വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങൾ അബോർഷൻ വേണ്ടെന്നുവെച്ചത്‌ എത്ര നന്നായി!

ഞങ്ങൾ അബോർഷൻ വേണ്ടെന്നുവെച്ചത്‌ എത്ര നന്നായി!

ഞങ്ങൾ അബോർഷൻ വേണ്ടെന്നുവെച്ചത്‌ എത്ര നന്നായി!

അബോർഷനു താൻ തയ്യാറല്ലെന്ന്‌ വിക്‌ടോറിയ കാമുകനായ ബില്ലിനോട്‌ തീർത്തുപറഞ്ഞു. “എന്റെ ഉള്ളിൽ മറ്റൊരു ജീവൻ തുടിക്കുന്നത്‌ എനിക്ക്‌ അറിയാൻ കഴിഞ്ഞിരുന്നു,” വിക്‌ടോറിയ പറയുന്നു. “ബില്ലിനോടൊപ്പം കഴിയുകയാണെങ്കിൽ ഗർഭകാലത്ത്‌ യാതൊരു സഹായവും അദ്ദേഹത്തിൽനിന്നു പ്രതീക്ഷിക്കാനാവില്ലെന്ന്‌ എനിക്കു മനസ്സിലായി. അതുകൊണ്ട്‌ ഞാൻ അവിടെനിന്നു പോന്നു.”

സന്തോഷകരമെന്നു പറയട്ടെ, പിന്നീട്‌ ബില്ലിന്റെ മനസ്സുമാറി. അദ്ദേഹം വിക്‌ടോറിയയെ വിവാഹംചെയ്‌തു. എന്നാൽ കുഞ്ഞിനെ എങ്ങനെ വളർത്തും എന്നത്‌ അവരുടെ മുമ്പിൽ ഒരു ചോദ്യചിഹ്നമായിരുന്നു. “പണമില്ലാതെ ഞങ്ങൾ നട്ടംതിരിയുകയായിരുന്നു. നല്ല വസ്‌ത്രങ്ങളോ വണ്ടിയോ ഒന്നും ഞങ്ങൾക്കുണ്ടായിരുന്നില്ല,” വിക്‌ടോറിയ ഓർക്കുന്നു. “തുച്ഛമായ ശമ്പളമാണ്‌ ബില്ലിനു കിട്ടിയിരുന്നത്‌. തീരെ ചെറിയ ഒരു വാടകവീട്ടിലാണ്‌ ഞങ്ങൾ താമസിച്ചിരുന്നത്‌. എങ്കിലും ഞങ്ങൾ പിടിച്ചുനിന്നു.”

അപ്രതീക്ഷിതമായ ഗർഭധാരണം പലരെയും ഇങ്ങനെയുള്ള പ്രതിസന്ധികളിലാക്കിയിട്ടുണ്ട്‌. എങ്കിലും അവരും ഗർഭഛിദ്രത്തിനു വിധേയരാകാതെ പിടിച്ചുനിന്നിട്ടുണ്ട്‌. തീരുമാനത്തിൽ ഉറച്ചുനിൽക്കാനും കുട്ടിയെ വളർത്തിക്കൊണ്ടുവരുന്നതിലെ വെല്ലുവിളികൾ നേരിടാനും അവർക്കു സാധിച്ചത്‌ എങ്ങനെയാണ്‌? ബൈബിളിലെ ജ്ഞാനമൊഴികൾ അനുസരിച്ചതാണ്‌ അതിന്‌ അവരെ പ്രാപ്‌തരാക്കിയത്‌.

എടുത്തുചാട്ടം ഒഴിവാക്കുക, പ്രായോഗിക പടികൾ സ്വീകരിക്കുക

“ശ്രദ്ധയോടെയുള്ള പദ്ധതികൾ നേട്ടമുണ്ടാക്കും. അശ്രദ്ധയോടെ കാര്യങ്ങൾ വേഗത്തിൽ ചെയ്യുന്നവൻ ദരിദ്രനായിത്തീരും.”—സദൃശവാക്യങ്ങൾ 21:5, പരിശുദ്ധ ബൈബിൾ—ഈസി റ്റു റീഡ്‌ വേർഷൻ.

മൂന്നുമക്കളുടെ അമ്മയായിരുന്നു കാന്നി. അതിലൊരാൾക്ക്‌ അംഗവൈകല്യവുമുണ്ടായിരുന്നു. നാലാമതൊരു കുട്ടിയെക്കുറിച്ച്‌ ചിന്തിക്കാൻ കഴിയുന്ന അവസ്ഥയിലേയായിരുന്നില്ല അവർ. കാന്നി പറയുന്നു: “ഒരു കുട്ടിയെക്കൂടി പോറ്റാനുള്ള കഴിവ്‌ ഞങ്ങൾക്കില്ലായിരുന്നു. അതുകൊണ്ട്‌ ഗർഭം അലസിപ്പിച്ചാലോ എന്നു ഞങ്ങൾ ചിന്തിച്ചു.” എന്നാൽ എടുത്തുചാടാതെ അവർ അതേക്കുറിച്ച്‌ സഹപ്രവർത്തകയായ കേയോട്‌ സംസാരിച്ചു. ജനിച്ചിട്ടില്ലെങ്കിലും അവരുടെ ഉള്ളിലുള്ളത്‌ ജീവനുള്ള ഒരു വ്യക്തിയാണെന്ന്‌ കേ അവരെ പറഞ്ഞുമനസ്സിലാക്കി. അതോടെ കാന്നി തന്റെ തീരുമാനം മാറ്റി.

എന്നാൽ ഭാവികാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതിന്‌ കാന്നിക്ക്‌ സഹായം ആവശ്യമായിരുന്നു. കാന്നിയുടെ ഒരു അമ്മായി ആ പ്രദേശത്തു താമസിക്കുന്നുണ്ടായിരുന്നു. അവരുടെ സഹായം അഭ്യർഥിച്ചുകൂടേയെന്ന്‌ കാന്നിയോട്‌ കേ ചോദിച്ചു. സഹായിക്കാൻ അമ്മായി തയ്യാറായിരുന്നു. സാധാരണ ജോലിക്കുപുറമേ മറ്റൊരു ജോലികൂടെ ചെയ്യാൻ കാന്നിയുടെ ഭർത്താവും തയ്യാറായി. അവർ വാടക കുറഞ്ഞ മറ്റൊരു വീട്ടിലേക്കു താമസം മാറുകയും ചെയ്‌തു. അങ്ങനെ കുടുംബത്തിലേക്ക്‌ പുതിയ ഒരു അംഗത്തെക്കൂടെ സ്വാഗതം ചെയ്യാൻ അവർ തയ്യാറെടുത്തു.

അപ്രതീക്ഷിതമായി ഗർഭം ധരിക്കുന്നവർക്ക്‌ സഹായങ്ങൾ നൽകുന്ന ചില ഏജൻസികളെ കണ്ടെത്താനും കാന്നിയെ കേ സഹായിച്ചു. പല രാജ്യങ്ങളിലും ഇത്തരം ഏജൻസികൾ പ്രവർത്തിക്കുന്നുണ്ട്‌. ഇന്റർനെറ്റിൽനിന്നോ ടെലിഫോൺ ഡയറക്‌ടറികളിൽനിന്നോ അവരുടെ വിലാസം കണ്ടുപിടിക്കാവുന്നതാണ്‌. ഇതെല്ലാം ശ്രമകരമാണെന്നതു സത്യമാണ്‌. എങ്കിലും ബൈബിൾ പറയുന്നതുപോലെ, “ശ്രദ്ധയോടെയുള്ള പദ്ധതി”കൾ വിജയിക്കുകതന്നെ ചെയ്യും.

അതും ഒരു ജീവനാണെന്ന യാഥാർഥ്യം അംഗീകരിക്കുക

“ജ്ഞാനിക്കു തലയിൽ കണ്ണുണ്ടു; ഭോഷൻ ഇരുട്ടിൽ നടക്കുന്നു.”സഭാപ്രസംഗി 2:14.

വിവേകമതിയായ ഒരു സ്‌ത്രീ ഒരിക്കലും യാഥാർഥ്യത്തിനുനേരെ കണ്ണടച്ച്‌ ‘ഇരുട്ടിൽ നടക്കില്ല.’ ‘തലയിലെ കണ്ണുകൾ,’ അതായത്‌ തന്റെ ബുദ്ധി, ഉപയോഗിച്ച്‌ അവൾ പ്രവർത്തിക്കും. തന്റെ ചെയ്‌തികളുടെ ഭവിഷ്യത്തുക്കൾ എന്തായിരിക്കുമെന്നു ചിന്തിക്കാനുള്ള കഴിവ്‌ അവൾക്കുണ്ട്‌. തന്റെ ഉദരത്തിൽ തുടിക്കുന്നത്‌ ഒരു അമൂല്യ ജീവനാണെന്ന സത്യം മനസ്സിലാക്കാതെ പ്രവർത്തിക്കുന്ന സ്‌ത്രീയിൽനിന്നു വ്യത്യസ്‌തമായി, സഹാനുഭൂതിയോടെ അവൾ തന്റെ ഗർഭസ്ഥ ശിശുവിനെ സംരക്ഷിക്കും.

ഗർഭഛിദ്രത്തെക്കുറിച്ച്‌ ആലോചിച്ചുകൊണ്ടിരുന്ന സമയത്താണ്‌ സ്റ്റെഫാനി എന്ന പെൺകുട്ടി, തന്റെ ഉള്ളിൽ വളരുന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ സോണോഗ്രാം കാണാനിടയായത്‌. “‘ഒരു ജീവനെ നശിപ്പിക്കുന്നതിനെക്കുറിച്ചാണല്ലോ ഞാൻ ചിന്തിച്ചത്‌’ എന്നോർത്തപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു,” സ്റ്റെഫാനി പറയുന്നു.

അവിഹിതമായി ഗർഭംധരിച്ച ഡെനിസ്‌ എന്ന യുവതിയും, താൻ ഉദരത്തിൽ വഹിക്കുന്നത്‌ ഒരു ജീവനെയാണെന്ന യാഥാർഥ്യം മനസ്സിലാക്കിയിരുന്നു. ഗർഭമലസിപ്പിക്കാൻ അവളുടെ കാമുകൻ പണം നൽകിയപ്പോൾ, താൻ ഒരിക്കലും അതു ചെയ്യില്ലെന്നായിരുന്നു ഡെനിസിന്റെ മറുപടി. അതെ, തന്റെ കുഞ്ഞിനെ നശിപ്പിക്കാൻ അവൾ തയ്യാറായില്ല.

മറ്റുള്ളവരെ പേടിച്ച്‌. . .

അബോർഷനു വിധേയമാകാൻ മറ്റുള്ളവർ നിർബന്ധിക്കുമ്പോൾ ബൈബിൾ നൽകുന്ന ഈ ഉപദേശം ഓർക്കുന്നതു നന്നായിരിക്കും: “മാനുഷഭയം ഒരു കണി ആകുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.”സദൃശവാക്യങ്ങൾ 29:25.

ഒരു ബിസിനസ്സ്‌ കോഴ്‌സിൽ ചേരാനിരിക്കെയാണ്‌ 17-കാരിയായ മോനിക്ക കാമുകനിൽനിന്ന്‌ ഗർഭംധരിച്ചത്‌. മോനിക്കയുടെ അമ്മ ആകെ തകർന്നുപോയി. അഞ്ചു മക്കളുള്ള ആ സ്‌ത്രീ വിധവയായിരുന്നു. മകൾ പഠിച്ച്‌ ഒരു നല്ല നിലയിലെത്തുന്നത്‌ സ്വപ്‌നംകണ്ടുകഴിയുകയായിരുന്നു അവർ. ആകെ വഴിമുട്ടിയ അവസ്ഥയിൽ അവർ മകളെ ഗർഭഛിദ്രത്തിനു നിർബന്ധിച്ചു. “അബോർഷനു താത്‌പര്യമുണ്ടോ എന്ന്‌ ഡോക്‌ടർ ചോദിച്ചപ്പോൾ ‘ഇല്ല’ എന്നായിരുന്നു എന്റെ മറുപടി,” മോനിക്ക പറയുന്നു.

മകളെക്കുറിച്ചു താൻ കണ്ട സ്വപ്‌നങ്ങളെല്ലാം തകരുന്നതിന്റെ ആഘാതവും ഇനിയൊരു ഭാരംകൂടെ ഏറ്റെടുക്കാനാവില്ലെന്ന തോന്നലും മകളെ വീട്ടിൽനിന്ന്‌ ഇറക്കിവിടാൻ മോനിക്കയുടെ അമ്മയെ പ്രേരിപ്പിച്ചു. മോനിക്ക തന്റെ ആന്റിയുടെ വീട്ടിൽ അഭയംതേടി. ഏതാനും ആഴ്‌ച കഴിഞ്ഞപ്പോൾ മോനിക്കയുടെ അമ്മയുടെ മനസ്സുമാറി. അവർ മോനിക്കയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. മോനിക്കയുടെ പ്രസവശേഷം അവർ ആ കുട്ടിയെ പൊന്നുപോലെ വളർത്തി.

റോബിൻ എന്ന സ്‌ത്രീക്ക്‌ അബോർഷൻ ചെയ്യാനുള്ള സമ്മർദമുണ്ടായത്‌ ഒരു ഡോക്‌ടറിൽനിന്നാണ്‌. “ഞാൻ ഗർഭിണിയാണെന്നറിയാതെ ഡോക്‌ടർ കിഡ്‌നി ഇൻഫെക്ഷനുള്ള ചികിത്സ നടത്തി,” റോബിൻ പറയുന്നു. “പിന്നീട്‌ ഞാൻ ഗർഭിണിയാണെന്നു മനസ്സിലാക്കിയപ്പോൾ ജനിക്കുന്ന കുഞ്ഞിന്‌ ബുദ്ധിമാന്ദ്യമുണ്ടാകാൻ വളരെ സാധ്യതയുണ്ടെന്ന്‌ ഡോക്‌ടർ പറഞ്ഞു.” അബോർഷൻ നടത്താൻ ഡോക്‌ടർ അവരെ നിർബന്ധിച്ചു. “ജീവനെ ബൈബിൾ എങ്ങനെയാണ്‌ വീക്ഷിക്കുന്നതെന്ന്‌ ഞാൻ അദ്ദേഹത്തിനു വിശദീകരിച്ചുകൊടുത്തു. അബോർഷനു തയ്യാറല്ലെന്നും ഞാൻ അറിയിച്ചു,” റോബിൻ പറയുന്നു.

ഡോക്‌ടറുടെ ഭയം ഉചിതമായിരുന്നെങ്കിലും റോബിന്റെ ജീവന്‌ അപകടമൊന്നും ഉണ്ടായിരുന്നില്ല. * “കുഞ്ഞ്‌ ജനിച്ചപ്പോൾ പല പരിശോധനകളും നടത്തി. അവൾക്കു ചെറിയ തോതിൽ സെറിബ്രൽ പാൾസിയുണ്ടായിരുന്നതേയുള്ളൂ. നേരിയ ബുദ്ധിമാന്ദ്യമുണ്ടെങ്കിലും മറ്റു തകരാറുകളൊന്നുമില്ല. ഇപ്പോൾ അവൾക്ക്‌ 15 വയസ്സുണ്ട്‌. അവളുടെ വായനാപ്രാപ്‌തി ഒന്നിനൊന്ന്‌ മെച്ചപ്പെട്ടുവരുന്നു. യഹോവ എനിക്കു തന്ന നിധിയാണവൾ. ദിവസവും പല പ്രാവശ്യം ഞാൻ അവൾക്കുവേണ്ടി യഹോവയോടു നന്ദി പറയാറുണ്ട്‌.”

ദൈവവുമായുള്ള ബന്ധം

“യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാർക്കു ഉണ്ടാകും.”സങ്കീർത്തനം 25:14.

ഗർഭഛിദ്രത്തെ സ്രഷ്ടാവ്‌ എങ്ങനെ വീക്ഷിക്കുന്നു എന്നുള്ളതാണ്‌ അത്‌ വേണ്ടെന്നുവെക്കാൻ പലരെയും പ്രേരിപ്പിക്കുന്ന സംഗതി. ദൈവവുമായി ഒരു നല്ല ബന്ധം ഉണ്ടായിരിക്കുന്നതിനും അവനു പ്രസാധകരമായതു ചെയ്യുന്നതിനുമാണ്‌ അവർ ജീവിതത്തിൽ പ്രാധാന്യം നൽകുന്നത്‌. ഇതുതന്നെയാണ്‌ വിക്‌ടോറിയയെയും സ്വാധീനിച്ചത്‌. “ജീവൻ നൽകുന്നത്‌ ദൈവമാണെന്ന്‌ ഞാൻ ഉറച്ചുവിശ്വസിക്കുന്നു. ആ ജീവനെടുക്കാനുള്ള അധികാരം എനിക്കില്ലായിരുന്നു.”

വിക്‌ടോറിയ ആത്മാർഥമായി ബൈബിൾ പഠിക്കാൻ തുടങ്ങിയപ്പോൾ ദൈവവുമായുള്ള അവരുടെ ബന്ധവും ശക്തിപ്പെട്ടു. അവർ വിവരിക്കുന്നു: “കുഞ്ഞിനെ നശിപ്പിക്കാതിരിക്കാനുള്ള തീരുമാനം എന്നെ ദൈവത്തോടടുപ്പിച്ചു. ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും ദൈവത്തെ പ്രസാദിപ്പിക്കാനുള്ള ആഗ്രഹത്തിന്‌ അത്‌ കരുത്തുപകർന്നു. അവന്റെ വഴിനടത്തിപ്പിനായി പ്രാർഥിച്ചപ്പോൾ എല്ലാം ശരിയായതുപോലെ.”

ജീവന്റെ ഉറവായ ദൈവവുമായി അടുത്ത ബന്ധം വളർത്തിയെടുക്കുന്നത്‌ ഒരു അജാത ശിശുവിന്റെ ജീവനെപ്പോലും ആദരവോടെ വീക്ഷിക്കാൻ നമ്മെ പ്രേരിപ്പിക്കും. (സങ്കീർത്തനം 36:9) “അസാമാന്യശക്തി” നൽകിക്കൊണ്ട്‌, അപ്രതീക്ഷിത ഗർഭധാരണവുമായി പൊരുത്തപ്പെടുന്നതിന്‌ ഗർഭവതിയായ സ്‌ത്രീയെയും അവരുടെ കുടുംബത്തെയും സഹായിക്കാൻ ദൈവത്തിനാകും. (2 കൊരിന്ത്യർ 4:7) ആകട്ടെ, ജീവൻ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണത്തോട്‌ ആദരവു കാണിച്ചവർക്ക്‌ പിന്നീടു ഖേദിക്കേണ്ടിവന്നിട്ടുണ്ടോ?

തെല്ലും ഖേദമില്ല

കുറ്റബോധമോ നഷ്ടബോധമോ ഈ മാതാപിതാക്കളെ അലട്ടുന്നില്ല. “ഉദരഫലം” ഒരു അനുഗ്രഹമാണെന്നും അല്ലാതെ ശാപമല്ലെന്നും കാലാന്തരത്തിൽ അവർക്കു ബോധ്യപ്പെട്ടു. (സങ്കീർത്തനം 127:3) കുഞ്ഞിനു ജന്മം നൽകി രണ്ടുമണിക്കൂറിനുള്ളിൽത്തന്നെ കാന്നിക്ക്‌ ഈ സത്യം മനസ്സിലായി! മകൾ ജനിച്ചതിന്റെ ആഹ്ലാദം അവർ സഹപ്രവർത്തകയായ കേയുമായി ഫോണിലൂടെ പങ്കിട്ടു. “ദൈവത്തിനു പ്രസാദകരമായ കാര്യങ്ങൾ ചെയ്യുന്നവരെ അവൻ തീർച്ചയായും അനുഗ്രഹിക്കും,” സന്തോഷം അടക്കാനാവാതെ കാന്നി കൂട്ടിച്ചേർത്തു.

ജീവനെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നത്‌ പ്രയോജനകരമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ദൈവമാണ്‌ നമ്മുടെ ജീവന്റെ ഉറവ്‌. നമ്മുടെ “നന്മെക്കായി” തന്റെ നിയമങ്ങളും നിലവാരങ്ങളും എന്താണെന്ന്‌ ബൈബിളിലൂടെ അവൻ നമ്മെ അറിയിച്ചിരിക്കുന്നു.—ആവർത്തനപുസ്‌തകം 10:13.

വിക്‌ടോറിയയെയും ബില്ലിനെയും സംബന്ധിച്ചിടത്തോളം അബോർഷൻ വേണ്ടെന്ന തീരുമാനം അവരുടെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. അതേക്കുറിച്ച്‌ അവർ പറയുന്നത്‌ ഇങ്ങനെയാണ്‌: “ഞങ്ങൾ ലഹരിമരുന്നിന്‌ അടിമപ്പെട്ടിരുന്നു. അത്‌ തുടർന്നിരുന്നെങ്കിൽ ഞങ്ങൾ ഇന്ന്‌ ജീവിച്ചിരിക്കുമായിരുന്നില്ല. എന്നാൽ ജനിച്ചിട്ടില്ലാത്ത കുഞ്ഞിന്റെ ജീവനോട്‌ ആദരവു കാണിച്ചത്‌, സ്വന്തം ജീവനെ ഞങ്ങൾ എങ്ങനെ വീക്ഷിക്കുന്നു എന്നു പരിശോധിക്കാൻ ഞങ്ങളെ പ്രേരിപ്പിച്ചു. യഹോവയുടെ സാക്ഷികളുടെ സഹായത്തോടെ ഞങ്ങൾ ജീവിതത്തിനു മാറ്റംവരുത്തി.”

ഇന്ന്‌ അവരുടെ മകൻ ലാൻസിന്‌ 34 വയസ്സുണ്ട്‌. അദ്ദേഹം വിവാഹിതനായിട്ട്‌ 12 വർഷം കഴിഞ്ഞിരിക്കുന്നു. ലാൻസ്‌ വിശദീകരിക്കുന്നു: “കുട്ടിക്കാലം മുതൽക്കേ ബൈബിളിനെ ആസ്‌പദമാക്കി തീരുമാനങ്ങളെടുക്കാൻ മാതാപിതാക്കൾ എന്നെ പഠിപ്പിച്ചു. ഇത്‌ എനിക്കും എന്റെ ഭാര്യക്കും കുട്ടിക്കും പ്രയോജനം ചെയ്‌തിരിക്കുന്നു. അതില്ലായിരുന്നെങ്കിൽ ഞങ്ങൾക്കിന്ന്‌ ഈ സന്തോഷം അനുഭവിക്കാൻ സാധിക്കില്ലായിരുന്നു. വിക്‌ടോറിയയെ അബോർഷനു പ്രേരിപ്പിച്ച ബിൽ ഇപ്പോൾ എന്താണു പറയുന്നത്‌? “ഞങ്ങൾ ആ തീരുമാനം നടപ്പാക്കിയിരുന്നെങ്കിൽ! ഹോ, എനിക്കത്‌ ചിന്തിക്കാൻപോലും വയ്യ!”

ഗർഭഛിദ്രം നടത്താനുള്ള അമ്മയുടെ നിർബന്ധത്തിനു വഴങ്ങാതിരുന്ന മോനിക്ക പറയുന്നത്‌ ഇങ്ങനെയാണ്‌: “മകൻ ജനിച്ച്‌ രണ്ടാഴ്‌ച കഴിഞ്ഞപ്പോൾ ഞാൻ യഹോവയുടെ സാക്ഷികളുമായി ബന്ധപ്പെടാനിടയായി. ദൈവനിയമങ്ങൾക്കു ചേർച്ചയിൽ എങ്ങനെ ജീവിക്കാമെന്നു ഞാൻ പഠിച്ചു. ദൈവത്തെ അനുസരിക്കുന്നതുകൊണ്ടുള്ള പ്രയോജനങ്ങൾ ഞാൻ എന്റെ മകൻ ലിയോണിനെയും പഠിപ്പിച്ചു. കാലാന്തരത്തിൽ അവൻ ദൈവവുമായി ശക്തമായ ഒരു ബന്ധം വളർത്തിയെടുത്തു. ലിയോൺ ഇന്ന്‌ യഹോവയുടെ സാക്ഷികളുടെ സംഘടനയിൽ ഒരു സഞ്ചാര ശുശ്രൂഷകനാണ്‌.”

തന്റെ അമ്മയുടെ തീരുമാനത്തെക്കുറിച്ച്‌ ലിയോൺ പറയുന്നു: “അമ്മയ്‌ക്ക്‌ എന്നോട്‌ എത്ര സ്‌നേഹമുണ്ടായിരുന്നു കാണണം! അതുകൊണ്ടാണല്ലോ ഇത്രയൊക്കെ സമ്മർദമുണ്ടായിട്ടും എന്റെ ജീവൻ നശിപ്പിക്കാഞ്ഞത്‌. എനിക്കു ലഭിച്ച ജീവൻ ഏറ്റവും നല്ല രീതിയിൽ ഉപയോഗിച്ചുകൊണ്ട്‌ ആ അമൂല്യ ദാനത്തിനായി ദൈവത്തോടു കൃതജ്ഞത കാണിക്കാൻ ഇതെന്നെ പ്രേരിപ്പിക്കുന്നു.”

അതെ, ഈ മാതാപിതാക്കളാരും തങ്ങളുടെ തീരുമാനത്തിൽ ഖേദിക്കുന്നില്ല. മറിച്ച്‌, തങ്ങളുടെ കുഞ്ഞിന്റെ ജീവൻ പരിരക്ഷിച്ചതിൽ അവർക്ക്‌ സന്തോഷമേയുള്ളൂ. ജീവനെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം ഇവരെപ്പോലുള്ള നിരവധി മാതാപിതാക്കൾ തിരിച്ചറിഞ്ഞിരിക്കുന്നു. നന്ദിനിറഞ്ഞ ഹൃദയത്തോടെ അവർ ഇന്നു പറയുന്നത്‌ ഇങ്ങനെയാണ്‌: “ഞങ്ങൾ അബോർഷൻ വേണ്ടെന്നുവെച്ചത്‌ എത്ര നന്നായി!”

[അടിക്കുറിപ്പ്‌]

^ ഖ. 20 പ്രസവസമയത്ത്‌ ഒരു പ്രതിസന്ധി ഉണ്ടാകുന്നെങ്കിൽ കുഞ്ഞിന്റെ ജീവനാണോ അമ്മയുടെ ജീവനാണോ രക്ഷിക്കേണ്ടത്‌ എന്ന്‌ തീരുമാനിക്കേണ്ടത്‌ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളാണ്‌. എന്നാൽ ചികിത്സാരംഗത്ത്‌ വലിയ മുന്നേറ്റങ്ങൾ നടന്നിട്ടുള്ള ഇക്കാലത്ത്‌ ഇങ്ങനെയുള്ള സാഹചര്യങ്ങൾ വിരളമാണ്‌.

[13 പേജിൽ ചിത്രം]

തന്റെ ഉള്ളിൽ വളരുന്ന രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ സോണോഗ്രാം കണ്ടത്‌ ഉചിതമായ തീരുമാനമെടുക്കാൻ സ്റ്റെഫാനിയെ സഹായിച്ചു

(ഔട്ട്‌ലൈൻ കൂട്ടിച്ചേർത്തത്‌)

[14 പേജിൽ ചിത്രം]

വിക്‌ടോറിയയും ലാൻസും

[14, 15 പേജിൽ ചിത്രം]

വിക്‌ടോറിയയും ബില്ലും ലാൻസിന്റെ കുടുംബത്തോടൊപ്പം

[15 പേജിൽ ചിത്രം]

മോനിക്കയും മകൻ ലിയോണും; 36 വർഷംമുമ്പ്‌ മോനിക്ക കൈക്കൊണ്ട തീരുമാനത്തിൽ ഈ അമ്മയും മകനും ഇന്നു സന്തോഷിക്കുന്നു