വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുരുന്നുഹൃദയങ്ങളെ വാർത്തെടുക്കാൻ. . .

കുരുന്നുഹൃദയങ്ങളെ വാർത്തെടുക്കാൻ. . .

കുരുന്നുഹൃദയങ്ങളെ വാർത്തെടുക്കാൻ. . .

കാനഡയിലെ ഉണരുക! ലേഖകൻ

▪ “ടെലിവിഷനിലൂടെ പല കാര്യങ്ങളും പഠിക്കാനാകും. എന്നാൽ മണിക്കൂറുകളോളം അതിനു മുമ്പിലിരിക്കുന്നത്‌ കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ച മുരടിപ്പിക്കും.” ദ ന്യൂയോർക്ക്‌ ടൈംസിൽ വന്ന ഒരു റിപ്പോർട്ടാണിത്‌. അതെ, ടിവി-യുടെ മുമ്പിൽ ചടഞ്ഞിരിക്കുന്നത്‌ കുട്ടികളുടെ സർഗാത്മകതയെയും പഠനപ്രാപ്‌തിയെയും ആളുകളുമായി ഇടപഴകാനുള്ള കഴിവിനെയുമെല്ലാം പ്രതികൂലമായി ബാധിക്കും.

ഐക്യനാടുകളിലെ ഒരു ചിൽഡ്രൻസ്‌ ഹോസ്‌പിറ്റലിലെ ഗവേഷകർ 2,500 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട്‌ ഒരു പഠനം നടത്തി. അവർ എന്തു നിഗമനത്തിലാണെത്തിയത്‌? “ഒരു വയസ്സിനും മൂന്നു വയസ്സിനും ഇടയിൽ പ്രായമുള്ള കുട്ടികൾ ടിവി എത്രയധികം കാണുന്നുവോ, ഏഴു വയസ്സാകുമ്പോൾ അവരിൽ ശ്രദ്ധാസംബന്ധമായ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത അത്രയധികമായിരിക്കും” എന്ന്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു. മറ്റു കുട്ടികളെ അപേക്ഷിച്ച്‌ ഈ കുട്ടികൾ അക്രമസ്വഭാവമുള്ളവരും അക്ഷമരുമാണെന്ന്‌ ഗവേഷകസംഘം കണ്ടെത്തി. അവർക്ക്‌ ഒരു കാര്യത്തിൽ അധികനേരം ശ്രദ്ധ കേന്ദ്രീകരിക്കാനും ബുദ്ധിമുട്ടായിരുന്നു. “ടെലിവിഷൻ കാണുന്നത്‌ മാതാപിതാക്കൾ വിലക്കിയതോടെ ശ്രദ്ധാവൈകല്യമുള്ള പല കുട്ടികളുടെയും അവസ്ഥ മെച്ചപ്പെട്ടു” എന്ന്‌ എജുക്കേഷനൽ സൈക്കോളജിസ്റ്റായ ഡോ. ജെയിൻ എം. ഹീലി അഭിപ്രായപ്പെട്ടു.

കുട്ടികൾ ടിവി കാണുന്ന സമയം വെട്ടിച്ചുരുക്കാൻ മാതാപിതാക്കൾക്ക്‌ എന്തു ചെയ്യാനാകും? പിൻവരുന്ന നിർദേശങ്ങൾ ആ റിപ്പോർട്ടിലുണ്ടായിരുന്നു: ദിവസത്തിൽ എപ്പോൾ, എത്ര നേരം കുട്ടിക്ക്‌ ടിവി കാണാമെന്ന്‌ മാതാപിതാക്കൾ തീരുമാനിക്കണം. കുട്ടിയുടെ ശല്യം ഒഴിവാക്കാനായി അവനെ ടിവിയുടെ മുമ്പിൽക്കൊണ്ടിരുത്തുന്നത്‌ ഒരു ഉപാധിയാക്കരുത്‌. പകരം, വീട്ടുജോലികളിൽ കുട്ടിയെ കഴിയുന്നത്ര ഉൾപ്പെടുത്താൻ ശ്രമിക്കുക. അവൻ ഏതു പരിപാടി കാണണമെന്നു നിങ്ങൾ തീരുമാനിക്കണം. ആ പരിപാടി കഴിഞ്ഞാലുടനെ ടിവി ഓഫാക്കുകയും വേണം. സാധിക്കുമ്പോഴൊക്കെ, ആ പരിപാടികൾ കാണാൻ നിങ്ങളും കുട്ടിയോടൊപ്പം ഉണ്ടാകണം. പരിപാടിയെക്കുറിച്ച്‌ കുട്ടിയോടു സംസാരിക്കുക. ടിവി കാണുന്നതിൽ മാതാപിതാക്കളായ നിങ്ങളും ഒരു പരിധിവെക്കണം.

സർഗാത്മകതയും ആളുകളോട്‌ ഇടപെടാനുള്ള കഴിവുമൊക്കെ വികസിപ്പിച്ചെടുക്കാൻ കുട്ടികളെ സഹായിക്കുന്നതിന്‌ സമയവും ഇച്ഛാശക്തിയും ആത്മശിക്ഷണവും ആവശ്യമാണ്‌. എന്നാൽ അത്‌ തക്ക പ്രയോജനമുള്ളതാണ്‌. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല.” കാലം മാറ്റുതെളിയിച്ചിട്ടുള്ള ഒരു ജ്ഞാനമൊഴിയാണിത്‌. (സദൃശവാക്യങ്ങൾ 22:6) കുട്ടികളെ അഭ്യസിപ്പിക്കുക എന്നു പറയുമ്പോൾ അതിൽ ശരിയായ മൂല്യങ്ങൾ അവർക്ക്‌ പകർന്നുകൊടുക്കുന്നതും ഉൾപ്പെടുന്നു.

നല്ല പെരുമാറ്റരീതികൾ കുട്ടികളെ പഠിപ്പിക്കുന്നതിന്‌ യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന ഒരു പുസ്‌തകമാണ്‌ മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്നത്‌. കുട്ടികളുടെ ഇളംപ്രായത്തിൽ അവരോടൊത്ത്‌ ധാരാളം സമയം ചെലവഴിക്കുന്നതും സ്‌നേഹപുരസ്സരം അവർക്ക്‌ ശ്രദ്ധ നൽകുന്നതും നിലനിൽക്കുന്ന പ്രയോജനംചെയ്യും. മക്കൾ ഉത്തരവാദിത്വബോധമുള്ളവരും ആദരണീയരുമായ വ്യക്തികളായിത്തീരുന്നതിനെക്കാൾ വലിയ സന്തോഷം മാതാപിതാക്കൾക്ക്‌ വേറെയുണ്ടോ?