വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തെ ഒന്നാമതുവെച്ചത്‌ ജീവിതം ധന്യമാക്കി

ദൈവത്തെ ഒന്നാമതുവെച്ചത്‌ ജീവിതം ധന്യമാക്കി

ദൈവത്തെ ഒന്നാമതുവെച്ചത്‌ ജീവിതം ധന്യമാക്കി

പിയർ വൊറൂ പറഞ്ഞപ്രകാരം

“ബോൻജ്വർ!” ഇങ്ങനെയാണ്‌ എക്കാലവും ഞാൻ ആളുകളെ അഭിവാദ്യം ചെയ്‌തിരുന്നത്‌. പക്ഷേ, അതിന്റെപേരിൽ 1975 നവംബറിൽ ഞാൻ അറസ്റ്റിലായി. എന്താണ്‌ സംഭവിച്ചതെന്ന്‌ ഞാൻ പറയാം.

മധ്യബെനിനിലെ * സാവെ പട്ടണത്തിന്റെ പ്രാന്തപ്രദേശമായ മലേറ്റേയിലാണ്‌ ഞാൻ ജനിച്ചത്‌; 1944 ജനുവരി 1-ന്‌. യോറുബക്കാരായ എന്റെ മാതാപിതാക്കൾ എനിക്ക്‌ അബിയോളാ എന്നാണ്‌ പേരിട്ടത്‌. എന്നാൽ, ചെറുപ്പത്തിൽത്തന്നെ ഞാൻ എന്റെ പേര്‌ പിയർ എന്നാക്കി; അതാണ്‌ കുറെക്കൂടി പരിഷ്‌കൃതമെന്ന്‌ എനിക്കു തോന്നി.

പട്ടണത്തിലെ ചെറുപ്പകാർക്കെല്ലാം ഇരട്ടപ്പേരുണ്ടായിരുന്നു. പാസ്റ്റർ എന്നാണ്‌ എന്നെ വിളിച്ചിരുന്നത്‌; ജനിച്ചപ്പോൾ എനിക്ക്‌ അവിടത്തെ പാസ്റ്ററിന്റെ ഛായയായിരുന്നത്രേ! പക്ഷേ എനിക്ക്‌ വേദപാഠക്ലാസ്സിൽ പോകുന്നതിലും താത്‌പര്യം ഫുട്‌ബോൾ കളിയിലായിരുന്നു.

സ്‌കൂൾപഠനം തുടരാനായി 1959-ൽ ഞാൻ തെക്കുള്ള സെക്കേറ്റേ നഗരത്തിലേക്കു പോയി. പിതൃസഹോദരന്റെ പുത്രനായ സൈമണോടൊപ്പമായിരുന്നു എന്റെ താമസം. ഒരു സ്‌കൂളധ്യാപകനായിരുന്നു സൈമൺ. യഹോവയുടെ സാക്ഷികളായ രണ്ടുപേരോടൊത്ത്‌ അദ്ദേഹം ആയിടെ ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. ആദ്യമൊന്നും അവരോടൊപ്പം അധ്യയനത്തിനിരിക്കാൻ എനിക്കു തോന്നിയില്ല. എന്നാൽ പിന്നീട്‌ എനിക്ക്‌ അൽപ്പം താത്‌പര്യം തോന്നിത്തുടങ്ങി. സൈമണിന്റെ അനുജനായ മീഷലിനോട്‌, ബൈബിൾ പഠിക്കാൻ എന്നോടൊപ്പം കൂടാമോ എന്നു ഞാൻ ചോദിച്ചു. അവൻ സമ്മതിച്ചു. അപ്പോഴാണ്‌ യഹോവ എന്ന ദൈവനാമം ഞാൻ ആദ്യമായി കേൾക്കുന്നത്‌.

ഒരു ഞായറാഴ്‌ച, പള്ളിയിൽ പോകുന്നതിനുപകരം യഹോവയുടെ സാക്ഷികളുടെ യോഗത്തിനുപോകാൻ ഞങ്ങൾ മൂവരും തീരുമാനിച്ചു. യോഗത്തിന്‌ ആകെ അഞ്ചുപേരേ ഉണ്ടായിരുന്നുള്ളൂ: ഞങ്ങളും മുമ്പു പറഞ്ഞ ആ രണ്ടു സാക്ഷികളും. ഞങ്ങൾക്കാകെ നിരാശയായി. എങ്കിലും, പഠിക്കുന്ന കാര്യങ്ങൾ സത്യമാണെന്ന്‌ തിരിച്ചറിഞ്ഞ ഞങ്ങൾ പഠനം തുടർന്നു. ആദ്യം ദൈവത്തിന്‌ ജീവിതം സമർപ്പിച്ച്‌ സ്‌നാനമേറ്റത്‌ മീഷലായിരുന്നു. ഇന്ന്‌ അവൻ ഒരു പയനിയർ (മുഴുസമയ ക്രിസ്‌തീയ ശുശ്രൂഷകൻ) ആണ്‌.

സൈമൺ വടക്കുള്ള കൊക്കോരൊ നഗരത്തിലേക്ക്‌ താമസംമാറിയപ്പോൾ ഞാനും കൂടെപ്പോയി. ഹ്വാൻസൂഗോയിൽ സാക്ഷികളുടെ ഒരു സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. സൈമൺ ഒരു പൊതുവാഹനത്തിലും ഞാൻ 220 കിലോമീറ്റർ സൈക്കിൾ ചവിട്ടിയുമാണ്‌ സമ്മേളനസ്ഥലത്ത്‌ എത്തിയത്‌. 1961 സെപ്‌റ്റംബർ 15-ന്‌ അവിടെവെച്ച്‌ ഞങ്ങൾ ഇരുവരും സ്‌നാനമേറ്റു.

മുഴുസമയ ശുശ്രൂഷയും പ്രതിസന്ധികളും

ചിത്രങ്ങൾ വരച്ചുവിറ്റും കൃഷിചെയ്‌തുമാണ്‌ ഞാൻ ഉപജീവനം കഴിച്ചിരുന്നത്‌. സഞ്ചാരമേൽവിചാരകനായ ഫിലിപ്പ്‌ സാനു ഒരിക്കൽ സഭ സന്ദർശിച്ചപ്പോൾ, പയനിയറിങ്ങിനെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ എന്ന്‌ എന്നോടു ചോദിച്ചു. ഞാൻ ഇക്കാര്യം കൂട്ടുകാരനായ എമാൻവെൽ ഫാറ്റുമ്പിയുമായി സംസാരിച്ച്‌ ഒരു തീരുമാനത്തിലെത്തി. 1966 ഫെബ്രുവരിയിൽ പയനിയറിങ്‌ തുടങ്ങാൻ ആഗ്രഹിക്കുന്നതായി ഞങ്ങൾ സഞ്ചാരമേൽവിചാരകനെ അറിയിച്ചു. കുറെക്കഴിഞ്ഞ്‌ ഫോൺ, ഗൺ, യോറുബ, ഫ്രഞ്ച്‌ എന്നീ ഭാഷകളിലുള്ള സഭകൾ സന്ദർശിച്ചുകൊണ്ട്‌ സഞ്ചാരമേൽവിചാരകനായി സേവിക്കാനുള്ള പദവി എനിക്കു ലഭിച്ചു.

അങ്ങനെയിരിക്കെ ഞാൻ ഷൂലിയൻ എന്ന സുന്ദരിയായ പെൺകുട്ടിയെ കണ്ടുമുട്ടി. എന്നെപ്പോലെ ഒരു ലളിത ജീവിതം ഇഷ്ടപ്പെട്ടിരുന്ന ക്രിസ്‌ത്യാനിയായിരുന്നു അവളും. 1971 ആഗസ്റ്റ്‌ 12-ന്‌ ഞങ്ങൾ വിവാഹിതരായി. പിന്നീട്‌ സഭകൾ സന്ദർശിക്കുമ്പോൾ അവളും ഒപ്പമുണ്ടായിരുന്നു. 1972 ആഗസ്റ്റ്‌ 18-ന്‌ ഞങ്ങളുടെ മൂത്തമകൻ ബോല ജനിച്ചു. സൈക്കിളിൽ ഷൂലിയനെയും പുറകിലിരുത്തിയാണ്‌ ഞാൻ സഭകൾ സന്ദർശിച്ചിരുന്നത്‌; കൈക്കുഞ്ഞായ ബോലയെ ഷൂലിയൻ അവളുടെ പുറത്ത്‌ കെട്ടിവെക്കും. പ്രാദേശിക സഭയിലുള്ള ആരെങ്കിലും സൈക്കിളിൽ ഞങ്ങളുടെ സാധനങ്ങൾ അടുത്ത സഭയിലെത്തിക്കും. നാലുവർഷം ഞങ്ങൾ ഈ രീതിയിൽ സഭകൾ സന്ദർശിച്ചു.

പെട്ടെന്നൊരു ദിവസം ഷൂലിയന്‌ സുഖമില്ലാതായി. രാത്രിമുഴുവൻ അവൾ വല്ലാതെ കഷ്ടപ്പെട്ടു. രാവിലെതന്നെ അവളെ ഡോക്‌ടറുടെ അടുത്തുകൊണ്ടുപോകാൻ ഞാൻ സഹായം അന്വേഷിച്ചിറങ്ങി. പെട്ടെന്ന്‌ ഒരു ടാക്‌സി പ്രത്യക്ഷപ്പെട്ടു. ആ പ്രദേശത്ത്‌ വിരളമായേ ടാക്‌സികൾ വരാറുള്ളൂ. തന്നെയുമല്ല അതിൽ യാത്രക്കാർ ആരും ഇല്ലായിരുന്നു! ഞങ്ങളുടെ അവസ്ഥയെക്കുറിച്ചു പറഞ്ഞശേഷം ഞങ്ങളെ പോർട്ടോ നോവോയിലെത്തിക്കാമോയെന്ന്‌ ഞാൻ ഡ്രൈവറോടു ചോദിച്ചു. തലസ്ഥാനമായ പോർട്ടോ നോവോ 25 കിലോമീറ്റർ അകലെയായിരുന്നു. അയാൾ സമ്മതിച്ചു. സ്ഥലത്തെത്തിയപ്പോൾ പുഞ്ചിരിച്ചുകൊണ്ട്‌ അയാൾ പറഞ്ഞു: “എനിക്കൊന്നും തരേണ്ട. ഇതൊരു സഹായമായി കരുതിയാൽ മതി.”

ഷൂലിയന്‌ രണ്ടാഴ്‌ചത്തെ പരിപൂർണ വിശ്രമം വേണ്ടിവന്നു. ഒരു ക്രിസ്‌തീയ സഹോദരന്റെ വീട്ടിലാണ്‌ അവൾ താമസിച്ചത്‌. ദിവസവും വന്ന്‌ അവളെ പരിശോധിക്കാൻ ഡോക്‌ടർ മനസ്സുകാണിച്ചു. ആവശ്യമുള്ള മരുന്നുകളും അദ്ദേഹം കൊണ്ടുവന്നു. അവസാനത്തെ ദിവസം തെല്ലൊരു ആശങ്കയോടെ ഞാൻ അദ്ദേഹത്തോടു ബിൽ ചോദിച്ചു. “പണമൊന്നും വേണ്ട” എന്ന്‌ അദ്ദേഹം പറഞ്ഞപ്പോൾ എനിക്ക്‌ വിശ്വസിക്കാനായില്ല!

വലിയ മാറ്റങ്ങൾ

1975-ൽ ഡഹോമിയിൽ മാർക്‌സിസ്റ്റ്‌ ഗവൺമെന്റ്‌ ഭരണത്തിൽവന്നു. രാജ്യത്തിന്റെ പേര്‌ പീപ്പിൾസ്‌ റിപ്പബ്ലിക്ക്‌ ഓഫ്‌ ബെനിൻ എന്നാക്കി മാറ്റി. ജനജീവിതം പാടേ മാറി. പുതിയൊരു അഭിവാദനരീതി അവർ കൊണ്ടുവന്നു. “പോർ ലാ റെവൊലൂസ്യോൻ?” (നിങ്ങൾ വിപ്ലവത്തിന്‌ തയ്യാറാണോ?) എന്ന ചോദ്യത്തിന്‌ “പ്രെ!” (ഞാൻ തയ്യാറാണ്‌!) എന്ന്‌ മറുപടി പറയണം. എന്നാൽ അങ്ങനെയുള്ള രാഷ്‌ട്രീയ മുദ്രാവാക്യങ്ങൾ ഏറ്റുപറയാൻ ഞങ്ങളുടെ ബൈബിൾപരിശീലിത മനസ്സാക്ഷി അനുവദിക്കുമായിരുന്നില്ല. അത്‌ പലരുടെയും ശത്രുത ഞങ്ങൾക്കു നേടിത്തന്നു.

1975-ന്റെ അവസാനം ഒരു ഞായറാഴ്‌ച സെയിന്റ്‌ മീഷലിനു സമീപം വീടുതോറുമുള്ള ശുശ്രൂഷയിൽ ഏർപ്പെട്ടിക്കെ ഞാൻ അറസ്റ്റിലായി. “പോർ ലാ റെവൊലൂസ്യോൻ?” എന്ന്‌ ഒരാൾ അഭിവാദ്യംചെയ്‌തപ്പോൾ “ബോൻജ്വർ” എന്ന്‌ പ്രത്യഭിവാദ്യം ചെയ്‌തതായിരുന്നു കാരണം. എന്നെ അവർ പോലീസ്‌സ്റ്റേഷനിൽ കൊണ്ടുപോയി മർദിച്ചു. പക്ഷേ, അന്നുതന്നെ യഹോവയുടെ സാക്ഷികളായ മൂന്നുപേർ വന്ന്‌ എന്നെ സ്റ്റേഷനിൽനിന്നിറക്കി.

യഹോവയുടെ സാക്ഷികളിൽ ആദ്യമായി അറസ്റ്റിലായതു ഞാനാണ്‌. താമസിയാതെ രാജ്യത്തങ്ങിങ്ങായി വേറെ പലരും അറസ്റ്റിലായി. ഗവൺമെന്റ്‌ രാജ്യഹാളുകൾ പിടിച്ചെടുത്തു. മിഷനറിമാരെ നാടുകടത്തി. ബ്രാഞ്ച്‌ ഓഫീസ്‌ അടച്ചുപൂട്ടേണ്ടിവന്നു. സാക്ഷികളിൽ പലരും പടിഞ്ഞാറുള്ള ടോഗോയിലേക്കും കിഴക്കുള്ള നൈജീരിയയിലേക്കും പലായനംചെയ്‌തു.

നൈജീരിയയിലായിരിക്കെ കുടുംബം വലുതാകുന്നു

1976 ഏപ്രിൽ 25-ന്‌ ഞങ്ങളുടെ രണ്ടാമത്തെ മകൻ കോല ജനിച്ചു. രണ്ടുദിവസത്തിനുശേഷം യഹോവയുടെ സാക്ഷികളുടെ വേലയ്‌ക്കെതിരെ ഗവൺമെന്റ്‌ നിരോധനാജ്ഞ (നമ്പർ 111) പുറപ്പെടുവിച്ചു. ഞങ്ങൾ നൈജീരിയയിലേക്കു പോയി. അവിടെ ഞങ്ങൾ ചെന്ന രാജ്യഹാൾ സൂചികുത്താൻപോലും ഇടമില്ലാത്തവിധം അഭയാർഥികളെക്കൊണ്ട്‌ നിറഞ്ഞിരുന്നു. അടുത്ത ദിവസം ഞങ്ങളെയെല്ലാം അടുത്തുള്ള വിവിധ സഭകളിലേക്ക്‌ നിയമിച്ചയച്ചു. ഒരുകൂട്ടം അഭയാർഥികളെ അയച്ചുകഴിയുമ്പോഴേക്കും വേറൊരു കൂട്ടം എത്തുകയായി. ട്രക്കുകളിലാണ്‌ ഇവരെ ദൂരെയുള്ള സഭകളിൽ എത്തിച്ചത്‌.

ബെനിനിൽനിന്നുള്ള എല്ലാ സാക്ഷികളെയും ചെന്നുകാണാൻ യഹോവയുടെ സാക്ഷികളുടെ നൈജീരിയയിലുള്ള ബ്രാഞ്ച്‌ ഓഫീസ്‌ എന്നോട്‌ ആവശ്യപ്പെട്ടു. പിന്നീട്‌ നൈജീരിയയിലെ യോറുബാഭാഷയിലുള്ള ഒരുകൂട്ടം സഭകൾ സന്ദർശിച്ചുകൊണ്ട്‌ സഞ്ചാരമേൽവിചാരകനായി സേവിക്കാൻ എനിക്കു നിയമനം ലഭിച്ചു. അതിനുശേഷം ഗൺഭാഷയിലുള്ള സഭകളുടെയും സഞ്ചാരമേൽവിചാരകനായി ഞാൻ സേവിച്ചു. ബോലയെ മുന്നിലും കോലയെയും ഷൂലിയനെയും പിന്നിലും ഇരുത്തി മോട്ടോർബൈക്കിലായിരുന്നു എന്റെ യാത്ര.

1979-ൽ ഷൂലിയൻ വീണ്ടും ഗർഭിണിയായി. അങ്ങനെ ഞങ്ങൾക്ക്‌ സഞ്ചാരവേല നിറുത്തേണ്ടിവന്നു. കുഞ്ഞ്‌ ജനിച്ചപ്പോൾ ഞങ്ങൾ അവൾക്ക്‌ ജമൈമ എന്നു പേരിട്ടു. ഷൂലിയന്റെ അനുജത്തി പേപ്പേ ബെനിനിൽനിന്ന്‌ ഞങ്ങളോടൊപ്പം താമസിക്കാനെത്തി. ഞങ്ങളുടെ കുടുംബം വീണ്ടും വളർന്നു. ഞങ്ങൾക്ക്‌ രണ്ട്‌ ആൺമക്കൾക്കൂടെ ജനിച്ചു: 1983-ൽ കാലെബും 1987-ൽ സിലാസും. ഞങ്ങളുടേത്‌ അങ്ങനെ ഒരു എട്ടംഗകുടുംബമായി. നല്ല മാതാപിതാക്കളായിരിക്കാൻ ഷൂലിയനും ഞാനും ആഗ്രഹിച്ചു; അതോടൊപ്പം എങ്ങനെയും മുഴുസമയ ശുശ്രൂഷ തുടരാനും. ഞങ്ങൾ ഒരുതുണ്ട്‌ ഭൂമി പാട്ടത്തിനെടുത്ത്‌ മരച്ചീനിയും ചോളവും ചേമ്പും കൃഷിചെയ്യാൻതുടങ്ങി. ഇലോഗ്‌ബോ ഏറേമീ എന്ന ഗ്രാമത്തിൽ ഞങ്ങൾ ഒരു കൊച്ചു വീടും പണിതു.

കുട്ടികളെ സ്‌കൂളിൽ വിട്ടശേഷം രാവിലെതന്നെ ഞാനും ഷൂലിയനും പ്രസംഗവേലയ്‌ക്കിറങ്ങും. കുടുംബം ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കണമെന്ന്‌ ഞങ്ങൾക്കു നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട്‌ ആ സമയത്ത്‌ വീട്ടിലെത്താൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ചെറിയൊരു ഉച്ചമയക്കത്തിനുശേഷം ഞങ്ങൾ പറമ്പിലേക്കിറങ്ങും. വിളകൾ ചന്തയിൽ കൊണ്ടുപോയി വിറ്റിരുന്നത്‌ ഷൂലിയനും പേപ്പേയുമാണ്‌. ഞങ്ങൾ എല്ലാവരും കഠിനമായി അധ്വാനിച്ചു. ദൈവാനുഗ്രഹംകൊണ്ട്‌ ആ വർഷങ്ങളിൽ കാര്യമായ അസുഖങ്ങളൊന്നും ഞങ്ങൾക്ക്‌ ഉണ്ടായില്ല.

ഉന്നതവിദ്യാഭ്യാസമില്ലെങ്കിലും ധന്യമായ ജീവിതം

ഉന്നതവിദ്യാഭ്യാസം നേടാൻ ഞങ്ങൾ ഒരിക്കലും മക്കളെ പ്രേരിപ്പിച്ചിട്ടില്ല. ദൈവരാജ്യത്തെക്കുറിച്ച്‌ പ്രസംഗിക്കുന്നതിന്‌ ഒന്നാംസ്ഥാനം നൽകുക, ക്രിസ്‌തീയ ഗുണങ്ങൾ വളർത്തിയെടുക്കുക, കഠിനാധ്വാനംചെയ്യുക—ഇതെല്ലാമാണ്‌ ജീവിതത്തിന്റെ വിജയരഹസ്യമെന്ന്‌ ഞങ്ങൾക്കറിയാമായിരുന്നു. ഈ ആശയങ്ങൾ മക്കളിൽ ഉൾനടാനും ഞങ്ങൾ ശ്രമിച്ചിരുന്നു. ഞാൻ മക്കൾക്ക്‌ ബൈബിളധ്യയനംനടത്തി. അവർ യഹോവയെ സ്‌നേഹിച്ചുതുടങ്ങുകയും ജീവിതം അവനു സമർപ്പിക്കുകയും അതിന്റെ പ്രതീകമെന്നവണ്ണം സ്‌നാനമേൽക്കുകയും ചെയ്‌തപ്പോൾ ഞങ്ങൾക്കുണ്ടായ സന്തോഷം അവർണനീയമാണ്‌!

പേപ്പേക്ക്‌ ഞങ്ങളുടെ മക്കളെക്കാൾ പ്രായമുണ്ടായിരുന്നു. ആദ്യം വിവാഹംകഴിച്ച്‌ വീട്ടിൽനിന്നു പോയതും അവളാണ്‌. ഞങ്ങളോടൊപ്പം താമസിക്കാൻ വരുമ്പോൾ അവൾക്ക്‌ വായിക്കാനറിയില്ലായിരുന്നു. അവളെ വായിക്കാൻ പഠിപ്പിച്ചത്‌ ഞാനാണ്‌. കാര്യമായ വിദ്യാഭ്യാസം ലഭിച്ചിട്ടില്ലായിരുന്നെങ്കിലും ബൈബിൾപഠനത്തിലും മറ്റ്‌ ആത്മീയ വിഷയങ്ങളിലും അവൾ നന്നായി പുരോഗമിച്ചു. കുറച്ചുനാൾ പയനിയറായി സേവിച്ച അവൾ ഒരു സഞ്ചാരമേൽവിചാരകനായ മണ്ടേ ആക്കിൻരായെ വിവാഹംകഴിച്ച്‌ അദ്ദേഹത്തോടൊപ്പം സഞ്ചാരവേലയിൽ ഏർപ്പെട്ടു. ഇപ്പോൾ അവർക്ക്‌ ഒരു മകനുണ്ട്‌, തിമോത്തി. പേപ്പേയും മണ്ടേയും ഇപ്പോഴും മുഴുസമയ സേവനത്തിലാണ്‌. സമ്മേളനങ്ങളിൽ മണ്ടേ പല നിയമനങ്ങളും നിർവഹിക്കാറുണ്ട്‌.

വലിയൊരു കമ്പനിയിലെ പ്രധാന പാചകക്കാരന്റെ സഹായിയായി ബോലയ്‌ക്ക്‌ നിയമനം ലഭിച്ചു. ഡയറക്‌ടർമാരിലൊരാൾ അവന്റെ അധ്വാനശീലവും വിശ്വാസ്യതയും മറ്റു ക്രിസ്‌തീയ ഗുണങ്ങളും നിരീക്ഷിക്കാനിടയായി. കുറച്ചുകഴിഞ്ഞപ്പോൾ അവന്‌ നല്ലൊരു സ്ഥാനത്തേക്ക്‌ പ്രമോഷൻ ലഭിച്ചു. അവൻ ഒരു നല്ല ഭർത്താവും പിതാവുമാണ്‌; ഭാര്യയുടെ പേര്‌ ജേൻ. അവർക്ക്‌ മൂന്നുമക്കളാണ്‌. നൈജീരിയയിലെ ലാഗോസിലുള്ള സഭയിൽ ബോല ഇപ്പോൾ ഒരു മൂപ്പനായി സേവിക്കുന്നു.

കോല ഒരു തയ്യൽക്കാരന്റെ കീഴിൽ അപ്രന്റീസായി. ഒപ്പം അവൻ പയനിയറിങ്ങും ചെയ്‌തു. നൈജീരിയയിലായിരിക്കെ അവൻ ഇംഗ്ലീഷ്‌ വശമാക്കിയിരുന്നു. 1995-ൽ ബെനിനിലെ ബ്രാഞ്ച്‌ ഓഫീസിൽ ട്രാൻസലേഷൻ ഡിപ്പാർട്ട്‌മെന്റിൽ സേവിക്കാൻ അവനു ക്ഷണം ലഭിച്ചു. കഴിഞ്ഞ 13 വർഷമായി കോല അവിടെയാണ്‌.

ഞങ്ങൾ ബെനിനിലേക്കു മടങ്ങുന്നു

1990 ജനുവരി 23-ന്‌ ബെനിൻ ഗവൺമെന്റ്‌ മുമ്പത്തെ നിരോധനാജ്ഞ റദ്ദാക്കിയതായി പ്രഖ്യാപിച്ചു. ഞങ്ങൾക്കെല്ലാം വലിയ ഉത്സാഹമായി. അഭയാർഥികളിൽ പലരും മടങ്ങിവന്നു. ബെനിനിൽ പുതിയ മിഷനറിമാരും വന്നുചേർന്നു. ബ്രാഞ്ച്‌ ഓഫീസ്‌ വേല പുനരാരംഭിച്ചു. 1994-ൽ ഞങ്ങളുടെ കുടുംബം ബെനിനിലേക്കു മടങ്ങി. പേപ്പേയും ബോലയും അവരുടെ കുടുംബങ്ങളും നൈജീരിയയിൽത്തന്നെ തങ്ങി.

എനിക്ക്‌ ഒരു പാർട്ട്‌-ടൈം ജോലി ലഭിച്ചു. നൈജീരിയയിലെ വീടിനു ലഭിക്കുന്ന ചെറിയ വാടകയും ബോലയുടെ സഹായവും കൂടിയായപ്പോൾ ഞങ്ങൾ അഞ്ചുപേർക്കു താമസിക്കാൻ പറ്റിയ ഒരു വീട്‌ പണിയാനായി. ബ്രാഞ്ച്‌ ഓഫീസിന്‌ അടുത്തുതന്നെയാണ്‌ ഞങ്ങളുടെ വീട്‌. ജമൈമ ആറുവർഷത്തിലധികം ഒരു പയനിയറായി സേവിച്ചു. ആ സമയങ്ങളിൽ തയ്യൽപ്പണിചെയ്‌തുകൊണ്ടാണ്‌ അവൾ സ്വന്തം ആവശ്യങ്ങൾക്കുള്ള പണം കണ്ടെത്തിയത്‌. പിന്നെ അവൾ കോക്കു അഹൂമെനുവിനെ വിവാഹംകഴിച്ചു; ഇരുവരും ഇപ്പോൾ ബെനിൻ ബ്രാഞ്ചിൽ സേവിക്കുന്നു. കാലെബും സിലാസും വിദ്യാഭ്യാസം പൂർത്തിയാക്കിയിട്ടില്ല. ദൈവത്തിന്റെ സഹായവും കുടുംബത്തിന്റെ സഹകരണവും നിമിത്തം 40-ലേറെ വർഷമായി ഷൂലിയനും ഞാനും മുഴുസമയ സേവനത്തിലാണ്‌.

ബെനിനിലെ പ്രസംഗപ്രവർത്തനത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിച്ചിട്ടുണ്ട്‌. 1961-ൽ ഞാൻ സ്‌നാനമേൽക്കുമ്പോൾ രാജ്യത്താകെ 871 സാക്ഷികളേ ഉണ്ടായിരുന്നുള്ളൂ. ഞാൻ അറസ്റ്റിലായ വർഷം ആ സംഖ്യ 2,381 ആയി. 1994-ൽ ഞങ്ങൾ ബെനിനിൽ മടങ്ങിയെത്തിയപ്പോൾ സാക്ഷികളുടെ എണ്ണം 3,858 ആയി വർധിച്ചിരുന്നു. 14 വർഷത്തെ നിരോധനത്തിനിടയിലായിരുന്നു ഈ വർധന! ഇന്ന്‌ 9,000-ത്തിലധികം സാക്ഷികൾ ബെനിനിലുണ്ട്‌. 2008-ൽ ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കാൻ കൂടിവന്നത്‌ 35,752 പേരായിരുന്നു!

30-ലേറെ വർഷംമുമ്പ്‌ അറസ്റ്റ്‌ ചെയ്യപ്പെട്ട സ്ഥലത്ത്‌ ഞാൻ ചിലപ്പോഴൊക്കെ പോകാറുണ്ട്‌. അവിടെനിന്നുകൊണ്ട്‌ പഴയ കാര്യങ്ങളൊക്കെ ഞാൻ ഓർക്കും. എന്റെ കുടുംബത്തിന്മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾക്കായി ഞാൻ ദൈവത്തോട്‌ പ്രത്യേകം നന്ദിപറയാറുണ്ട്‌. ഞങ്ങൾക്ക്‌ ഒന്നിനും മുട്ടുണ്ടായിട്ടില്ല. “ബോൻജ്വർ” എന്നു പറഞ്ഞാണ്‌ ഇന്നും ഞാൻ ആളുകളെ അഭിവാദ്യംചെയ്യുന്നത്‌.

[അടിക്കുറിപ്പ്‌]

^ ഖ. 4 അന്ന്‌ ഡഹോമി എന്ന്‌ അറിയപ്പെട്ടിരുന്ന ബെനിൻ, ഫ്രഞ്ച്‌-പശ്ചിമാഫ്രിക്കയുടെ ഭാഗമായിരുന്നു.

[27 പേജിൽ ആകർഷക വാക്യം]

പുഞ്ചിരിച്ചുകൊണ്ട്‌ അയാൾ പറഞ്ഞു: “എനിക്കൊന്നും തരേണ്ട. ഇതൊരു സഹായമായി കരുതിയാൽ മതി”

[28 പേജിൽ ആകർഷക വാക്യം]

ഉന്നതവിദ്യാഭ്യാസം നേടാൻ ഞങ്ങൾ ഒരിക്കലും മക്കളെ പ്രേരിപ്പിച്ചില്ല

[29 പേജിൽ ചിത്രം]

സഞ്ചാരമേൽവിചാരകനായി സേവിക്കുന്നു, 1970

[29 പേജിൽ ചിത്രം]

ബോലയോടും കോലയോടുമൊപ്പം, 1976

[29 പേജിൽ ചിത്രം]

സകുടുംബം—ഭാര്യ, അഞ്ച്‌ മക്കൾ, മരുമകൾ, മൂന്നു പേരക്കുട്ടികൾ; പേപ്പേയുടെ കുടുംബം