വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഓർമശക്തി വർധിപ്പിക്കാം!

ഓർമശക്തി വർധിപ്പിക്കാം!

ഓർമശക്തി വർധിപ്പിക്കാം!

“ഓർമ നമ്മുടെ ലോകം വിശാലമാക്കുന്നു. അതില്ലെങ്കിൽ ജീവിതത്തിന്റെ ഒഴുക്കുതന്നെ നഷ്ടപ്പെടും; ഓരോ ദിവസവും കണ്ണാടിയുടെ മുമ്പിൽ നിന്നിട്ട്‌ ‘ഇതാരാണ്‌’ എന്ന്‌ ചോദിക്കേണ്ടിവരുന്നതിനെക്കുറിച്ച്‌ ഒന്നാലോചിച്ചുനോക്കൂ! പരസ്‌പരബന്ധം ഇല്ലാത്ത കണ്ണികൾപോലെയായിരിക്കും ഓരോ ദിവസവും ഓരോ സംഭവവും; ഇന്നലെയിൽനിന്നു പാഠം ഉൾക്കൊള്ളാനോ നാളെയ്‌ക്കായി കാത്തിരിക്കാനോ നമുക്കാവില്ല.” ​​—⁠“മനസ്സിന്റെ നിഗൂഢതകൾ” (ഇംഗ്ലീഷ്‌).

ശൈത്യകാലത്തേക്കുവേണ്ട ധാന്യങ്ങൾ സൂക്ഷിച്ചുവെച്ചത്‌ എവിടെയാണെന്ന്‌ മാസങ്ങൾക്കുശേഷവും ഓർക്കാൻ ചില പക്ഷികൾക്കാകും; വിത്തുകൾ കുഴിച്ചിട്ട സ്ഥലം ഓർക്കാൻ അണ്ണാനും കഴിയും. എന്നാൽ, വെറും ഒരു മണിക്കൂർമുമ്പ്‌ കൈയിലുണ്ടായിരുന്ന താക്കോൽ എവിടെവെച്ചെന്ന്‌ ഓർക്കാൻ നമുക്ക്‌ കഴിയാതെ പോകുന്നു. അതെ, പലർക്കും മറവി ഒരു പ്രശ്‌നമാണ്‌. മനുഷ്യ മസ്‌തിഷ്‌കം തികവുറ്റതല്ലെങ്കിലും, കാര്യങ്ങൾ പഠിക്കാനും ഓർത്തുവെക്കാനും അതിന്‌ അപാരകഴിവുണ്ട്‌ എന്നതാണു വാസ്‌തവം. ആ കഴിവ്‌ പരമാവധി ഉപയോഗപ്പെടുത്തുക. അതാണ്‌ നല്ല ഓർമശക്തിയുടെ രഹസ്യം.

അപാരകഴിവുള്ള നമ്മുടെ മസ്‌തിഷ്‌കം

ഏകദേശം 1,400 ഗ്രാം ഭാരമുള്ള മനുഷ്യമസ്‌തിഷ്‌കത്തിന്‌ ഒരു ഓറഞ്ചിന്റെ ഇരട്ടി വലുപ്പമുണ്ടാകും. എന്നാൽ അതിലെ ഏതാണ്ട്‌ 10,000 കോടി ന്യൂറോണുകൾ അഥവാ നാഡീകോശങ്ങൾ ഒന്നിച്ചുചേർന്ന്‌ അതിസങ്കീർണമായ ഒരു ശൃംഖലയായി വർത്തിക്കുന്നു. ഓരോ ന്യൂറോണും ഏതാണ്ട്‌ 1,00,000 ന്യൂറോണുകളുമായി ബന്ധപ്പെട്ടാണുകിടക്കുന്നത്‌. ഈ പ്രത്യേകത നിമിത്തം മസ്‌തിഷ്‌കത്തിന്‌ കൈകാര്യംചെയ്യാനും സൂക്ഷിച്ചുവെക്കാനും കഴിയുന്ന വിവരങ്ങൾക്ക്‌ കൈയും കണക്കുമില്ല. എന്നാൽ ആവശ്യാനുസരണം അത്‌ ഓർത്തെടുക്കാനാണ്‌ ബുദ്ധിമുട്ട്‌. ചിലർക്ക്‌ പക്ഷേ കാര്യങ്ങൾ ഓർമിക്കാൻ നല്ല കഴിവാണ്‌. ഓർമയ്‌ക്ക്‌ വിദ്യാഭ്യാസവുമായി കാര്യമായ ബന്ധമൊന്നുമില്ല.

പശ്ചിമാഫ്രിക്കയിലെ, ഗ്രീയോ എന്നറിയപ്പെടുന്ന അക്ഷരാഭ്യാസമില്ലാത്ത ഗോത്രവർഗ കാഥികർക്ക്‌ അവരുടെ ഗ്രാമങ്ങളിലെ പല തലമുറകളിലുള്ള ആളുകളുടെ പേരുകൾ ഓർമിക്കാനാകും. പുലിറ്റ്‌സർ പുരസ്‌കാരം നേടിയ വേരുകൾ (ഇംഗ്ലീഷ്‌) എന്ന പുസ്‌തകത്തിന്റെ എഴുത്തുകാരനായ അലക്‌സ്‌ ഹാലി എന്ന അമേരിക്കക്കാരനെ ഗാംബിയയിലുള്ള തന്റെ വംശാവലി ആറു തലമുറവരെ പിൻചെന്നു കണ്ടെത്താൻ ഗ്രീയോകൾ സഹായിക്കുകയുണ്ടായി. “ആഫ്രിക്കയിലെ ഗ്രീയോകളോട്‌ എനിക്കു തീർത്താൽത്തീരാത്ത കടപ്പാടാണുള്ളത്‌. ഒരു ഗ്രീയോ മരിക്കുമ്പോൾ ഒരു ലൈബ്രറിയാണ്‌ കത്തിനശിക്കുന്നത്‌ എന്നു പറയുന്നത്‌ എത്രയോ ശരിയാണ്‌,” ഹാലി പറയുന്നു.

ഇനി, അർറ്റൂറൊ ടോസ്‌ക്‌നീനീ എന്ന പ്രശസ്‌ത ഇറ്റാലിയൻ സംഗീതസംഘ പ്രമാണിയുടെ കാര്യമെടുക്കുക. 19-ാം വയസ്സിൽ മറ്റൊരാളുടെ പകരക്കാരൻ ആകേണ്ടിവന്നപ്പോഴാണ്‌ അർറ്റൂറൊയിലെ പ്രതിഭയെ ലോകം അറിഞ്ഞത്‌. കാഴ്‌ചക്കുറവുണ്ടായിരുന്നെങ്കിലും ഐഡാ എന്ന ഓപ്പെറ മുഴുവൻ​—⁠ഓർമയിൽനിന്ന്‌​—⁠അവതരിപ്പിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു!

അത്തരം നേട്ടങ്ങൾ നമ്മെ അത്ഭുതപ്പെടുത്തിയേക്കാം. എന്നാൽ മിക്ക ആളുകൾക്കും തങ്ങൾ കരുതുന്നതിനെക്കാൾ ഓർമശക്തിയുണ്ട്‌ എന്നതാണ്‌ വാസ്‌തവം. എന്താ, ഓർമശക്തി വർധിപ്പിക്കണമെന്നു നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ?

ഓർമശക്തി വർധിപ്പിക്കാൻ

ഓർമയ്‌ക്ക്‌ മൂന്നു ഘട്ടങ്ങളാണുള്ളത്‌: ആലേഖനം, സൂക്ഷിച്ചുവെക്കൽ, ഓർത്തെടുക്കൽ. മസ്‌തിഷ്‌കം വിവരങ്ങൾ തിരിച്ചറിയുകയും ഗ്രഹിക്കുകയും ചെയ്യുമ്പോൾ അത്‌ ആലേഖനംചെയ്യും. തുടർന്ന്‌, ഭാവിയിൽ ഓർത്തെടുക്കാൻ സഹായകമായ വിധത്തിൽ അത്‌ സൂക്ഷിച്ചുവെക്കുന്നു. ഈ മൂന്നു ഘട്ടങ്ങളിൽ ഒന്ന്‌ തകരാറിലായാൽ ഓർമ അവതാളത്തിലാകും.

ഓർമ പലതരമുണ്ട്‌: ഇന്ദ്രിയഗോചരമായ ഓർമ, ഹ്രസ്വകാല ഓർമ, ദീർഘകാല ഓർമ എന്നിവ അതിൽപ്പെടും. ഗന്ധം, കാഴ്‌ച, സ്‌പർശം എന്നിവ ഉളവാക്കുന്ന സംവേദനങ്ങളിൽനിന്നുള്ള വിവരങ്ങളാണ്‌ ഇന്ദ്രിയഗോചരമായ ഓർമയ്‌ക്കു നിദാനം. പ്രവർത്തന സ്‌മരണ എന്നും അറിയപ്പെടുന്ന ഹ്രസ്വകാല ഓർമ കുറച്ചു വിവരങ്ങൾ ഹ്രസ്വകാലത്തേക്ക്‌ ഓർത്തുവെക്കുന്നു. മനക്കണക്കു കൂട്ടാനും ഒരു ഫോൺനമ്പർ ഡയൽചെയ്‌തു കഴിയുവോളം ഓർമിക്കാനും ഒരു വാചകം വായിച്ച്‌ അതിന്റെ അവസാന ഭാഗത്ത്‌ എത്തുമ്പോഴും ആദ്യഭാഗം ഓർത്തിരിക്കാനും നമ്മെ സഹായിക്കുന്നത്‌ ഈ ഹ്രസ്വകാല ഓർമയാണ്‌. എന്നാൽ നമുക്കറിയാവുന്നതുപോലെ, ഹ്രസ്വകാല ഓർമയ്‌ക്ക്‌ പരിധിയുണ്ട്‌.

വിവരങ്ങൾ എക്കാലവും ലഭ്യമാകണമെങ്കിൽ അത്‌ ദീർഘകാല ഓർമയിൽ സൂക്ഷിച്ചുവെക്കേണ്ടതുണ്ട്‌. അതിനെന്താണു മാർഗം? പിൻവരുന്ന കാര്യങ്ങൾ സഹായകമാണ്‌.

താത്‌പര്യം നിങ്ങൾ പഠിക്കുന്ന വിഷയത്തിൽ താത്‌പര്യം വളർത്തിയെടുക്കുക; അതു പഠിക്കുന്നതിന്റെ കാരണങ്ങൾ മനസ്സിൽപ്പിടിക്കുക. വികാരങ്ങൾ ഉൾപ്പെട്ടിരിക്കുന്ന കാര്യങ്ങൾ ഓർത്തിരിക്കുക എളുപ്പമാണെന്ന്‌ ഒരുപക്ഷേ സ്വന്തം അനുഭവത്തിൽനിന്ന്‌ നിങ്ങൾക്ക്‌ അറിയാമായിരിക്കും. ഈ വസ്‌തുത ബൈബിൾ പഠിക്കുന്നവർക്ക്‌ പ്രയോജനം ചെയ്യും. ദൈവത്തോട്‌ അടുക്കാനും അവനെക്കുറിച്ചു മറ്റുള്ളവരെ പഠിപ്പിക്കാനുമുള്ള ഉദ്ദേശ്യത്തിൽ ബൈബിൾ വായിക്കുന്നത്‌, കാര്യങ്ങൾ ഓർത്തിരിക്കാൻ അവരെ സഹായിക്കും.​—⁠സദൃശവാക്യങ്ങൾ 7:3; 2 തിമൊഥെയൊസ്‌ 3:​16, 17.

ശ്രദ്ധ “ഓർമക്കുറവ്‌ മിക്കപ്പോഴും ശ്രദ്ധക്കുറവിന്റെ ഫലമാണ്‌,” മനസ്സിന്റെ നിഗൂഢതകൾ എന്ന പുസ്‌തകം പറയുന്നു. ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും? താത്‌പര്യമാണ്‌ പ്രധാന സംഗതി. കൂടാതെ, കഴിയുമ്പോഴെല്ലാം കുറിപ്പ്‌ എടുക്കുക. കുറിപ്പ്‌ എടുക്കുന്നത്‌ ശ്രദ്ധ കേന്ദ്രീകരിക്കാൻ മാത്രമല്ല വിവരങ്ങൾ പിന്നീട്‌ അവലോകനം ചെയ്യാനും ശ്രോതാവിനെ സഹായിക്കും.

ഗ്രഹണം ഒരു ആശയമോ ഉപദേശമോ ഗ്രഹിക്കാത്തപക്ഷം അത്‌ ഓർത്തിരിക്കുക അത്ര എളുപ്പമല്ല. ഒരു കാര്യത്തിന്റെ വ്യത്യസ്‌ത വശങ്ങളെ തമ്മിൽ യുക്തിസഹമായി സംയോജിപ്പിച്ച്‌ അവയെ ഒന്നായി കാണാൻ നമ്മെ സഹായിക്കുന്നത്‌ ഗ്രഹണമാണ്‌. ഉദാഹരണത്തിന്‌, ഒരു എൻജിന്റെ പ്രവർത്തനം മനസ്സിലാക്കുന്ന ഒരാൾക്ക്‌ എൻജിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഓർത്തിരിക്കാൻ എളുപ്പമായിരിക്കും.

തരംതിരിച്ചു ക്രമീകരിക്കൽ സമാനതയുടെയോ പരസ്‌പരബന്ധത്തിന്റെയോ അടിസ്ഥാനത്തിൽ കാര്യങ്ങളെയും ആശയങ്ങളെയും തരംതിരിക്കുക. ഉദാഹരണത്തിന്‌, പലചരക്കുസാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ ഇറച്ചി, പച്ചക്കറികൾ, പഴവർഗങ്ങൾ എന്നിങ്ങനെ ഗണങ്ങളായി തിരിക്കുന്നത്‌ അവ ഓർത്തിരിക്കാൻ നമ്മെ സഹായിക്കും. ഓർത്തിരിക്കാൻ കഴിയുംവിധം വിവരങ്ങളെ അഞ്ചുമുതൽ ഏഴുവരെ കാര്യങ്ങൾ അടങ്ങിയ ചെറിയചെറിയ കൂട്ടങ്ങളായി തിരിക്കുന്നതും സഹായകമാണ്‌. ഉദാഹരണത്തിന്‌ പത്ത്‌ അക്കങ്ങളുള്ള ഒരു ഫോൺനമ്പർ, ഓർത്തിരിക്കാനുള്ള എളുപ്പത്തിനായി അഞ്ച്‌ അക്കങ്ങൾ വീതമുള്ള രണ്ടുഗണങ്ങളായി തിരിക്കാറുണ്ട്‌. ഇനി, കാര്യങ്ങളെ അക്ഷരമാലാക്രമംപോലെ ഒരു പ്രത്യേക ക്രമത്തിലാക്കുന്നതും ഓർത്തിരിക്കുന്നത്‌ എളുപ്പമാക്കും.

ഉരുവിടൽ ഉച്ചത്തിൽ ഉരുവിടുന്നതാണ്‌ മറ്റൊരു ഓർമസഹായി. കാരണം അത്‌ നാഡീബന്ധങ്ങളെ ബലിഷ്‌ഠമാക്കുന്നു. അന്യഭാഷയിലെ ഒരു വാക്കോ പ്രയോഗമോ ഓർമിക്കുന്ന കാര്യം തന്നെയെടുക്കുക. ഒന്നാമതായി, വാക്ക്‌ ഉറക്കെപ്പറയേണ്ടിവരുമ്പോൾ നിങ്ങൾ അതിന്‌ അടുത്ത ശ്രദ്ധകൊടുക്കുന്നു. രണ്ടാമതായി, നിങ്ങൾ പറഞ്ഞ വാക്ക്‌ ശരിയാണോ അല്ലയോ എന്നകാര്യം ശ്രദ്ധയിൽപ്പെടുത്താൻ നിങ്ങളെ പഠിപ്പിക്കുന്ന വ്യക്തിക്കു സാധിക്കും. മൂന്നാമതായി, ഉറക്കെപ്പറയുമ്പോൾ നിങ്ങൾതന്നെ അത്‌ ഒരിക്കൽക്കൂടി കേൾക്കുകയാണ്‌; അതാകട്ടെ, മസ്‌തിഷ്‌കത്തിന്റെ മറ്റു ഭാഗങ്ങളെ പ്രവർത്തനക്ഷമമാക്കും.

ഭാവനാചിത്രം ഓർക്കാൻ ആഗ്രഹിക്കുന്ന കാര്യങ്ങൾ ഭാവനയിൽ കാണുന്നതാണ്‌ മറ്റൊരു മാർഗം. ആ ചിത്രം ഒരു കടലാസിൽ വരയ്‌ക്കുന്നതും ഫലകരമായിരിക്കും. ഉരുവിടലിന്റെ കാര്യത്തിലെന്നപോലെ, ഭാവനാചിത്രവും മസ്‌തിഷ്‌കത്തിന്റെ പല ഭാഗങ്ങളെയും ഉപയോഗപ്പെടുത്തും. കൂടുതൽ ഇന്ദ്രിയങ്ങൾ ഉപയോഗിക്കുമ്പോൾ, വിവരങ്ങൾ കൂടുതൽ ആഴത്തിൽ മനസ്സിൽ പതിയും.

കൂട്ടിച്ചേർക്കൽ പുതുതായി പഠിക്കുന്ന കാര്യങ്ങളെ നിങ്ങൾക്ക്‌ അറിയാവുന്ന വിവരങ്ങളുമായി ബന്ധിപ്പിക്കുക. ഈ വിധത്തിൽ ചിന്തകളെ ഓർമകളുമായി ബന്ധിപ്പിക്കുന്നത്‌ ആലേഖനവും ഓർത്തെടുക്കലും എളുപ്പമാക്കിത്തീർക്കുന്നു. വിവരങ്ങൾ ഓർത്തെടുക്കാൻ തലച്ചോറിന്‌ കൊടുക്കുന്ന ഒരു സിഗ്നൽപോലെയാണ്‌ കൂട്ടിച്ചേർക്കൽ രീതി. ഉദാഹരണത്തിന്‌, ഒരാളുടെ പേര്‌ ഓർമിക്കാൻ അതിനെ അയാളുടെ ഏതെങ്കിലുമൊരു ശാരീരിക സവിശേഷതയുമായി ബന്ധിപ്പിക്കുക. അത്‌ എത്ര ഹാസ്യാത്മകമാണോ (അല്ലെങ്കിൽ പരിഹാസ്യമാണോ) ഓർത്തെടുക്കൽ അത്ര എളുപ്പമായിരിക്കും. ചുരുക്കിപ്പറഞ്ഞാൽ, ഓർത്തിരിക്കേണ്ട ആളുകളെക്കുറിച്ചും വസ്‌തുക്കളെക്കുറിച്ചും നാം ചിന്തിക്കണം.

ഓർമയെ തേടി (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം പ്രസ്‌താവിക്കുന്നു: “നമ്മുടെ അനുഭവങ്ങളെയും ചുറ്റുപാടുകളെയും കുറിച്ചു ചിന്തിക്കാൻ സമയമെടുക്കാതെ യാന്ത്രികമായി ജീവിക്കുന്നപക്ഷം നാം എവിടെയായിരുന്നു, എന്തു ചെയ്യുകയായിരുന്നു എന്നീ കാര്യങ്ങളെക്കുറിച്ച്‌ അർഥവത്തായ ഓർമകളൊന്നും ഇല്ലാത്ത ഒരു അവസ്ഥയിലായിപ്പോകും നമ്മൾ.”

മനസ്സിൽ ഉറപ്പിക്കൽ വെള്ളം മണ്ണിനടിയിലേക്ക്‌ അരിച്ചിറങ്ങുന്നതുപോലെ, വിവരങ്ങൾ മനസ്സിലേക്ക്‌ ആഴ്‌ന്നിറങ്ങാൻ അനുവദിക്കുക. പഠിച്ച കാര്യങ്ങൾ ആരോടെങ്കിലും പറയുകയോ മറ്റോ ചെയ്‌തുകൊണ്ട്‌ പുനരവലോകനം ചെയ്യുന്നതാണ്‌ ഇതിനുള്ള ഫലകരമായ ഒരു മാർഗം. നിങ്ങൾക്കുണ്ടായ നല്ലൊരു അനുഭവത്തെയോ, ബൈബിളിലോ ഏതെങ്കിലും ബൈബിൾപ്രസിദ്ധീകരണത്തിലോ വായിച്ച നല്ലൊരു ആശയത്തെയോ കുറിച്ച്‌ മറ്റുള്ളവരോടു പറയുക. അത്‌ ഇരുകൂട്ടർക്കും പ്രയോജനം ചെയ്യും; നിങ്ങളുടെ മനസ്സിൽ പതിയും എന്നു മാത്രമല്ല മറ്റേയാൾക്ക്‌ പ്രോത്സാഹനം പകരുകയും ചെയ്യും. ആവർത്തനം ഓർമയുടെ മാതാവാണെന്ന ചൊല്ല്‌ എത്ര അന്വർഥമാണ്‌!

സ്‌മരണവിദ്യ

കുറിപ്പുകളൊന്നും കൂടാതെ നീണ്ട പ്രസംഗങ്ങൾ നടത്താൻ വിദഗ്‌ധരായിരുന്നു പുരാതന ഗ്രീസിലെയും റോമിലെയും പ്രഭാഷകർ. എന്തായിരുന്നു അതിന്റെ രഹസ്യം? സ്‌മരണവിദ്യ. വിവരങ്ങൾ ദീർഘകാല ഓർമയിൽ സൂക്ഷിക്കാനും ആവശ്യമുള്ളപ്പോൾ ഓർമിക്കാനും ഉള്ള ഒരു മാർഗമാണ്‌ സ്‌മരണവിദ്യ.

പുരാതന ഗ്രീക്ക്‌ പ്രഭാഷകർ ഉപയോഗിച്ചിരുന്ന സ്‌മരണവിദ്യകളിൽ ഒന്നാണ്‌ വിന്യാസരീതി. തരംതിരിച്ചു ക്രമീകരിക്കൽ, ഭാവനാചിത്രം, കൂട്ടിച്ചേർക്കൽ എന്നിവയുടെ അടിസ്ഥാന തത്ത്വങ്ങൾ ഏകോപിപ്പിച്ചുകൊണ്ടുള്ള ഈ രീതി ആദ്യമായി വിശദീകരിച്ചത്‌ ഗ്രീക്ക്‌ കവിയായിരുന്ന സിമൊണൈഡെസ്‌ ആണ്‌, ബി. സി. 477-ൽ. വിന്യാസരീതി ഉപയോഗിക്കുന്നവർ, ഓർമിക്കേണ്ട ഓരോ സംഗതികളെയും പരിചിതമായ ചില സ്ഥലങ്ങളുമായോ വീട്ടിലെ ചില സാധനങ്ങളുമായോ ബന്ധിപ്പിച്ചുകൊണ്ട്‌ മനസ്സുകൊണ്ട്‌ ഒരു യാത്രനടത്തുന്നു. വിവരങ്ങൾ ആവശ്യമായി വരുമ്പോൾ അവർ ആ ‘യാത്ര’ ഒരിക്കൽക്കൂടി ആവർത്തിക്കും.​—⁠“മനസ്സുകൊണ്ട്‌ ഒരു യാത്ര” എന്ന ചതുരം കാണുക.

വർഷന്തോറും നടക്കുന്ന ആഗോള ഓർമ മത്സരങ്ങളിൽ (World Memory Championship) മികവുകാട്ടിയവരെ ഉൾപ്പെടുത്തിക്കൊണ്ട്‌ ഒരു പഠനം നടത്തുകയുണ്ടായി. അവരുടെ ഓർമശക്തി അസാമാന്യ ബുദ്ധിശക്തിയുടെ ഫലമല്ലായിരുന്നു എന്ന്‌ അതു വെളിപ്പെടുത്തി. മാത്രമല്ല, പങ്കെടുത്ത മിക്കവരും 40-നും 50-നും ഇടയ്‌ക്കു പ്രായമുള്ളവർ ആയിരുന്നു. അവരുടെ ഓർമശക്തിയുടെ രഹസ്യം എന്തായിരുന്നു? സ്‌മരണവിദ്യ നന്നായി ഉപയോഗപ്പെടുത്തിയതാണ്‌ തങ്ങളെ സഹായിച്ചതെന്ന്‌ അവരിൽ പലരും പറയുകയുണ്ടായി.

ഇനി, കുറെ വാക്കുകൾ ഓർത്തുവെക്കണമെങ്കിലോ? അതിനുള്ള ഒരു നല്ല മാർഗമാണ്‌ അക്രോണിം​—⁠പല പദങ്ങളുടെ ആദ്യാക്ഷരം (അല്ലെങ്കിൽ ആദ്യാക്ഷരങ്ങൾ) ചേർത്ത്‌ ഉണ്ടാക്കുന്ന ഒരു പദം. ഉദാഹരണത്തിന്‌, മഴവില്ലിന്റെ ഏഴു നിറങ്ങൾ (വയലറ്റ്‌, ഇൻഡിഗോ, ബ്ലൂ, ഗ്രീൻ, യെലോ, ഓറഞ്ച്‌, റെഡ്‌) ഓർമിക്കാൻ സ്‌കൂൾ വിദ്യാർഥികൾ വിബ്‌ജിയോർ (VIBGYOR) എന്ന പദം ഉപയോഗിക്കാറുണ്ടല്ലോ. പുരാതന എബ്രായർ വ്യാപകമായി ഉപയോഗിച്ചിരുന്ന മറ്റൊരു സ്‌മരണവിദ്യയാണ്‌ അക്രോസ്റ്റിക്‌. ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്‌. ഇതനുസരിച്ച്‌ ആദ്യശ്ലോകത്തിലെ ആദ്യവരിയോ വരികളോ എബ്രായ അക്ഷരമാലയിലെ ആദ്യ അക്ഷരംകൊണ്ട്‌ തുടങ്ങുമ്പോൾ അടുത്ത ശ്ലോകം തുടങ്ങുന്നത്‌ അക്ഷരമാലയിലെ രണ്ടാമത്തെ അക്ഷരംകൊണ്ടായിരിക്കും. 119-ാം സങ്കീർത്തനത്തിലെ 176 വാക്യങ്ങളും ഓർമിക്കാൻ അന്നത്തെ സംഗീതജ്ഞരെ സഹായിച്ചത്‌ ഈ രീതിയാണ്‌!

നിങ്ങളുടെ ഓർമശക്തി വർധിപ്പിക്കാനും കാര്യക്ഷമമാക്കാനും സാധിക്കും എന്നു സാരം. ഓർമ ഏറെക്കുറെ പേശികൾപോലെയാണെന്ന്‌ പഠനങ്ങൾ കാണിക്കുന്നു. ഉപയോഗിക്കുന്തോറും അത്‌ മെച്ചപ്പെടും, വാർധക്യത്തിൽപ്പോലും.

[15-ാം പേജിലെ ചതുരം]

മറ്റുചില നിർദേശങ്ങൾ

▪ എന്തെങ്കിലും കഴിവുകൾ വളർത്തിയെടുക്കുകയോ പുതിയൊരു ഭാഷ പഠിക്കാൻ ശ്രമിക്കുകയോ ഒരു സംഗീതോപകരണം വായിക്കാൻ പഠിക്കുകയോ ചെയ്‌തുകൊണ്ട്‌ ഓർമശക്തി വർധിപ്പിക്കുക.

▪ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

▪ സ്‌മരണവിദ്യകൾ ഉപയോഗപ്പെടുത്തുക.

▪ ആവശ്യത്തിനു വെള്ളം കുടിക്കുക. നിർജലീകരണം, നേരാംവണ്ണം ചിന്തിക്കുന്നത്‌ ബുദ്ധിമുട്ടാക്കിത്തീർത്തേക്കാം.

▪ നന്നായി ഉറങ്ങുക. ഉറങ്ങുമ്പോഴാണ്‌ തലച്ചോറ്‌ ഓർമകൾ സ്റ്റോർചെയ്യുന്നത്‌.

▪ സമ്മർദങ്ങളൊന്നുമില്ലാതെ പ്രശാന്തമായ ഒരു മനസ്സോടെ പഠിക്കാനിരിക്കുക. കാരണം സമ്മർദം, നാഡീകോശങ്ങളുടെ പ്രവർത്തനത്തെ ബാധിച്ചേക്കാവുന്ന കോർട്ടിസോളിന്റെ ഉത്‌പാദനത്തിന്‌ ഇടയാക്കും.

▪ മദ്യത്തിന്റെ ദുരുപയോഗവും പുകവലിയും ഒഴിവാക്കുക. മദ്യം ഹ്രസ്വകാല ഓർമയെ ബാധിക്കുമെന്നു മാത്രമല്ല, മദ്യാസക്തി ഓർമ ശരിയായി പ്രവർത്തിക്കുന്നതിന്‌ ആവശ്യമായ തയമിൻ എന്ന വിറ്റാമിൻ ബി-യുടെ അഭാവത്തിന്‌ ഇടയാക്കിയേക്കാം. തലച്ചോറിന്‌ വേണ്ടത്ര ഓക്‌സിജൻ കിട്ടാതെവരാൻ പുകവലി ഇടയാക്കുന്നു. *

[അടിക്കുറിപ്പ്‌]

^ ഖ. 36 മസ്‌തിഷ്‌കവും മനസ്സും (ഇംഗ്ലീഷ്‌) എന്ന ഇലക്‌ട്രോണിക്‌ മാസികയിലെ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളത്‌.

[14, 15 പേജുകളിലെ ചതുരം/ചിത്രങ്ങൾ]

മനസ്സുകൊണ്ട്‌ ഒരു യാത്ര

കടയിൽ പോകുമ്പോൾ വാങ്ങേണ്ട ബ്രഡ്‌, മുട്ട, പാൽ, വെണ്ണ തുടങ്ങിയ സാധനങ്ങളുടെ പേരുകൾ നിങ്ങൾ എങ്ങനെ ഓർത്തിരിക്കും? വിന്യാസരീതി സഹായകമായേക്കും. വീടിനകത്തുകൂടെ ഒന്നു നടക്കുന്നതായി സങ്കൽപ്പിക്കുക.

ചാരുകസേരയിൽ കുഷ്യനുപകരം ബ്രഡ്‌ ഇട്ടിരിക്കുന്നതായും

ടേബിൾ ലാമ്പ്‌ മുട്ടയ്‌ക്ക്‌ അടയിരിക്കുന്നതായും

സ്വർണമത്സ്യം പാൽ നിറച്ച അക്വേറിയത്തിൽ നീന്തിത്തുടിക്കുന്നതായും

ടെലിവിഷൻ സ്‌ക്രീൻ നിറയെ വെണ്ണ പുരട്ടിയിരിക്കുന്നതായും വിഭാവന ചെയ്യുക

ഭാവന എത്ര ഹാസ്യാത്മകവും വിചിത്രവുമാണോ അത്രയും നല്ലത്‌! കടയിലെത്തുമ്പോൾ ഈ ‘യാത്ര’ ഒന്നുകൂടി ആവർത്തിക്കുക.

[16-ാം പേജിലെ ചതുരം]

മറവി ഒരു അനുഗ്രഹമാകുമ്പോൾ!

സാരവും നിസ്സാരവുമായ സർവതും മറക്കാതെ ഓർത്തുവെക്കുന്നെങ്കിൽ എന്തായിരിക്കും നിങ്ങളുടെ അവസ്ഥ! ഓർമകളുടെ ഒരു കൂമ്പാരമായിരിക്കും മനസ്സ്‌. ജീവിതത്തിൽ സംഭവിച്ചതെല്ലാം ഒന്നൊഴിയാതെ ഓർക്കാൻ കഴിഞ്ഞ ഒരു സ്‌ത്രീ “തന്റെ നിലയ്‌ക്കാത്ത ഓർമയെ ഒരു ‘ഭാരം’ എന്നാണ്‌ വിശേഷിപ്പിച്ചത്‌. ‘ഓർമകളുടെ അനിയന്ത്രിതമായ കുത്തൊഴുക്ക്‌ [തന്നെ] തളർത്തിക്കളയുന്നതായാണ്‌’ അവർക്ക്‌ അനുഭവപ്പെട്ടത്‌” എന്ന്‌ ന്യൂ സയന്റിസ്റ്റ്‌ മാസിക റിപ്പോർട്ടുചെയ്യുന്നു. നമ്മിൽ മിക്കവർക്കും ഈ പ്രശ്‌നമില്ല എന്നത്‌ സന്തോഷകരമല്ലേ? ഗവേഷകർ അഭിപ്രായപ്പെടുന്നതുപോലെ, അപ്രസക്തവും കാലഹരണപ്പെട്ടതുമായ വിവരങ്ങൾ ഓർമയിൽനിന്നു പിഴുതുകളയാൻ നമ്മുടെ മനസ്സിന്‌ പ്രാപ്‌തിയുണ്ട്‌. “ഓർമയുടെ ശരിയായ പ്രവർത്തനത്തിന്‌ ഫലകരമായ മറവികൂടിയേ തീരൂ. എന്നാൽ ആവശ്യമുള്ള എന്തെങ്കിലും മറന്നുപോകുന്നത്‌, . . . ഈ ‘പിഴുതെറിയൽ സംവിധാന’ത്തിന്റെ കാര്യക്ഷമത ഒരൽപ്പം കൂടിപ്പോകുന്നതുകൊണ്ടായിരിക്കാം,” ന്യൂ സയന്റിസ്റ്റ്‌ പറയുന്നു.