വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആരാണു ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌?

ആരാണു ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌?

ബൈബിളിന്റെ വീക്ഷണം

ആരാണു ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌?

ബൈബിൾ എഴുതിയത്‌ ആരാണെന്ന്‌ അതുതന്നെ വളച്ചുകെട്ടില്ലാതെ പറയുന്നു. “നെഹെമിയായുടെ വാക്കുകൾ,” ‘യെശയ്യാവു ദർശിച്ച ദർശനം,’ “യോവേലിന്നു ഉണ്ടായ യഹോവയുടെ അരുളപ്പാട്‌” എന്നിങ്ങനെയുള്ള പ്രയോഗങ്ങളോടെയാണ്‌ ഈ പുസ്‌തകത്തിന്റെ പല ഭാഗങ്ങളും ആരംഭിക്കുന്നത്‌. (നെഹെമ്യാവു 1:​1, പി.ഒ.സി. ബൈബിൾ; യെശയ്യാവു 1:1; യോവേൽ 1:1) ഗാദ്‌, നാഥാൻ, ശമൂവേൽ എന്നിവരുടെ കൃതികളാണ്‌ ചില ചരിത്രവിവരണങ്ങൾ. (1 ദിനവൃത്താന്തം 29:30) പല സങ്കീർത്തനങ്ങളുടെയും മേലെഴുത്ത്‌ അതിന്റെ രചയിതാവിനെ തിരിച്ചറിയിക്കുന്നു.​—⁠സങ്കീർത്തനങ്ങൾ 79, 88, 89, 90, 103, 127.

ബൈബിൾ എഴുതാൻ മനുഷ്യരെ ഉപയോഗിച്ചതുകൊണ്ട്‌, മറ്റേതൊരു ഗ്രന്ഥവുംപോലെ ബൈബിളും മനുഷ്യജ്ഞാനത്തിന്റെ നിർമിതി മാത്രമാണെന്നാണ്‌ സന്ദേഹവാദികൾ പറയുന്നത്‌. എന്നാൽ ആ അഭിപ്രായത്തിന്‌ ഉറച്ച അടിസ്ഥാനമുണ്ടോ?

നാൽപ്പത്‌ എഴുത്തുകാർ, ഒരു ഗ്രന്ഥകർത്താവ്‌

ഏകസത്യദൈവമായ യഹോവയുടെ നാമത്തിൽ, അവന്റെയോ ദൂതപ്രതിനിധികളുടെയോ വഴിനടത്തിപ്പിൻ കീഴിൽ, ആണ്‌ തങ്ങൾ എഴുതിയത്‌ എന്നത്‌ മിക്ക ബൈബിളെഴുത്തുകാരും സമ്മതിച്ചു പറഞ്ഞിരിക്കുന്ന ഒരു വസ്‌തുതയാണ്‌. (സെഖര്യാവു 1:7, 9) എബ്രായ തിരുവെഴുത്തുകൾ എഴുതിയ പ്രവാചകന്മാർ, ഏതാണ്ട്‌ 300-ലധികം തവണ “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു” എന്നു പ്രഖ്യാപിച്ചിരിക്കുന്നു. (ആമോസ്‌ 1:3; മീഖാ 2:3; നഹൂം 1:12) പല എഴുത്തുകാരുടെയും എഴുത്തു തുടങ്ങുന്നത്‌ “ഹോശേയെക്കു ഉണ്ടായ യഹോവയുടെ അരുളപ്പാട്‌” എന്നതുപോലുള്ള പ്രയോഗങ്ങളോടെയാണ്‌. (ഹോശേയ 1:1; യോനാ 1:1) യഹോവയുടെ പ്രവാചകന്മാരെക്കുറിച്ച്‌ അപ്പൊസ്‌തലനായ പത്രൊസ്‌ ഇപ്രകാരം പ്രസ്‌താവിച്ചു: “ദൈവകല്‌പനയാൽ മനുഷ്യർ പരിശുദ്ധാത്മനിയോഗം പ്രാപിച്ചിട്ടു സംസാരിച്ചതത്രേ.”​—⁠2 പത്രൊസ്‌ 1:⁠21.

ദൈവമാണു തങ്ങളുടെ എഴുത്തിനു പിന്നിലെന്ന്‌ അംഗീകരിച്ച അനേകം മനുഷ്യരാൽ എഴുതപ്പെട്ട, പല ഭാഗങ്ങളുള്ള, എന്നാൽ ആദിയോടന്തം യോജിപ്പുള്ള ഒരു ഗ്രന്ഥമാണു ബൈബിൾ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, തന്റെ ചിന്തകളെ പകർത്താൻ ദൈവം മനുഷ്യരെ ഉപയോഗിക്കുകയായിരുന്നു. എങ്ങനെയാണു ദൈവം അതു ചെയ്‌തത്‌?

‘ദൈവശ്വാസീയം’

“എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാ”ണെന്ന്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പ്രസ്‌താവിക്കുകയുണ്ടായി. (2 തിമൊഥെയൊസ്‌ 3:​16) ‘ദൈവശ്വാസീയം’ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന ഗ്രീക്കു പദത്തിന്റെ അക്ഷരാർഥം “ദൈവം നിശ്വസിച്ചത്‌” എന്നാണ്‌. അതായത്‌ മനുഷ്യ എഴുത്തുകാരുടെ മനസ്സുകളെ സ്വാധീനിക്കാൻ ദൈവം ഒരു അദൃശ്യശക്തി ഉപയോഗിച്ചു. അങ്ങനെ അവർക്കു സന്ദേശം കൈമാറി. എന്നാൽ പത്തു കൽപ്പനകളുടെ കാര്യത്തിൽ, യഹോവതന്നെയാണു കൽപ്പലകയിൽ വാക്കുകൾ ആലേഖനം ചെയ്‌തത്‌. (പുറപ്പാടു 31:18) ചില സമയങ്ങളിൽ, ദൈവം തന്റെ ദാസർക്കു സന്ദേശം നേരിട്ടു പറഞ്ഞുകൊടുത്ത്‌ എഴുതിച്ചു. പുറപ്പാടു 34:​26, 27 ഇപ്രകാരം പറയുന്നു: “യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക. . . .”

മറ്റുചില സന്ദർഭങ്ങളിൽ, എഴുതേണ്ട വിവരങ്ങൾ ദൈവം ദർശനത്തിലൂടെ അവർക്കു കാണിച്ചുകൊടുത്തു. അതുകൊണ്ടാണ്‌ യെഹെസ്‌കേൽ ഇപ്രകാരം പറഞ്ഞത്‌: “ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.” (യെഹെസ്‌കേൽ 1:1) അതുപോലെ, “ദാനീയേൽ ഒരു സ്വപ്‌നം കണ്ടു, അവന്നു കിടക്കയിൽവെച്ചു ദർശനങ്ങൾ ഉണ്ടായി; അവൻ സ്വപ്‌നം എഴുതി.” (ദാനീയേൽ 7:1) സമാനമായ ഒരു വിധത്തിലാണ്‌ ബൈബിളിന്റെ അവസാന പുസ്‌തകമായ വെളിപ്പാട്‌ അപ്പൊസ്‌തലനായ യോഹന്നാനു കൈമാറപ്പെട്ടത്‌. യോഹന്നാൻ ഇങ്ങനെ എഴുതി: ‘കർത്തൃദിവസത്തിൽ ഞാൻ ആത്മവിവശനായി: നീ കാണുന്നതു ഒരു പുസ്‌തകത്തിൽ എഴുതുക എന്നിങ്ങനെ കാഹളത്തിന്നൊത്ത ഒരു മഹാനാദം എന്റെ പുറകിൽ കേട്ടു.’​—⁠വെളിപ്പാടു 1:10, 11.

എഴുത്തിലെ മനുഷ്യസ്‌പർശം

ദിവ്യ നിശ്വസ്‌തത എഴുത്തുകാരന്റെ വ്യക്തിത്വ തനിമയ്‌ക്കു മാറ്റംവരുത്തിയില്ല. വാസ്‌തവത്തിൽ, ദൈവിക സന്ദേശം രേഖപ്പെടുത്താൻ വ്യക്തിപരമായ ശ്രമം ആവശ്യമായിരുന്നു. ഉദാഹരണത്തിന്‌, ബൈബിളിലെ സഭാപ്രസംഗി എന്ന പുസ്‌തകത്തിന്റെ എഴുത്തുകാരൻ “ഇമ്പമായുള്ള വാക്കുകളും നേരായി എഴുതിയിരിക്കുന്നവയും സത്യമായുള്ള വചനങ്ങളും കണ്ടെത്തുവാൻ . . . ഉത്സാഹിച്ചു” എന്നു പറയുകയുണ്ടായി. (സഭാപ്രസംഗി 12:10) ‘ദാവീദ്‌ രാജാവിന്റെ വൃത്താന്തപുസ്‌തകം,’ ‘യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്‌തകം’ എന്നിവപോലുള്ള 14 സ്രോതസ്സുകളെങ്കിലും പരിശോധിച്ചാണ്‌ എസ്രാ ചരിത്രരേഖ സമാഹരിച്ചത്‌. (1 ദിനവൃത്താന്തം 27:24; 2 ദിനവൃത്താന്തം 16:11) സുവിശേഷ എഴുത്തുകാരനായ ലൂക്കൊസ്‌ ‘എല്ലാകാര്യങ്ങളും പ്രാരംഭം മുതൽക്കേ സൂക്ഷ്‌മമായി പരിശോധിച്ചതിനുശേഷം എല്ലാം ക്രമമായി എഴുതി.’​—⁠ലൂക്കൊസ്‌ 1:​3, പി.ഒ.സി.

ചില ബൈബിൾ പുസ്‌തകങ്ങൾ എഴുത്തുകാരന്റെ വ്യക്തിത്വസവിശേഷതകൾ വെളിച്ചത്തുകൊണ്ടുവരുന്നു. യേശുവിന്റെ ശിഷ്യനാകുന്നതിനുമുമ്പ്‌ ഒരു നികുതി പിരിവുകാരനായിരുന്ന മത്തായി ലേവി, സംഖ്യകൾക്കു പ്രത്യേക ശ്രദ്ധ നൽകി. യേശുവിനെ ഒറ്റിക്കൊടുത്തതിന്റെ പ്രതിഫലം “മുപ്പതു വെള്ളിക്കാശ്‌” ആണെന്നു പറയുന്ന ഏക സുവിശേഷകൻ അദ്ദേഹമാണ്‌. (മത്തായി 27:⁠3; മർക്കൊസ്‌ 2:14) വൈദ്യനായിരുന്ന ലൂക്കൊസ്‌, വൈദ്യസംബന്ധമായ വിവരങ്ങൾ വളരെ കൃത്യതയോടെ രേഖപ്പെടുത്തി. യേശു സുഖപ്പെടുത്തിയ ചിലരുടെ അവസ്ഥ വിവരിക്കവേ, “കഠിനജ്വരം,” ‘കുഷ്‌ഠം നിറഞ്ഞ’ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അദ്ദേഹം ഉപയോഗിച്ചു. (ലൂക്കൊസ്‌ 4:38; 5:12; കൊലൊസ്സ്യർ 4:14) സ്വന്തം വാക്കിലും ശൈലിയിലും ആശയങ്ങൾ പ്രകടിപ്പിക്കാൻ യഹോവ മിക്കപ്പോഴും എഴുത്തുകാരെ അനുവദിച്ചുവെന്നും അതേസമയം തന്റെ ആശയങ്ങൾ കൃത്യതയോടെ പകർത്തപ്പെടുന്നുവെന്ന്‌ ഉറപ്പുവരുത്താനായി ദൈവം അവരുടെ മനസ്സുകളെ സ്വാധീനിച്ചുവെന്നുമാണ്‌ ഇതു കാണിക്കുന്നത്‌.​—⁠സദൃശവാക്യങ്ങൾ 16:⁠9.

പൂർത്തീകരിക്കപ്പെട്ട ബൈബിൾ

വിവിധ സ്ഥലങ്ങളിൽ ജീവിച്ച 40-ഓളം മനുഷ്യർ, 1,600-ൽപ്പരം വർഷങ്ങൾകൊണ്ടു പൂർത്തീകരിച്ച ഒരു പുസ്‌തകം എല്ലാ അർഥത്തിലും പൂർണ യോജിപ്പോടെ ഒരേ വിഷയം ആദിയോടന്തം പ്രതിപാദിക്കുന്നതു വിസ്‌മയാവഹമല്ലേ? (19-ാം പേജിലെ “എന്താണ്‌ ബൈബിളിന്റെ ഉള്ളടക്കം?” എന്ന ലേഖനം കാണുക.) ഒരൊറ്റ ഗ്രന്ഥകർത്താവ്‌ അവരെയെല്ലാം നയിച്ചില്ലായിരുന്നെങ്കിൽ അതു സാധ്യമാകുമായിരുന്നില്ല.

യഹോവയ്‌ക്കു മനുഷ്യരെ ഉപയോഗിച്ചു മാത്രമേ തന്റെ വചനം രേഖപ്പെടുത്താൻ കഴിയുമായിരുന്നുള്ളോ? അല്ല. എന്നിരുന്നാലും, മനുഷ്യരെ ഉപയോഗിച്ചത്‌, ദിവ്യജ്ഞാനത്തിന്റെ ഒരു പ്രകടനമായിരുന്നു. വാസ്‌തവത്തിൽ, ബൈബിളിന്റെ ആഗോള ആകർഷകത്വത്തിനു പിന്നിലെ ഒരു ഘടകം, അതിന്റെ എഴുത്തുകാർ സകലതരം വികാരങ്ങളും ഉള്ളിന്റെയുള്ളിൽനിന്നു പ്രകടിപ്പിച്ചിരിക്കുന്നു എന്നതാണ്‌. ദാവീദ്‌ രാജാവിന്റെ കാര്യത്തിൽ, അതു ദൈവത്തിന്റെ കരുണയ്‌ക്കായി കേഴുന്ന, മനംതിരിഞ്ഞ പാപിയുടെ കുറ്റബോധമാണ്‌.​—⁠സങ്കീർത്തനം 51:2-4, 13, 17, മേലെഴുത്ത്‌.

യഹോവ മനുഷ്യരെ ഉപയോഗിച്ചാണ്‌ എഴുതിയതെങ്കിലും, ആദിമ ക്രിസ്‌ത്യാനികൾ വിശുദ്ധ തിരുവെഴുത്തുകളെ “മനുഷ്യന്റെ വചനമായിട്ടല്ല സാക്ഷാൽ ആകുന്നതുപോലെ ദൈവവചന”മായിട്ടാണു സ്വീകരിച്ചത്‌. നമുക്കും അതേ ഉറപ്പുണ്ടായിരിക്കാം.​—⁠1 തെസ്സലൊനീക്യർ 2:13.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ “എല്ലാതിരുവെഴുത്തു”കളുടെയും ഗ്രന്ഥകർത്താവ്‌ ആരാണ്‌?​—⁠2 തിമൊഥെയൊസ്‌ 3:16.

▪ ആശയങ്ങൾ കൈമാറാൻ യഹോവയാം ദൈവം എന്തെല്ലാം മാർഗങ്ങൾ ഉപയോഗിച്ചു?​—⁠പുറപ്പാടു 31:18; 34:27; യെഹെസ്‌കേൽ 1:1; ദാനീയേൽ 7:⁠1.

▪ എഴുത്തുകാരുടെ രചനയിൽ അവരുടെ വ്യക്തിത്വ സവിശേഷതകളും താത്‌പര്യങ്ങളും പ്രതിഫലിക്കുന്നതെങ്ങനെ?​—⁠മത്തായി 27:3; ലൂക്കൊസ്‌ 4:⁠38.