സമയം എങ്ങനെ കൈപ്പിടിയിലൊതുക്കാം?
യുവജനങ്ങൾ ചോദിക്കുന്നു
സമയം എങ്ങനെ കൈപ്പിടിയിലൊതുക്കാം?
“‘മൂന്നുമണിക്കെന്നു പറഞ്ഞാലേ നാലുമണിക്കെങ്കിലും അവൻ എത്തൂ’ എന്ന് ആരോ എന്നെക്കുറിച്ച് തമാശയായി പറയുന്നത് ഞാൻ കേട്ടു. സമയം പാലിക്കുന്ന കാര്യത്തിൽ ഞാൻ മെച്ചപ്പെടേണ്ടതുണ്ടെന്ന് അപ്പോഴാണ് എനിക്കു മനസ്സിലായത്.”—റിക്കി.*
ദിവസത്തിൽ 24 മണിക്കൂർ പോരെന്നു നിങ്ങൾക്കു തോന്നിയിട്ടുണ്ടോ? ശരി, കുറച്ചുകൂടെ സമയം നിങ്ങൾക്ക് കിട്ടുകയാണെന്നിരിക്കട്ടെ. ആ സമയം നിങ്ങൾ എങ്ങനെയായിരിക്കും ഉപയോഗിക്കുക?
❑ കൂട്ടുകാരോടൊപ്പം ചെലവഴിക്കും
❑ ഉറങ്ങും
❑ പഠിക്കും
❑ വ്യായാമം ചെയ്യും
❑ മറ്റെന്തെങ്കിലും
24 മണിക്കൂറിലധികം സമയം! കാര്യമൊക്കെ കൊള്ളാം. പക്ഷേ അതൊരിക്കലും സംഭവിക്കാൻ പോകുന്നില്ല എന്നതാണു വാസ്‌തവം. അപ്പോൾപ്പിന്നെ എന്തു ചെയ്യും? ഉള്ള സമയം മെച്ചമായി ഉപയോഗിക്കാനും അങ്ങനെ ‘സമയമില്ല’ എന്ന പരാതിക്കു പരിഹാരം കാണാനും പഠിക്കുകതന്നെ. പല ചെറുപ്പക്കാരും അതു പഠിച്ചിരിക്കുന്നു. സമയത്തെ കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞത് മാനസിക പിരിമുറുക്കം കുറയ്‌ക്കാനും കൂടുതൽ മാർക്കു വാങ്ങാനും മാതാപിതാക്കളുടെ വിശ്വാസം ആർജിക്കാനും അവരെ സഹായിച്ചിരിക്കുന്നു. നിങ്ങൾക്കും അതിനു സാധിക്കും. എങ്ങനെ?
#1 ഒരു ടൈംടേബിൾ ഉണ്ടാക്കുക
തടസ്സം: ടൈംടേബിൾ അനുസരിച്ച് കാര്യങ്ങൾ ചെയ്യുന്നത് ഒരു കൂച്ചുവിലങ്ങായി നിങ്ങൾക്കു തോന്നിയേക്കാം. പ്ലാൻ ചെയ്യാതെ കാര്യങ്ങൾ ചെയ്യാനായിരിക്കാം നിങ്ങൾക്കിഷ്ടം. ടൈംടേബിൾ നിങ്ങളുടെ ജീവിതത്തെ നിയന്ത്രിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നില്ലായിരിക്കാം.
പ്രയോജനം: “ഉത്സാഹിയുടെ വിചാരങ്ങൾ സമൃദ്ധിഹേതുകങ്ങൾ ആകുന്നു” എന്ന് ശലോമോൻ രാജാവ് എഴുതി. (സദൃശവാക്യങ്ങൾ 21:5) വളരെ തിരക്കുള്ള ഒരു മനുഷ്യനായിരുന്നു ശലോമോൻ. സാധ്യതയനുസരിച്ച് 20 വയസ്സാകുന്നതിനുമുമ്പുതന്നെ അദ്ദേഹം ഒരു ഭർത്താവും അച്ഛനും രാജാവുമൊക്കെയായി. പിന്നീട് അദ്ദേഹത്തിന്റെ ജീവിതം അതിലും തിരക്കുള്ളതായി. നിങ്ങളുടെ ജീവിതവും ഇതുപോലെ തിരക്കുള്ളതായിരിക്കാം. വർഷങ്ങൾ കടന്നുപോകുന്തോറും അത് ഇനിയും തിരക്കുള്ളതായിത്തീർന്നേക്കാം. അതുകൊണ്ട് ഇപ്പോൾത്തന്നെ അടുക്കുംചിട്ടയോടുംകൂടി കാര്യങ്ങൾ ചെയ്യാൻ പഠിക്കുന്നതായിരിക്കും നല്ലത്.
നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്: “ആറു മാസംമുമ്പ് പതിവായി ഞാൻ ഷെഡ്യൂൾ അനുസരിച്ചു കാര്യങ്ങൾ ചെയ്യാൻ തുടങ്ങി. അതോടെ എല്ലാം എളുപ്പമായി!”—ജോയി.
“ടൈംടേബിൾ ഉണ്ടായിരിക്കുന്നത് സമയത്ത് എല്ലാം ചെയ്‌തുതീർക്കാൻ എന്നെ സഹായിക്കുന്നു. ഒരുപാടു കാര്യങ്ങൾ ചെയ്യാനുള്ളപ്പോൾ ഞാനും അമ്മയുംകൂടെ ഒരു ലിസ്റ്റു തയ്യാറാക്കും. ലക്ഷ്യത്തിലെത്താൻ പരസ്‌പരം സഹായിക്കുന്നതിന് ഇതു ഞങ്ങൾക്ക് ഉപകരിക്കുന്നു.”—മല്ലോറി.
നുറുങ്ങ്: നിങ്ങളും വീട്ടുകാരും ഒരു യാത്ര പുറപ്പെടുകയാണെന്നിരിക്കട്ടെ. ഓരോരുത്തരും അവരവരുടെ
ലഗേജ് തോന്നിയതുപോലെ കാറിന്റെ ഡിക്കിയിൽ കൊണ്ടുവന്നിടുകയാണെങ്കിലോ? എല്ലാറ്റിനുംകൂടെ സ്ഥലം തികയാതെവരും. എന്നാൽ ആദ്യം വലിയ ബാഗുകൾ അടുക്കിവെച്ചശേഷം ചെറിയ ബാഗുകൾ വെക്കാൻ ശ്രമിക്കുന്നെങ്കിലോ? എല്ലാം ഡിക്കിയിൽ കൊള്ളിക്കാനാകും!ജീവിതത്തിന്റെ കാര്യത്തിലും ഇത് ശരിയായിരിക്കാം. നിസ്സാര കാര്യങ്ങൾക്കുവേണ്ടി സമയം കളഞ്ഞാൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താൻ കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് ആദ്യം വലിയ കാര്യങ്ങൾക്കായി സമയം മാറ്റിവെക്കുക. അപ്പോൾ ചെറിയചെറിയ കാര്യങ്ങൾ ചെയ്യാൻ ധാരാളം സമയമുണ്ടാകും.—ഫിലിപ്പിയർ 1:10.
ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾ ഏതൊക്കെയാണ്?
.....
ഇനി പ്രാധാന്യമനുസരിച്ച് അവ ലിസ്റ്റു ചെയ്യുക. ഏറ്റവും പ്രാധാന്യമുള്ള കാര്യങ്ങൾ ആദ്യം ചെയ്‌തു തീർക്കുകയാണെങ്കിൽ ബാക്കിയുള്ള സമയം ചെറിയ കാര്യങ്ങൾക്കായി ഉപയോഗപ്പെടുത്താനാകും. തിരിച്ചുചെയ്യാൻ ശ്രമിക്കുകയാണെങ്കിൽ പക്ഷേ കാര്യങ്ങൾ ശരിയാവില്ല.
ചെയ്യാവുന്നത്: ചെയ്യേണ്ട കാര്യങ്ങൾ മുൻഗണനാക്രമത്തിൽ ഒരു നോട്ട്‌പാഡിലൊ മറ്റോ എഴുതുക. അല്ലെങ്കിൽ, താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ഉപയോഗിക്കാനാകും.
❑ സെൽഫോൺ കലണ്ടർ
❑ പോക്കറ്റ് പ്ലാനർ
❑ കമ്പ്യൂട്ടർ കലണ്ടർ
❑ ഡെസ്‌ക്ക് കലണ്ടർ
#2 ടൈംടേബിൾ പിൻപറ്റുക
തടസ്സം: സ്‌കൂൾ കഴിഞ്ഞെത്തുന്ന നിങ്ങൾ ഒരൽപ്പസമയം ടിവി കാണാമെന്നു വിചാരിക്കുന്നു. പക്ഷേ നിങ്ങളറിയാതെ സമയം കടന്നുപോകുന്നു. അല്ലെങ്കിൽ, പഠിക്കാനിരിക്കുമ്പോഴാണ് ‘സിനിമയ്‌ക്ക് വരുന്നുണ്ടോ?’ എന്നു ചോദിച്ചുകൊണ്ടുള്ള ഒരു എസ്‌എംഎസ് കിട്ടുന്നത്. ‘പഠിക്കുന്നതു രാത്രിവേണമെങ്കിലുമാകാം, പക്ഷേ സിനിമയുടെ കാര്യത്തിൽ അതു പറ്റില്ലല്ലോ’ എന്നു നിങ്ങൾ ചിന്തിക്കുന്നു. ‘തന്നെയുമല്ല, കുറച്ചൊക്കെ പ്രഷറുണ്ടെങ്കിലേ പഠിക്കാനൊരു ഉഷാറുണ്ടാകൂ’ എന്നു നിങ്ങൾ മനസ്സിൽപ്പറയുന്നു.
പ്രയോജനം: ഉന്മേഷമുള്ളപ്പോൾ പഠിച്ചാൽ കാര്യങ്ങൾ പെട്ടെന്ന് മനസ്സിൽ പതിയും; നിങ്ങൾക്കു നല്ല മാർക്കു ലഭിക്കുകയും ചെയ്യും. വാസ്‌തവം പറഞ്ഞാൽ നിങ്ങൾക്ക് ഇപ്പോൾതന്നെ വേണ്ടതിലധികം പ്രഷറില്ലേ? പാതിരാത്രിയിരുന്ന് പരീക്ഷയ്‌ക്കുവേണ്ടി ഓടിച്ചിട്ടു പഠിക്കാമെന്നുവെച്ചാൽ അത് കൂടുകയല്ലേയുള്ളൂ? രാവിലെ എഴുന്നേൽക്കാൻ വൈകിയെന്നുംവരാം. പിന്നെ ആകെയൊരു പരക്കംപാച്ചിലായി. സ്‌കൂളിലെത്താനും വൈകും.—സദൃശവാക്യങ്ങൾ 6:10, 11.
നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്. “ടിവി കാണുന്നതും ഗിത്താർ വായിക്കുന്നതും കൂട്ടുകാരോടൊപ്പമായിരിക്കുന്നതുമൊക്കെ എനിക്ക് ഇഷ്ടമാണ്. അതൊന്നും തെറ്റല്ലെങ്കിലും പ്രധാനപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ചിലപ്പോൾ സമയം തികയാതെ വരാറുണ്ട്. പിന്നെ ഒരു മരണപാച്ചിലാണ്.”—ജൂലിയൻ.
നുറുങ്ങ്: ചെയ്‌തിരിക്കേണ്ട കാര്യങ്ങൾ മാത്രമല്ല, ചെയ്യാൻ ഇഷ്ടപ്പെടുന്ന കാര്യങ്ങളുംകൂടെ ഷെഡ്യൂളിൽ ഉൾപ്പെടുത്തുക. “രസമുള്ള കാര്യങ്ങൾ ചെയ്യാൻ സമയം മാറ്റിവെച്ചിട്ടുണ്ടല്ലോ എന്നോർക്കുമ്പോൾ മറ്റു കാര്യങ്ങൾ ചെയ്യുന്നത് എളുപ്പമായിത്തീരുന്നു” എന്ന് ജൂലിയൻ പറയുന്നു.
മറ്റൊരു ഐഡിയ: വലിയൊരു ലക്ഷ്യം ഉണ്ടായിരിക്കാൻ ശ്രമിക്കുക. എന്നിട്ട് അതിലെത്തിച്ചേരാൻ സഹായിക്കുന്ന ചെറിയചെറിയ ലക്ഷ്യങ്ങളും വെക്കുക. മുമ്പു പരാമർശിച്ച ജോയി (16) പറയുന്നു: “ഒരു മുഴുസമയ ശുശ്രൂഷകനായിരുന്നുകൊണ്ട് ആളുകളെ ബൈബിൾ പഠിപ്പിക്കുക, അതാണ് എന്റെ ലക്ഷ്യം. ഭാവിയിലെ ആ തിരക്കേറിയ ജീവിതത്തിനായി ഇപ്പോഴേ തയ്യാറെടുക്കുകയാണ് ഞാൻ. ടൈംടേബിളനുസരിച്ച് കാര്യങ്ങൾ ചെയ്യാൻ ഞാൻ ശ്രമിക്കുന്നു; അതിൽ ഞാൻ വീഴ്‌ചവരുത്താറേയില്ല.”
ചെയ്യാവുന്നത്: അടുത്ത ആറുമാസത്തിനുള്ളിൽ നിങ്ങൾക്ക് കൈവരിക്കാനാകുന്ന ഒന്നോ രണ്ടോ ലക്ഷ്യങ്ങൾ താഴെ എഴുതുക:
.....
അടുത്ത രണ്ടുവർഷത്തിനുള്ളിൽ ഏതു ലക്ഷ്യം കൈവരിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? അതിന് ഇപ്പോഴേ നിങ്ങൾ എന്തെല്ലാം ചെയ്യേണ്ടതുണ്ട്?
.....
#3 അടുക്കുംചിട്ടയും ഉണ്ടായിരിക്കുക
തടസ്സം: അടുക്കുംചിട്ടയുമുണ്ടെങ്കിൽ സമയം ലാഭിക്കാനാകുന്നത് എങ്ങനെയെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകാം. സാധനങ്ങൾ അടുക്കിയൊതുക്കിവെക്കുന്നത് ഒരു ഭാരമായി നിങ്ങൾക്കു തോന്നാറുണ്ടോ? മുറി വൃത്തിയാക്കുന്നത്, ‘നാളെ നാളെ, നീളെ നീളെ’ എന്ന മട്ടിൽ പോവുകയാണോ? മുറി അലങ്കോലപ്പെട്ടു കിടക്കുന്നത് അത്ര വലിയൊരു പ്രശ്‌നമായി നിങ്ങൾക്കു തോന്നുന്നില്ലേ?
പ്രയോജനം: എല്ലാം അടുക്കിയൊതുക്കി വെച്ചാൽ സാധനങ്ങൾക്കുവേണ്ടി പരതി സമയം കളയേണ്ടിവരില്ല, ടെൻഷനും ഒഴിവാക്കാം.—1 കൊരിന്ത്യർ 14:40.
നിങ്ങളുടെ സമപ്രായക്കാർ പറയുന്നത്: “ചിലപ്പോൾ വസ്‌ത്രങ്ങൾ മടക്കിവെക്കാൻ സമയം കിട്ടാതെവരുമ്പോൾ ഞാനത് വലിച്ചുവാരിയിടും. അത്യാവശ്യമുള്ള സംഗതികൾ അതിനടിയിലാകുകയും ചെയ്യും. പിന്നീട് അവ തപ്പിത്തപ്പി എന്റെ സമയംപോകും.”—മാൻഡി.
“ഒരിക്കൽ എന്റെ പഴ്‌സ് കാണാതെപോയി. ഞാൻ വല്ലാതെ ടെൻഷനടിച്ചു. ഒരാഴ്‌ച കഴിഞ്ഞ് മുറി വൃത്തിയാക്കിയപ്പോഴാണ് അതു കണ്ടുകിട്ടിയത്.”—ഫ്രാങ്ക്.
നുറുങ്ങ്: ഉപയോഗം കഴിഞ്ഞാലുടനെ സാധനങ്ങൾ എടുത്തിടത്തു തിരിച്ചുവെക്കുക. മുറി വൃത്തിയാക്കിയിടാനും സാധനങ്ങൾ കണ്ടുപിടിക്കാനുമൊക്കെ അപ്പോൾ എളുപ്പമായിരിക്കും. അല്ലെങ്കിൽ, വൃത്തിയാക്കിയെടുക്കാനാകാത്തവിധം എല്ലാം അലങ്കോലമാകും.
ചെയ്യാനാകുന്നത്: അടുക്കുംചിട്ടയും ഒരു ശീലമാക്കുക. അപ്പോൾ എന്തു ചെയ്യാനും എളുപ്പമായിരിക്കും.
കുറേശ്ശെ ആയിട്ടാണെങ്കിലും ഇന്നുതന്നെ ചെയ്‌തുതുടങ്ങുക! ഈ ലേഖനത്തിലെ ഏതെല്ലാം നിർദേശങ്ങളാണ് നിങ്ങൾ പ്രയോഗത്തിൽവരുത്താൻ പോകുന്നത്?
.....
ഞാൻ ഈ നിർദേശങ്ങൾ ․․․․․․ ആഴ്‌ച പരീക്ഷിച്ചുനോക്കും.
“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്.
[അടിക്കുറിപ്പ്]
പേരുകൾ മാറ്റിയിട്ടുണ്ട്.
ചിന്തിക്കാൻ:
▪ കാര്യക്ഷമമായി പ്രവർത്തിക്കാൻ നിങ്ങൾക്ക് എത്ര മണിക്കൂർ ഉറക്കം ആവശ്യമാണ്?
▪ ഒരു ടൈംടേബിൾ ഉണ്ടാക്കാൻ നിങ്ങൾക്ക് ആരുടെ സഹായം തേടാം?
▪ നിങ്ങൾക്ക് ഇപ്പോൾ ഒരു ടൈംടേബിൾ ഉണ്ടെങ്കിൽ, അതിൽ എന്തെങ്കിലും മാറ്റംവരുത്തേണ്ടതുണ്ടോ?
[22-ാം പേജിലെ ചതുരം/ചിത്രം]
എട്ടിനും പതിനെട്ടിനും ഇടയ്‌ക്കു പ്രായമുള്ളവർ ആഴ്‌ചയിൽ
17
മണിക്കൂർ മാതാപിതാക്കളോടൊപ്പം ചെലവഴിക്കുന്നു
30
മണിക്കൂർ സ്‌കൂളിൽ ചെലവഴിക്കുന്നു
44
മണിക്കൂർ ചാറ്റിങ്ങിനും ടിവി കാണാനും വീഡിയോ ഗെയിം കളിക്കാനും പാട്ടു കേൾക്കാനുമായി ഉപയോഗിക്കുന്നു
എന്റെ സമയമെല്ലാം എവിടെ പോകുന്നു?
ഓരോ ആഴ്‌ചയും ചെലവഴിക്കുന്ന സമയം കൂട്ടിനോക്കുക
ടിവി കാണുന്നതിന്: .....
വീഡിയോ ഗെയിം കളിക്കുന്നതിന്: .....
കമ്പ്യൂട്ടർ ഉപയോഗിക്കുന്നതിന്: .....
പാട്ടു കേൾക്കുന്നതിന്: .....
മൊത്തം: .....
കൂടുതൽ പ്രധാനപ്പെട്ട കാര്യങ്ങൾക്കായി ഇതിൽ എത്ര മണിക്കൂർ എനിക്ക് ഉപയോഗിക്കാനാകും?
[22 പേജിൽ ചിത്രം]
നിസ്സാര കാര്യങ്ങൾക്കുവേണ്ടി സമയം കളഞ്ഞാൽ പ്രാധാന്യമുള്ള കാര്യങ്ങൾക്കായി സമയം കണ്ടെത്താനായെന്നു വരില്ല