വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവത്തിലുള്ള വിശ്വാസം യുക്തിസഹമാണോ?

ദൈവത്തിലുള്ള വിശ്വാസം യുക്തിസഹമാണോ?

ദൈവത്തിലുള്ള വിശ്വാസം യുക്തിസഹമാണോ?

ഏറ്റവും ചെറിയ ആറ്റംമുതൽ അതിബൃഹത്തായ ഗാലക്‌സികൾവരെ എല്ലാം, കൃത്യവും സുനിശ്ചിതവുമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുന്നത്‌ എങ്ങനെയെന്ന്‌ നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ഇനി, ജീവന്റെ കാര്യം എടുക്കുക; അതിന്റെ സങ്കീർണതയെക്കുറിച്ച്‌ നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവലോകത്ത്‌ കാണുന്ന വൈവിധ്യവും അതിശയകരമായ രൂപസംവിധാനവും നിങ്ങളെ അതിശയിപ്പിച്ചിട്ടില്ലേ? പ്രപഞ്ചവും അതുപോലെ ജീവജാലങ്ങളും ഉളവായത്‌ യഥാക്രമം ബാഹ്യാകാശത്ത്‌ യാദൃച്ഛികമായിനടന്ന ഒരു വിസ്‌ഫോടനത്തിന്റെയും പരിണാമത്തിന്റെയും ഫലമായാണെന്ന്‌ അനേകരും പറയുന്നു. അതേസമയം ഇവയുടെ പിന്നിൽ ബുദ്ധിശക്തിയുള്ള ഒരു സ്രഷ്ടാവ്‌ ഉണ്ടെന്ന്‌ മറ്റുപലരും കരുതുന്നു. എന്നാൽ ഇവയിൽ ഏത്‌ ചിന്താഗതിയാണ്‌ കൂടുതൽ യുക്തിസഹമായി നിങ്ങൾക്കു തോന്നുന്നത്‌?

ഈ രണ്ടുചിന്താഗതികളും അടിസ്ഥാനപ്പെട്ടിരിക്കുന്നത്‌ വിശ്വാസത്തിലാണ്‌. ദൈവം ഉണ്ടെന്ന ബോധ്യം വിശ്വാസത്തിൽ അധിഷ്‌ഠിതമാണ്‌. കാരണം, “ഒരു മനുഷ്യനും ദൈവത്തെ ഒരുനാളും കണ്ടിട്ടില്ല.” (യോഹന്നാൻ 1:18) അതുപോലെതന്നെ, പ്രപഞ്ചം രൂപംകൊണ്ടതും ജീവൻ ഉത്ഭവിച്ചതും ആരും കണ്ടിട്ടില്ല. ഒരു ജീവിവർഗം അതിലും ഉയർന്ന ഒരു വർഗമായോ മറ്റൊരു വർഗമായോ പരിണമിക്കുന്നതും ആരും കണ്ടിട്ടില്ല. * അതുകൊണ്ട്‌ ഇപ്പോൾ ഉദിക്കുന്ന സുപ്രധാന ചോദ്യം ഇതാണ്‌: ഏതു വിശ്വാസത്തിനാണ്‌ ഉറച്ച അടിസ്ഥാനമുള്ളത്‌—പരിണാമത്തിലുള്ള വിശ്വാസത്തിനോ അതോ സ്രഷ്ടാവിലുള്ള വിശ്വാസത്തിനോ?

നിങ്ങളുടെ വിശ്വാസം തെളിവിൽ അധിഷ്‌ഠിതമാണോ?

യഥാർഥ “വിശ്വാസം” “കാണപ്പെടാത്ത കാര്യങ്ങളെക്കുറിച്ചുള്ള, തെളിവിലധിഷ്‌ഠിതമായ നിശ്ചയ”മാണെന്ന്‌ ബൈബിൾ പറയുന്നു. (എബ്രായർ 11:1) ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം ഈ വാക്യം പരിഭാഷപ്പെടുത്തിയിരിക്കുന്നത്‌, “വിശ്വാസം . . . അദൃശ്യകാര്യങ്ങളുടെ നിശ്ചയ”മാകുന്നു എന്നാണ്‌. അദൃശ്യമെങ്കിലും യാഥാർഥ്യമാണെന്ന്‌ നിങ്ങൾ വിശ്വസിക്കുന്ന അനവധി കാര്യങ്ങളുണ്ട്‌, ശരിയല്ലേ?

ഉദാഹരണത്തിന്‌, മഹാനായ അലക്‌സാണ്ടർ, ജൂലിയസ്‌ സീസർ, യേശുക്രിസ്‌തു എന്നിവർ ഒരുകാലത്ത്‌ ജീവിച്ചിരുന്നതായി, അറിയപ്പെടുന്ന പല ചരിത്രകാരന്മാരും വിശ്വസിക്കുന്നു. ഈ ചരിത്രകാരന്മാരുടെ വിശ്വാസം വസ്‌തുതകളിൽ അധിഷ്‌ഠിതമാണോ? അതെ, കാരണം ചരിത്രരേഖകളിൽനിന്ന്‌ ആധികാരികമായി അവ തെളിയിക്കാൻ അവർക്കാകും.

കാണപ്പെടാത്ത കാര്യങ്ങളിൽ ശാസ്‌ത്രജ്ഞന്മാരും വിശ്വസിക്കുന്നുണ്ട്‌; അതും വാസ്‌തവത്തിൽ, “തെളിവിലധിഷ്‌ഠിതമായ നിശ്ചയ”മാണ്‌. ഉദാഹരണത്തിന്‌ 19-ാം നൂറ്റാണ്ടിലെ റഷ്യൻ രസതന്ത്രജ്ഞനായ ഡിമിട്രി മെൻഡലീയേവ്‌, പ്രപഞ്ചനിർമിതിയിലെ അടിസ്ഥാന ഘടകങ്ങളായ മൂലകങ്ങൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ മനസ്സിലാക്കി. ഈ മൂലകങ്ങൾക്ക്‌ പൊതുവായ ചില സവിശേഷതകൾ ഉണ്ടെന്നും അറ്റോമികഭാരത്തിന്റെയും രാസഗുണങ്ങളുടെയും അടിസ്ഥാനത്തിൽ അവയെ വർഗീകരിക്കാമെന്നും അദ്ദേഹം കണ്ടെത്തി. മൂലകങ്ങളുടെ ഗ്രൂപ്പുകളുടെ ക്രമത്തിൽ അദ്ദേഹത്തിന്‌ ഉറച്ച വിശ്വാസമുണ്ടായിരുന്നതിനാൽ, ആവർത്തനപ്പട്ടിക തയ്യാറാക്കിയ സമയത്ത്‌ ചില മൂലകങ്ങൾ  കണ്ടുപിടിക്കപ്പെട്ടിരുന്നില്ലെങ്കിലും അവ സ്ഥിതി ചെയ്യുന്നുണ്ടെന്ന വസ്‌തുത അദ്ദേഹത്തിനു കൃത്യമായി പ്രവചിക്കാൻ സാധിച്ചു. അതുകൊണ്ടുതന്നെ പട്ടികയിൽ അദ്ദേഹം അവയ്‌ക്കായി സ്ഥലം ഒഴിച്ചിട്ടു.

ആയിരക്കണക്കിനു വർഷങ്ങൾ പഴക്കമുള്ള, കുഴിച്ചെടുക്കപ്പെട്ട വസ്‌തുക്കൾ പരിശോധിച്ചാണ്‌ പുരാവസ്‌തുശാസ്‌ത്രജ്ഞർ പലപ്പോഴും പ്രാചീന സംസ്‌കാരങ്ങളെക്കുറിച്ചുള്ള നിഗമനങ്ങളിൽ എത്തിച്ചേരുന്നത്‌. ഉദാഹരണത്തിന്‌ കൃത്യമായി ഒരേ വലുപ്പത്തിൽ ചെത്തിയെടുത്ത, ഒന്നിനുമേൽ ഒന്നായി അടുക്കിയിരിക്കുന്ന കുറെയധികം കല്ലുകൾ ഒരു പുരാവസ്‌തുഗവേഷകൻ കണ്ടെത്തുന്നുവെന്നിരിക്കട്ടെ. അവ പണിതിരിക്കുന്നതാകട്ടെ, വ്യക്തമായ ഒരു രൂപരേഖയുടെ അടിസ്ഥാനത്തിലും. അത്‌ കാണുന്ന ഒരു ഗവേഷകൻ എന്തു നിഗമനത്തിലെത്തും? എല്ലാം യാദൃച്ഛികമായി സംഭവിച്ചു എന്നായിരിക്കുമോ? അതിനു തീരെ സാധ്യതയില്ല. പകരം, മുമ്പ്‌ ജീവിച്ചിരുന്ന ആരോ അതു പണിതതാണെന്ന്‌ അദ്ദേഹം കണക്കാക്കും, ശരിയല്ലേ? അതായിരിക്കും യുക്തിസഹമായ നിഗമനവും.

ന്യായമായും പ്രകൃതിയിലെ രൂപരചനയോടുള്ള ബന്ധത്തിലും അതേ തത്ത്വംതന്നെയല്ലേ ബാധകമാക്കേണ്ടത്‌? അറിയപ്പെടുന്ന ശാസ്‌ത്രജ്ഞന്മാർ ഉൾപ്പെടെ, പലരും അതിനെ ആ രീതിയിലാണ്‌ കാണുന്നത്‌.

ആകസ്‌മികതയോ ഉദ്ദേശ്യപൂർണമായ രൂപകൽപ്പനയോ?

ഗണിത-ഭൗതിക-ജ്യോതിശ്ശാസ്‌ത്ര രംഗങ്ങളിൽ ഗവേഷണം നടത്തിയിട്ടുള്ള, ബ്രിട്ടീഷ്‌ ശാസ്‌ത്രജ്ഞനായ സർ ജെയിംസ്‌ ജീൻസ്‌ വർഷങ്ങൾക്കുമുമ്പ്‌ എഴുതി: പുതിയപുതിയ ശാസ്‌ത്രീയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ, ‘ഈ പ്രപഞ്ചം അഗ്രഗണ്യനായ ഒരു ഗണിതശാസ്‌ത്രജ്ഞന്റെ രൂപകൽപ്പനയാണെന്നു പറയാം, നമുക്കുള്ള കഴിവുകൾ അദ്ദേഹത്തിന്റെ പ്രാപ്‌തികളുടെ പ്രതിഫലനമാണ്‌.’

ജീൻസ്‌ ഇത്‌ എഴുതിയതിനുശേഷം മറ്റു ചില ശാസ്‌ത്രജ്ഞന്മാരും സമാനമായ നിഗമനത്തിൽ എത്തിയിട്ടുണ്ട്‌. ഭൗതികശാസ്‌ത്രജ്ഞനായ പോൾ ഡേവിസ്‌ ഇങ്ങനെ എഴുതി, “പ്രപഞ്ചത്തിന്റെ മൊത്തത്തിലുള്ള സംഘാടനം, ഒരു രൂപരചനയുടെ തെളിവു നൽകുന്നതായി പല ആധുനിക ജ്യോതിശ്ശാസ്‌ത്രജ്ഞന്മാരും കണ്ടെത്തിയിരിക്കുന്നു.” അതിപ്രശസ്‌ത ഭൗതികശാസ്‌ത്രജ്ഞനും ഗണിതശാസ്‌ത്രജ്ഞനുമായ ആൽബർട്ട്‌ ഐൻസ്റ്റീൻ എഴുതി: “[പ്രകൃതിയെക്കുറിച്ച്‌] മനസ്സിലാക്കാനാകുന്നു എന്ന വസ്‌തുതതന്നെ ഒരത്ഭുതമാണ്‌.” പ്രകൃതിയിൽ കാണുന്ന ജീവൻ, അതിന്റെ അടിസ്ഥാനഘടകമായ ഡിഎൻഎ-മുതൽ വിസ്‌മയാവഹമായ മസ്‌തിഷ്‌കംവരെ അങ്ങനെ സകലതും നമ്മെ അത്ഭുതപരതന്ത്രരാക്കുന്നു.

ഡിഎൻഎ-യും മനുഷ്യ മസ്‌തിഷ്‌കവും

ജീവകോശങ്ങളിലെ ജനിതക വസ്‌തുവാണ്‌ ഡിഎൻഎ. * പാരമ്പര്യസ്വഭാവങ്ങൾ വഹിക്കുന്ന രാസതന്മാത്രയാണിത്‌. സങ്കീർണമായ ഈ രാസപദാർഥത്തെ ഒരു ബ്ലൂപ്രിന്റിനോട്‌ താരതമ്യം ചെയ്യാവുന്നതാണ്‌; കാരണം അത്‌ ‘വിവരങ്ങളുടെ’ ഒരു കലവറയാണ്‌. രാസരൂപത്തിലുള്ള കോഡുഭാഷയിലാണ്‌ ഈ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത്‌. അവ സൂക്ഷിച്ചിരിക്കുന്നതാകട്ടെ, കോഡുകളെ വ്യാഖ്യാനിച്ചെടുത്ത്‌ അതിനനുസൃതമായി പ്രവർത്തിക്കാൻ പര്യാപ്‌തമായ ഒരു തന്മാത്രിക പരിതസ്ഥിതിയിലും. എത്രമാത്രം വിവരങ്ങൾ ഡിഎൻഎ-യിൽ സംഭരിക്കപ്പെടുന്നുണ്ട്‌? അതിന്റെ അടിസ്ഥാന ഘടകങ്ങളായ ന്യൂക്ലിയോറ്റൈഡുകളിൽ അടങ്ങിയിരിക്കുന്ന വിവരങ്ങൾ അക്ഷരങ്ങൾ ഉപയോഗിച്ച്‌ എഴുതുകയാണെങ്കിൽ, “പത്തുലക്ഷത്തിലേറെ പേജുകളുള്ള ഒരു പുസ്‌തകം നിറയാൻമാത്രം കാണും” എന്ന്‌ ഒരു വെബ്‌സൈറ്റ്‌ പറയുന്നു.

ഡിഎൻഎ കാണപ്പെടുന്നത്‌ തന്തുരൂപത്തിലുള്ള ക്രോമസോമുകളിലാണ്‌. ഈ ക്രോമസോമുകൾ കോശമർമത്തിനുള്ളിൽ സംരക്ഷിക്കപ്പെട്ടിരിക്കുന്നു. കോശമർമത്തിന്റെ ശരാശരി വ്യാസം ഒരു ഇഞ്ചിന്റെ ഏതാണ്ട്‌ 0.0002 മാത്രമാണ്‌. ഒന്നോർത്തു നോക്കൂ, നമ്മുടെ ഓരോരുത്തരുടെയും ശരീരം രൂപംകൊള്ളുന്നതിന്‌ ആവശ്യമായ വിവരങ്ങളെല്ലാം സംഭരിച്ചുവെച്ചിരിക്കുന്നത്‌ സൂക്ഷ്‌മദർശിനിയിലൂടെമാത്രം കാണാൻ കഴിയുന്ന സൂക്ഷ്‌മകണികകളിലാണ്‌! “ഇത്രമാത്രം വിവരങ്ങൾ ഏറ്റവും കുറഞ്ഞ ഇടത്തിൽ ശേഖരിച്ചുവെക്കാനും ആവശ്യാനുസൃതം ഉപയോഗപ്പെടുത്താനും കഴിയുന്ന ഒരു സംവിധാനം ഇതുവരെ വേറെങ്ങും കണ്ടെത്തിയിട്ടില്ല” എന്ന്‌ ഒരു ശാസ്‌ത്രജ്ഞൻ പറഞ്ഞത്‌ എത്ര ശരിയാണ്‌! ഇതിനോടുള്ള താരതമ്യത്തിൽ, കമ്പ്യൂട്ടർ ചിപ്പുകൾക്കും ഡിവിഡികൾക്കും മറ്റും സൂക്ഷിച്ചുവെക്കാൻ കഴിയുന്ന വിവരങ്ങളുടെ അളവ്‌ എത്രയോ നിസ്സാരം! എന്നാൽ ഇപ്പോഴും ഡിഎൻഎ-യെക്കുറിച്ച്‌ നമുക്ക്‌ ഏറെയൊന്നും അറിയില്ല എന്നതാണ്‌ വാസ്‌തവം. “ഓരോ കണ്ടുപിടിത്തവും പുതിയപുതിയ സങ്കീർണതകളാണ്‌ വെളിച്ചത്തുകൊണ്ടുവരുന്നത്‌,” ന്യൂ സയന്റിസ്റ്റ്‌ മാഗസിൻ പറയുന്നു. *

ഇത്രയും തികവാർന്ന രൂപകൽപ്പനയും സംഘാടനവും യാദൃച്ഛികതയുടെ ഫലമാണെന്നു പറയുന്നത്‌ യുക്തിസഹമാണോ? സാങ്കേതികത മുറ്റിനിൽക്കുന്ന, ലക്ഷക്കണക്കിനു പേജുകളുള്ള ഒരു പുസ്‌തകം നിങ്ങൾ കാണുന്നുവെന്നിരിക്കട്ടെ. അതിസങ്കീർണമായ കോഡുകൾ ഉപയോഗിച്ച്‌ വളരെ വിദഗ്‌ധമായാണ്‌ അത്‌ എഴുതിയിരിക്കുന്നത്‌. ആ പുസ്‌തകം തനിയെ ഉണ്ടായതാണെന്ന്‌ നിങ്ങൾ നിഗമനം ചെയ്യുമോ? ഇനി, ശക്തിയേറിയ സൂക്ഷ്‌മദർശിനിയുടെ സഹായത്താൽമാത്രം വായിക്കാൻ കഴിയുന്ന വലുപ്പമേ ആ പുസ്‌തകത്തിന്‌ ഉള്ളുവെങ്കിലോ? സ്വയം കേടുപോക്കാനും സ്വന്തം പകർപ്പുകൾ ഉണ്ടാക്കാനും കഴിയുന്ന, ബുദ്ധിയോടെ പ്രവർത്തിക്കുന്ന, ക്ലിപ്‌തസമയത്ത്‌ ശരിയായ വിധത്തിൽ കൃത്യതയോടെ കൂട്ടിച്ചേർക്കേണ്ട ലക്ഷക്കണക്കിന്‌ ഭാഗങ്ങളുള്ള ഒരു യന്ത്രം നിർമിക്കുന്നതിനുവേണ്ട നിയതമായ നിർദേശങ്ങളാണ്‌ ആ പുസ്‌തകത്തിൽ ഉള്ളതെങ്കിലോ? അങ്ങനെയൊരു പുസ്‌തകം തനിയെ ഉണ്ടായി എന്ന്‌ ആരെങ്കിലും ചിന്തിക്കുമോ?

ബ്രിട്ടീഷ്‌ തത്ത്വചിന്തകനും ഒരുകാലത്ത്‌ കടുത്ത നിരീശ്വരവാദിയുമായിരുന്ന ആന്റണി ഫ്‌ളൂ, കോശത്തിനുള്ളിൽ നടക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച്‌ അടുത്തകാലത്ത്‌ നടന്ന ഗവേഷണഫലങ്ങൾ വിലയിരുത്തിയശേഷം ഇങ്ങനെ പറഞ്ഞു: “ഒരു ജീവൻ നാമ്പെടുക്കുന്നതിൽ ഉൾപ്പെട്ടിരിക്കുന്ന സങ്കീർണമായ പ്രക്രിയകൾ കാണിക്കുന്നത്‌ ഏതോ ഒരു ബുദ്ധിശക്തി അതിന്റെ പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്നാണ്‌.” ഫ്‌ളൂവിന്റെ അഭിപ്രായത്തിൽ, “ഏതൊരു വാദഗതിയും അടിസ്ഥാനമുള്ളതാണെങ്കിൽ അതിനോട്‌ പറ്റിനിൽക്കുന്നതാണ്‌ ശരിയായ സംഗതി, അത്‌ നമ്മെ ഏതു നിഗമനത്തിൽ കൊണ്ടെത്തിച്ചാലും.” അദ്ദേഹത്തിനു തന്റെ ചിന്താഗതി പൂർണമായി മാറ്റേണ്ടിവന്നു; ഇപ്പോൾ അദ്ദേഹം ദൈവത്തിൽ വിശ്വസിക്കുന്നു.

അനേക ശാസ്‌ത്രജ്ഞരെയും വിസ്‌മയംകൊള്ളിക്കുന്ന മറ്റൊന്നാണ്‌ മനുഷ്യമസ്‌തിഷ്‌കം. “പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ വസ്‌തു” എന്നാണ്‌ മസ്‌തിഷ്‌കത്തെ വിശേഷിപ്പിച്ചിരിക്കുന്നത്‌. ഏതാണ്ട്‌ 1.4 കിലോഗ്രാംമാത്രം തൂക്കമുള്ള, നാഡീകോശങ്ങളും മറ്റും കൂടിച്ചേർന്ന്‌ ഉണ്ടായിരിക്കുന്ന, പിങ്ക്‌ കലർന്ന ചാരനിറത്തിലുള്ള മസ്‌തിഷ്‌കത്തോടുള്ള താരതമ്യത്തിൽ അത്യാധുനിക സൂപ്പർകമ്പ്യൂട്ടറുകൾപോലും ഒന്നുമല്ല. ശാസ്‌ത്രജ്ഞന്മാർ മസ്‌തിഷ്‌കത്തെയും മനസ്സിനെയും കുറിച്ച്‌ എത്രയധികം പഠിക്കുന്നുവോ “അത്രയധികമായി അത്‌ അമ്പരപ്പിക്കുന്നതും ഗ്രഹണപ്രാപ്‌തിക്ക്‌ അതീതവുമാണെന്ന്‌ അവർ കണ്ടെത്തുന്നു” എന്ന്‌ ഒരു നാഡീശാസ്‌ത്രജ്ഞൻ അഭിപ്രായപ്പെട്ടു.

ഇതേക്കുറിച്ചു ചിന്തിക്കൂ: ശ്വസിക്കാനും ചിരിക്കാനും കരയാനും പദപ്രശ്‌നം പൂരിപ്പിക്കാനും കമ്പ്യൂട്ടറുകൾ നിർമിക്കാനും സൈക്കിൾ ഓടിക്കാനും കവിത എഴുതാനും ആകാശത്തിലെ നക്ഷത്രങ്ങൾ ഭയാദരവോടെ നോക്കിനിൽക്കാനുമെല്ലാം നമ്മെ പ്രാപ്‌തരാക്കുന്നത്‌ മസ്‌തിഷ്‌കമാണ്‌. ഈ കഴിവുകളും പ്രാപ്‌തികളും മനുഷ്യനിൽ യാദൃച്ഛികമായി വന്നുചേർന്നുവെന്നു കരുതുന്നത്‌ യുക്തിക്കു നിരക്കുന്നതാണോ?

തെളിവുകളിൽ അധിഷ്‌ഠിതമായ വിശ്വാസം

നമ്മെക്കുറിച്ചു കൂടുതലായി മനസ്സിലാക്കാൻ, നാം പരിണാമവാദികളെപ്പോലെ താഴ്‌ന്നതരം ജീവികളായ കുരങ്ങുകളിലേക്കും മറ്റും നോക്കുന്നതാണോ അതോ, ഉത്തരത്തിനായി ഉന്നതങ്ങളിലേക്ക്‌ അതായത്‌ ദൈവത്തിലേക്കു നോക്കുന്നതാണോ നല്ലത്‌? മൃഗങ്ങൾക്കും മനുഷ്യർക്കും പൊതുവായി ചിലതുണ്ട്‌ എന്നതു ശരിതന്നെ. മൃഗങ്ങളെപ്പോലെ മനുഷ്യരും കഴിക്കുകയും കുടിക്കുകയും ഉറങ്ങുകയും പ്രത്യുത്‌പാദനം നടത്തുകയുമൊക്കെ ചെയ്യുന്നു. എന്നാൽ മൃഗങ്ങൾക്കില്ലാത്ത പല സവിശേഷതകളും മനുഷ്യർക്കുണ്ട്‌. മനുഷ്യന്റെ വ്യതിരിക്തമായ സ്വഭാവസവിശേഷതകൾ, അവനെക്കാൾ ഉയർന്ന ഒരു ഉറവിൽനിന്ന്‌ അതായത്‌ ദൈവത്തിൽനിന്ന്‌ വന്നുചേർന്നതാണെന്ന്‌ തെളിവുകൾ സൂചിപ്പിക്കുന്നു. ബൈബിൾ ഈ ആശയം വളരെ ലളിതമായി പ്രസ്‌താവിക്കുന്നു; ദൈവം മനുഷ്യനെ “തന്റെ സ്വരൂപത്തിൽ” സൃഷ്ടിച്ചു എന്ന്‌ അത്‌ പറയുന്നു. ധാർമികവും ആത്മീയവുമായ സവിശേഷതകളുടെ കാര്യത്തിൽ നാം ദൈവസ്വരൂപത്തിലാണ്‌ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌. (ഉല്‌പത്തി 1:27) ദൈവത്തിന്റെ ഗുണങ്ങളെക്കുറിച്ച്‌ ഒന്നു പരിശോധിച്ചു നോക്കരുതോ? അവയിൽ ചിലത്‌ ആവർത്തനപുസ്‌തകം 32:4; യാക്കോബ്‌ 3:17, 18; 1 യോഹന്നാൻ 4:7, 8 എന്നീ ഭാഗങ്ങളിൽ കാണാവുന്നതാണ്‌.

നമ്മുടെ ചുറ്റുമുള്ള ലോകത്തെ നിരീക്ഷിക്കാനും മനസ്സിൽ ഉദിക്കുന്ന ചോദ്യങ്ങൾക്ക്‌ തൃപ്‌തികരമായ ഉത്തരം കണ്ടെത്താനും സ്രഷ്ടാവ്‌ നമുക്ക്‌ ബുദ്ധിശക്തി നൽകിയിരിക്കുന്നു. ഭൗതികശാസ്‌ത്രജ്ഞനും നോബൽസമ്മാന ജേതാവുമായ വില്യം ഡി. ഫിലിപ്‌സ്‌ അതു സംബന്ധിച്ച്‌ ഇങ്ങനെ എഴുതി: “ഈ പ്രപഞ്ചത്തിന്റെ ക്രമവും ഭംഗിയും കാണുമ്പോൾ, അതിനെക്കുറിച്ച്‌ നമുക്ക്‌ പലതും മനസ്സിലാക്കാനാകുന്നു എന്ന വസ്‌തുത പരിഗണിക്കുമ്പോൾ, അത്‌ രൂപകൽപ്പനചെയ്‌തത്‌ ബുദ്ധിശക്തിയുള്ള ഒരാളാണെന്നു നിഗമനംചെയ്യാൻ ഞാൻ പ്രേരിതനാകുന്നു. പ്രപഞ്ചത്തിൽ കാണുന്ന പൊരുത്തത്തെക്കുറിച്ചുള്ള ശാസ്‌ത്രീയമായ അറിവും ഭൗതികശാസ്‌ത്രത്തിന്റെ ലാളിത്യവും ദൈവത്തിലുള്ള എന്റെ വിശ്വാസത്തിന്‌ ശക്തിപകർന്നിരിക്കുന്നു.”

ഏതാണ്ട്‌ രണ്ടായിരംവർഷംമുമ്പ്‌ പ്രകൃതിയെ അടുത്തു നിരീക്ഷിച്ച ഒരാൾ ഇങ്ങനെ എഴുതി: “ലോകസൃഷ്ടിമുതൽ [ദൈവത്തിന്റെ] അദൃശ്യഗുണങ്ങളായ നിത്യശക്തിയും ദൈവത്ത്വവും അവന്റെ സൃഷ്ടികളിലൂടെ വ്യക്തമായി കണ്ടു ഗ്രഹിക്കാൻ സാധിക്കുമാറ്‌ വെളിവായിരിക്കുന്നു. അതുകൊണ്ട്‌ അവർക്ക്‌ ഒരു ഒഴികഴിവും പറയാനില്ല.” (റോമർ 1:20) അതിന്റെ എഴുത്തുകാരൻ—ക്രിസ്‌തീയ അപ്പൊസ്‌തലനായ പൗലോസ്‌—ബുദ്ധിമാനും ന്യായപ്രമാണത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയവനും ആയിരുന്നു. തെളിവിൽ അധിഷ്‌ഠിതമായ വിശ്വാസം ഉണ്ടായിരുന്നതുകൊണ്ട്‌ ദൈവം അവന്‌ ഒരു യാഥാർഥ്യമായിരുന്നു; സൃഷ്ടിക്രിയകൾക്കുള്ള ബഹുമതി ദൈവത്തിനു നൽകാൻ അവന്റെ ന്യായബോധം അവനെ പ്രേരിപ്പിച്ചു.

ദൈവത്തിൽ വിശ്വസിക്കുന്നത്‌ തീർച്ചയായും യുക്തിസഹമാണെന്ന്‌ നിങ്ങളും മനസ്സിലാക്കാൻ ഇടയാകട്ടെ. ദൈവം ഉണ്ടെന്ന്‌ കേവലം വിശ്വസിക്കുന്നതിൽ അധികം ചെയ്‌ത പൗലോസിനെപ്പോലെ ആയിരിക്കട്ടെ നിങ്ങളും. പ്രിയങ്കരമായ നിരവധി ഗുണങ്ങളുള്ള ഒരു ആത്മവ്യക്തിയാണ്‌ യഹോവയാം ദൈവമെന്നും അവൻ ആളുകളെ തന്നിലേക്ക്‌ ആകർഷിക്കുന്നുവെന്നും ദശലക്ഷങ്ങളെപ്പോലെ നിങ്ങളും മനസ്സിലാക്കാൻ ഇടയാകട്ടെ.—സങ്കീർത്തനം 83:18; യോഹന്നാൻ 6:44; യാക്കോബ്‌ 4:8.

[അടിക്കുറിപ്പുകൾ]

^ ഖ. 3 പ്രമുഖ ജീവിവർഗങ്ങളെല്ലാം പെട്ടെന്നു പ്രത്യക്ഷമാകുകയും മാറ്റമൊന്നുമില്ലാതെ തുടരുകയും ചെയ്‌തിരിക്കുന്നതായി ഫോസിൽരേഖകൾവ്യക്തമാക്കുന്നു. 2006 സെപ്‌റ്റംബർ ലക്കം ഉണരുക!യിലെ “പരിണാമം ഒരു വസ്‌തുതയോ?” എന്ന ലേഖനം കാണുക.

^ ഖ. 14 ഡീഓക്‌സി റൈബോന്യൂക്ലിക്‌ ആസിഡ്‌.

^ ഖ. 15 ചാൾസ്‌ ഡാർവിൻ പരിണാമസിദ്ധാന്തത്തിന്‌ രൂപംനൽകിയപ്പോൾ ജീവകോശത്തിന്റെ സങ്കീർണതകളെക്കുറിച്ച്‌ അദ്ദേഹത്തിന്‌ അറിവില്ലായിരുന്നു.

[20-ാം പേജിലെ ചതുരം]

മതത്തിന്റെ പേരിലുള്ള ഹീനകൃത്യങ്ങൾ ദൈവത്തിൽ വിശ്വസിക്കാതിരിക്കാനുള്ള ന്യായമാണോ?

ഇന്നു പലരും ഒരു സ്രഷ്ടാവിൽ വിശ്വസിക്കുന്നില്ല. മതത്തിന്റെ പേരിൽ നടന്നിട്ടുള്ള ചൂഷണങ്ങളും ക്രൂരകൃത്യങ്ങളും ആണ്‌ അതിനു കാരണമായി അവർ ചൂണ്ടിക്കാട്ടുന്നത്‌. എന്നാൽ ദൈവത്തിൽ വിശ്വസിക്കാതിരിക്കാനുള്ള ഒരു കാരണമാണോ അത്‌? ഒരിക്കലുമല്ല. ആന്റണി ഫ്‌ളൂവിന്റെ ദൈവം ഉണ്ട്‌ എന്ന പുസ്‌തകത്തിന്റെ അവതാരികയിൽ റോയ്‌ എബ്രഹാം വർഗീസ്‌ എഴുതി: “മതങ്ങളിൽ ധൂർത്തും നീചകൃത്യങ്ങളും നടക്കുന്നുവെന്നുപറഞ്ഞ്‌ ദൈവത്തിന്റെ അസ്‌തിത്വത്തെ ചോദ്യംചെയ്യുന്നത്‌ ശരിയായിരിക്കില്ല, ഇന്ന്‌ വർധിച്ച ആണവഭീഷണി ഉണ്ടെന്നുപറഞ്ഞ്‌ ആരും E=mc2 എന്ന സൂത്രവാക്യത്തിന്റെ ആധികാരികതയെ സംശയിക്കാത്തതുപോലെ.” *

[അടിക്കുറിപ്പ്‌]

^ ഖ. 31 ഊർജം=പിണ്ഡം x പ്രകാശവേഗത്തിന്റെ വർഗം.

[19-ാം പേജിലെ ചിത്രങ്ങൾ]

പുരാതന നിർമിതികൾക്കുള്ള ബഹുമതി നാം മനുഷ്യർക്കു നൽകുമെങ്കിൽ പ്രകൃതിയിലെ രൂപരചനയ്‌ക്കുള്ള ബഹുമതി ആർക്കായിരിക്കും നൽകുക?

[19-ാം പേജിലെ ചിത്രം]

ആൽബർട്ട്‌ ഐൻസ്റ്റീൻ

[20, 21 പേജുകളിലെ ചിത്രങ്ങൾ]

ജീവന്റെ അടിസ്ഥാനഘടകമായ ഡിഎൻഎ, നിയതമായ നിർദേശങ്ങൾ അടങ്ങിയ ഒരു അതിസൂക്ഷ്‌മ ഗ്രന്ഥംപോലെയാണ്‌

[21-ാം പേജിലെ ചിത്രങ്ങൾ]

മനുഷ്യ മസ്‌തിഷ്‌കത്തെ “പ്രപഞ്ചത്തിലെ ഏറ്റവും സങ്കീർണമായ വസ്‌തു” എന്നാണ്‌ വിശേഷിപ്പിച്ചിരിക്കുന്നത്‌

[18-ാം പേജിലെ ചിത്രങ്ങൾക്ക്‌ കടപ്പാട്‌]

© The Print Collector/age fotostock