വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“താങ്കളെ ജോലിയിൽനിന്നു പിരിച്ചുവിടുകയാണ്‌”

“താങ്കളെ ജോലിയിൽനിന്നു പിരിച്ചുവിടുകയാണ്‌”

“താങ്കളെ ജോലിയിൽനിന്നു പിരിച്ചുവിടുകയാണ്‌”

മാർട്ടിന്‌ കമ്പനിയിൽ നല്ല പേരായിരുന്നു. * ആറുവർഷംകൊണ്ട്‌ അദ്ദേഹം കമ്പനിക്ക്‌ വൻലാഭമാണ്‌ ഉണ്ടാക്കിക്കൊടുത്തത്‌. അതുകൊണ്ട്‌ ഡയറക്‌ടർ ഓഫീസിലേക്ക്‌ വിളിപ്പിച്ചപ്പോൾ ഒരു പ്രമോഷൻ, ചുരുങ്ങിയപക്ഷം ഒരു ശമ്പളവർധനയെങ്കിലും അദ്ദേഹം പ്രതീക്ഷിച്ചു. സംഭവിച്ചതു പക്ഷേ മറ്റൊന്നായിരുന്നു. “താങ്കളെ ജോലിയിൽനിന്നു പിരിച്ചുവിടുകയാണ്‌,” ഡയറക്‌ടറുടെ വാക്കുകൾ കാതിൽ പതിച്ചപ്പോൾ കണ്ണിൽ ഇരുട്ടുകയറുന്നതുപോലെ തോന്നി മാർട്ടിന്‌.

കേട്ടത്‌ സത്യംതന്നെയോ എന്ന്‌ ഒരു നിമിഷം അദ്ദേഹം ശങ്കിച്ചു. “നല്ല ശമ്പളമുള്ള നല്ല ജോലി! പക്ഷേ, ഒരു നിമിഷംകൊണ്ട്‌ എല്ലാം തകിടംമറിഞ്ഞു,” മാർട്ടിന്റെ വാക്കുകൾ. അദ്ദേഹത്തിന്റെ ഭാര്യ ആനിയും ഒരു ഞെട്ടലോടെയാണ്‌ ആ വാർത്ത കേട്ടത്‌. “രക്തമെല്ലാം വാർന്ന്‌ ശരീരം നിർജീവമായതുപോലെ. ‘ദൈവമേ, ഇനിയങ്ങോട്ട്‌ എന്ത്‌’ എന്ന ചിന്തയായിരുന്നു മനസ്സിൽ” അവർ ഓർക്കുന്നു.

മാർട്ടിന്റെ അതേ അവസ്ഥയിലായിപ്പോയ ലക്ഷക്കണക്കിന്‌ ആളുകളുണ്ട്‌. (ഇതോടൊപ്പം കൊടുത്തിരിക്കുന്ന ഗ്രാഫ്‌ കാണുക.) തൊഴിൽനഷ്ടം വരുത്തിവെക്കുന്ന വൈകാരിക സംഘർഷം! അനുഭവിച്ചിട്ടുള്ളവർക്കേ അത്‌ അറിയാവൂ. പെറുവിൽനിന്നു കുടിയേറിപ്പാർത്ത റൂയൽ ന്യൂയോർക്കിലെ ഒരു വലിയ ഹോട്ടലിൽ ജോലിനോക്കുകയായിരുന്നു. 18 വർഷത്തിനുശേഷം നിനച്ചിരിക്കാതെ ജോലി നഷ്ടപ്പെട്ടപ്പോൾ അദ്ദേഹവും പതറിപ്പോയി. ഒരു ജോലിക്കായി പലയിടത്തും അലഞ്ഞു. പക്ഷേ ഒരു പ്രയോജനവും ഉണ്ടായില്ല. “30-ഓളം വർഷം ഞാൻ നന്നായിത്തന്നെ കുടുംബം നോക്കി. പക്ഷേ, ജോലി പോയതോടെ കഥയാകെ മാറി, എനിക്ക്‌ എന്നോടുതന്നെ അവജ്ഞതോന്നി,” റൂയൽ.

തൊഴിൽനഷ്ടത്തിന്റെ ഒരു ഭീകരമുഖമാണ്‌ റൂയലിന്റെ വാക്കുകളിൽ പ്രതിഫലിച്ചു കാണുന്നത്‌. പലപ്പോഴും നൈരാശ്യവും ഭീതിയും മനസ്സിനെ വരിഞ്ഞുമുറുക്കും. റീനയുടെ ഭർത്താവ്‌ മാത്യുവിന്‌ ജോലിയില്ലാതായിട്ട്‌ വർഷം മൂന്നു കഴിഞ്ഞു. “‘പണമില്ലാത്തവൻ പിണം’ എന്നാണല്ലോ പറയാറ്‌. പിന്നെപ്പിന്നെ നമുക്കും നമ്മളെപ്പറ്റി അങ്ങനെതന്നെ തോന്നിത്തുടങ്ങും,” റീന പറയുന്നു.

ഒരു വശത്ത്‌ വൈകാരിക സംഘർഷങ്ങൾ; മറുവശത്ത്‌ അരിഷ്ടിച്ചുജീവിക്കേണ്ടതിന്റെ ബുദ്ധിമുട്ട്‌. “പണം കൈയിലുണ്ടായിരുന്നപ്പോൾ ചെലവു ചുരുക്കി ജീവിക്കുന്നതിനെപ്പറ്റി ഞങ്ങൾ ചിന്തിച്ചിരുന്നേയില്ല; പക്ഷേ, ജോലി നഷ്ടപ്പെട്ടപ്പോൾ ചെലവു ചുരുക്കുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു,” മാർട്ടിൻ.

മറ്റൊരു ജോലിക്കായി അലയുമ്പോഴും മാറിയ ജീവിതത്തിന്റെ ഉത്‌കണ്‌ഠകൾ നിങ്ങളെ വേട്ടയാടുന്നുണ്ടാകും. ചെലവുകൾ വെട്ടിച്ചുരുക്കി ജീവിക്കേണ്ടതിന്റെ ബുദ്ധിമുട്ടു വേറെ. ഈ പ്രതിസന്ധികളെ എങ്ങനെ നേരിടാം? ആദ്യം നമുക്ക്‌ മാനസിക സമ്മർദത്തെ മറികടക്കാനുള്ള രണ്ടു പ്രായോഗിക വഴികൾ ചിന്തിക്കാം.

[അടിക്കുറിപ്പ്‌]

^ ഖ. 2 ചില പേരുകൾ മാറ്റിയിട്ടുണ്ട്‌.

[3-ാം പേജിലെ ഗ്രാഫ്‌]

(പൂർണരൂപത്തിൽ കാണുന്നതിന്‌ പ്രസിദ്ധീകരണം നോക്കുക)

2008-ൽ തൊഴിൽരഹിതരായവരുടെ എണ്ണം (മൂന്നു രാജ്യങ്ങളിലേത്‌)

ജപ്പാൻ 26,50,000

സ്‌പെയ്‌ൻ 25,90,000

ഐക്യനാടുകൾ 89,24,000