാൽ എന്താണു ചെയ്യേണ്ടത്‌? ഏതുതരം മാറ്റമാണ്‌ ആവശ്യം, ആർക്ക്‌ അതിനു സാധിക്കും? എങ്ങനെയായിരിക്കും അതു സാധ്യമാകുന്നത്‌?

[5-ാം പേജിലെ ആകർഷക വാക്യം]

“ഒന്നാം ലോകമഹായുദ്ധത്തിലെ [1914-18] കൂട്ടക്കുരുതി മനുഷ്യജീവന്റെ വില തീർത്തും ഇടിച്ചുകളഞ്ഞു”

[6, 7 പേജുകളിലെ ചിത്രം]

തരംതാണ വിനോദങ്ങൾ എവിടെയും എളുപ്പം ലഭ്യമാണ്‌