വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചില ആനക്കാര്യങ്ങൾ

ചില ആനക്കാര്യങ്ങൾ

ചില ആനക്കാര്യങ്ങൾ

ഇന്ത്യയിലെ ഉണരുക! ലേഖകൻ

നർമദാനദിയുടെ തീരം. ഒരു ആനക്കാരൻ തന്റെ കുഞ്ഞിനെ ആനയുടെ അരികിലിരുത്തിയിട്ട്‌ ഭക്ഷണം പാകംചെയ്യുകയാണ്‌. ചെരിഞ്ഞുകിടന്നു വിശ്രമിക്കുന്ന ആനയുടെ തുമ്പിക്കൈക്കും മുൻകാലിനുമിടയ്‌ക്കാണ്‌ കുഞ്ഞ്‌. അവൻ അവിടെനിന്നു പയ്യെ നീങ്ങാൻ ശ്രമിക്കുമ്പോഴൊക്കെ, “ആന തുമ്പിക്കൈക്കൊണ്ട്‌ മെല്ലെ അവനെ അവിടെത്തന്നെ പിടിച്ചിരുത്തും.” പ്രൊജക്‌ട്‌ എലിഫന്റ്‌ എന്ന പുസ്‌തകത്തിലുള്ളതാണ്‌ ഈ വിവരണം. “കുഞ്ഞ്‌ സുരക്ഷിതനാണെന്ന ഉറപ്പോടെ ആ അച്ഛൻ പാചകം തുടർന്നു.”

കാട്ടിൽ സ്വച്ഛന്ദം വിഹരിച്ചുനടക്കുന്ന ആനകളെ മെരുക്കിയെടുത്ത്‌ മനുഷ്യന്റെ ചൊൽപ്പടിക്കാക്കുന്ന രീതി തുടങ്ങിയിട്ട്‌ 4000-ത്തോളം വർഷമായി. പണ്ടൊക്കെ യുദ്ധത്തിനായിട്ടായിരുന്നു മുഖ്യമായും ആനകളെ പരിശീലിപ്പിച്ചിരുന്നതെങ്കിലും ഇന്ന്‌ അവയെ തടിയെടുപ്പിക്കാനും മറ്റുമാണ്‌ ഉപയോഗിക്കുന്നത്‌. കൂടാതെ, പരസ്യങ്ങളിലും സർക്കസ്സുകളിലും ഉത്സവങ്ങൾക്കും വിവാഹങ്ങൾക്കും എന്തിന്‌ ഭിക്ഷാടനത്തിനുപോലും അവയെ ഉപയോഗിച്ചുവരുന്നു. ആനകളെ മെരുക്കുന്നതും പരിശീലിപ്പിക്കുന്നതും എങ്ങനെയാണ്‌?

പരിശീലനം —ആനയ്‌ക്കും പാപ്പാനും

കാട്ടിൽനിന്നു പിടികൂടിയതോ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ളതോ പരുക്കേറ്റതോ ആയ കുട്ടിയാനകളെ പരിപാലിക്കുന്ന നിരവധി കേന്ദ്രങ്ങൾ ഇന്ത്യയിലുണ്ട്‌. അത്തരമൊന്നാണ്‌ പത്തനംതിട്ടയിലെ കോന്നിയിലുള്ളത്‌. ഇവിടെ ആനക്കുട്ടികളെ മെരുക്കി പണിയെടുക്കാൻ പരിശീലിപ്പിക്കുന്നു. കുട്ടിയാനയുടെ വിശ്വാസം നേടിയെടുക്കുക എന്നതാണ്‌ പാപ്പാന്റെ ആദ്യത്തെ കടമ്പ. അതിനുള്ള പ്രധാന മാർഗം തീറ്റകൊടുക്കലാണ്‌. പാപ്പാന്റെ സ്വരം ആനക്കുട്ടിക്ക്‌ പെട്ടെന്നു തിരിച്ചറിയാനാകും. തീറ്റകൊടുക്കാൻ വിളിക്കേണ്ട താമസം അത്‌ ഓടിയെത്തി പാലും കുറുക്കും കൊതിയോടെ അകത്താക്കും. ഏതാണ്ട്‌ 13 വയസ്സാകുമ്പോഴാണ്‌ ആനകളെ പണിയെടുക്കാൻ പരിശീലിപ്പിച്ചുതുടങ്ങുന്നത്‌. 25 വയസ്സാകുമ്പോൾ അവയെക്കൊണ്ട്‌ പണിയെടുപ്പിച്ചുതുടങ്ങും. 65 വയസ്സാകുമ്പോൾ അവയ്‌ക്കു ‘റിട്ടയർമെന്റ്‌’ നൽകണമെന്നാണ്‌ കേരള സർക്കാരിന്റെ നിയമം.

ആനയെ കൊണ്ടുനടക്കാൻ പാപ്പാന്‌ നല്ല പരിശീലനം ആവശ്യമാണ്‌. തൃശ്ശൂരിലെ എലിഫന്റ്‌ വെൽഫയർ അസ്സോസിയേഷൻ പറയുന്നതനുസരിച്ച്‌, പാപ്പാന്‌ കുറഞ്ഞത്‌ മൂന്നു മാസത്തെ തീവ്രപരിശീലനം ലഭിച്ചിരിക്കണം. ആനയ്‌ക്ക്‌ ആജ്ഞകൾ കൊടുക്കാൻ പഠിക്കുന്നതു മാത്രമല്ല ഇതിലുൾപ്പെട്ടിരിക്കുന്നത്‌. ഗജശാസ്‌ത്രത്തിന്റെ സമഗ്രമായ പഠനവും ഈ കോഴ്‌സിന്റെ ഭാഗമാണ്‌.

മുതിർന്ന ആനകളെ പരിശീലിപ്പിക്കാൻ കൂടുതൽ കാലം ആവശ്യമാണ്‌. ആദ്യം ആനക്കൊട്ടിലിനു വെളിയിൽ നിന്നുകൊണ്ട്‌ പരിശീലകൻ ആജ്ഞാവാക്കുകൾ ഗ്രഹിക്കാൻ ആനയെ പഠിപ്പിക്കും. ആനയെക്കൊണ്ട്‌ ഉദ്ദിഷ്ട വേല ചെയ്യിക്കാൻ കേരളത്തിലെ പാപ്പാന്മാർ 20-ഓളം ആജ്ഞകളും സൂചനകളും ഉപയോഗിക്കുന്നു. ഉറക്കെ വ്യക്തമായി നിർദേശങ്ങൾ നൽകുന്നതോടൊപ്പം, എന്തു ചെയ്യണമെന്നു സൂചിപ്പിക്കാൻ പാപ്പാൻ ആനത്തോട്ടികൊണ്ട്‌ ആനയെ മെല്ലെ കുത്തുകയും ചെയ്യും. ആജ്ഞകൾ അനുസരിച്ചാൽ, എന്തെങ്കിലുമൊക്കെ തിന്നാൻ കൊടുത്ത്‌ പാപ്പാൻ ആനയെ സന്തോഷിപ്പിക്കും. ആന ഇണങ്ങിക്കഴിഞ്ഞുവെന്ന്‌ ബോധ്യമായാൽ പാപ്പാൻ കൊട്ടിലിൽ കടന്ന്‌ ആനയെ തൊട്ടുതലോടി ചങ്ങാത്തം ഉറപ്പിക്കുന്നു. ഇത്‌ അവർക്കിടയിലെ പരസ്‌പരവിശ്വാസത്തെ ശക്തമാക്കും. പിന്നീട്‌ അതിനെ പുറത്തിറക്കിത്തുടങ്ങും. പക്ഷേ, ചിലപ്പോഴെല്ലാം അതിന്റെ വന്യസ്വഭാവം പുറത്തുവരുമെന്നതിനാൽ പാപ്പാന്മാർ വളരെ കരുതലുള്ളവരായിരിക്കും. ആന പൂർണമായും മെരുങ്ങുന്നതുവരെ കഴുത്തിൽ രണ്ടു വശത്തും കയറിട്ട്‌ താപ്പാനകളുമായി ബന്ധിച്ച്‌ അവയുടെ അകമ്പടിയോടെയാണ്‌ പുഴയിലേക്കും മറ്റും കൊണ്ടുപോകുന്നത്‌.

ആജ്ഞാവാക്കുകൾ ഗ്രഹിക്കാൻ പഠിച്ചുകഴിഞ്ഞാൽ പാപ്പാൻ ആനയുടെ പുറത്തു കയറി കാലിന്റെ പെരുവിരലും ഉപ്പൂറ്റിയുംകൊണ്ട്‌ ദേഹത്ത്‌ അമർത്തി കൂടുതലായ ചില നിർദേശങ്ങൾ അതിനെ പഠിപ്പിക്കാൻതുടങ്ങും. പെരുവിരൽ രണ്ടും ചെവിക്കുപിന്നിലായി മുന്നോട്ടൂന്നിയാൽ ആന മുന്നോട്ടു നടക്കും. കാലിന്റെ ഉപ്പൂറ്റി രണ്ടും പുറകോട്ട്‌ അമർത്തിയാൽ ആന പിന്നോക്കം നടക്കുന്നതാണ്‌. ഒരു സമയത്ത്‌ ഒരാൾമാത്രം ആജ്ഞകൾ നൽകുകയാണു വേണ്ടത്‌. അല്ലാഞ്ഞാൽ ആന ആശയക്കുഴപ്പത്തിലാകും. മൂന്നോ നാലോ വർഷത്തിനുള്ളിൽ എല്ലാ നിർദേശങ്ങളും മനസ്സിലാക്കാൻ ആന പഠിച്ചിരിക്കും; ജീവിതകാലം മുഴുവൻ അവ ഓർത്തിരിക്കുകയും ചെയ്യും. ശരീരവലിപ്പവുമായി താരതമ്യംചെയ്യുമ്പോൾ ആനയുടെ തലച്ചോർ ചെറുതാണെങ്കിലും നല്ല ബുദ്ധിയുള്ള ഒരു ജീവിയാണത്‌.

ഗജപരിപാലനം

ആനയ്‌ക്ക്‌ നല്ല ആരോഗ്യപരിപാലനം ആവശ്യമാണ്‌. അതുപോലെതന്നെ പ്രധാനമാണ്‌ അതിനെ സന്തോഷിപ്പിച്ചുനിറുത്തുന്നതും. ദിവസവുമുള്ള കുളി ആനയ്‌ക്കു നിർബന്ധമാണ്‌. കല്ലും ചകിരിത്തൊണ്ടും ഉപയോഗിച്ചാണ്‌ അതിനെ തേച്ചുകുളിപ്പിക്കുന്നത്‌. കട്ടിയുള്ളതെങ്കിലും വളരെ മൃദുലവും സംവേദകത്വമുള്ളതുമാണ്‌ ആനയുടെ ചർമം.

ഇനി പ്രഭാതഭക്ഷണത്തിന്റെ കാര്യം. ഗോതമ്പ്‌, തിന, മുതിര മുതലായവ വേവിച്ചുടച്ചതാണ്‌ മിക്കപ്പോഴും കൊടുക്കുന്നത്‌. ഇല്ലി, പട്ട, പുല്ല്‌ എന്നിവയാണ്‌ പഥ്യാഹാരം. കാരറ്റും കരിമ്പും കൂടിയുണ്ടെങ്കിൽ കുശാൽ! തീറ്റയാണ്‌ ആനയുടെ പ്രധാന പരിപാടി. ദിവസം 140 കിലോ ആഹാരവും 150 ലിറ്റർ വെള്ളവും കക്ഷി അകത്താക്കും. ഗജവീരനുമായി രമ്യതയിൽ കഴിയണമെങ്കിൽ പാപ്പാൻ ഇതിലൊരു വിട്ടുവീഴ്‌ചയും വരുത്തിക്കൂടാ.

ദ്രോഹിച്ചാൽ. . .

ഇന്ത്യൻ ആനകളെക്കൊണ്ട്‌ ഒരു പരിധിക്കപ്പുറം പണിയെടുപ്പിക്കാനാവില്ല. വാക്കാലോ പ്രവൃത്തിയാലോ ആനയെ പീഡിപ്പിക്കുന്ന പാപ്പാനെ അതു വെറുതെവിടാറില്ല. പാപ്പാന്മാരുടെ ക്രൂരതയെത്തുടർന്ന്‌ ഒരു കൊമ്പൻ ഇടഞ്ഞതിനെക്കുറിച്ച്‌ സൺഡേ ഹെറാൾഡ്‌ റിപ്പോർട്ടു ചെയ്യുകയുണ്ടായി. ‘പാപ്പാന്റെ ഉപദ്രവംനിമിത്തം ക്രുദ്ധനായ ആനയെ തളയ്‌ക്കാൻ മയക്കുവെടി പ്രയോഗിക്കേണ്ടിവന്നു’ എന്ന്‌ പത്രം പറയുന്നു. 2007 ഏപ്രിലിൽ ഇന്ത്യാ ടുഡേ ഇന്റർനാഷണൽ ഇങ്ങനെ റിപ്പോർട്ടുചെയ്‌തു: “ഇക്കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഉത്സവത്തിന്‌ എഴുന്നള്ളിച്ചുനിറുത്തിയിരുന്ന പത്തിലേറെ കൊമ്പന്മാർ ഇടഞ്ഞ്‌ പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്‌; 2006 ജനുവരിമുതൽ ഇന്നോളം 48 പാപ്പാന്മാരെയാണ്‌ ആനകൾ വകവരുത്തിയിരിക്കുന്നത്‌.” മിക്കപ്പോഴും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്‌ മദകാലത്താണ്‌. ഓരോ വർഷവും ഇണചേരുന്ന സമയത്തുണ്ടാകുന്ന ശാരീരിക പ്രക്രിയയാണ്‌ മദപ്പാട്‌. ആ കാലത്ത്‌, പ്രായപൂർത്തിയായ കൊമ്പനാനകളിലും മോഴകളിലും ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ അളവു വർധിക്കുന്നു. ഇതുമൂലം മറ്റു കൊമ്പനാനകളെയും മനുഷ്യരെയും കാണുമ്പോൾ അവ രൗദ്രഭാവവും വെപ്രാളവും പ്രകടിപ്പിക്കുന്നു. മദപ്പാട്‌ 15 ദിവസംമുതൽ മൂന്നുമാസംവരെ നീണ്ടുനിന്നേക്കാം.

ആനയെ വിൽക്കുകയും മറ്റൊരു പാപ്പാൻ അതിനെ ഏറ്റെടുക്കുകയും ചെയ്യുമ്പോഴും അത്‌ ഇടഞ്ഞേക്കാം; പഴയ പാപ്പാനുമായി അത്‌ അത്രയ്‌ക്ക്‌ അടുത്തുകഴിഞ്ഞിരിക്കും. പുതിയ സാഹചര്യവുമായി ഇണങ്ങിച്ചേരാൻ ആനയെ സഹായിക്കുന്നതിന്‌ സാധാരണഗതിയിൽ പഴയ ചുമതലക്കാരനും കൂടെപ്പോകാറുണ്ട്‌. ആന പുതിയ പാപ്പാനുമായി ഇണങ്ങുന്നതുവരെ പഴയ ആനക്കാരൻ കൂടെയുണ്ടാകും. പാപ്പാൻ മരിക്കുകയും മറ്റൊരാൾ ആ സ്ഥാനത്തു വരുകയും ചെയ്യുമ്പോൾ പ്രശ്‌നം കൂടുതൽ ഗുരുതരമായേക്കാം. എങ്കിലും കാലക്രമത്തിൽ പുതിയ സാഹചര്യവുമായി ആന പൊരുത്തപ്പെട്ടുകൊള്ളും.

കരയിലെ ഏറ്റവും വലിയ മൃഗമായ ആനയെ പലർക്കും പേടിയാണ്‌. എന്നാൽ ഇണങ്ങിക്കഴിഞ്ഞാൽ ഏത്‌ ആനയും സ്‌നേഹമുള്ള ആനക്കാരന്റെ മുമ്പിൽ മുട്ടുമടക്കും. ആനയെ അനുനയിപ്പിച്ചു കൊണ്ടുനടക്കുന്നപക്ഷം അതിനെ തളച്ചിടാതെതന്നെ ആനക്കാരന്‌ അൽപ്പനേരത്തേക്ക്‌ എവിടേക്കെങ്കിലുമൊക്കെ മാറാൻ കഴിയും. ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ പാപ്പാൻ ചെയ്യുന്നത്‌ ഇത്രമാത്രം: കൈയിലുള്ള കോൽ ആനയുടെ പാദത്തിൽ ചാരിവെക്കുക; അവിടെത്തന്നെ നിൽക്കണമെന്ന്‌ ആജ്ഞയും കൊടുക്കുക. ആന അനങ്ങാതെ അവിടെത്തന്നെ നിന്നുകൊള്ളും. തുടക്കത്തിൽ പറഞ്ഞതുപോലെ, ആനയും ആനക്കാരനും തമ്മിലുള്ള ബന്ധം അതിശയിപ്പിക്കത്തക്കതാണ്‌. ഒരു നല്ല ആനക്കാരന്‌ തന്റെ ആനയെ വിശ്വസിക്കാം.

[12-ാം പേജിലെ ചതുരം/ചിത്രം]

ആനയും മനുഷ്യനും—ഒരു നീണ്ട ചരിത്രം

മനുഷ്യൻ കാട്ടാനകളെ മെരുക്കിയെടുത്ത്‌ നാട്ടിൽ വളർത്താൻ തുടങ്ങിയിട്ട്‌ സഹസ്രാബ്ദങ്ങളായി. ബി.സി. മൂന്നാം നൂറ്റാണ്ടിൽ കാർത്തജീനിയൻ ജനറലായ ഹാനിബാൾ നയിച്ച പടയിൽ നിരവധി ആനകൾ ഉണ്ടായിരുന്നു. പ്യൂണിക്ക്‌ യുദ്ധങ്ങൾ എന്നറിയപ്പെടുന്ന, ഒരു നൂറ്റാണ്ടു നീണ്ടുനിന്ന യുദ്ധപരമ്പരയിൽ വടക്കെ ആഫ്രിക്കയിലെ കാർത്തേജ്‌ നഗരം റോമിനോട്‌ ഏറ്റുമുട്ടി. റോമിലേക്കു മുന്നേറാനുള്ള ഉദ്യമത്തിൽ ഹാനിബാൾ, സ്‌പെയിനിലെ കാർത്തജീന എന്ന നഗരത്തിൽ സൈന്യത്തെ കൂട്ടിവരുത്തി. ഹാനിബാളും സൈന്യവും പിറണിസ്‌ പർവതനിര കടന്ന്‌, ഇന്ന്‌ ഫ്രാൻസ്‌ എന്നറിയപ്പെടുന്ന പ്രദേശത്തെത്തി. പിന്നെ, 37 ആഫ്രിക്കൻ ആനകളും അസംഖ്യം ചുമട്ടുമൃഗങ്ങളും 25,000 പടയാളികളുമായി ഹാനിബാൾ ആൽപ്‌സ്‌ പർവതനിര കടന്ന്‌ ഇറ്റലിയിൽച്ചെന്നു. “ചരിത്രത്തിലെ ഏറ്റവും ധീരമായ പടയോട്ടങ്ങളിലൊന്ന്‌” എന്നാണ്‌ ആർക്കിയോളജി മാസിക ഇതിനെ വിശേഷിപ്പിച്ചത്‌. മാർഗമധ്യേ കൊടുംതണുപ്പ്‌, ശീതക്കാറ്റ്‌, പാറയിടിച്ചിൽ, ഗിരിവർഗക്കാരിൽനിന്നുള്ള ആക്രമണം എന്നിവയൊക്കെ അവർക്കു നേരിടേണ്ടിവന്നു. ആ യാത്ര ആനകൾക്ക്‌ അങ്ങേയറ്റം ദുഷ്‌കരമായിരുന്നു. ഇറ്റലിയിൽ ചെന്ന ആദ്യവർഷംതന്നെ അവയെല്ലാം ചത്തൊടുങ്ങി.

[കടപ്പാട്‌]

© Look and Learn Magazine Ltd/The Bridgeman Art Library

[11 പേജിൽ ചിത്രം]

ആനയെ തേച്ചുകുളിപ്പിക്കുന്നു

[കടപ്പാട്‌]

© Vidler/mauritius images/age fotostock

[10 പേജിൽ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© PhotosIndia/age fotostock