വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്റെ വിശ്വാസത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ പേടിയുള്ളത്‌ എന്തുകൊണ്ട്‌?

എന്റെ വിശ്വാസത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ പേടിയുള്ളത്‌ എന്തുകൊണ്ട്‌?

യുവജനങ്ങൾ ചോദിക്കുന്നു

എന്റെ വിശ്വാസത്തെക്കുറിച്ച്‌ മറ്റുള്ളവരോടു പറയാൻ പേടിയുള്ളത്‌ എന്തുകൊണ്ട്‌?

“എന്റെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാനുള്ള ധാരാളം അവസരങ്ങൾ സ്‌കൂളിൽ എനിക്കു ലഭിച്ചിട്ടുണ്ട്‌. പക്ഷേ അതൊന്നും ഞാൻ ഉപയോഗപ്പെടുത്തിയില്ല.”—കേലബ്‌. *

“ഒരിക്കൽ ക്ലാസ്സ്‌ എടുത്തുകൊണ്ടിരിക്കുമ്പോൾ ടീച്ചർ ഞങ്ങളോട്‌ പരിണാമത്തെക്കുറിച്ചുള്ള അഭിപ്രായമെന്താണെന്ന്‌ ചോദിച്ചു. എന്റെ വിശ്വാസത്തെക്കുറിച്ച്‌ സംസാരിക്കാനുള്ള ഒരു ഉഗ്രൻ ചാൻസായിരുന്നു അത്‌. പക്ഷേ പരിഭ്രമംകൊണ്ട്‌ എനിക്കൊന്നും പറയാനായില്ല. പിന്നീട്‌ അതേക്കുറിച്ച്‌ ഓർത്തപ്പോൾ വല്ലാത്ത വിഷമം തോന്നി.”—ജാസ്‌മിൻ.

നിങ്ങൾ ഒരു ക്രിസ്‌ത്യാനിയാണെങ്കിൽ ഇതുപോലുള്ള അനുഭവങ്ങൾ ഒരുപക്ഷേ നിങ്ങൾക്കും ഉണ്ടായിട്ടുണ്ടാകും. ബൈബിളിൽനിന്നു പഠിച്ച സത്യങ്ങളെ നിങ്ങൾ സ്‌നേഹിക്കുന്നു, അവ മറ്റുള്ളവരുമായി പങ്കുവെക്കാനും നിങ്ങൾക്ക്‌ ആഗ്രഹമുണ്ട്‌. പക്ഷേ അതിനുള്ള ധൈര്യമില്ല. ആ ധൈര്യം എങ്ങനെ സംഭരിക്കാനാകും? പിൻവരുന്ന കാര്യങ്ങൾ ചെയ്‌തുനോക്കുക.

1. എന്തിനെയാണ്‌ ഭയക്കുന്നതെന്ന്‌ കൃത്യമായി തിരിച്ചറിയുക. വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കുമ്പോൾ നിങ്ങൾ പലതും കടന്നുചിന്തിച്ചേക്കാം. എന്നാൽ മനസ്സിൽ തോന്നുന്ന ഭയം എന്താണെന്ന്‌ എഴുതാൻ ശ്രമിച്ചാൽ ആ പേടി കുറെയൊക്കെ ലഘൂകരിക്കാനായേക്കും.

പിൻവരുന്ന വാചകം പൂരിപ്പിക്കുക.

എന്റെ വിശ്വാസങ്ങളെക്കുറിച്ച്‌ സംസാരിച്ചാൽ സംഭവിക്കാനിടയുള്ളത്‌ ഇതാണ്‌:

.....

മറ്റു യുവപ്രായക്കാർക്കും ഇതേ ഭയമുണ്ടെന്ന്‌ അറിയുന്നത്‌ ആശ്വാസകരമായി നിങ്ങൾക്ക്‌ തോന്നിയേക്കാം. “കുട്ടികൾ എന്നെ കളിയാക്കുമെന്നും എനിക്ക്‌ എന്തോ കുഴപ്പമുണ്ടെന്ന്‌ പറഞ്ഞുപരത്തുമെന്നുമാണ്‌ എന്റെ പേടി,” 14-കാരനായ ക്രിസ്റ്റഫർ മനസ്സുതുറക്കുന്നു. എന്നാൽ മുമ്പു പറഞ്ഞ കേലബിന്റെ പേടി മറ്റൊന്നാണ്‌: “ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ എനിക്ക്‌ മറുപടി കൊടുക്കാനായില്ലെങ്കിലോ? അതാണ്‌ എന്റെ പേടി.”

2. വെല്ലുവിളി നേരിടുക. ചിലപ്പോഴൊക്കെ നിങ്ങൾ പേടിക്കുന്നതുപോലെ സംഭവിച്ചെന്നുവരാം. ആഷ്‌ലി എന്നൊരു പെൺകുട്ടി പറയുന്നു: “എന്റെ വിശ്വാസത്തെക്കുറിച്ച്‌ അറിയാനാണെന്ന മട്ടിൽ ചില കുട്ടികൾ എന്നോട്‌ കുറെ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്നാൽ പിന്നീട്‌ അവർ എന്റെ വാക്കുകൾ വളച്ചൊടിച്ച്‌ മറ്റുള്ളവരുടെ മുമ്പിൽവെച്ച്‌ എന്നെ കളിയാക്കി.” നിക്കോളിന്‌ (17) ഉണ്ടായ അനുഭവം മറ്റൊന്നാണ്‌: “ഒരിക്കൽ എന്റെ ക്ലാസ്സ്‌മേറ്റ്‌ എന്റെ കൈയിലെ ബൈബിളിലുള്ള ഒരു വാക്യം അവന്റെ ബൈബിളുമായി ഒത്തുനോക്കി. എന്റെ ബൈബിളിൽ എല്ലാം മാറ്റിയെഴുതിയിരിക്കുകയാണെന്നായി അവൻ. ഞാനാകെ സ്‌തംഭിച്ചുപോയി. എന്തു പറയണമെന്ന്‌ എനിക്ക്‌ അറിയില്ലായിരുന്നു.” *

ഇത്തരം സാഹചര്യങ്ങളിൽ പേടി തോന്നുക സ്വാഭാവികമാണ്‌. എന്നാൽ ഭയന്ന്‌ പിന്മാറുന്നതിനുപകരം, ഇതെല്ലാം ക്രിസ്‌തീയ ജീവിതത്തിന്റെ ഭാഗമായി കരുതി അവയെ നേരിടുക. (2 തിമൊഥെയൊസ്‌ 3:12) മാത്യു (13) പറയുന്നത്‌ ഇങ്ങനെയാണ്‌: “യേശുവിനെ അനുഗമിക്കുന്നവർക്ക്‌ ഉപദ്രവങ്ങൾ ഉണ്ടാകുമെന്ന്‌ യേശു പറഞ്ഞിട്ടുണ്ട്‌. അതുകൊണ്ട്‌ എല്ലാവർക്കും നമ്മളെയും നമ്മുടെ വിശ്വാസങ്ങളെയും ഇഷ്ടമായെന്നുവരില്ല.”—യോഹന്നാൻ 15:20.

3. പ്രയോജനങ്ങൾ ചിന്തിക്കുക. മോശമായ അനുഭവങ്ങളിൽനിന്ന്‌ എന്തെങ്കിലും പ്രയോജനമുണ്ടാകുമോ? ഉണ്ടാകുമെന്നാണ്‌ ആമ്പെറിന്റെ (21) വിശ്വാസം. “ബൈബിളിനോട്‌ ആദരവില്ലാത്ത ആളുകളോട്‌ നമ്മുടെ വിശ്വാസത്തെക്കുറിച്ചു സംസാരിക്കാൻ ബുദ്ധിമുട്ടാണ്‌. പക്ഷേ സ്വന്തം വിശ്വാസങ്ങളെ വിലയിരുത്താനുള്ള അവസരമാണ്‌ അതിലൂടെ നമുക്കു ലഭിക്കുന്നത്‌.”—റോമർ 12:2.

1-ാമത്തെ പോയിന്റിനു കീഴിൽ നിങ്ങൾ എഴുതിയ സാഹചര്യം മനസ്സിലേക്കു കൊണ്ടുവരിക. അതിൽനിന്ന്‌ ഉരുത്തിരിഞ്ഞേക്കാവുന്ന രണ്ട്‌ പ്രയോജനങ്ങളെക്കുറിച്ചെങ്കിലും ചിന്തിക്കുക. അവ താഴെ എഴുതുക.

1 .....

2 .....

ഉദാഹരണത്തിന്‌: വിശ്വാസത്തെക്കുറിച്ച്‌ മുന്നമേതന്നെ സഹപാഠികളോടു പറയുന്നത്‌ അവരിൽനിന്നുണ്ടായേക്കാവുന്ന സമ്മർദം ലഘൂകരിച്ചേക്കാവുന്നത്‌ എങ്ങനെ? നിങ്ങളുടെ ആത്മവിശ്വാസത്തിന്മേൽ അത്‌ എന്ത്‌ ഫലമുളവാക്കും? യഹോവയാം ദൈവത്തോട്‌ നിങ്ങൾക്ക്‌ എങ്ങനെയുള്ള വികാരമായിരിക്കും ഉണ്ടായിരിക്കുക? യഹോവയ്‌ക്ക്‌ നിങ്ങളെക്കുറിച്ച്‌ എന്തു തോന്നും?—സദൃശവാക്യങ്ങൾ 23:15.

4. ഒരുങ്ങിയിരിക്കുക. “നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 15:28 പറയുന്നു. നിങ്ങൾ എന്ത്‌ പറയും എന്നതിനെക്കുറിച്ചു മാത്രമല്ല, മറ്റുള്ളവർ ചോദിക്കാനിടയുള്ള ചോദ്യങ്ങളെക്കുറിച്ചും മുൻകൂട്ടി ചിന്തിക്കുക. ആ വിഷയങ്ങളെപ്പറ്റി ഗവേഷണം നടത്തുക. എന്ത്‌ ഉത്തരം നൽകുമെന്ന്‌ മനസ്സിൽ കുറിച്ചിടുക. 25-ാം പേജിലെ “മറുപടി നൽകാൻ തയ്യാറാകുക” എന്ന ചാർട്ട്‌ കാണുക.

5. സംഭാഷണത്തിലേക്കു കടക്കുക. വിശ്വാസങ്ങളെക്കുറിച്ച്‌ മറ്റുള്ളവരോട്‌ സംസാരിക്കാനുള്ള ആത്മവിശ്വാസം നേടിയെന്നു തോന്നിയാൽ ഇനി നിങ്ങൾ എന്തു ചെയ്യണം? സംഭാഷണത്തിലേക്കു കടക്കുക. അതിന്‌ നിങ്ങളുടെ മുമ്പിൽ രണ്ടുമാർഗങ്ങളുണ്ട്‌. വിശ്വാസത്തെക്കുറിച്ചു സംസാരിച്ചു തുടങ്ങുന്നത്‌ നീന്താനിറങ്ങുന്നതുപോലെയാണ്‌: ചിലർ മെല്ലെമെല്ലെ വെള്ളത്തിൽ ഇറങ്ങാനായിരിക്കും താത്‌പര്യപ്പെടുന്നത്‌. മറ്റുചിലരാകട്ടെ വെള്ളത്തിലേക്ക്‌ ഒരൊറ്റ ചാട്ടമാണ്‌! സമാനമായി, മതവുമായി ബന്ധമില്ലാത്ത ഏതെങ്കിലുമൊരു വിഷയമെടുത്തിട്ടശേഷം, നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്ന കാര്യത്തിലേക്ക്‌ സംഭാഷണം പതുക്കെ തിരിച്ചുവിടാവുന്നതാണ്‌. എന്നാൽ ഈ രീതി അവലംബിച്ചാൽ സംഭാഷണം പാളിപ്പോകുമോയെന്ന ഭയമുണ്ടെങ്കിൽ പറയാൻ ആഗ്രഹിക്കുന്ന വിഷയത്തിലേക്ക്‌ ഒറ്റയടിക്ക്‌ കടക്കുന്നതായിരിക്കും നല്ലത്‌. (ലൂക്കോസ്‌ 12:11, 12) “വിശ്വാസത്തെക്കുറിച്ച്‌ മറ്റുള്ളവരോടു സംസാരിക്കുന്നതിനെക്കാൾ ബുദ്ധിമുട്ടായിരുന്നു അത്‌ എങ്ങനെ അവതരിപ്പിക്കുമെന്ന്‌ ചിന്തിച്ചുകൊണ്ടിരുന്നത്‌. എന്നാൽ ഒരിക്കൽ സംഭാഷണം തുടങ്ങിക്കഴിഞ്ഞപ്പോഴാണ്‌ മനസ്സിലായത്‌ അത്‌ വിചാരിച്ചത്ര ബുദ്ധിമുട്ടുള്ളതല്ലെന്ന്‌,” 17-കാരനായ ആൻഡ്രൂ പറയുന്നു. *

6. വിവേകം കാണിക്കുക. ആഴംകുറഞ്ഞ വെള്ളത്തിലേക്ക്‌ ആരും എടുത്തുചാടില്ല. അതുപോലെ കഴമ്പില്ലാത്ത വാദപ്രതിവാദങ്ങളിലേക്ക്‌ നാം എടുത്തുചാടരുത്‌. സംസാരിക്കാൻ ഒരു കാലവും മിണ്ടാതിരിക്കാൻ ഒരു കാലവുമുണ്ടെന്ന്‌ ഓർക്കുക. (സഭാപ്രസംഗി 3:1, 7) യേശുക്രിസ്‌തുപോലും ചില സാഹചര്യങ്ങളിൽ മൗനംപാലിച്ചു. (മത്തായി 26:62, 63) “ആപത്തുകൾ വരുന്നതു കണ്ട്‌ ജ്ഞാനികൾ ഒഴിഞ്ഞുമാറുന്നു. എന്നാൽ ഭോഷന്മാർ നേരെ അതിലേക്കു ചെന്ന്‌ അതിലെ ദുരിതങ്ങൾ നേരിട്ടനുഭവിക്കുന്നു” എന്ന തത്ത്വവും ഓർക്കുക.—സദൃശവാക്യങ്ങൾ 22:3, പരിശുദ്ധ ബൈബിൾ, ഈസി റ്റു റീഡ്‌ വേർഷൻ.

അതുകൊണ്ട്‌ ഒരു തർക്കമുണ്ടാകുമെന്ന്‌ തോന്നുന്നെങ്കിൽ, നേരെ അതിൽ ചെന്നുചാടരുത്‌. പകരം, വിവേകത്തോടെ ഏറ്റവും ചുരുക്കം വാക്കുകളിൽ മറുപടി പറയുക. ഉദാഹരണത്തിന്‌ ഒരു ക്ലാസ്സ്‌മേറ്റ്‌, “നീ എന്താ സിഗരറ്റ്‌ വലിക്കാത്തത്‌?” എന്നു ചോദിച്ചാൽ “എന്റെ ആരോഗ്യം നശിപ്പിക്കാൻ എനിക്ക്‌ ആഗ്രഹമില്ല” എന്ന്‌ പറയാവുന്നതാണ്‌. പ്രതികരണം ശ്രദ്ധിച്ചശേഷം, കൂടുതലായി എന്തെങ്കിലും പറയണമോ വേണ്ടയോ എന്ന്‌ തീരുമാനിക്കാവുന്നതാണ്‌.

മേൽപ്പറഞ്ഞ കാര്യങ്ങൾ വിശ്വാസത്തെക്കുറിച്ച്‌ “പ്രതിവാദം പറയാൻ സദാ ഒരുങ്ങിയിരി”ക്കുന്നതിന്‌ നിങ്ങളെ സഹായിക്കും. (1 പത്രോസ്‌ 3:15) എങ്കിലും നിങ്ങൾക്ക്‌ പരിഭ്രമം തോന്നുകയേയില്ല എന്ന്‌ ഇതിന്‌ അർഥമില്ല. 18-കാരിയായ അലാന ഇങ്ങനെ പറയുന്നു: “ഭയം ഉണ്ടായിരിക്കാമെങ്കിലും നമ്മുടെ വിശ്വാസം മറ്റുള്ളവരുമായി പങ്കുവെക്കുമ്പോൾ, എന്തോ നേട്ടം കൈവരിച്ചതിന്റെ സംതൃപ്‌തി നമുക്ക്‌ അനുഭവപ്പെടും. വിജയിക്കില്ലെന്ന തോന്നൽ ഉണ്ടായിരുന്നെങ്കിലും ആ ഭയത്തെ കീഴ്‌പ്പെടുത്താനായല്ലോ! ഇനി നന്നായി സംസാരിക്കാനായാലോ, നമുക്ക്‌ കൂടുതൽ സംതൃപ്‌തി തോന്നും; സംസാരിക്കാൻ ധൈര്യം കാണിച്ചതിൽ സന്തോഷവും.”

“യുവജനങ്ങൾ ചോദിക്കുന്നു” എന്ന പരമ്പരയിൽനിന്നുള്ള കൂടുതൽ ലേഖനങ്ങൾ www.watchtower.org/ype എന്ന വെബ്‌സൈറ്റിൽ കാണാവുന്നതാണ്‌.

[അടിക്കുറിപ്പുകൾ]

^ ഖ. 3 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

^ ഖ. 11 ഓരോ ബൈബിൾ ഭാഷാന്തരവും വ്യത്യസ്‌തമായ വാക്കുകൾ ഉപയോഗിച്ചായിരിക്കാം വാക്യങ്ങൾ പരിഭാഷപ്പെടുത്തിയിരിക്കുന്നതെങ്കിലും ഒട്ടുമിക്കപ്പോഴും ആശയങ്ങൾക്കു മാറ്റമൊന്നുമില്ല. എന്നാൽ ചില ഭാഷാന്തരങ്ങൾ മറ്റുള്ളവയെ അപേക്ഷിച്ച്‌ ബൈബിളിന്റെ മൂലകൃതിയോട്‌ കുറെക്കൂടെ പറ്റിനിൽക്കാൻ ശ്രമിച്ചിട്ടുണ്ട്‌.

^ ഖ. 19 28-ാം പേജിലെ “ സംഭാഷണം തുടങ്ങാൻ” എന്ന ചതുരം കാണുക.

ചിന്തിക്കാൻ:

നിങ്ങളുടെ സഹപാഠികളാരെങ്കിലും ഇങ്ങനെ ചിന്തിക്കുന്നുണ്ടാകുമോ?

‘നീയൊരു യഹോവയുടെ സാക്ഷിയാണെന്ന്‌ എനിക്കറിയാം. ഞാൻ നിന്നെ കളിയാക്കുമെന്നായിരിക്കും നീ വിചാരിക്കുന്നത്‌. പക്ഷേ എനിക്ക്‌ നിന്നോടു ബഹുമാനമേയുള്ളൂ. ലോകത്തിൽ ഇത്രയേറെ പ്രശ്‌നങ്ങളുള്ളപ്പോഴും നീ എങ്ങനെയാണ്‌ ഇത്ര സന്തോഷത്തോടെയിരിക്കുന്നത്‌? എനിക്കാണെങ്കിൽ ഓരോന്നു ചിന്തിക്കുമ്പോൾ പേടി തോന്നുന്നു. നമ്മുടെ രാജ്യത്ത്‌ യുദ്ധമുണ്ടാകുമോ? എന്റെ അച്ഛനും അമ്മയും വഴക്കിട്ടു പിരിയുമോ? സ്‌കൂളിൽവെച്ച്‌ ആരെങ്കിലും എന്നെ തല്ലുമോ? ഇങ്ങനെ എന്നെ പേടിപ്പിക്കുന്ന കുറെ കാര്യങ്ങളുണ്ട്‌. പക്ഷേ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും നിന്നെ അലട്ടുന്നേയില്ലെന്നു തോന്നുന്നു. നിന്റെ മതവിശ്വാസങ്ങളാണോ നിനക്ക്‌ ഈ ധൈര്യം തരുന്നത്‌? അതേക്കുറിച്ച്‌ എനിക്ക്‌ സംസാരിക്കണമെന്നുണ്ട്‌. പക്ഷേ നിന്റെ അടുത്തുവന്ന്‌ അത്‌ ചോദിക്കാനുള്ള ധൈര്യം എനിക്കില്ല. നീതന്നെ വന്ന്‌ അത്‌ എനിക്ക്‌ പറഞ്ഞുതന്നിരുന്നെങ്കിൽ!’

[28 പേജിൽ ചതുരം/ചിത്രങ്ങൾ]

സമപ്രായക്കാർ പറയുന്നത്‌

“എന്റെ വിശ്വാസത്തെക്കുറിച്ച്‌ സംസാരിച്ചതിന്‌ ചില കുട്ടികൾ എന്നെ കളിയാക്കിയിരുന്നു. പക്ഷേ അതൊന്നും എന്നെ ബാധിക്കുന്നില്ലെന്നു കണ്ടതോടെ അവർ അതു നിറുത്തി.”—ഫ്രാൻസെസ്‌ക, ലക്‌സംബർഗ്‌.

“ക്രിസ്‌ത്യാനിയാണെന്ന കാര്യം മൂടിവെക്കുകയാണെങ്കിൽ നാം ആരാണെന്ന വസ്‌തുത നാം മറന്നുപോയേക്കാം. മറ്റുള്ളവരെപ്പോലെ നമ്മളും പ്രവർത്തിച്ചേക്കാം. അവരെപ്പോലെ ആകാൻ ശ്രമിക്കാതെ നാം നമ്മളായിരിക്കാൻ ശ്രമിക്കണം.”—സാമന്ത, ഐക്യനാടുകൾ.

“ചെറുപ്പത്തിൽ മറ്റു കുട്ടികളെ പോലെയായിരിക്കാനായിരുന്നു എനിക്കിഷ്ടം. എന്നാൽ ഒരു നല്ല ജീവിതം നയിക്കാൻ എന്റെ മതവിശ്വാസം എന്നെ എത്രയധികം സഹായിക്കുന്നുവെന്ന്‌ ഞാൻ തിരിച്ചറിഞ്ഞു. അത്‌ എന്റെ ആത്മവിശ്വാസം വർധിപ്പിച്ചു. എന്റെ വിശ്വാസങ്ങളെപ്രതി എനിക്കിപ്പോൾ അഭിമാനമേയുള്ളൂ.”—ജെയ്‌സൺ, ന്യൂസിലൻഡ്‌.

 [28 പേജിൽ ചതുരം]

സംഭാഷണം തുടങ്ങാൻ

“വെക്കേഷന്‌ എന്തൊക്കെയാണ്‌ പ്ലാൻ?” [പ്രതികരണം അറിഞ്ഞശേഷം, നിങ്ങളുടെ പ്ലാനുകളെപ്പറ്റി പറയുക; കൺവെൻഷനു പോകുന്നതിനെയോ ശുശ്രൂഷയിൽ കൂടുതൽ ഏർപ്പെടുന്നതിനെയോ കുറിച്ച്‌.]

▪ പത്രത്തിലോ മറ്റോ വന്ന ഒരു വാർത്തയെക്കുറിച്ച്‌ പരാമർശിച്ചിട്ട്‌ ചോദിക്കുക: “അത്‌ കണ്ടിരുന്നോ? അതേക്കുറിച്ച്‌ എന്ത്‌ വിചാരിക്കുന്നു?”

“ലോകത്തിന്റെ സാമ്പത്തിക സ്ഥിതി [അല്ലെങ്കിൽ മറ്റേതെങ്കിലും പ്രശ്‌നം] മെച്ചപ്പെടുമെന്നു തോന്നുന്നുണ്ടോ? [പ്രതികരണം ശ്രദ്ധിച്ചിട്ട്‌] എന്തുകൊണ്ടാണ്‌ അങ്ങനെ വിചാരിക്കുന്നത്‌?”

“മതപരമായ കാര്യങ്ങളിൽ താത്‌പര്യമുണ്ടോ?”

“ഭാവിപരിപാടികൾ എന്തൊക്കെയാണ്‌?” [പ്രതികരണം ശ്രദ്ധിച്ചിട്ട്‌ നിങ്ങളുടെ ആത്മീയ ലക്ഷ്യങ്ങളെക്കുറിച്ച്‌ പറയുക.]

[28 പേജിൽ ചാർട്ട്‌ ]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

മറുപടി നൽകാൻ തയ്യാറാകുക

വെട്ടിയെടുത്ത്‌ സൂക്ഷിക്കുക!

പരീക്ഷിച്ചുനോക്കുക: ഈ ചാർട്ടിലെ വിവരങ്ങൾ മാതാപിതാക്കളും സുഹൃത്തുക്കളുമായി ചർച്ചചെയ്യുക. ചാർട്ടിലെ ബാക്കിയുള്ള കോളങ്ങൾ പൂരിപ്പിക്കുക. സഹപാഠികൾ ചോദിക്കാനിടയുള്ള മറ്റെന്തെങ്കിലും ചോദ്യങ്ങളുണ്ടോ?

മൂല്യങ്ങൾ

ചോദ്യം

സ്വവർഗരതിയെക്കുറിച്ചുള്ള അഭിപ്രായമെന്താണ്‌?

ഉത്തരം

സ്വവർഗരതിക്കാരെ ഞാൻ വെറുക്കുന്നില്ല. പക്ഷേ അവരുടെ പ്രവൃത്തിയെ എനിക്ക്‌ അംഗീകരിക്കാനാവില്ല.

അടത്ത ചോദ്യം

ഈ നിലപാട്‌ ന്യായമാണോ?

ഗവേഷണം

1 കൊരിന്ത്യർ 6:9, 10; യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും (ഇംഗ്ലീഷ്‌), വാല്യം 2, 28-ാം അധ്യായം. *

ഉത്തരം

തീർച്ചയായും, കാരണം എല്ലാത്തരം അധാർമികതയെയും ഞാൻ വെറുക്കുന്നു.

ഡേറ്റിങ്‌

ചോദ്യം

ഡേറ്റിങ്ങിനു പോകാത്തത്‌ എന്തുകൊണ്ടാണ്‌?

ഉത്തരം

എനിക്ക്‌ അതിനുള്ള പക്വതയെത്തുന്നതിനുമുമ്പ്‌ അങ്ങനെയുള്ള ബന്ധങ്ങളിൽ ഏർപ്പെടരുതെന്നാണ്‌ എന്റെ തീരുമാനം.

അടത്ത ചോദ്യം

യഹോവയുടെ സാക്ഷിയായതുകൊണ്ടാണോ അങ്ങനെയൊരു തീരുമാനം?

ഗവേഷണം

ഉത്തമഗീതം 8:4; യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾ, വാല്യം 2, 1-ാം അധ്യായം.

ഉത്തരം

അതെ. വിവാഹംകഴിക്കുക എന്ന ഉദ്ദേശ്യത്തോടെ മാത്രമേ ഞങ്ങൾ ഡേറ്റിങ്ങിൽ ഏർപ്പെടാറുള്ളൂ. എന്നാൽ എനിക്ക്‌ വിവാഹത്തിനുള്ള പ്രായമായിട്ടില്ല.

നിഷ്‌പക്ഷത

ചോദ്യം

ദേശീയഗാനം പാടാത്തത്‌ എന്തുകൊണ്ടാണ്‌?

ഉത്തരം

ഞാൻ ജീവിക്കുന്ന ദേശത്തോട്‌ എനിക്ക്‌ ആദരവുണ്ട്‌. പക്ഷേ ഞാൻ അതിനെ ആരാധിക്കുകയില്ല.

അടത്ത ചോദ്യം

അപ്പോൾ മറ്റു രാജ്യത്തിനുവേണ്ടി യുദ്ധംചെയ്യില്ലേ?

ഗവേഷണം

യെശയ്യാവു 2:4; യോഹന്നാൻ 13:35; ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? പേജ്‌ 148-151. *

ഉത്തരം

ഇല്ല. മറ്റു ദേശക്കാരായ യഹോവയുടെ സാക്ഷികൾ നമ്മുടെ രാജ്യത്തിനെതിരെയും യുദ്ധം ചെയ്യില്ല

രക്തം

ചോദ്യം

രക്തപ്പകർച്ച നിരസിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

ഉത്തരം

എയിഡ്‌സുപോലുള്ള രോഗങ്ങൾ പകരാനിടയാക്കുന്ന ചികിത്സകൾ ഞാൻ ഒരിക്കലും സ്വീകരിക്കില്ല. അതേസമയം സുരക്ഷിതമായ ചികിത്സാരീതികൾ ഞാൻ സ്വീകരിക്കും. രക്തം വർജിക്കാൻ ബൈബിൾ പറയുന്നതുകൊണ്ടാണ്‌ ഞാൻ രക്തപ്പകർച്ച നിരസിക്കുന്നത്‌.

അടത്ത ചോദ്യം

പക്ഷേ ജീവൻ അപകടത്തിലായ സാഹചര്യത്തിൽ രക്തം സ്വീകരിച്ചാൽ ദൈവം ക്ഷമിക്കില്ലേ?

ഗവേഷണം

പ്രവൃത്തികൾ 5:28, 29; എബ്രായർ 11:6; ബൈബിൾ പഠിപ്പിക്കുന്നു പുസ്‌തകം, പേജ്‌ 129-131.

ഉത്തരം

തീരുമാനങ്ങൾ

ചോദ്യം

യഹോവയുടെ സാക്ഷിയായ (പേര്‌) അങ്ങനെ ചെയ്‌തല്ലോ. നിനക്ക്‌ എന്തുകൊണ്ട്‌ അത്‌ ചെയ്‌തുകൂടാ?

ഉത്തരം

ദൈവത്തിന്റെ നിയമങ്ങളെപ്പറ്റി ഞങ്ങളെ പഠിപ്പിക്കുന്നുണ്ടെന്നുള്ളത്‌ ശരിതന്നെ. പക്ഷേ അവ അനുസരിക്കാൻ ആരും ഞങ്ങളെ നിർബന്ധിക്കാറില്ല. ഓരോ വ്യക്തിയും സ്വന്തമായിട്ടാണ്‌ തീരുമാനങ്ങൾ എടുക്കുന്നത്‌.

അടത്ത ചോദ്യം

അത്‌ ഇരട്ടത്താപ്പല്ലേ?

ഗവേഷണം

ഉത്തരം

സൃഷ്ടി

ചോദ്യം

പരിണാമത്തിൽ വിശ്വസിക്കാത്തത്‌ എന്തുകൊണ്ടാണ്‌?

ഉത്തരം

ശാസ്‌ത്രജ്ഞന്മാർക്കിടയിൽത്തന്നെ യോജിപ്പില്ലാത്ത ഒരു കാര്യം ഞാൻ എങ്ങനെ വിശ്വസിക്കും

അടത്ത ചോദ്യം

ഗവേഷണം

ഉത്തരം

[അടിക്കുറിപ്പ്‌]

^ ഖ. 56 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 78 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

[28 പേജിൽ ചിത്രം]

വിശ്വാസത്തെക്കുറിച്ചു സംസാരിച്ചുതുടങ്ങുന്നത്‌ നീന്താനിറങ്ങുന്നതുപോലെയാണ്‌: ഒന്നുകിൽ പതുക്കെ വിഷയത്തിലേക്കു കടക്കാം, അല്ലെങ്കിൽ നേരെ സംഭാഷണം തുടങ്ങാം