വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രാണികൾക്കും ഫാസ്റ്റ്‌ ഫുഡ്‌!

പ്രാണികൾക്കും ഫാസ്റ്റ്‌ ഫുഡ്‌!

പ്രാണികൾക്കും ഫാസ്റ്റ്‌ ഫുഡ്‌!

● എത്ര എളുപ്പത്തിലാണ്‌ പ്രാണികൾക്ക്‌ ആഹാരം ലഭിക്കുന്നത്‌, അതും ഉയർന്ന കലോറി മൂല്യമുള്ള ഭക്ഷണം! പുഷ്‌പങ്ങളാണ്‌ അവയുടെ ഭക്ഷ്യസ്രോതസ്സ്‌. ഫാസ്റ്റ്‌ ഫുഡ്‌ ശൃംഖലകളെപ്പോലെതന്നെ, പുഷ്‌പങ്ങളും അവയുടെ വിഭവങ്ങൾ പരസ്യം ചെയ്യുന്നുണ്ട്‌, അത്യന്തം ആകർഷകമായ നിറങ്ങളാൽ. ഇത്തരം നിറങ്ങളാൽ ആകർഷിക്കപ്പെടുന്ന പ്രാണികൾ പൂക്കളിലേക്ക്‌ പറന്നെത്തുന്നു; അവിടെ അവയ്‌ക്ക്‌ പൂമ്പൊടി ഉണ്ണാനും പൂന്തേൻ നുകരാനും കഴിയുന്നു.

തണുപ്പേറിയ രാത്രികാലങ്ങൾക്കുശേഷം ഒന്ന്‌ ‘ഉഷാറാകാൻ’ ഈ ശീതരക്ത ജീവികൾക്ക്‌ സൗരോർജം കൂടിയേ തീരൂ. മിക്ക പുഷ്‌പങ്ങളും അവയ്‌ക്കേകുന്നത്‌ ഒരു സമ്പൂർണ പാക്കേജ്‌ ആണ്‌—പോഷകസമൃദ്ധമായ ആഹാരവും വെയിൽ കായാൻ ഒരിടവും. താഴെപ്പറയുന്ന ഉദാഹരണം നോക്കുക.

യൂറോപ്പിലും വടക്കേ അമേരിക്കയിലും പരക്കെ കണ്ടുവരുന്ന ഒരു പുഷ്‌പമാണ്‌ ഓക്‌സൈ ഡെയ്‌സി. ഈ പുഷ്‌പത്തിന്‌ വലിയ പ്രത്യേകതയൊന്നും ഇല്ലെന്ന്‌ പ്രത്യക്ഷത്തിൽ തോന്നിയേക്കാം. എന്നാൽ കുറച്ചു സമയമെടുത്ത്‌ അവയെ നിരീക്ഷിക്കുന്നെങ്കിൽ വിസ്‌മയിപ്പിക്കുന്ന പല കാര്യങ്ങളും കാണാനാകും. പുതിയൊരു ദിവസത്തിനു തുടക്കമിടാൻ ആവശ്യമായ സൗകര്യങ്ങളെല്ലാം അവ പ്രാണികൾക്ക്‌ ഒരുക്കിക്കൊടുക്കുന്നു. മഞ്ഞനിറമുള്ള മധ്യഭാഗം നല്ലൊരു വിശ്രമസ്ഥലമാണ്‌. അവിടെയിരുന്ന്‌ പ്രാണികൾക്ക്‌ വെയിൽ കായാനാകും. ഇനി, സൂര്യപ്രകാശം പ്രതിഫലിപ്പിച്ചുകൊണ്ട്‌ ഈ പൂക്കളുടെ വെണ്മയാർന്ന ഇതളുകളും അവയ്‌ക്കു ചൂടുപകരുന്നു. *

പൂമ്പൊടിയുടെയും പൂന്തേനിന്റെയും ഒരു കലവറതന്നെയാണ്‌ ഈ ഡെയ്‌സി പുഷ്‌പങ്ങൾ. വിശന്നുവലഞ്ഞ്‌ എത്തുന്ന സന്ദർശകരെ എത്ര കാര്യമായാണ്‌ ഇവ സത്‌കരിക്കുന്നതെന്നോ! പ്രാണികൾക്ക്‌ ഇതിൽപ്പരം എന്തുവേണം—പോഷകസമൃദ്ധമായ പ്രഭാതഭക്ഷണവും, ഒപ്പം വെയിൽ കായാൻ ഒരിടവും!

ദിവസത്തിൽ ഉടനീളം പലതരം പ്രാണികൾ ഡെയ്‌സി പുഷ്‌പങ്ങളെ സന്ദർശിക്കാറുണ്ട്‌. വണ്ടുകൾ, നിറപ്പകിട്ടാർന്ന ചിത്രശലഭങ്ങൾ, ചീവീടുകൾ എന്നിങ്ങനെ പ്രാണിവർഗത്തിലെ പലരും ഇവിടുത്തെ സ്ഥിരം സന്ദർശകരാണ്‌. പ്രാണികളുടെ ഈ ‘ഫാസ്റ്റ്‌ ഫുഡ്‌ കേന്ദ്രങ്ങൾ’ നിരീക്ഷിക്കുന്നത്‌ മനംകവരുന്ന ഒരു അനുഭവംതന്നെയാണ്‌.

അടുത്തതവണ ഡെയ്‌സി പുഷ്‌പങ്ങളുള്ള ഒരു പ്രദേശം സന്ദർശിക്കുമ്പോൾ അവയെ ഒന്ന്‌ അടുത്തു നിരീക്ഷിക്കൂ; ഒപ്പം അവയിൽ പറന്നെത്തുന്ന സന്ദർശകരെയും. അവയുടെയെല്ലാം സൃഷ്ടികർത്താവിനോടുള്ള നന്ദിയാലും ഭയാദരവിനാലും നിങ്ങളുടെ ഹൃദയം നിറഞ്ഞുകവിയും, തീർച്ച.

[അടിക്കുറിപ്പ്‌]

^ ഖ. 4 ചിലതരം പൂക്കളുടെ പ്രതലത്തിലെ ചൂട്‌ അന്തരീക്ഷ ഊഷ്‌മാവിനെക്കാൾ ഏതാനും ഡിഗ്രി ഉയർന്നതായിരിക്കുമെന്ന്‌ ശാസ്‌ത്രജ്ഞന്മാർ കണ്ടെത്തിയിട്ടുണ്ട്‌.