വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

രഹസ്യമായി ഡേറ്റിങ്‌ നടത്തുന്നതിൽ എന്താണു കുഴപ്പം?

രഹസ്യമായി ഡേറ്റിങ്‌ നടത്തുന്നതിൽ എന്താണു കുഴപ്പം?

യുവജനങ്ങൾ ചോദിക്കുന്നു . . .

രഹസ്യമായി ഡേറ്റിങ്‌ നടത്തുന്നതിൽ എന്താണു കുഴപ്പം?

ജെസിക്ക * ധർമസങ്കടത്തിലായിരുന്നു. സഹപാഠിയായ ജെറെമി അവളോടു താത്‌പര്യം കാട്ടാൻ തുടങ്ങിയതായിരുന്നു എല്ലാറ്റിനും കാരണം. അവൾ ഇങ്ങനെ പറയുന്നു: “അവൻ സുമുഖനായിരുന്നു. ‘ഇതിലും നല്ലൊരു ബോയ്‌ഫ്രണ്ടിനെ ജന്മത്തിൽ നിനക്കു കിട്ടുകയില്ല’ എന്ന്‌ പല കൂട്ടുകാരും എന്നോടു പറയുമായിരുന്നു. പല പെൺകുട്ടികളും അവനോട്‌ അടുത്തുകൂടാൻ ശ്രമിച്ചിരുന്നെങ്കിലും അവന്‌ അവരെയൊന്നും ബോധിച്ചില്ല. എന്നാൽ എന്നെ അവനങ്ങ്‌ ഇഷ്ടപ്പെട്ടുപോയി.”

പിന്നെ താമസമുണ്ടായില്ല, താനുമായി ഡേറ്റിങ്ങിൽ ഏർപ്പെടാമോ എന്ന്‌ ജെറെമി ജെസിക്കയോടു ചോദിച്ചു. അവൾ ഇങ്ങനെ പറയുന്നു: “യഹോവയുടെ സാക്ഷികളിലൊരാളായ എന്നെ എന്റെ വിശ്വാസത്തിലല്ലാത്തവരുമായി ഡേറ്റിങ്‌ നടത്താൻ മാതാപിതാക്കൾ അനുവദിക്കില്ലെന്ന്‌ ഞാൻ ജെറെമിയോടു പറഞ്ഞു. എന്നാൽ ജെറെമി അതിനൊരു വഴി കണ്ടുപിടിച്ചു. ‘എങ്കിൽപ്പിന്നെ അവരറിയാതെ ഡേറ്റിങ്‌ നടത്തിയാലെന്താ?,’ ജെറെമി എന്നോടു ചോദിച്ചു.”

നിങ്ങളാണ്‌ ഈ സാഹചര്യത്തിലെങ്കിൽ എങ്ങനെ പ്രതികരിക്കും? ജെസിക്ക ജെറെമിയുടെ നിർദേശത്തോട്‌ ആദ്യം യോജിച്ചു എന്നു കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടിപ്പോയേക്കാം. അവൾ പറയുന്നു: “ജെറെമിയുമായി ഡേറ്റിങ്‌ നടത്തുകയാണെങ്കിൽ യഹോവയോടു സ്‌നേഹം നട്ടുവളർത്താൻ അവനെ സഹായിക്കാനാകുമെന്ന്‌ എനിക്കെന്തോ നല്ല ബോധ്യമായിരുന്നു.” എന്നാൽ കാര്യങ്ങൾ എങ്ങനെ തിരിഞ്ഞുമറിഞ്ഞു? നാമതു പിന്നീടു കാണുന്നതായിരിക്കും. ജെസിക്കയെപ്പോലെ, മറ്റു പലകാര്യങ്ങളിലും മാതൃകായോഗ്യരായ ക്രിസ്‌തീയ യുവജനങ്ങൾപോലും അറിയാതെതന്നെ രഹസ്യ ഡേറ്റിങ്ങിന്റെ കെണിയിൽ അകപ്പെട്ടുപോയേക്കാവുന്നത്‌ എങ്ങനെയെന്നു നമുക്ക്‌ ആദ്യമായി പരിചിന്തിക്കാം.

എന്തുകൊണ്ടാണ്‌ അവർ അങ്ങനെ ചെയ്യുന്നത്‌?

ചില കുട്ടികൾ നന്നേ ചെറുപ്പത്തിലേ ഡേറ്റിങ്‌ തുടങ്ങുന്നു. “10-ഓ 11-ഓ വയസ്സുള്ള കുട്ടികൾ ബോയ്‌ഫ്രണ്ടിന്റെയോ ഗേൾഫ്രണ്ടിന്റെയോ കൂടെ കറങ്ങുന്നതു ഞാൻ കണ്ടിട്ടുണ്ട്‌!” എന്ന്‌ ബ്രിട്ടനിലുള്ള സൂസൻ പറയുന്നു. എന്തുകൊണ്ടാണു കുട്ടികൾക്ക്‌ ഇതിൽ ഇത്ര താത്‌പര്യമുള്ളത്‌? എതിർലിംഗത്തിലുള്ളവരോടുള്ള സ്വാഭാവിക ആകർഷണവും ഒരു പരിധിവരെ സമപ്രായക്കാരിൽനിന്നുള്ള സമ്മർദവുമാണു മിക്കപ്പോഴും അവരെ ഇതിനു പ്രേരിപ്പിക്കുന്നത്‌. ഓസ്‌ട്രേലിയയിൽനിന്നുള്ള ലോയിസ്‌ ഇങ്ങനെ പറയുന്നു: “നിങ്ങളുടെ ശരീരത്തിൽ ഹോർമോണുകളുടെ അളവു വർധിക്കുന്നു. കൂടാതെ സ്‌കൂളിൽ മറ്റെല്ലാവരും ഡേറ്റിങ്‌ നടത്തുന്നതു നിങ്ങൾ കാണുകയും ചെയ്യുന്നു.”

എന്നാൽ എന്തുകൊണ്ടാണു ചിലർ രഹസ്യമായി ഡേറ്റിങ്‌ നടത്തുന്നത്‌? ബ്രിട്ടനിൽനിന്നുള്ള ജെഫ്രി പറയുന്നു: “മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കും എന്ന ചിന്തയായിരിക്കാം അവരെ ഭയപ്പെടുത്തുന്നത്‌.” ദക്ഷിണാഫ്രിക്കക്കാരൻ ഡേവിഡിനും ഇതേ അഭിപ്രായമാണുള്ളത്‌. അവൻ പറയുന്നു: “മാതാപിതാക്കൾ അതിനു സമ്മതംമൂളില്ലെന്ന്‌ അവർക്കറിയാം. അതുകൊണ്ട്‌ അവരോടൊട്ടു പറയുന്നുമില്ല.” ഓസ്‌ട്രേലിയയിൽനിന്നുള്ള ജെയ്‌ൻ മറ്റൊരു സാധ്യതയിലേക്കു വിരൽചൂണ്ടുന്നു: “രഹസ്യമായി നടത്തുന്ന ഡേറ്റിങ്‌ ഒരുതരം മത്സരമാണ്‌. നിങ്ങൾക്ക്‌ ആവശ്യത്തിനു പക്വതയുണ്ടെന്നാകാം നിങ്ങളുടെ വിചാരം. എന്നാൽ മാതാപിതാക്കൾ നിങ്ങളെ ആ രീതിയിൽ കാണുന്നില്ലെന്നു തോന്നിയാൽ, അവരോടു പറയാതെ സ്വന്ത ഇഷ്ടപ്രകാരം കാര്യങ്ങൾ ചെയ്യാൻ നിങ്ങൾ തീരുമാനിച്ചേക്കാം. കാര്യങ്ങൾ രഹസ്യമാക്കിവെക്കുന്നത്‌ എളുപ്പവുമാണല്ലോ.”

മാതാപിതാക്കളെ അനുസരിക്കാൻ ബൈബിൾ നിങ്ങളോടു കൽപ്പിക്കുന്നുവെന്ന്‌ ഓർക്കുക. (എഫെസ്യർ 6:1) നിങ്ങൾ ഡേറ്റിങ്‌ നടത്തുന്നതിനോടു മാതാപിതാക്കൾക്കു യോജിക്കാനാകുന്നില്ലെങ്കിൽ തീർച്ചയായും അവർക്കതിനു തക്കതായ കാരണം കാണും. ഉദാഹരണത്തിന്‌ അവർ യഹോവയുടെ സാക്ഷികളാണെങ്കിൽ, നിങ്ങൾ ഒരു സഹവിശ്വാസിയുമായി മാത്രമേ ഡേറ്റിങ്‌ നടത്താവു എന്ന്‌ അവർ ആഗ്രഹിക്കും; അതും നിങ്ങൾക്കിരുവർക്കും വിവാഹംകഴിക്കാനുള്ള പ്രായവും പക്വതയുമൊക്കെ ഉണ്ടെങ്കിൽ മാത്രം. * ഇനി, പിൻവരുന്നപ്രകാരമാണു നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ അതിലൊട്ടും അത്ഭുതപ്പെടാനില്ല:

ഞാൻ ഒഴികെ എല്ലാവരും ഡേറ്റിങ്‌ നടത്തുന്നതുകൊണ്ട്‌ ആകെക്കൂടെ ഒറ്റപ്പെട്ടതായി എനിക്കു തോന്നുന്നു.

സഹവിശ്വാസിയല്ലാത്ത ഒരാളോട്‌ എനിക്ക്‌ ആകർഷണം തോന്നുന്നു.

വിവാഹപ്രായമൊന്നുമായില്ലെങ്കിലും ഒരു സഹക്രിസ്‌ത്യാനിയുമായി ഡേറ്റിങ്‌ നടത്താൻ ഞാൻ ആഗ്രഹിക്കുന്നു.

ഈ പ്രസ്‌താവനകളോടു മാതാപിതാക്കൾ എങ്ങനെ പ്രതികരിക്കുമെന്ന്‌ ഒരുപക്ഷേ നിങ്ങൾക്ക്‌ അറിയാമായിരിക്കും. അവരുടെ പക്ഷത്താണു ശരിയെന്ന്‌ ഉള്ളിന്റെയുള്ളിൽ നിങ്ങൾക്ക്‌ അറിയുകയും ചെയ്യാം. എങ്കിൽപ്പോലും, ജപ്പാനിൽനിന്നുള്ള മാനാമിയെപ്പോലെ നിങ്ങൾക്കു തോന്നിയേക്കാം. അവൾ ഇങ്ങനെ പറയുന്നു: “ഡേറ്റിങ്‌ നടത്താനുള്ള സമ്മർദം അത്ര ശക്തമായതിനാൽ അതിൽ ഏർപ്പെടാതിരിക്കാനുള്ള എന്റെ തീരുമാനം ശരിയാണോ എന്നു ചിലപ്പോൾ തോന്നിപ്പോകാറുണ്ട്‌. ഇക്കാലത്തെ കുട്ടികൾക്കു ഡേറ്റിങ്‌ നടത്താതിരിക്കുന്നതിനെ കുറിച്ചു ചിന്തിക്കാൻപോലും കഴിയില്ല.” അത്തരം സാഹചര്യത്തിൽ, ചിലർ ഡേറ്റിങ്‌ തുടങ്ങുകയും അക്കാര്യം മാതാപിതാക്കളിൽനിന്നു മറച്ചുവെക്കുകയും ചെയ്‌തിരിക്കുന്നു. അതെങ്ങനെ?

“അതൊരു രഹസ്യമാക്കിവെക്കാൻ ഞങ്ങളോടു പറഞ്ഞു”

“രഹസ്യ ഡേറ്റിങ്‌” എന്ന പ്രയോഗംതന്നെ ഒരുതരം വഞ്ചനയുടെ ചിത്രമാണു മനസ്സിലേക്കു കൊണ്ടുവരുന്നത്‌. മുഖ്യമായും ഫോണിലൂടെയോ ഇന്റർനെറ്റിലൂടെയോ ആശയവിനിമയം നടത്തിക്കൊണ്ട്‌ ചിലർ തങ്ങളുടെ ഡേറ്റിങ്‌ രഹസ്യമാക്കിവെക്കുന്നു. മറ്റുള്ളവരുടെ മുന്നിൽ അവർ സുഹൃത്തുക്കൾ മാത്രം. എന്നാൽ അവരുടെ ഇ-മെയിലുകൾക്കും മൊബൈൽ സന്ദേശങ്ങൾക്കും ടെലിഫോൺ സംഭാഷണങ്ങൾക്കുമെല്ലാം മറ്റൊരു കഥയാവും പറയാനുണ്ടാവുക.

നൈജീരിയിൽനിന്നുള്ള കേലബ്‌ മറ്റൊരു തന്ത്രം വെളിച്ചത്തുകൊണ്ടുവരുന്നു: “രഹസ്യമായി ഡേറ്റിങ്‌ നടത്തുന്ന ചില യുവജനങ്ങൾ തരപ്പടിക്കാരോടൊപ്പമായിരിക്കുമ്പോൾ, തങ്ങൾ സംസാരിക്കുന്നത്‌ അവർക്കു പിടികിട്ടാതിരിക്കാൻ കോഡുഭാഷയും ഇരട്ടപ്പേരുമൊക്കെ ഉപയോഗിക്കുന്നു.” പിന്നീടു ജോടിതിരിയാൻവേണ്ടി മാത്രം, സംഘംചേർന്നുള്ള പരിപാടികൾ സംഘടിപ്പിക്കുന്നതാണ്‌ മറ്റൊരു മാർഗം. “ഒരിക്കൽ ഞങ്ങളിൽ കുറെപ്പേർക്ക്‌ ഒരിടത്ത്‌ ഒത്തുകൂടാൻ ക്ഷണം ലഭിച്ചു. അവിടെയെത്തിയപ്പോഴല്ലേ മനസ്സിലാകുന്നത്‌ കൂട്ടത്തിലുണ്ടായിരുന്ന രണ്ടുപേർക്ക്‌ ഒരുമിച്ചായിരിക്കാൻവേണ്ടിയാണ്‌ അങ്ങനെയൊരു പരിപാടിതന്നെ ആസൂത്രണം ചെയ്‌തതെന്ന്‌. അതൊരു രഹസ്യമാക്കിവെക്കാൻ ഞങ്ങളോടു പറഞ്ഞു,” ബ്രിട്ടനിൽനിന്നുള്ള ജെയിംസിന്റെ വാക്കുകളാണിവ.

ജെയിംസ്‌ ചൂണ്ടിക്കാണിക്കുന്നതുപോലെ, രഹസ്യ ഡേറ്റിങ്‌ മിക്കപ്പോഴും കൂട്ടുകാരുടെ ഒത്താശയോടെയാണു നടക്കുന്നത്‌. “കൂട്ടുകാരിൽ ഒരാൾക്കെങ്കിലും കാര്യത്തിന്റെ കിടപ്പ്‌ അറിയാമായിരിക്കും. എന്നാൽ കൂട്ടുകാരുടെ രഹസ്യം പരസ്യമാക്കേണ്ട എന്ന മനോഭാവത്തോടെ അവർ ഒന്നും പുറത്തുപറയാതിരിക്കുന്നു” എന്ന്‌ സ്‌കോട്ട്‌ലൻഡിൽനിന്നുള്ള കാരൾ.

മിക്കപ്പോഴും കടുത്ത അവിശ്വസ്‌ത ഉൾപ്പെട്ടിരിക്കുന്നുവെന്നതു വ്യക്തം. കാനഡയിൽനിന്നുള്ള ബെത്ത്‌ പറയുന്നതുപോലെ “എവിടെ പോകുന്നുവെന്നതു സംബന്ധിച്ചു മാതാപിതാക്കളോടു പച്ചക്കള്ളം പറഞ്ഞുകൊണ്ട്‌ പലരും തങ്ങളുടെ ഡേറ്റിങ്‌ രഹസ്യമാക്കിവെക്കുന്നു.” താനും അങ്ങനെ ചെയ്‌തിട്ടുണ്ടെന്നു സമ്മതിക്കുന്ന ജപ്പാനിലെ മിസാക്കി അനുസ്‌മരിക്കുന്നു: “ഞാൻ നുണക്കഥകൾ ശ്രദ്ധാപൂർവം കെട്ടിച്ചമയ്‌ക്കേണ്ടതുണ്ടായിരുന്നു. മാതാപിതാക്കൾക്ക്‌ എന്നിലുള്ള വിശ്വാസം ഒട്ടും ചോർന്നുപോകാതിരിക്കാൻ, ഡേറ്റിങ്ങിനെക്കുറിച്ചല്ലാതെ മറ്റൊരു കാര്യത്തിലും നുണ പറയാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.”

രഹസ്യ ഡേറ്റിങ്ങിലെ ചതിക്കുഴികൾ

നിങ്ങൾ രഹസ്യമായി ഡേറ്റിങ്‌ നടത്താനുള്ള പ്രലോഭനത്തിലാണെങ്കിൽ​—⁠അഥവാ ഇപ്പോൾത്തന്നെ അങ്ങനെ ചെയ്യുന്നുണ്ടെങ്കിൽ​—⁠പിൻവരുന്ന കാര്യങ്ങൾ പരിഗണിക്കുക.

എന്റെ കപടജീവിതത്തിന്റെ അനന്തരഫലം എന്തായിരിക്കും? ഏറെത്താമസിയാതെ നിങ്ങളുടെ ഡേറ്റിങ്‌ പങ്കാളിയെ വിവാഹംകഴിക്കാൻ നിങ്ങൾ ഉദ്ദേശിക്കുന്നുണ്ടോ? “വിവാഹം കഴിക്കാനുള്ള ഉദ്ദേശ്യമില്ലാതെ ഡേറ്റിങ്‌ നടത്തുന്നത്‌, നിങ്ങൾ വിൽക്കാത്ത ഒരു സാധനത്തെക്കുറിച്ചു പരസ്യം ചെയ്യുന്നതുപോലെയാണ്‌,” ഐക്യനാടുകളിലെ ഇവാൻ അഭിപ്രായപ്പെടുന്നു. സദൃശവാക്യങ്ങൾ 13:12 ഇങ്ങനെ പറയുന്നു: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു.” വേണ്ടപ്പെട്ട ആരെയെങ്കിലും ഹൃദയവേദനയിലാഴ്‌ത്താൻ നിങ്ങൾ യഥാർഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ?

ഞാൻ ഈ ചെയ്യുന്നതിനെ യഹോവ എങ്ങനെയാണു വീക്ഷിക്കുന്നത്‌? ബൈബിൾ ഇങ്ങനെ പറയുന്നു: “സകലവും അവന്റെ കണ്ണിന്നു നഗ്നവും മലർന്നതുമായി കിടക്കുന്നു; അവനുമായിട്ടാകുന്നു നമുക്കു കാര്യമുള്ളത്‌.” (എബ്രായർ 4:13) അതുകൊണ്ട്‌ നിങ്ങളുടെയോ സുഹൃത്തിന്റെയോ ഡേറ്റിങ്‌ മൂടിവെച്ചാലും യഹോവയുടെ കണ്ണുവെട്ടിക്കാൻ നിങ്ങൾക്കാവില്ല. ഇനി, ഏതെങ്കിലും തരത്തിലുള്ള വഞ്ചന ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ സംഗതി പിന്നെയും ഗുരുതരമായിരിക്കും. നാം നുണപറയുന്നതു യഹോവയാം ദൈവത്തിന്‌ അങ്ങേയറ്റം വെറുപ്പാണ്‌. വാസ്‌തവത്തിൽ, അവൻ വെറുക്കുന്ന കാര്യങ്ങളുടെ കൂട്ടത്തിൽ പട്ടികപ്പെടുത്തിയിരിക്കുന്ന ഒരു പ്രധാന സംഗതിയാണ്‌ ‘വ്യാജമുള്ള നാവ്‌.’​—⁠സദൃശവാക്യങ്ങൾ 6:​16-19.

നിങ്ങൾ രഹസ്യമായി ഡേറ്റിങ്‌ നടത്തുന്നുണ്ടെങ്കിൽ നേരായ മാർഗത്തിൽ നടത്തുന്ന ഡേറ്റിങ്ങിന്റെ സംരക്ഷണമൊന്നും അതിനില്ലെന്ന്‌ ഓർക്കുക. രഹസ്യമായി ഡേറ്റിങ്‌ നടത്തുന്ന ചിലർ ലൈംഗിക അധാർമികതയിൽ വീണുപോകുന്നു. സ്‌കൂളിലെ ഒരു ആൺകുട്ടിയുമായി രഹസ്യത്തിൽ ഡേറ്റിങ്‌ നടത്തിക്കൊണ്ട്‌ ഇരട്ടജീവിതം നയിച്ച തന്റെ ഒരു കൂട്ടുകാരിയെക്കുറിച്ച്‌, ഓസ്‌ട്രേലിയക്കാരി ജെയ്‌ൻ പറയുന്നു: “ഡേറ്റിങ്ങിന്റെ കാര്യം അവളുടെ ഡാഡി കണ്ടുപിടിച്ചപ്പോഴേക്കും അവൾ ഗർഭിണിയായിക്കഴിഞ്ഞിരുന്നു.”

നിങ്ങൾക്കൊരു രഹസ്യബന്ധമുണ്ടെങ്കിൽ അതേക്കുറിച്ചു മാതാപിതാക്കളോടോ പക്വതയുള്ള ഒരു ക്രിസ്‌ത്യാനിയോടോ സംസാരിക്കുന്നതാണ്‌ എന്തുകൊണ്ടും ബുദ്ധി. ഇനി, നിങ്ങളുടെ ഒരു സുഹൃത്ത്‌ രഹസ്യ ഡേറ്റിങ്‌ നടത്തുന്നെങ്കിൽ അതു മൂടിവെക്കാൻ കൂട്ടുനിൽക്കരുത്‌. (1 തിമൊഥെയൊസ്‌ 5:22) ഒന്നോർത്തു നോക്കൂ, ആ ബന്ധം ദാരുണഫലങ്ങളിൽ കലാശിക്കുന്നെങ്കിൽ അതു നിങ്ങളെയും വേദനിപ്പിക്കില്ലേ? ഭാഗികമായെങ്കിലും നിങ്ങൾ അതിന്‌ ഉത്തരവാദി ആയിരിക്കില്ലേ? പ്രമേഹരോഗിയായ നിങ്ങളുടെ സുഹൃത്ത്‌ മറ്റാരും കാണാതെ മധുരപലഹാരങ്ങൾ തിന്നുന്നതു നിങ്ങൾ കണ്ടുപിടിക്കുന്നെന്നു കരുതുക. അതേക്കുറിച്ച്‌ ആരോടും പറയരുതെന്ന്‌ ആ സുഹൃത്ത്‌ നിങ്ങളുടെ കാലുപിടിച്ചു പറഞ്ഞാലോ? നിങ്ങൾ എന്തു ചെയ്യും? അക്കാര്യം മൂടിവെക്കുമോ അതോ സുഹൃത്തിന്റെ ജീവരക്ഷയ്‌ക്കായി പ്രവർത്തിക്കുമോ?

ആരെങ്കിലും രഹസ്യമായി ഡേറ്റിങ്‌ നടത്തുന്നതായി നിങ്ങൾ അറിയാനിടയാകുമ്പോഴും ഇതു സത്യമാണ്‌. എന്നെന്നേക്കുമായി നിങ്ങളുടെ സൗഹൃദം തകരും എന്നോർത്തു വിഷമിക്കേണ്ടതില്ല! തന്റെ നന്മയ്‌ക്കുവേണ്ടിയായിരുന്നു നിങ്ങൾ അങ്ങനെ ചെയ്‌തതെന്ന്‌ ഒരു യഥാർഥ സുഹൃത്ത്‌ ഇന്നല്ലെങ്കിൽ നാളെ തിരിച്ചറിയും.​—⁠സദൃശവാക്യങ്ങൾ 27:⁠6.

“എന്തു ചെയ്യണമെന്നു ഞാൻ തിരിച്ചറിഞ്ഞു”

തുടക്കത്തിൽ പരാമർശിച്ച ജെസിക്കയുടെ കാര്യത്തിലേക്കു മടങ്ങിവരാം. തന്റെ അതേ സാഹചര്യത്തിലൂടെ കടന്നുപോയ മറ്റൊരു ക്രിസ്‌തീയ പെൺകുട്ടിയുടെ അനുഭവം കേട്ടപ്പോൾ, രഹസ്യ ഡേറ്റിങ്ങിനോടുള്ള തന്റെ മനോഭാവത്തിന്‌ അവൾ മാറ്റംവരുത്തി. “അവൾ എങ്ങനെയാണ്‌ ആ ബന്ധം അവസാനിപ്പിച്ചതെന്നു കേട്ടുകഴിഞ്ഞപ്പോൾ എന്റെ കാര്യത്തിൽ എന്തു ചെയ്യണമെന്നു ഞാൻ തിരിച്ചറിഞ്ഞു,” ജെസിക്ക പറയുന്നു. അത്‌ അത്ര എളുപ്പമായിരുന്നോ? ഒരിക്കലുമല്ല! അവൾ തുടരുന്നു: “എന്റെ മനസ്സിനിണങ്ങിയ ഒരേയൊരു ആൺകുട്ടി ജെറെമിയായിരുന്നു. കണ്ണീരൊഴിഞ്ഞ ഒരു ദിവസംപോലും ഉണ്ടായിരുന്നില്ല, ആഴ്‌ചകളോളം.”

എന്നിരുന്നാലും മറ്റുചില കാര്യങ്ങൾക്കൂടെ ജെസിക്ക തിരിച്ചറിഞ്ഞു​—⁠താൻ യഹോവയെ സ്‌നേഹിച്ചിരുന്നെന്നും താത്‌കാലികമായി വഴിതെറ്റിപ്പോയെങ്കിലും ശരിയായതു ചെയ്യാൻ യഥാർഥത്തിൽ ആഗ്രഹിച്ചിരുന്നെന്നും. കാലക്രമത്തിൽ വേർപിരിയലിന്റെ നൊമ്പരം കെട്ടടങ്ങി. അവൾ പറയുന്നു: “ഇപ്പോൾ എനിക്ക്‌ യഹോവയുമായി മുമ്പെന്നത്തേതിലും നല്ല ബന്ധമാണുള്ളത്‌. നമുക്കാവശ്യമായ മാർഗനിർദേശം തക്കസമയത്തുതന്നെ നൽകുന്ന അവനോട്‌ എനിക്ക്‌ അകമഴിഞ്ഞ നന്ദിയുണ്ട്‌!”

“യുവജനങ്ങൾ ചോദിക്കുന്നു . . . ” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

ചിന്തിക്കാൻ:

▪ 27-ാം പേജിൽ തടിച്ച അക്ഷരത്തിൽ പരാമർശിച്ചിരിക്കുന്ന മൂന്നു സാഹചര്യങ്ങളിലേക്ക്‌ ഒരുവട്ടംകൂടി കണ്ണോടിക്കൂ. ചിലപ്പോഴൊക്കെ ഇതിൽ ഏതെങ്കിലും വിധത്തിൽ നിങ്ങൾക്കു തോന്നാറുണ്ടോ?

▪ രഹസ്യമായി ഡേറ്റിങ്‌ നടത്തുന്നതിനു പകരം ഈ സാഹചര്യം നിങ്ങൾക്ക്‌ എങ്ങനെ കൈകാര്യം ചെയ്യാനാകും?

[അടിക്കുറിപ്പുകൾ]

^ ഖ. 3 ഈ ലേഖനത്തിൽ ചില പേരുകൾക്കു മാറ്റം വരുത്തിയിട്ടുണ്ട്‌.

^ ഖ. 9 2007 ജനുവരി ലക്കം ഉണരുക!യിലെ “യുവജനങ്ങൾ ചോദിക്കുന്നു . . . എനിക്ക്‌ എപ്പോൾ ഡേറ്റിങ്‌ തുടങ്ങാം?” എന്ന ലേഖനം കാണുക.

[28-ാം പേജിലെ ചതുരം]

രഹസ്യമോ സ്വകാര്യതയോ?

ഡേറ്റിങ്ങുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളിലും വഞ്ചന ഉൾപ്പെട്ടിട്ടുണ്ടെന്ന്‌ അർഥമില്ല. വിവാഹപ്രായമായ ഒരു യുവാവും യുവതിയും പരസ്‌പരം അടുത്തറിയാൻ ആഗ്രഹിച്ചേക്കാമെങ്കിലും കുറേനാളത്തേക്ക്‌ എല്ലാവരെയൊന്നും അത്‌ അറിയിക്കേണ്ടെന്നു തീരുമാനിച്ചേക്കാം. തോമസ്‌ എന്ന യുവാവ്‌ പറയുന്നതുപോലെ, “‘അതിരിക്കട്ടെ, എന്നാണു നിങ്ങളുടെ കല്യാണം?’ എന്നൊക്കെയുള്ള നൂറുകൂട്ടം ചോദ്യങ്ങൾക്ക്‌ ഉത്തരംകൊടുക്കാൻ അവർ ആഗ്രഹിക്കുന്നില്ല” എന്നതായിരിക്കാം ഇതിനു കാരണം.

മറ്റുള്ളവരിൽനിന്നുള്ള അനുചിതമായ സമ്മർദത്തിനു തീർച്ചയായും ഹാനികരമായിരിക്കാൻ കഴിയും. (ഉത്തമഗീതം 2:⁠7) അതുകൊണ്ട്‌ ഒരു ബന്ധത്തിന്റെ ആദ്യഘട്ടത്തിൽ മറ്റുള്ളവരെ അത്‌ അറിയിക്കാതിരിക്കാൻ ചില ഇണകൾ തീരുമാനിച്ചേക്കാം. (സദൃശവാക്യങ്ങൾ 10:19) അത്‌ ഉചിതമാണെങ്കിലും തങ്ങളെത്തന്നെ ഒറ്റപ്പെടുത്താതിരിക്കാൻ അവർ ശ്രദ്ധിക്കണം. 20 വയസ്സുകാരി അന്ന പറയുന്നു: “സ്വകാര്യത സൂക്ഷിക്കുന്നത്‌, ബന്ധം തുടരാൻ താത്‌പര്യമുണ്ടോയെന്നു തീരുമാനിക്കാൻ ഇരുകൂട്ടർക്കും സമയം നൽകും. താത്‌പര്യമുണ്ടെങ്കിൽ അപ്പോൾ അവർക്കതു പരസ്യമാക്കാനും കഴിയും.”

അതേസമയം നിങ്ങളുടെ ബന്ധത്തെക്കുറിച്ച്‌ അറിയാൻ അവകാശമുള്ളവരിൽനിന്ന്‌, ഉദാഹരണത്തിന്‌ ഇരുകൂട്ടരുടെയും മാതാപിതാക്കളിൽനിന്ന്‌, അതു മറച്ചുവെക്കുന്നതു തെറ്റാണ്‌. കാര്യങ്ങൾ തുറന്നുപറയാൻ കഴിയുന്നില്ലെങ്കിൽ അത്‌ എന്തുകൊണ്ടാണെന്നു സ്വയം ചോദിക്കണം. തുടക്കത്തിൽ പരാമർശിച്ച ജെസിക്കയുടേതുപോലെയാണോ നിങ്ങളുടെയും കാര്യം? മാതാപിതാക്കളുടെ എതിർപ്പിനു തക്കതായ കാരണങ്ങളുണ്ടായിരിക്കുമെന്ന്‌ ഉള്ളിന്റെയുള്ളിൽ നിങ്ങൾക്കറിയാമോ?

[29-ാം പേജിലെ ചതുരം]

മാതാപിതാക്കളോട്‌ ഒരു വാക്ക്‌

ഈ ലേഖനം വായിച്ചുകഴിഞ്ഞസ്ഥിതിക്ക്‌, ‘എന്റെ മകനോ മകളോ എന്റെ കണ്ണുവെട്ടിച്ച്‌ ഡേറ്റിങ്‌ നടത്തുന്നുണ്ടായിരിക്കുമോ?’ എന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. രഹസ്യമായി ഡേറ്റിങ്‌ നടത്താൻ ചിലരെ പ്രേരിപ്പിച്ചേക്കാവുന്നത്‌ എന്താണെന്നതു സംബന്ധിച്ച്‌ ചില യുവജനങ്ങൾ ഉണരുക!യോടു പറഞ്ഞ അഭിപ്രായങ്ങളും അതോടൊപ്പം കൊടുത്തിരിക്കുന്ന ചോദ്യങ്ങളും പരിചിന്തിക്കുക.

“ആവശ്യമായ വൈകാരിക പിന്തുണ ചില കുട്ടികൾക്കു സ്വന്തഭവനത്തിൽ കിട്ടുന്നില്ല. അതുകൊണ്ട്‌ അവർ അതിനായി ഒരു ബോയ്‌ഫ്രണ്ടിലേക്കോ ഗേൾഫ്രണ്ടിലേക്കോ തിരിയുന്നു.”​—⁠വെൻഡി.

മാതാപിതാക്കളിൽ ഒരാളെന്നനിലയിൽ, കുട്ടികളുടെ വൈകാരിക ആവശ്യങ്ങൾ ഉചിതമായി നിറവേറ്റപ്പെടുന്നുവെന്നു നിങ്ങൾക്ക്‌ എങ്ങനെ ഉറപ്പുവരുത്താം? ഇക്കാര്യത്തിൽ നിങ്ങൾക്ക്‌ എന്തെങ്കിലും പുരോഗതിവരുത്താൻ കഴിയുമോ? കഴിയുമെങ്കിൽ ഏതു വിധങ്ങളിൽ?

“എനിക്കു 14 വയസ്സുള്ളപ്പോൾ, വിദേശിയായ ഒരു വിദ്യാർഥി അവന്റെ ഗേൾഫ്രണ്ടാകാമോ എന്ന്‌ എന്നോടു ചോദിച്ചു. ഞാൻ സമ്മതിച്ചു. എന്റെ തോളത്തു കൈയിട്ടു നടക്കാൻ ഒരു ചെറുപ്പക്കാരനുള്ളതു രസമായിരിക്കുമെന്നു ഞാൻ കരുതി.”​—⁠ഡയൻ.

ഡയൻ നിങ്ങളുടെ മകളായിരുന്നെങ്കിൽ ഈ സാഹചര്യം നിങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമായിരുന്നു?

“മൊബൈൽ ഫോണുകൾ രഹസ്യ ഡേറ്റിങ്‌ എളുപ്പമാക്കുന്നു. എന്താണു നടക്കുന്നതെന്ന്‌ മാതാപിതാക്കൾ അറിയുന്നതേയില്ല!”​—⁠ആനെറ്റ്‌.

കുട്ടികളുടെ മൊബൈൽ ഫോൺ ഉപയോഗം സംബന്ധിച്ചു നിങ്ങൾക്ക്‌ എന്തു മുൻകരുതലുകൾ എടുക്കാനാകും?

“കുട്ടികൾ ആരോടൊപ്പം, എന്തു ചെയ്യുന്നുവെന്ന്‌ മാതാപിതാക്കൾ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുന്നത്‌ രഹസ്യ ഡേറ്റിങ്‌ വളരെയേറെ എളുപ്പമാക്കിത്തീർക്കുന്നു.”​—⁠തോമസ്‌.

കൗമാരപ്രായത്തിലുള്ള നിങ്ങളുടെ കുട്ടിക്ക്‌ ഉചിതമായ സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ടുതന്നെ അവന്റെ അല്ലെങ്കിൽ അവളുടെ കാര്യത്തിൽ കൂടുതലായി ഇടപെടാൻ എന്തെങ്കിലും മാർഗമുണ്ടോ?

“പലപ്പോഴും കുട്ടികൾ വീട്ടിലുള്ളപ്പോൾ മാതാപിതാക്കൾ അവിടെ കാണില്ല. ഇനിയും ചില മാതാപിതാക്കൾ കുട്ടികളെ കണ്ണുമടച്ചു വിശ്വസിക്കുന്നതിനാൽ മറ്റുള്ളവരോടൊപ്പം അവർ എവിടെയെങ്കിലും പോകുന്നതിൽ അവർക്കു യാതൊരു പ്രശ്‌നവുമില്ല.”​—⁠നിക്കോളസ്‌.

നിങ്ങളുടെ കുട്ടിയുടെ ഉറ്റചങ്ങാതി ആരാണെന്നു ശ്രദ്ധിക്കുക. ഒത്തുകൂടുമ്പോൾ അവർ എന്താണു ചെയ്യുന്നതെന്നു നിങ്ങൾക്ക്‌ ശരിക്കും അറിയാമോ?

“മാതാപിതാക്കൾ അമിതമായി നിയന്ത്രണങ്ങൾ വെക്കുന്നത്‌ രഹസ്യ ഡേറ്റിങ്ങിനു വഴിവെച്ചേക്കാം.”​—⁠പോൾ.

ബൈബിൾ നിയമങ്ങളിലും തത്ത്വങ്ങളിലും വിട്ടുവീഴ്‌ച ചെയ്യാതെതന്നെ നിങ്ങൾക്ക്‌ എങ്ങനെ “ന്യായബോധം” പ്രകടമാക്കാനാകും? ​—⁠ഫിലിപ്പിയർ 4:⁠5, NW.

“കൗമാരത്തിന്റെ ആദ്യനാളുകളിൽ എനിക്ക്‌ ആത്മാഭിമാനം തീർത്തും കുറവായിരുന്നു. മറ്റുള്ളവർ എന്റെ കാര്യത്തിൽ താത്‌പര്യമെടുക്കണമെന്ന്‌ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. അടുത്ത സഭയിലെ ഒരു ആൺകുട്ടിയുമായി ഇ-മെയിൽ സന്ദേശങ്ങൾ കൈമാറിത്തുടങ്ങിയ ഞാൻ അവനുമായി പ്രേമത്തിലായി. ഞാൻ വളരെ വേണ്ടപ്പെട്ടവളാണെന്ന തോന്നൽ അവൻ എന്നിൽ ഉളവാക്കി.”​—⁠ലിൻഡ.

ലിൻഡയുടെ ആവശ്യങ്ങൾ അവളുടെ വീട്ടിൽത്തന്നെ നിറവേറ്റാൻ കഴിയുമായിരുന്ന ഉചിതമായ ചില മാർഗങ്ങളെക്കുറിച്ചു നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ?

നിങ്ങളുടെ മകനോടോ മകളോടോ ഒപ്പമിരുന്ന്‌ ഈ ലേഖനത്തിലെയും ഈ ചതുരത്തിലെയും വിവരങ്ങളെ അടിസ്ഥാനമാക്കി ചർച്ചനടത്തരുതോ? ഹൃദ്യമായ, മനസ്സുതുറന്നുള്ള ആശയവിനിമയമാണ്‌ രഹസ്യ ഡേറ്റിങ്ങിനുള്ള ഏറ്റവും നല്ല മറുമരുന്ന്‌. ഒരു യുവവ്യക്തിയുടെ ആവശ്യങ്ങൾ വിവേചിച്ചറിയുന്നതിനു സമയവും ക്ഷമയും ആവശ്യമാണ്‌. എന്നാൽ പ്രതിഫലം ശ്രമത്തിനുതക്ക മൂല്യമുള്ളതായിരിക്കും.​—⁠സദൃശവാക്യങ്ങൾ 20:5.