വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പുകവലിയോടു പറയാം ഗുഡ്‌ബൈ!

പുകവലിയോടു പറയാം ഗുഡ്‌ബൈ!

പുകവലിയോടു പറയാം ഗുഡ്‌ബൈ!

നിങ്ങൾ മനസ്സിലുറച്ചിരിക്കുന്നത്‌ ധൈര്യപൂർവം നിവർത്തിക്കാൻ ഇനി ഒട്ടും വൈകരുത്‌. (1 ദിനവൃത്താന്തം 28:10) വിജയം ഉറപ്പാക്കാൻ ഇനി എന്തെല്ലാംകൂടെ നിങ്ങൾക്കു ചെയ്യാനാകും?

ഒരു തീയതി നിശ്ചയിക്കുക. പുകവലിശീലം നിറുത്താൻ തീരുമാനിച്ചുകഴിഞ്ഞാൽ രണ്ടാഴ്‌ചയ്‌ക്കകം അതു നടപ്പിലാക്കണമെന്ന്‌ ‘ദ യു. എസ്‌. ഡിപ്പാർട്ട്‌മെന്റ്‌ ഓഫ്‌ ഹെൽത്ത്‌ ആൻഡ്‌ ഹ്യൂമൺ സർവീസസ്‌’ നിർദേശിക്കുന്നു. അങ്ങനെയാകുമ്പോൾ ഈ ദുശ്ശീലത്തിൽനിന്നു പുറത്തുകടക്കാനുള്ള നിങ്ങളുടെ നിശ്ചയദാർഢ്യം ദുർബലമാകുകയില്ല. ആ തീയതി കലണ്ടറിൽ കുറിച്ചിടുക. സുഹൃത്തുക്കളോടെല്ലാം അതേക്കുറിച്ചു പറയുക. എന്തുവന്നാലും ആ തീയതിയിൽത്തന്നെ പുകവലി നിറുത്താൻ എല്ലാ ശ്രമവും ചെയ്യുക.

ഒരു “പുകവലി ഉപേക്ഷിക്കൽ കാർഡ്‌” ഉണ്ടാക്കുക. പിൻവരുന്ന കാര്യങ്ങൾ ഉൾപ്പെടെ നിങ്ങളുടെ തീരുമാനത്തെ ഉറപ്പിക്കാൻപോന്ന എന്തും നിങ്ങൾക്ക്‌ അതിൽ എഴുതിച്ചേർക്കാം:

● പുകവലി ഉപേക്ഷിക്കാനുള്ള കാരണങ്ങൾ

● സിഗരറ്റ്‌ വലിക്കാനുള്ള ചോദനയ്‌ക്കു വഴിപ്പെടുമെന്നു തോന്നിയാൽ സഹായിക്കാനായി നിങ്ങൾക്കു വിളിക്കാൻ കഴിയുന്നവരുടെ ഫോൺ നമ്പറുകൾ

● ലക്ഷ്യം കൈവരിക്കാൻ നിങ്ങളെ സഹായിക്കുമെന്ന്‌ തോന്നുന്ന ആശയങ്ങൾ; ഉദാഹരണം, ഗലാത്യർ 5:22, 23 പോലുള്ള വാക്യങ്ങൾ

ഈ കാർഡ്‌ എപ്പോഴും കൂടെക്കരുതുക; ദിവസത്തിൽ പല തവണ അതു വായിക്കുക. പുകവലി പാടേ നിറുത്തിക്കഴിഞ്ഞും പുകവലിക്കാനുള്ള പ്രേരണ തോന്നുന്ന അവസരങ്ങളിൽ കാർഡ്‌ എടുത്ത്‌ വായിച്ചുനോക്കുക.

പുകവലി നിറുത്തുന്നതിനുമുമ്പേ ചില മുൻകരുതലുകൾ എടുക്കുക. നിങ്ങൾ നിശ്ചയിച്ച തീയതിക്കുമുമ്പുതന്നെ, നിങ്ങൾക്ക്‌ ചില മുൻകരുതലുകൾ സ്വീകരിക്കാവുന്നതാണ്‌. ഉദാഹരണത്തിന്‌, രാവിലെ എഴുന്നേറ്റാലുടനെ പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ, ഒരു മണിക്കൂർ നേരത്തേക്കോ മറ്റോ സിഗരറ്റ്‌ വലിക്കാതെ നോക്കുക. ഇനി, ഭക്ഷണത്തിനിടയ്‌ക്കോ ഭക്ഷണം കഴിഞ്ഞ ഉടനെയോ പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ അതിനും മാറ്റംവരുത്തുക. പുകവലിക്കാരുടെ ചുറ്റുവട്ടത്തായിരിക്കുന്നതും ഒഴിവാക്കണം. തനിച്ചായിരിക്കുമ്പോൾ ഇപ്രകാരം ഉറക്കെപ്പറഞ്ഞ്‌ ശീലിക്കുക: “വേണ്ട. ഞാൻ ആ ശീലം നിറുത്തി!” ഇതെല്ലാം ആ ദിവസത്തിനുവേണ്ടി നിങ്ങളെ സജ്ജനാക്കുമെന്നു മാത്രമല്ല, പുകവലി എന്ന ദുശ്ശീലത്തിൽനിന്ന്‌ മുക്തി നേടാനാകുന്ന ആ ദിവസത്തിനായി ആകാംക്ഷയോടെ നോക്കിയിരിക്കാനും നിങ്ങളെ സഹായിക്കും.

പുകവലിയോടു വിടപറയാൻ തയ്യാറാകുക. ആ തീയതി അടുത്തുവരവെ ച്യൂയിങ്‌ ഗം, കടല, കശുവണ്ടി തുടങ്ങിയ ചില സാധനങ്ങൾ വാങ്ങിവെക്കുക. നിങ്ങളുടെ സുഹൃത്തുക്കളെയും വീട്ടുകാരെയും ആ തീയതിയെക്കുറിച്ചും അവർക്ക്‌ നൽകാനാകുന്ന പിന്തുണയെക്കുറിച്ചും ഓർമിപ്പിക്കുക. തലേന്നുതന്നെ ആഷ്‌-ട്രേയും ലൈറ്ററുകളും സിഗരറ്റുകുറ്റികളുമെല്ലാം നിങ്ങളുടെ വീട്ടിൽനിന്നും പോക്കറ്റിൽനിന്നും ജോലിസ്ഥലത്തുനിന്നുമൊക്കെ എടുത്തുമാറ്റുക. കയ്യെത്താവുന്ന ദൂരത്ത്‌ സിഗരറ്റ്‌ ഇല്ലാത്തത്‌ നന്നായിരിക്കും. കാരണം ആരോടെങ്കിലും ഒരു സിഗരറ്റ്‌ ചോദിക്കുന്നതിന്റെ അല്ലെങ്കിൽ കടയിൽ പോയി ഒരു പായ്‌ക്കറ്റ്‌ വാങ്ങുന്നതിന്റെ മിനക്കേട്‌ ഓർത്ത്‌ നിങ്ങൾ അത്‌ വേണ്ടെന്നുവെക്കാനാണ്‌ സാധ്യത. നിങ്ങളുടെ തീരുമാനത്തിൽ ഉറച്ചുനിൽക്കാനുള്ള സഹായത്തിനായി ദൈവത്തോട്‌ ആത്മാർഥമായി പ്രാർഥിക്കുക.

പുകയില എന്ന കൊലയാളിയുടെ കൈയിൽനിന്നു രക്ഷപ്പെട്ട അനേകരുണ്ട്‌. നിങ്ങൾ അറിയാതെ നിങ്ങളുടെ സിരകളിൽ വിഷം കലർത്തി നിങ്ങളെ കൊന്നുകൊണ്ടിരിക്കുന്ന ഈ കപടസുഹൃത്തുമായുള്ള സകല ബന്ധവും വിച്ഛേദിക്കാൻ നിങ്ങൾക്കുമാകും, തീർച്ച. പുകവലി നിറുത്തൂ! സ്വാതന്ത്ര്യത്തിന്റെ ശുദ്ധവായു ശ്വസിക്കൂ!

[32-ാം പേജിലെ ചിത്രം]

ഈ കാർഡ്‌ എപ്പോഴും കൂടെക്കരുതുക; ദിവസത്തിൽ പല തവണ അതു വായിക്കുക