വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബഹുമാനാർഥമുള്ള സംബോധനകൾ ഉചിതമോ?

ബഹുമാനാർഥമുള്ള സംബോധനകൾ ഉചിതമോ?

ബൈബിളിന്റെ വീക്ഷണം

ബഹുമാനാർഥമുള്ള സംബോധനകൾ ഉചിതമോ?

ഒന്നാം നൂറ്റാണ്ടിലെ ക്രിസ്‌ത്യാനികൾക്ക്‌ തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും ദൈവരാജ്യസുവാർത്താ പ്രസംഗത്തിനും ഇടയിൽ അനേകം ഗവൺമെന്റ്‌ ഉദ്യോഗസ്ഥന്മാരുമായി ഇടപഴകേണ്ടിവന്നിട്ടുണ്ട്‌, അവരിൽ ചിലർ ഉന്നതസ്ഥാനം വഹിക്കുന്നവരായിരുന്നു. യേശുവിന്റെ അനുഗാമികൾ തങ്ങൾക്കിടയിൽ സ്ഥാനമാനങ്ങളെ സൂചിപ്പിക്കുന്ന സ്ഥാനപ്പേരുകളൊന്നും ഉപയോഗിച്ചിരുന്നില്ല. എന്നാൽ അധികാരത്തിലുള്ളവരെ സ്ഥാനപ്പേരുകൾ ഉപയോഗിച്ച്‌ സംബോധന ചെയ്യുന്നത്‌ അക്കാലത്ത്‌ സാധാരണമായിരുന്നു. റോമൻ ചക്രവർത്തിയെ “തിരുമനസ്സ്‌” എന്നാണ്‌ സംബോധന ചെയ്‌തിരുന്നത്‌.—പ്രവൃത്തികൾ 25:21.

ഗവൺമെന്റ്‌ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരായപ്പോൾ യേശുവിന്റെ അനുഗാമികൾ ബഹുമാനാർഥമുള്ള സംബോധനകൾ ഉപയോഗിച്ചിരുന്നോ? നാം അവ ഉപയോഗിക്കണമോ?

ആദരവാണ്‌, അംഗീകാരമല്ല

“എല്ലാവർക്കും കടമായുള്ളതു കൊടുപ്പിൻ; . . . മാനം കാണിക്കേണ്ടവന്നു മാനം” എന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ സഹവിശ്വാസികളെ ഉദ്‌ബോധിപ്പിച്ചു. (റോമർ 13:7) ഉദ്യോഗസ്ഥരെ അവരുടെ സ്ഥാനപ്പേരുകൾ ഉപയോഗിച്ച്‌ സംബോധന ചെയ്യുന്നത്‌ അതിൽ ഉൾപ്പെട്ടിരുന്നു. ഇന്നും ഗവൺമെന്റ്‌ അധികാരികളെ “യുവർ എക്‌സലൻസി” “യുവർ ഓണർ” എന്നൊക്കെ സംബോധന ചെയ്യുന്നത്‌ സാധാരണമാണ്‌. ‘ഒരു വ്യക്തിയുടെ പെരുമാറ്റം ആദരണീയമാണോയെന്ന്‌ സംശയമുള്ളപ്പോൾ, എങ്ങനെ അദ്ദേഹത്തെ ഈ വിധത്തിൽ സംബോധന ചെയ്യാനാകും?’ എന്നു ചിലർ ചിന്തിച്ചേക്കാം.

തങ്ങളുടെ ചുമതലകൾ ആത്മാർഥമായിത്തന്നെ നിറവേറ്റുന്നവരാണ്‌ പല ഗവൺമെന്റ്‌ അധികാരികളും. എങ്കിലും എല്ലാവർക്കും മറ്റുള്ളവരുടെ വിശ്വാസം നേടിയെടുക്കാനാകുന്നില്ല. കർത്താവിനെപ്രതി രാജാക്കന്മാർക്കും ദേശാധിപതികൾക്കും കീഴ്‌പെടണമെന്ന്‌ ബൈബിൾ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. (1 പത്രൊസ്‌ 2:13, 14) അധികാരസ്ഥാനത്ത്‌ ആയിരിക്കാൻ ഒരു വ്യക്തിയെ അനുവദിച്ചിരിക്കുന്നത്‌ ദൈവമാണ്‌ എന്ന വസ്‌തുത തിരിച്ചറിയുന്നത്‌ അദ്ദേഹത്തിന്‌ അർഹിക്കുന്ന ആദരവു നൽകാൻ നമ്മെ പ്രേരിപ്പിക്കും.—റോമർ 13:1.

ഒരു ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിന്‌ ഇവിടെ വലിയ പ്രസക്തിയില്ല. അതിന്റെ അടിസ്ഥാനത്തിലല്ല അദ്ദേഹത്തെ ആദരിക്കേണ്ടത്‌. ബഹുമാനാർഥമുള്ള സംബോധനകൾ ഉപയോഗിക്കുമ്പോൾ ആ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തെ നാം അംഗീകരിക്കുകയാണെന്ന്‌ അർഥമില്ല. അപ്പൊസ്‌തലനായ പൗലൊസിന്റെ ജീവിതത്തിലെ ഒരു സംഭവം അതാണു കാണിക്കുന്നത്‌.

പൗലൊസ്‌ സ്ഥാനപ്പേരുകൾ ഉപയോഗിച്ചവിധം

കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ യെരൂശലേമിൽവെച്ച്‌ പൗലൊസ്‌ അറസ്റ്റിലായി. യഹൂദാഗവർണറായ ഫേലിക്‌സിന്റെ മുമ്പാകെ അവനെ ഹാജരാക്കി. ഫേലിക്‌സ്‌ മാതൃകായോഗ്യനായ ഒരു വ്യക്തി ആയിരുന്നില്ല. “ശിക്ഷ ഭയപ്പെടാതെ ഏതു നീചപ്രവൃത്തിയും ചെയ്യാനാകുമെന്ന്‌ [ഫേലിക്‌സ്‌] വിചാരിച്ചിരുന്നതായി” റോമൻ ചരിത്രകാരനായ റ്റാസിറ്റസ്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌. ന്യായം നടപ്പാക്കുന്നതിനെക്കാൾ കൈക്കൂലി വാങ്ങുന്നതിലായിരുന്നു അദ്ദേഹത്തിനു താത്‌പര്യം. എന്നിട്ടും കസ്റ്റഡിയിലായിരുന്ന രണ്ടു വർഷക്കാലം പൗലൊസ്‌ അദ്ദേഹത്തോട്‌ ആദരവോടെയാണ്‌ ഇടപെട്ടത്‌. ഇടയ്‌ക്കിടെ അവർ തമ്മിൽ സംസാരിക്കുകയും ചെയ്‌തിരുന്നു—കൈക്കൂലി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു ഫേലിക്‌സ്‌. പൗലൊസാകട്ടെ കൈക്കൂലി നൽകിയില്ലെന്നു മാത്രമല്ല ആ അവസരങ്ങൾ മുതലെടുത്ത്‌ അദ്ദേഹത്തോടു പ്രസംഗിക്കുകയും ചെയ്‌തു.—പ്രവൃത്തികൾ 24:26.

ഫേലിക്‌സിനു പകരം ഗവർണറായിവന്ന ഫെസ്‌തൊസ്‌ കൈസര്യയിൽവെച്ച്‌ പൗലൊസിനെ വിചാരണ ചെയ്‌തു. യഹൂദനേതാക്കന്മാരുടെ പ്രീതി പിടിച്ചുപറ്റുന്നതിനായി പൗലൊസിനെ യെരൂശലേമിൽ കൊണ്ടുപോയി വിചാരണ ചെയ്യാമെന്ന്‌ ഫെസ്‌തൊസ്‌ അഭിപ്രായപ്പെട്ടു. എന്നാൽ അവിടെ തനിക്ക്‌ നീതി ലഭിക്കില്ലെന്നു മനസ്സിലാക്കിയ പൗലൊസ്‌ തന്റെ റോമൻപൗരത്വം ഉപയോഗപ്പെടുത്തിക്കൊണ്ട്‌ ‘കൈസരെ അഭയംചൊല്ലി.’—പ്രവൃത്തികൾ 25:12.

പൗലൊസിന്‌ എതിരെയുള്ള ആരോപണങ്ങൾക്ക്‌ കൈസറിന്‌ എന്തു വിശദീകരണം നൽകുമെന്ന്‌ ഫെസ്‌തൊസിന്‌ നിശ്ചയമില്ലായിരുന്നു. എന്നാൽ അഗ്രിപ്പാ രണ്ടാമൻ രാജാവ്‌ ഫെസ്‌തൊസിനെ ഔപചാരികമായി സന്ദർശിക്കുകയും കേസിൽ താത്‌പര്യം പ്രകടിപ്പിക്കുകയും ചെയ്‌തപ്പോൾ കാര്യങ്ങൾക്ക്‌ ഒരു നീക്കുപോക്കുണ്ടായി. അടുത്തദിവസം, സൈനികമേധാവികളുടെയും ദേശത്തെ പ്രമുഖരുടെയും അകമ്പടിയോടെ രാജാവ്‌ വിചാരണമണ്ഡപത്തിലേക്ക്‌ പ്രവേശിച്ചു.—പ്രവൃത്തികൾ 25:13-23.

തന്റെ ഭാഗം വിശദീകരിക്കാൻ ആവശ്യപ്പെട്ടപ്പോൾ “അഗ്രിപ്പാ രാജാവേ” എന്ന്‌ അഭിസംബോധന ചെയ്‌തുകൊണ്ട്‌ സംസാരിച്ചുതുടങ്ങിയ പൗലൊസ്‌, യഹൂദന്മാരുടെ പാരമ്പര്യങ്ങളിലും തർക്കങ്ങളിലും അദ്ദേഹത്തിന്‌ അവഗാഹമുണ്ടെന്ന്‌ സമ്മതിച്ചു. (പ്രവൃത്തികൾ 26:2, 3) ആ സമയത്ത്‌, അഗ്രിപ്പായ്‌ക്ക്‌ തന്റെ സഹോദരിയുമായി അവിഹിതബന്ധം ഉണ്ടെന്ന കാര്യം സകലർക്കും അറിയാമായിരുന്നു. അതുകൊണ്ടുതന്നെ അഗ്രിപ്പാ ധാർമികതയുടെ കാര്യത്തിൽ വെറും വട്ടപ്പൂജ്യമാണെന്ന കാര്യം പൗലൊസിന്‌ അറിയാമായിരുന്നുവെന്ന്‌ ഉറപ്പാണ്‌. എന്നിട്ടും ഒരു രാജാവിന്‌ അർഹമായ ആദരവ്‌ പൗലൊസ്‌ അദ്ദേഹത്തിന്‌ നൽകി.

പൗലൊസ്‌ പ്രതിവാദം നടത്തുന്നതിനിടെ ഫെസ്‌തൊസ്‌, “പൌലൊസേ, നിനക്കു ഭ്രാന്തുണ്ടു” എന്ന്‌ പറയുകയുണ്ടായി. എന്നാൽ പൊട്ടിത്തെറിക്കുന്നതിനുപകരം പൗലൊസ്‌ “രാജശ്രീ ഫെസ്‌തൊസേ” എന്നു വിളിച്ചുകൊണ്ട്‌ ശാന്തമായി പ്രതികരിക്കുകയാണു ചെയ്‌തത്‌. (പ്രവൃത്തികൾ 26:24, 25) അദ്ദേഹത്തിന്റെ സ്ഥാനത്തിന്‌ അർഹമായ ആദരവ്‌ പൗലൊസ്‌ നൽകി. എന്നാൽ ഈ സംഭവങ്ങൾ ഒരു ചോദ്യം ഉയർത്തുന്നു: ആദരവ്‌ കാണിക്കുന്നതിന്‌ ഒരു പരിധിയുണ്ടോ?

ആപേക്ഷികമായ ആദരവ്‌

റോമർ 13:1 പറയുന്നതുപോലെ ഗവൺമെന്റിന്റെ അധികാരം ആപേക്ഷികമാണ്‌. അവിടെ ഇങ്ങനെ പറയുന്നു: “ഉള്ള അധികാരങ്ങളോ ദൈവത്താൽ നിയമിക്കപ്പെട്ടിരിക്കുന്നു.” അതുകൊണ്ട്‌ ഗവൺമെന്റ്‌ പ്രതിനിധികളോടുള്ള ആദരവ്‌ ആപേക്ഷികമാണ്‌. ശിഷ്യന്മാരോടു പിൻവരുന്ന പ്രകാരം പറഞ്ഞപ്പോൾ മറ്റുള്ളവർക്ക്‌ നൽകേണ്ട ആദരവിന്റെ പരിധി വ്യക്തമാക്കുകയായിരുന്നു യേശു: “നിങ്ങളോ റബ്ബീ എന്നു പേർ എടുക്കരുതു. ഒരുത്തൻ അത്രേ നിങ്ങളുടെ ഗുരു; നിങ്ങളോ എല്ലാവരും സഹോദരന്മാർ. ഭൂമിയിൽ ആരെയും പിതാവു എന്നു വിളിക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ പിതാവു, സ്വർഗ്ഗസ്ഥൻ തന്നേ. നിങ്ങൾ നായകന്മാർ എന്നും പേർ എടുക്കരുതു; ഒരുത്തൻ അത്രേ നിങ്ങളുടെ നായകൻ, ക്രിസ്‌തു തന്നേ.”—മത്തായി 23:8-10.

ഒരു സ്ഥാനപ്പേര്‌ മതപരമാണോ അല്ലയോ എന്നതാണ്‌ അത്‌ ഉപയോഗിക്കണമോ വേണ്ടയോ എന്നു നിർണയിക്കുന്നതിനുള്ള അടിസ്ഥാനം. ലൗകിക അധികാരികൾ മതപരമായ സ്വഭാവമുള്ള സ്ഥാനപ്പേരുകൾ സ്വീകരിക്കുന്നുവെങ്കിലോ? “മാനം കാണിക്കേണ്ടവന്നു മാനം” എന്ന പൗലൊസിന്റെ ബുദ്ധിയുപദേശം ഇക്കാര്യത്തിൽ ബാധകമല്ല, അത്തരം സാഹചര്യങ്ങളിൽ സ്ഥാനപ്പേരുകൾ ഉപയോഗിക്കേണ്ടതില്ല. തിരുവെഴുത്തു ബുദ്ധിയുപദേശം പിൻപറ്റുന്ന ഒരാൾ അത്തരം അധികാരികളോട്‌ ആദരവോടെ പെരുമാറും. എന്നിരുന്നാലും, ബൈബിൾ പരിശീലിത മനസ്സാക്ഷി നിമിത്തം മതപരമായ സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നത്‌ അദ്ദേഹം ഒഴിവാക്കും. കാരണം ‘ദൈവത്തിനുള്ളതു ദൈവത്തിനു കൊടുക്കാൻ’ താൻ ബാധ്യസ്ഥനാണെന്ന്‌ അദ്ദേഹത്തിന്‌ അറിയാം.—മത്തായി 22:21.

നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?

▪ ലൗകിക അധികാരികളെ യേശുവിന്റെ അനുഗാമികൾ എങ്ങനെ വീക്ഷിച്ചു?—റോമർ 13:7.

▪ പൗലൊസ്‌ അപ്പൊസ്‌തലൻ ഗവൺമെന്റ്‌ അധികാരികളെ ബഹുമാനാർഥമുള്ള സ്ഥാനപ്പേരുകൾ ഉപയോഗിച്ച്‌ അഭിസംബോധന ചെയ്‌തോ?—പ്രവൃത്തികൾ 25:12; 26:2, 25.

▪ ഏതുതരം സ്ഥാനപ്പേരുകൾ ഉപയോഗിക്കരുതെന്നാണ്‌ യേശു പറഞ്ഞത്‌?—മത്തായി 23:8-10.

[23-ാം പേജിലെ ചിത്രം]

അഗ്രിപ്പായെ പൗലൊസ്‌ എങ്ങനെയാണ്‌ അഭിസംബോധന ചെയ്‌തത്‌?