വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മരണക്കെണിയാകുന്ന മഹാസൗധങ്ങൾ!

മരണക്കെണിയാകുന്ന മഹാസൗധങ്ങൾ!

മരണക്കെണിയാകുന്ന മഹാസൗധങ്ങൾ!

മാനംമുട്ടെ നിന്നിരുന്ന ആ കെട്ടിടത്തിലേക്ക്‌ പറന്നുചെന്ന മരംകൊത്തിക്ക്‌ അതിന്റെ ചില്ലുജാലകം കാണാൻ കഴിഞ്ഞില്ല. അതിൽ ചെന്നിടിച്ച്‌ അതു നേരെ താഴേക്കു പതിച്ചു. ചലനമറ്റു കിടന്ന ആ പക്ഷിയെ കണ്ട്‌ ദയതോന്നിയ വഴിപോക്കൻ അതു രക്ഷപ്പെടുമോയെന്നറിയാൻ അതിനെത്തന്നെ നോക്കിക്കൊണ്ട്‌ അവിടെനിന്നു. കുറച്ചുകഴിഞ്ഞപ്പോൾ അയാൾ ആശിച്ചതുപോലെ പക്ഷി ചിലച്ചുകൊണ്ട്‌ എഴുന്നേറ്റു; പിന്നെ ചിറകടിച്ച്‌ പറന്നുപോയി. *

എല്ലാ പക്ഷികളും ഇതുപോലെ രക്ഷപ്പെടുന്നില്ല എന്നതാണ്‌ സങ്കടകരമായ വസ്‌തുത. വീടുകളുടെ ജന്നലുകളിലും മറ്റും ചെന്നിടിച്ച്‌ പരിക്കേൽക്കുന്നവയിൽ പകുതിയോളവും ചാകുകയാണ്‌ പതിവ്‌. ഐക്യനാടുകളിൽമാത്രം കെട്ടിടങ്ങളിൽ ചെന്നിടിച്ച്‌ ഓരോ വർഷവും 10 കോടിയിലേറെ പക്ഷികൾ ചത്തുവീഴുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നുവെന്ന്‌ ഓഡുബാൺ സൊസൈറ്റി പറയുന്നു. ചില ഗവേഷകർ പറയുന്നത്‌ ഈ സംഖ്യ 100 കോടിക്കടുത്ത്‌ വരുമെന്നാണ്‌! എന്തുകൊണ്ടാണ്‌ പക്ഷികൾ കെട്ടിടങ്ങളിലേക്ക്‌ ഇടിച്ചുകയറാൻ നോക്കുന്നത്‌? അവയെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യാനാകുമോ?

കൊലയാളികൾ’—ചില്ലും വെളിച്ചവും

ചില്ലുജാലകങ്ങളാണ്‌ ഒട്ടുമിക്കപ്പോഴും പക്ഷികൾക്കു കെണിയാകുന്നത്‌. തുടച്ചുമിനുക്കിയ ചില്ലുകളിലൂടെ നോക്കുമ്പോൾ മറുവശത്തുള്ള ആകാശവും പച്ചപ്പും മാത്രമായിരിക്കും പക്ഷികൾ കാണുക. അതുകൊണ്ട്‌ വരുന്ന അതേ സ്‌പീഡിൽ അവ ചില്ലുജാലകങ്ങളിലേക്ക്‌ ഇടിച്ചുകയറും. വീടുകളിലും മറ്റുമുള്ള അലങ്കാരച്ചെടികളും അവയെ ആകർഷിച്ചേക്കാം.

കോട്ടിങ്ങുള്ള ചിലതരം ഗ്ലാസ്സുകളും വിനയായേക്കാം. ചില സമയത്ത്‌ ആകാശവും ചുറ്റുപാടുമുള്ള വസ്‌തുക്കളുമായിരിക്കും ഈ കണ്ണാടിച്ചില്ലുകളിൽ പ്രതിബിംബിച്ചുകാണുന്നത്‌. ഈ സാഹചര്യത്തിലും പക്ഷികൾക്ക്‌ അപകടം സംഭവിക്കും. പക്ഷിസങ്കേതങ്ങളിലും വന്യജീവി സങ്കേതങ്ങളിലുമുള്ള ഇൻഫർമേഷൻ സെന്ററുകളിലെയും നിരീക്ഷണ ഗോപുരങ്ങളിലെയും ഗ്ലാസ്സുകളും പക്ഷികൾക്ക്‌ മരണക്കെണിയായിട്ടുണ്ട്‌! ആവാസ നശീകരണംമൂലമുള്ള പക്ഷിഹത്യകൾ മാറ്റിനിറുത്തിയാൽ കൂടുതൽ പക്ഷികളും കൊല്ലപ്പെടുന്നത്‌ ഇങ്ങനെയാണെന്ന്‌ പക്ഷിശാസ്‌ത്രജ്ഞനും ബയോളജി പ്രൊഫസറുമായ ഡോ. ഡാനിയേൽ ക്ലെം പറയുന്നു.

ചില പക്ഷികൾ ഇത്തരം അപകടത്തിൽപ്പെടാനുള്ള സാധ്യത വിശേഷിച്ചും കൂടുതലാണ്‌. ദേശാടനം നടത്തുന്ന ചിലയിനം പക്ഷികളുടെ (സോങ്‌ ബേർഡ്‌) സഞ്ചാരം രാത്രിയിലാണ്‌. ദിശ കണ്ടുപിടിക്കാൻ ഒരുപരിധിവരെ ഇവ നക്ഷത്രങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. അതുകൊണ്ടുതന്നെ ഉയർന്ന കെട്ടിടങ്ങളിൽനിന്നുള്ള വെളിച്ചം അവയെ കുഴപ്പിച്ചേക്കാം. ദിശ നിർണയിക്കാനാകാതെ പറന്നുപറന്ന്‌ അവ കുഴഞ്ഞുവീഴും. രാത്രിയിലെ മഴയും മൂടിക്കെട്ടിയ ആകാശവുമാണ്‌ മറ്റ്‌ അപകടകാരണങ്ങൾ. ഇങ്ങനെയുള്ള അവസരങ്ങളിൽ പക്ഷികൾ താഴ്‌ന്നുപറക്കുന്നതിനാൽ ഉയർന്ന കെട്ടിടങ്ങളിൽ ചെന്നിടിക്കാനുള്ള സാധ്യത കൂടുതലാണ്‌.

നിലനിൽപ്പിന്റെ പ്രശ്‌നം

അമേരിക്കയിലെ ചിക്കാഗോയിലുള്ള അംബരചുംബിയായ ഒരു കെട്ടിടത്തിൽ ചെന്നിടിച്ച്‌ 1,480-ഓളം ദേശാടനപക്ഷികളാണ്‌ ചത്തുവീണതെന്ന്‌ ഒരു റിപ്പോർട്ട്‌ പറയുന്നു. അങ്ങനെ 14 വർഷംകൊണ്ട്‌ ആ ഒരൊറ്റ കെട്ടിടംമാത്രം, 20,700-ഓളം പക്ഷികൾക്ക്‌ മരണക്കെണിയായി. കെട്ടിടങ്ങളിൽ ഇടിച്ചുവീണ പക്ഷികളുടെ ആകെ എണ്ണം എത്രയായിരിക്കുമെന്ന്‌ ഇതിൽനിന്ന്‌ ഊഹിക്കാമല്ലോ! “പ്രാവുകളോ കടൽപ്പാത്തകളോ വാത്തകളോ ഒന്നുമല്ല ഇങ്ങനെ ചത്തൊടുങ്ങുന്നത്‌; വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പക്ഷികളാണ്‌” എന്ന്‌ കാനഡയിലെ ‘ഫേറ്റൽ ലൈറ്റ്‌ എവെയർനസ്സ്‌ പ്രോഗ്രാം’ എന്ന സംഘടനയുടെ ഡയറക്‌ടർ മൈക്കിൾ മസൂർ പറയുന്നു.

ഓസ്‌ട്രേലിയയിലെ സ്വിഫ്‌റ്റ്‌ പാരറ്റ്‌ എന്ന ഒരിനം തത്തകൾ ഇതിന്‌ ഉദാഹരണമാണ്‌. സമീപവർഷങ്ങളിലൊന്നിൽ അവയിൽ ഏതാണ്ട്‌ 30 എണ്ണത്തെയാണ്‌ ചില്ലുജാലകങ്ങൾ വകവരുത്തിയത്‌. വംശനാശഭീഷണി നേരിടുന്ന ഈ തത്തകളിൽ ഇനി ശേഷിക്കുന്നത്‌ 2,000 എണ്ണം മാത്രം. അമേരിക്കയിലെ ഫ്‌ളോറിഡയിലെ ഒരു ലൈറ്റ്‌ഹൗസിൽ ചെന്നിടിച്ച്‌ ചത്തുവീണ ബാച്ച്‌മൻസ്‌ വാർബ്ലർ എന്ന പക്ഷിയുടെ ഒട്ടനവധി സ്‌പെസിമെനുകൾ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്‌. ജീവനുള്ളവ പക്ഷേ ഭൂമുഖത്ത്‌ ശേഷിക്കുന്നുണ്ടെന്നു തോന്നുന്നില്ല.

ഇടിയുടെ ആഘാതത്തിൽനിന്നു ജീവനോടെ രക്ഷപ്പെട്ടാൽത്തന്നെ പക്ഷികൾക്ക്‌ പരിക്കേറ്റിരിക്കും; ചിലതിനാണെങ്കിൽ അതോടെ പറക്കാനുള്ള ശേഷിയും നഷ്ടപ്പെടുന്നു. ഈയൊരവസ്ഥ ദേശാടനപ്പക്ഷികൾക്ക്‌ വളരെ ദോഷം ചെയ്യും. മുറിവേറ്റ്‌ കെട്ടിടസമുച്ചയങ്ങൾക്കു നടുവിൽ പതിക്കുന്ന പക്ഷികൾ അവിടെക്കിടന്ന്‌ വിശന്നുചാകും; അല്ലെങ്കിൽ ഇരപിടിയന്മാർക്ക്‌ ആഹാരമായിത്തീരും.

എന്തെങ്കിലും പരിഹാരമുണ്ടോ?

ചില്ലുജാലകങ്ങൾ കണ്ട്‌ അത്‌ ഒരു വസ്‌തുവാണെന്നു തിരിച്ചറിയാനായാൽ മാത്രമേ ഈ അപകടം ഒഴിവാക്കാൻ പക്ഷികൾക്കു കഴിയൂ. അതിനായി ചില വീട്ടുടമസ്ഥർ തങ്ങളുടെ അഭിരുചികളിൽ വിട്ടുവീഴ്‌ചചെയ്യാൻ തയ്യാറായിരിക്കുന്നു. പക്ഷികൾക്കു കാണത്തക്കവിധം ജനാലച്ചില്ലുകളിൽ അവർ ചിത്രങ്ങളോ സ്റ്റിക്കറുകളോ ഒട്ടിച്ചുവെക്കുന്നു. അതുകൊണ്ടുമാത്രമായില്ല, ഒട്ടിച്ചുവെക്കുന്ന ഈ ചിത്രങ്ങൾക്കിടയിലുള്ള അകലവും പ്രധാനമാണെന്ന്‌ ഡോ. ക്ലെം പറയുന്നു; നെടുകെയുള്ള അകലം പത്തുസെന്റിമീറ്ററിലും കുറുകെയുള്ള അകലം അഞ്ചുസെന്റിമീറ്ററിലും അധികമാകാൻ പാടില്ലെന്നാണ്‌ ഗവേഷണത്തിലൂടെ അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നത്‌.

രാത്രികാലങ്ങളിൽ പറക്കുന്ന ദേശാടനപ്പക്ഷികളെ എങ്ങനെ സഹായിക്കാനാകും? “രാത്രിയിലെ ഈ അപകടം ഒഴിവാക്കാൻ ഒരു സ്വിച്ച്‌ അമർത്തേണ്ട ബുദ്ധിമുട്ടേയുള്ളൂ” എന്ന്‌ ഇക്കളോജിക്കൽ റിസർച്ച്‌ കൺസൽട്ടന്റായ ലെസ്‌ലി ജെ. എവൻസ്‌ ഓഗ്‌ഡൻ പറയുന്നു. രാത്രിയിൽ ഒരു നിശ്ചിതസമയമാകുമ്പോൾ, വിശേഷിച്ചും ദേശാടനകാലത്ത്‌, ചില നഗരങ്ങളിൽ അംബരചുംബികളിലെ അലങ്കാരദീപങ്ങളുടെ വെളിച്ചം കുറയ്‌ക്കുകയോ അവ ഓഫാക്കുകയോ ചെയ്യുന്നു. പക്ഷികൾ ആകാശത്തിന്റെ പ്രതിംബിംബം കണ്ട്‌ തെറ്റിദ്ധരിക്കാതിരിക്കാൻ ജന്നലുകൾക്ക്‌ നെറ്റിടുന്ന രീതിയുമുണ്ട്‌.

ഇത്തരം നടപടികളിലൂടെ അപകടം 80 ശതമാനംവരെ കുറയ്‌ക്കാനായേക്കും. ഇങ്ങനെ പ്രതിവർഷം ദശലക്ഷക്കണക്കിനു പക്ഷികളുടെ ജീവൻ രക്ഷിക്കാനാകും. പക്ഷേ, ആളുകൾ ചില്ലുജാലകങ്ങളെയും വെളിച്ചത്തെയും പ്രിയപ്പെടുന്നിടത്തോളംകാലം അടിസ്ഥാനപ്രശ്‌നം പരിഹാരമില്ലാതെ തുടരും. അതുകൊണ്ട്‌ ജീവജാലങ്ങളുടെ സുരക്ഷിതത്വംകൂടെ കണക്കിലെടുത്തു പ്രവർത്തിക്കാൻ, ഓഡുബാൺ സൊസൈറ്റിപോലുള്ള പക്ഷിസംരക്ഷണ സംഘടനകൾ ആർക്കിടെക്‌റ്റുകളെയും മറ്റും ബോധവത്‌കരിച്ചുവരികയാണ്‌.

[അടിക്കുറിപ്പ്‌]

^ ഖ. 2 പരുക്കേറ്റ പക്ഷികളെ കൈകാര്യംചെയ്യുന്നത്‌ സൂക്ഷിച്ചുവേണം. കാരണം, നിങ്ങൾ അവയെ സഹായിക്കാൻ ചെല്ലുകയാണെന്ന്‌ അവയ്‌ക്കറിയില്ല. രോഗവാഹികളായ ചില പക്ഷികളുണ്ട്‌. അതുകൊണ്ട്‌ മുറിവേറ്റ പക്ഷികളെ ശുശ്രൂഷിക്കുമ്പോൾ കൈയുറ ധരിക്കാനും പിന്നീട്‌ കൈകൾ കഴുകാനും ശ്രദ്ധിക്കുക. ആരോഗ്യത്തിനും സുരക്ഷയ്‌ക്കും അപകടമാണെന്നു തോന്നിയാൽ ഒരിക്കലും അവയുടെ അടുത്തേക്കു ചെല്ലരുത്‌. ആവശ്യമെങ്കിൽ വിദഗ്‌ധ സഹായം തേടാവുന്നതാണ്‌.

[30 പേജിൽ ചതുരം]

എവിടെപ്പോയി നമ്മുടെ പക്ഷികളെല്ലാം?

മനുഷ്യന്റെ പ്രവൃത്തികൾമൂലം ഓരോ വർഷവും ഐക്യനാടുകളിൽ ചത്തൊടുങ്ങുന്ന പക്ഷികളുടെ കണക്ക്‌:

▪ കമ്മ്യൂണിക്കേഷൻ ടവറുകൾമൂലം—4 കോടി

▪ കീടനാശിനികൾമൂലം—7.4 കോടി

▪ വളർത്തുപൂച്ചകളും കാട്ടുപൂച്ചകളുംമൂലം—36.5 കോടി

▪ ചില്ലുജാലകങ്ങൾമൂലം —10 കോടിമുതൽ 100 കോടിവരെ

▪ ആവാസ നഷ്ടംമൂലം—തിട്ടപ്പെടുത്താനായിട്ടില്ലെങ്കിലും ഏറ്റവും വിനാശകമായ ഘടകം

[30 പേജിൽ ചിത്രം]

ഐക്യനാടുകളിൽ കെട്ടിടങ്ങളിൽ ചെന്നിടിച്ച്‌ ഓരോ വർഷവും 10 കോടി പക്ഷികളെങ്കിലും ചത്തുവീഴുന്നു

[കടപ്പാട]

© Reimar Gaertner/age fotostock