വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പണം നിങ്ങളുടെ യജമാനനോ അടിമയോ?

പണം നിങ്ങളുടെ യജമാനനോ അടിമയോ?

പണം നിങ്ങളുടെ യജമാനനോ അടിമയോ?

“മണി സിക്‌നസ്സ്‌ സിൻഡ്രോം.” ഈ രോഗം നിങ്ങളെ ബാധിച്ചിട്ടുണ്ടോ? ലോകജനതയുടെ നല്ലൊരു ശതമാനവും ഇതിന്റെ പിടിയിലാണെന്ന്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്താണീ രോഗം?

അടുത്തയിടെ ഇംഗ്ലണ്ടിലെ ഒരു മാനസികാരോഗ്യ ഗവേഷകനായ ഡോ. റോജർ ഹെൻഡേർസനാണ്‌ “മണി സിക്‌നസ്സ്‌ സിൻഡ്രോം” എന്ന പ്രയോഗത്തിന്‌ രൂപംനൽകിയത്‌. പണത്തോടു ബന്ധപ്പെട്ട ഉത്‌കണ്‌ഠ നിമിത്തം ആളുകളിലുണ്ടാകുന്ന ശാരീരികവും മാനസികവുമായ അസ്വസ്ഥതകളെ സൂചിപ്പിക്കുന്നതാണ്‌ ഈ പദപ്രയോഗം. ശ്വാസതടസ്സം, തലവേദന, ഓക്കാനം, തൊലിപ്പുറത്തെ തടിപ്പ്‌, വിശപ്പില്ലായ്‌മ, അകാരണമായ കോപം, പേടി, നിഷേധാത്മക ചിന്ത തുടങ്ങിയവയാണ്‌ ഇതിന്റെ ലക്ഷണങ്ങൾ. “പണസംബന്ധമായ ഉത്‌കണ്‌ഠയാണ്‌ മാനസിക സമ്മർദത്തിനുള്ള ഒരു പ്രധാന കാരണം” എന്ന്‌ ഹെൻഡേർസൻ പറയുന്നു.

അടുത്തകാലത്തായി പണസംബന്ധമായ ഉത്‌കണ്‌ഠകളുടെ പിടിയിലമരുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്‌. ചില നാടുകളിൽ ഉണ്ടായിട്ടുള്ള സാമ്പത്തിക പ്രതിസന്ധി ആഗോളതലത്തിൽ ചലനങ്ങൾ സൃഷ്ടിച്ചിരിക്കുന്നു. ഗോളമെമ്പാടും ആളുകൾക്ക്‌ ജോലിയും വീടും സമ്പാദ്യവുമൊക്കെ നഷ്ടമായി. വലിയ സാമ്പത്തികസ്ഥാപനങ്ങൾക്കുപോലും തകർച്ച നേരിട്ടു. സമ്പൂർണമായ സാമ്പത്തികത്തകർച്ച ഒഴിവാക്കാനായി സമ്പന്ന രാഷ്‌ട്രങ്ങൾക്കും അടിയന്തിര നടപടികൾ സ്വീകരിക്കേണ്ടിവന്നു. ആഹാരസാധനങ്ങളുടെയും മറ്റ്‌ അവശ്യവസ്‌തുക്കളുടെയും വിലവർധന വികസ്വര രാഷ്‌ട്രങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരിക്കുന്നു.

സമൃദ്ധിയുടെ കാലങ്ങളിലും പണസംബന്ധമായ ഉത്‌കണ്‌ഠയ്‌ക്ക്‌ കുറവുണ്ടായിട്ടില്ല. സാമ്പത്തികാഭിവൃദ്ധി ഉണ്ടായിരുന്ന സമീപവർഷങ്ങളിൽ പണസംബന്ധമായ ഉത്‌കണ്‌ഠകൾ പലരെയും പിടികൂടിയിരുന്നു. “അമിത ഉപഭോഗതൃഷ്‌ണയും ലാഭക്കൊതിയും ഭൗതികത്വവും ഒരു സാമൂഹികവ്യാധിയായി സാവധാനം” ആഫ്രിക്കയിൽ പടർന്നുപിടിക്കുകയാണെന്ന്‌ ദക്ഷിണാഫ്രിക്കൻ ദിനപ്പത്രമായ ദ വിറ്റ്‌നസ്‌ റിപ്പോർട്ടുചെയ്‌തിരുന്നു. “മാനസിക സമ്മർദം, കടബാധ്യത, പാഴ്‌ചെലവ്‌, കൂടുതൽ സമയം ജോലിചെയ്യൽ, ഇച്ഛാഭംഗം, അസൂയ, വിഷാദം” എന്നിവ ഈ രോഗത്തിന്റെ ചില ലക്ഷണങ്ങളാണെന്നും പത്രം പറയുകയുണ്ടായി. ആഫ്രിക്കയിൽ വ്യാപകമായി സംഭവിച്ചുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കു കാരണമായി ചൂണ്ടിക്കാണിച്ചതും പണത്തെയാണ്‌.

അടുത്തകാലത്തെ സാമ്പത്തികത്തകർച്ചയ്‌ക്കു മുമ്പ്‌ ഇന്ത്യയിൽ ശ്രദ്ധേയമായ സാമ്പത്തികവളർച്ച ഉണ്ടായി. ഇന്ത്യയിൽ, “ഉപഭോഗനിരക്ക്‌ അഭൂതപൂർവമായി കുതിച്ചുയർന്ന” വർഷമായിരുന്നു 2007 എന്ന്‌ ഇന്ത്യാ ടുഡേ ഇന്റർനാഷണൽ റിപ്പോർട്ടു ചെയ്‌തിരുന്നു. ഈ സാമ്പത്തികാഭിവൃദ്ധി കൂടുതൽ അക്രമത്തിനും അശാന്തിക്കും വഴിവെക്കുമെന്നായിരുന്നു അന്ന്‌ അധികൃതരുടെ ഭയം.

അതേ കാലഘട്ടത്തിൽ, ഐക്യനാടുകളിലെ പുത്തൻ തലമുറ ആഡംബരവസ്‌തുക്കൾക്കായി പണം വാരിക്കോരി ചെലവഴിക്കുകയായിരുന്നു. എന്നാൽ അവരുടെ കൈവശമുള്ള സമ്പത്ത്‌ അവർക്ക്‌ സന്തുഷ്ടി നൽകിയില്ല. മറിച്ച്‌, ഈ സമ്പദ്‌സമൃദ്ധി മദ്യാസക്തിക്കും വിഷാദത്തിനും ആത്മഹത്യാപ്രവണതയ്‌ക്കും വഴിവെച്ചിരുന്നതായി ഗവേഷകർ പറഞ്ഞു. ഈ സമ്പത്തെല്ലാം ഉണ്ടായിരുന്നിട്ടും, “അമേരിക്കക്കാരിൽ മൂന്നിൽ ഒരുഭാഗംപോലും” തങ്ങൾ വലിയ സന്തുഷ്ടരാണെന്ന്‌ അവകാശപ്പെടുന്നില്ല എന്ന്‌ ഒരു പഠനം വെളിപ്പെടുത്തി.

മറുവശം

അതേസമയം, സമൃദ്ധിയുടെ കാലത്തും പ്രതിസന്ധിയുടെ കാലത്തും സമ്പന്നരെന്നോ ദരിദ്രരെന്നോ വ്യത്യാസമില്ലാതെ അനേകർ പണത്തെയോ ഭൗതികവസ്‌തുക്കളെയോ കുറിച്ച്‌ കാര്യമായ ഉത്‌കണ്‌ഠകളൊന്നും കൂടാതെ കഴിയുന്നു. എന്തുകൊണ്ടാണത്‌?

ദ മീനിങ്‌ ഓഫ്‌ മണി എന്ന ശീർഷകത്തിലുള്ള ഒരു റിപ്പോർട്ട്‌ പറയുന്നത്‌, “ചിലരുടെ സർവസ്വവും പണ”മാണെന്നാണ്‌. “പണമാണ്‌ അവരെ ഭരിക്കുന്നത്‌. ഇത്‌ മാനസിക സമ്മർദത്തിനും മനോവൈകല്യത്തിനും കാരണമായേക്കാം.” എന്നാൽ “പണം സൂക്ഷിച്ചു കൈകാര്യം ചെയ്യുന്നവർക്ക്‌ ജീവിതത്തിൽ എല്ലാ കാര്യങ്ങളിലും ഒരു നിയന്ത്രണം ഉണ്ടായിരിക്കും. അവർ ആത്മാഭിമാനം ഉള്ളവരായിരിക്കും. അവർ പണത്തിന്റെ യജമാനന്മാരാണ്‌, അടിമകളല്ല. . . . പണം സൂക്ഷിച്ച്‌ കൈകാര്യം ചെയ്യുന്നവർക്ക്‌ പിരിമുറുക്കം കുറവായിരിക്കും, അതുവഴി ഉത്‌കണ്‌ഠകളും.”

പണത്തോടുള്ള നിങ്ങളുടെ മനോഭാവം എന്താണ്‌? സമ്പദ്‌വ്യവസ്ഥയുടെ സ്ഥിരതയില്ലായ്‌മ നിങ്ങളെ എങ്ങനെയാണ്‌ ബാധിക്കുന്നത്‌? പണം നിങ്ങളുടെ യജമാനനാണോ അതോ അടിമയാണോ? ഒരുപക്ഷേ, തുടക്കത്തിൽ പറഞ്ഞ ആ രോഗത്തിന്റെ ലക്ഷണങ്ങൾ നിങ്ങൾക്ക്‌ ഇല്ലായിരിക്കാം. എന്നിരുന്നാലും, പണക്കാരായാലും പാവപ്പെട്ടവരായാലും എല്ലാവർക്കും പണത്തെക്കുറിച്ച്‌ അൽപ്പസ്വൽപ്പം ഉത്‌കണ്‌ഠകളൊക്കെ ഉണ്ടായേക്കാം. പണം കൈകാര്യം ചെയ്യുന്നതിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ട്‌ എങ്ങനെ മനശ്ശാന്തിയും സന്തോഷവും കണ്ടെത്താമെന്ന്‌ അടുത്ത ലേഖനം വിവരിക്കും.

[4-ാം പേജിലെ ചതുരം/ചിത്രം]

പണം നിങ്ങളുടെ യജമാനനാണോ?

പിൻവരുന്ന ചോദ്യങ്ങൾക്ക്‌ നിങ്ങളുടെ ഉത്തരം “ഉവ്വ്‌” അല്ലെങ്കിൽ “അതെ” എന്നാണെങ്കിൽ ഒരുപക്ഷേ പണം നിങ്ങളുടെ യജമാനനായിരിക്കാം.

പണത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌ ഉത്‌കണ്‌ഠ ഉളവാക്കുമെന്നതിനാൽ അതേക്കുറിച്ചു ചർച്ചചെയ്യാൻ നിങ്ങൾക്കു മടിയാണോ?

പണത്തെച്ചൊല്ലി കൂടെക്കൂടെ കുടുംബകലഹം ഉണ്ടാകാറുണ്ടോ?

മുന്നുംപിന്നും ചിന്തിക്കാതെ നിങ്ങൾ പണം ചെലവാക്കാറുണ്ടോ?

അടയ്‌ക്കാനുള്ള പണത്തെക്കുറിച്ചാണോ എപ്പോഴും നിങ്ങളുടെ ചിന്ത?

എത്ര പണം കൈയിൽ വരുന്നു അല്ലെങ്കിൽ പോകുന്നു എന്ന്‌ നിശ്ചയമില്ലാത്ത അവസ്ഥയാണോ നിങ്ങളുടേത്‌?

എത്ര പണം കൊടുത്തുതീർക്കാനുണ്ട്‌ എന്ന്‌ ഒരു രൂപവും ഇല്ലാതെയിരിക്കുകയാണോ?

അടയ്‌ക്കാനുള്ള തുക മിക്കപ്പോഴും നിങ്ങൾ പ്രതീക്ഷിക്കുന്നതിലും അധികമാകാറുണ്ടോ?

പലപ്പോഴും വൈകിയാണോ നിങ്ങൾ പണം അടയ്‌ക്കുന്നത്‌?

ക്രെഡിറ്റ്‌ കാർഡ്‌ ബിൽ വരുമ്പോൾ ഏറ്റവും കുറഞ്ഞ തുക അടയ്‌ക്കാനേ നിങ്ങൾക്കു കഴിയാറുള്ളോ?

മറ്റ്‌ ആവശ്യങ്ങൾക്കായി മാറ്റിവെച്ചിരിക്കുന്ന പണമെടുത്താണോ നിങ്ങൾ ബില്ലടയ്‌ക്കുന്നത്‌?

ബില്ലുകൾ അടച്ചുതീർക്കുന്നതിനു മാത്രമായി കൂടുതൽ സമയം ജോലി ചെയ്യേണ്ടിവരുന്നുണ്ടോ?

പഴയ കടം വീട്ടുന്നതിനായി പുതിയ കടം എടുത്തിട്ടുണ്ടോ?

സ്വരുക്കൂട്ടിവെച്ചിരിക്കുന്നതിൽനിന്നെടുത്ത്‌ ഇലക്‌ട്രിസിറ്റി ബില്ലും ടെലിഫോൺ ബില്ലുമൊക്കെ അടയ്‌ക്കേണ്ടി വരാറുണ്ടോ?

മാസാവസാനമാകുമ്പോഴേക്കും കൈയിലുള്ള പണമെല്ലാം തീർന്നിരിക്കുമോ?

പണം വാരിക്കൂട്ടാനുള്ള സമ്മർദം അനുഭവപ്പെടാറുണ്ടോ?

പണസംബന്ധമായ ഉത്‌കണ്‌ഠകൾ കാരണം ശാരീരികമോ മാനസികമോ ആയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ടോ?

[കടപ്പാട്‌]

ഉറവിടം: ഡോ. റോജർ ഹെൻഡേർസൻ എഴുതിയ മണി സിക്‌നസ്സ്‌ സിൻഡ്രോം.