വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മീയമായി സമ്പന്നരാകാൻ ദൃഢചിത്തർ

ആത്മീയമായി സമ്പന്നരാകാൻ ദൃഢചിത്തർ

ആത്മീയമായി സമ്പന്നരാകാൻ ദൃഢചിത്തർ

ലക്ഷ്യബോധത്തോടെയുള്ള ശ്രമവും അതോടൊപ്പം ത്യാഗവും ഉണ്ടെങ്കിലേ ഭൗതിക സമ്പത്ത്‌ സ്വരൂപിക്കാനാകൂ. ആത്മീയസമ്പത്തിന്റെ കാര്യത്തിലും ഇതുതന്നെയാണ്‌ സത്യം. “സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ” എന്നു യേശു പറഞ്ഞപ്പോൾ അവൻ അർഥമാക്കിയത്‌ ആത്മീയ സമ്പത്ത്‌ തനിയെ ഉണ്ടാകുന്നില്ല എന്നാണ്‌. (മത്തായി 6:20) ഒരു മതത്തിൽ വിശ്വസിക്കുന്നു എന്നതുകൊണ്ടു മാത്രം ആരും ആത്മീയമായി സമ്പന്നരാകുന്നില്ല, ഒരു ബാങ്ക്‌ അക്കൗണ്ട്‌ ഉണ്ടെന്നുവെച്ച്‌ ഒരുവൻ ധനികനാകുന്നില്ലാത്തതുപോലെ. ദൈവവുമായി ഒരു അടുത്തബന്ധം സ്ഥാപിക്കുന്നതിനും ഒരു ആത്മീയ വ്യക്തിയായി വളരുന്നതിനും ആത്മീയഗുണങ്ങളാൽ സമ്പുഷ്ടരാകുന്നതിനും നിശ്ചയദാർഢ്യവും സമയവും ശ്രമവും ത്യാഗവുമെല്ലാം ആവശ്യമാണ്‌.​—⁠സദൃശവാക്യങ്ങൾ 2:1-6.

“രണ്ടും വേണം”​—⁠സാധ്യമോ?

ഒരേസമയം ആത്മീയമായും ഭൗതികമായും സമ്പന്നനായിരിക്കാൻ ഒരുവനു സാധിക്കുമോ? ഒരുപക്ഷേ സാധിച്ചേക്കും. എന്നാൽ വാസ്‌തവത്തിൽ ഒന്നിൽമാത്രമേ മനസ്സുറപ്പിക്കാനാകൂ. യേശു പറഞ്ഞതു ശ്രദ്ധിക്കുക: “ദൈവത്തെയും മാമോനെയും ഒപ്പം സേവിക്കാൻ നിങ്ങൾക്കു സാധ്യമല്ല.” (മത്തായി 6:24ബി, ഓശാന ബൈബിൾ) എന്തുകൊണ്ടില്ല? ആത്മീയ സമ്പത്തും ഭൗതിക സമ്പത്തും കൈകോർത്തുപോകില്ല എന്നതുതന്നെ കാരണം. ഒന്നു മറ്റേതിന്റെ വളർച്ചയ്‌ക്കു വിലങ്ങുതടിയാകും. അതുകൊണ്ട്‌ ആത്മീയ നിക്ഷേപം സ്വരൂപിക്കാൻ ആഹ്വാനം ചെയ്യുന്നതിനു മുമ്പ്‌ യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു: “ഈ ഭൂമിയിൽ നിങ്ങൾ [മേലാൽ] നിക്ഷേപം സ്വരൂപിക്കരുത്‌.”​—⁠മത്തായി 6:⁠19.

യേശുവിന്റെ ഈ ഉപദേശം തള്ളിക്കളഞ്ഞുകൊണ്ട്‌ ഒരേസമയം ആത്മീയവും ഭൗതികവുമായി സമ്പന്നനാകാൻ ശ്രമിച്ചാൽ എന്തായിരിക്കും ഫലം? യേശു പറഞ്ഞു: “രണ്ടു യജമാനന്മാരെ സേവിപ്പാൻ ആർക്കും കഴികയില്ല; അങ്ങനെ ചെയ്‌താൽ ഒരുത്തനെ പകെച്ചു മറ്റവനെ സ്‌നേഹിക്കും; അല്ലെങ്കിൽ ഒരുത്തനോടു പറ്റിച്ചേർന്നു മറ്റവനെ നിരസിക്കും.” (മത്തായി 6:24എ) ഇവ രണ്ടുംകൂടി നേടാൻ ഒരാൾ ശ്രമിച്ചാൽ, ആത്മീയകാര്യങ്ങൾക്ക്‌ ശ്രദ്ധകൊടുക്കുന്നുണ്ടെങ്കിൽപ്പോലും ക്രമേണ അത്തരം കാര്യങ്ങൾ ഒരു ശല്യമായി അയാൾക്ക്‌ അനുഭവപ്പെട്ടേക്കാം. ജീവിതോത്‌കണ്‌ഠകളെ തരണംചെയ്യുന്നതിന്‌ ദൈവത്തിൽ ആശ്രയിക്കുന്നതിനു പകരം പണത്തിലും അതുകൊണ്ടു ചെയ്യാനാകുന്ന സംഗതികളിലും അയാൾ ആശ്രയിക്കാൻ തുടങ്ങിയേക്കാം. “നിന്റെ നിക്ഷേപം ഉള്ളേടത്തു നിന്റെ ഹൃദയവും ഇരിക്കും” എന്ന്‌ യേശു പറഞ്ഞതുപോലെതന്നെയാണത്‌.​—⁠മത്തായി 6:⁠21.

ഒരു ക്രിസ്‌ത്യാനി തന്റെ സമയവും ശ്രദ്ധയും ഹൃദയവും എന്തിലെങ്കിലും കേന്ദ്രീകരിക്കുന്നതിനുമുമ്പ്‌ ഇത്തരം ബൈബിൾ ബുദ്ധിയുപദേശങ്ങൾ ഗൗരവപൂർവം പരിഗണിക്കുന്നതു നന്നായിരിക്കും. എത്രത്തോളം സമ്പാദിക്കാം എന്നതിന്‌ ദൈവം പരിധികളൊന്നും വെക്കുന്നില്ല; എന്നു കരുതി അത്യാഗ്രഹത്തിനെതിരെ അവൻ നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കുന്നതുകൊണ്ട്‌ യാതൊരു ഭവിഷ്യത്തും ഉണ്ടാകില്ലെന്നു ചിന്തിക്കരുത്‌. (1 കൊരിന്ത്യർ 6:9, 10) ബൈബിൾ ബുദ്ധിയുപദേശങ്ങൾക്കു ചെവികൊടുക്കാതെ ധനികരാകാൻ നിശ്ചയിച്ചുറച്ചാൽ ആത്മീയമായും മാനസികമായും വൈകാരികമായും വിലയൊടുക്കേണ്ടിവരും. (ഗലാത്യർ 6:7) ഇതിനു വിപരീതമായി, ആത്മീയാവശ്യങ്ങളെക്കുറിച്ചു ചിന്തയുള്ളവർ സന്തുഷ്ടരാകുന്നുവെന്ന്‌ യേശു പറഞ്ഞു. (മത്തായി 5:3) നമ്മുടെ സന്തുഷ്ടിക്കും ക്ഷേമത്തിനും ഏറ്റവും ഉത്തമമായിരിക്കുന്നത്‌ എന്താണെന്ന്‌ നമ്മുടെ സ്രഷ്ടാവിനും അവന്റെ പുത്രനും നന്നായി അറിയാം!​—⁠യെശയ്യാവു 48:17, 18.

ഖേദിക്കേണ്ടിവരില്ലാത്ത ഒരു തീരുമാനം

അപ്പോൾ നിങ്ങളുടെ ലക്ഷ്യം എന്താണ്‌, ആത്മീയമായി സമ്പന്നനാകാനോ, അതോ ഭൗതികമായി സമ്പന്നനാകാനോ? ഭൗതികാവശ്യങ്ങൾക്കു നാം ശ്രദ്ധനൽകണമെന്നതു ശരിതന്നെ. അപ്പൊസ്‌തലനായ പൗലൊസ്‌ തിമൊഥെയൊസിനുള്ള ഒന്നാമത്തെ ലേഖനത്തിൽ ഇങ്ങനെ എഴുതി: “തനിക്കുള്ളവർക്കും പ്രത്യേകം സ്വന്തകുടുംബക്കാർക്കും വേണ്ടി കരുതാത്തവൻ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാൾ അധമനായിരിക്കുന്നു.” അതോടൊപ്പം, പണത്തിലല്ല ദൈവത്തിൽ പ്രത്യാശവെച്ചുകൊണ്ട്‌ “സൽപ്രവൃത്തികളിൽ സമ്പന്നരായി”രിക്കാനും അവൻ ക്രിസ്‌ത്യാനികളെ പ്രോത്സാഹിപ്പിച്ചു. (1 തിമൊഥെയൊസ്‌ 5:8; 6:17, 18) അങ്ങനെയെങ്കിൽ ജീവിതത്തിൽ എന്തിനായിരിക്കും നിങ്ങൾ മുൻതൂക്കം നൽകുന്നത്‌? എന്തിലായിരിക്കും നിങ്ങളുടെ മുഖ്യതാത്‌പര്യം? പൗലൊസ്‌ പരാമർശിച്ച സത്‌പ്രവൃത്തികളിൽ ഏറ്റവും മുഖ്യമായത്‌ യേശു തന്റെ ശിഷ്യന്മാരെ ഏൽപ്പിച്ച പ്രസംഗ-ശിഷ്യരാക്കൽ വേലയാണ്‌. (മത്തായി 28:19, 20) ക്രിസ്‌ത്യാനികൾ ജീവിതം ലളിതമാക്കുന്നത്‌ തിരക്കൊക്കെയൊന്നു കുറച്ച്‌ സ്വസ്ഥമായ ജീവിതം നയിക്കുകയെന്ന ഉദ്ദേശ്യത്തിലല്ല, പകരം യേശു പറഞ്ഞ ആ സുപ്രധാനവേലയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയെന്ന ലക്ഷ്യത്തിലാണ്‌. അതുവഴി അവർ ദൈവത്തിന്റെ വാഗ്‌ദത്ത പുതിയഭൂമിയിൽ ജീവിക്കാൻ കഴിയത്തക്കവിധം “വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപി”ക്കുകയായിരിക്കും ചെയ്യുന്നത്‌. ആത്മീയ സമ്പത്ത്‌ ‘തങ്കത്തെക്കാൾ നല്ലതാണെന്ന്‌’ ഇപ്പോൾപ്പോലും അവർ കണ്ടെത്തുന്നു.​—⁠1 തിമൊഥെയൊസ്‌ 6:19; സദൃശവാക്യങ്ങൾ 16:16; ഫിലിപ്പിയർ 1:⁠10.

നമുക്ക്‌ എഡ്ഡിയുടെ അനുഭവമൊന്നു പരിചിന്തിക്കാം. അവൻ ചെറുപ്പമായിരുന്നപ്പോൾ കുടുംബാംഗങ്ങൾ യഹോവയുടെ സാക്ഷികളായിത്തീർന്നു. ഒരു ഘട്ടത്തിൽ സ്വത്തെല്ലാം നഷ്ടപ്പെട്ട അവർ വീടുവിട്ടിറങ്ങാൻപോലും നിർബന്ധിതരായി. എഡ്ഡി പറയുന്നു: “ഞങ്ങൾക്ക്‌ ഒന്നുമില്ലാതാകുന്ന ഒരവസ്ഥ ഞാൻ എന്നും ഭയപ്പെട്ടിരുന്നു. ഒന്നും ഇല്ലാതായപ്പോഴോ? ഞങ്ങൾക്ക്‌ ഒന്നും സംഭവിച്ചില്ല! അപ്പോഴും ഞങ്ങൾക്ക്‌ ഉണ്ണാനും ഉടുക്കാനും എല്ലാം ഉണ്ടായിരുന്നു. യഹോവ ഞങ്ങളെ പോറ്റിപ്പുലർത്തി, കാലാന്തരത്തിൽ ഇല്ലായ്‌മയിൽനിന്ന്‌ ഞങ്ങൾ കരകയറുകയും ചെയ്‌തു. ദൈവരാജ്യതാത്‌പര്യങ്ങൾക്ക്‌ ജീവിതത്തിൽ ഒന്നാം സ്ഥാനം നൽകിയാൽ ഭൗതികകാര്യങ്ങളെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടേണ്ടിവരില്ലെന്ന മത്തായി 6:​33-ലെ യേശുവിന്റെ വാഗ്‌ദാനം എത്ര സത്യമാണെന്ന്‌ ഈ അനുഭവത്തിലൂടെ ഞാൻ മനസ്സിലാക്കി.” ഇന്ന്‌ എഡ്ഡി തന്റെ ഭാര്യയോടൊപ്പം മുഴുസമയ സഞ്ചാരവേലയിൽ ഏർപ്പെട്ടിരിക്കുന്നു. അവരുടെ ആവശ്യങ്ങളൊന്നും നടക്കാതെപോകുന്നില്ല. അതിലുപരിയായി, ആത്മീയമായി അവർ സമ്പന്നരുമാണ്‌.

അളവറ്റ അനുഗ്രഹങ്ങൾ

ഭൗതികനിക്ഷേപങ്ങൾ കള്ളന്മാർ മോഷ്ടിച്ചുകൊണ്ടു പോയേക്കാം. എന്നാൽ ആത്മീയനിക്ഷേപങ്ങളുടെ കാര്യത്തിൽ അതൊരിക്കലും സംഭവിക്കില്ല. (സദൃശവാക്യങ്ങൾ 23:​4, 5; മത്തായി 6:20) സാമ്പത്തിക അഭിവൃദ്ധി വിലയിരുത്തുന്നതുപോലെ അത്ര എളുപ്പമുള്ള കാര്യമല്ല ആത്മീയപുരോഗതി വിലയിരുത്തുക എന്നത്‌. ഒരാൾ സ്‌നേഹം, സന്തോഷം, വിശ്വാസം തുടങ്ങിയ ഗുണങ്ങൾ എത്രത്തോളം വളർത്തിയെടുത്തിരിക്കുന്നു എന്നു തിട്ടപ്പെടുത്തുന്നത്‌ പ്രയാസമുള്ള സംഗതിയാണ്‌. എന്നിരുന്നാലും ആത്മീയമായി സമ്പന്നനായിരിക്കുന്നതിന്റെ അനുഗ്രഹങ്ങൾ അളവറ്റതാണ്‌. ആത്മീയകാര്യങ്ങൾക്കുവേണ്ടി വീടും ജീവിതോപാധിയായ വയലുമൊക്കെ ഉപേക്ഷിക്കേണ്ടിവരുന്ന ശിഷ്യന്മാരെ സംബന്ധിച്ച്‌ യേശു പറഞ്ഞു: “എന്റെ നിമിത്തവും സുവിശേഷം നിമിത്തവും വീടോ സഹോദരന്മാരെയോ സഹോദരികളെയോ അമ്മയെയോ അപ്പനെയോ മക്കളെയോ നിലങ്ങളെയോ വിട്ടാൽ, ഈ ലോകത്തിൽ തന്നേ, ഉപദ്രവങ്ങളോടുംകൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തിൽ നിത്യജീവനെയും പ്രാപിക്കാത്തവൻ ആരുമില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.”​—⁠മർക്കൊസ്‌ 10:29, 30.

ശരി, ഇനിമേൽ നിങ്ങളുടെ ജീവിതത്തിൽ എന്തിനായിരിക്കും ഏറ്റവും പ്രമുഖ സ്ഥാനം? ദൈവത്തിനോ, അതോ സമ്പത്തിനോ?

[8, 9 പേജുകളിലെ ചിത്രങ്ങൾ]

നിങ്ങളുടെ ലക്ഷ്യം? ഭൗതിക സമ്പത്തോ . . .

. . . ആത്മീയ സമ്പത്തോ?