വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എല്ലാ പരിശോധനകളിലും ദൈവം എന്നെ തുണച്ചു

എല്ലാ പരിശോധനകളിലും ദൈവം എന്നെ തുണച്ചു

എല്ലാ പരിശോധനകളിലും ദൈവം എന്നെ തുണച്ചു

വിക്‌ടോറിയ കോജോയ്‌ പറഞ്ഞപ്രകാരം

“ഞങ്ങൾക്ക്‌ ഇനി ഒന്നും ചെയ്യാനില്ല. ഇനിയുള്ള കാലം മുഴുവൻ നിങ്ങളുടെ മകൾക്ക്‌ ക്രച്ചസും ലെഗ്‌ ബ്രെയ്‌സുകളും ഉപയോഗിക്കേണ്ടിവരും.” അമ്മയോടു ഡോക്‌ടർ ഇതു പറഞ്ഞപ്പോൾ ഞാൻ തകർന്നുപോയി! നടക്കാനാവാത്ത ഞാൻ ഇനി എന്തു ചെയ്യും?

മെക്‌സിക്കോയിലെ ചിയാപ്പാസിലാണ്‌ ഞാൻ ജനിച്ചത്‌, 1949 നവംബർ 17-ന്‌. നാലുമക്കളിൽ മൂത്തതായിരുന്നു ഞാൻ. ജനിച്ചപ്പോൾ ഞാൻ നല്ല ആരോഗ്യമുള്ള കുഞ്ഞായിരുന്നത്രേ. പക്ഷേ ആറുമാസമുള്ളപ്പോൾ, മുട്ടിലിഴയുന്ന പ്രായത്തിൽ, പെട്ടെന്ന്‌ എന്റെ ചലനശേഷിക്ക്‌ എന്തോ സംഭവിച്ചു. രണ്ടുമാസംകൂടി കഴിഞ്ഞപ്പോൾ എനിക്ക്‌ തീർത്തും അനങ്ങാൻ പറ്റാതായി. ഞങ്ങളുടെ ടൗണിലെ വേറെയും കുട്ടികൾക്ക്‌ ഇതേ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഡോക്‌ടർമാർ ആകെ ആശയക്കുഴപ്പത്തിലായി. ഒടുവിൽ മെക്‌സിക്കോ സിറ്റിയിൽനിന്ന്‌ ഒരു അസ്ഥിരോഗവിദഗ്‌ധൻ വന്ന്‌ ഞങ്ങളെയെല്ലാം പരിശോധിച്ചു. ഞങ്ങൾക്ക്‌ പോളിയോ ആണെന്ന്‌ അദ്ദേഹം കണ്ടെത്തി.

മൂന്നുവയസ്സുള്ളപ്പോൾ എന്റെ അരക്കെട്ടിനും കാൽ മുട്ടുകൾക്കും കണങ്കാലുകൾക്കും ഓപ്പറേഷൻ വേണ്ടിവന്നു. കുറച്ചുകഴിഞ്ഞപ്പോൾ വലത്തേ തോളിനും തകരാറു സംഭവിച്ചു. ആറുവയസ്സുള്ളപ്പോൾ മെക്‌സിക്കോ സിറ്റിയിലുള്ള കുട്ടികളുടെ ആശുപത്രിയിൽ എന്നെ ചികിത്സയ്‌ക്ക്‌ കൊണ്ടുപോയി. ചിയാപ്പാസിലുള്ള ഒരു ഫാമിലായിരുന്നു അന്ന്‌ അമ്മയ്‌ക്ക്‌ ജോലി. അതുകൊണ്ട്‌ മെക്‌സിക്കോ സിറ്റിയിൽ അമ്മൂമ്മയോടൊപ്പമാണ്‌ ഞാൻ കഴിഞ്ഞത്‌. മിക്കവാറും ദിവസങ്ങളിൽ ഞാൻ ആശുപത്രിയിലായിരുന്നു.

എട്ടുവയസ്സുള്ളപ്പോൾ എന്റെ അവസ്ഥ അൽപ്പം മെച്ചപ്പെട്ടു. പക്ഷേ കുറച്ചുകഴിഞ്ഞപ്പോൾ വീണ്ടും വഷളായി, ഉണ്ടായിരുന്ന ചലനശേഷിയും നഷ്ടപ്പെട്ടു. ഇനിയങ്ങോട്ട്‌ ക്രച്ചസും ബ്രെയ്‌സുകളും ഉപയോഗിക്കേണ്ടിവരുമെന്ന്‌ ഡോക്‌ടർമാർ പറഞ്ഞു.

പതിനഞ്ചു വയസ്സിനിടെ 25 ശസ്‌ത്രക്രിയകൾക്ക്‌ ഞാൻ വിധേയയായി. നട്ടെല്ല്‌, കാലുകൾ, കാൽമുട്ടുകൾ, കണങ്കാലുകൾ, തള്ളവിരലുകൾ എന്നിവിടങ്ങളിലായിരുന്നു ശസ്‌ത്രക്രിയ. ഓരോ ഓപ്പറേഷനുശേഷവും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങിവരാനുള്ള വിദഗ്‌ധസഹായം എനിക്കു ലഭിച്ചിരുന്നു. ഇത്തരത്തിൽ ഒരു ശസ്‌ത്രക്രിയയെത്തുടർന്ന്‌ എന്റെ കാലുകൾക്ക്‌ പ്ലാസ്റ്ററിട്ടു. പ്ലാസ്റ്റർ എടുത്തുകഴിഞ്ഞുള്ള വ്യായാമമുറകൾ വളരെ വേദനാകരമായിരുന്നു.

ആശ്വാസം ലഭിക്കുന്നു

11-ാമത്തെ വയസ്സിൽ, ഒരു ഓപ്പറേഷൻ കഴിഞ്ഞ്‌ കിടക്കുമ്പോൾ അമ്മ എന്നെ കാണാൻവന്നു. തളർവാതരോഗികൾ ഉൾപ്പെടെ അനേകരെ യേശു സൗഖ്യമാക്കിയതിനെക്കുറിച്ച്‌ അമ്മ മനസ്സിലാക്കിയിരുന്നു. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരുന്ന വീക്ഷാഗോപുരം മാസികയിൽനിന്നായിരുന്നു അമ്മ ഇതെല്ലാം പഠിച്ചത്‌. അതിന്റെ ഒരു പ്രതി അമ്മ എനിക്കു വായിക്കാൻതന്നു. ആ മാസിക ഞാൻ എന്റെ തലയിണക്കീഴിൽ ഒളിച്ചുവെച്ചു, ഒരു ദിവസം അത്‌ അപ്രത്യക്ഷമായി. നഴ്‌സുമാർ എടുത്തുമാറ്റിയതായിരുന്നു. ആ മാസിക വായിച്ചതിന്‌ അവർ എന്നെ വഴക്കു പറഞ്ഞു.

ഒരു വർഷം കഴിഞ്ഞ്‌ അമ്മ വീണ്ടും എന്നെ കാണാൻ വന്നു. അപ്പോഴേക്കും യഹോവയുടെ സാക്ഷികളോടൊത്ത്‌ അമ്മ ബൈബിൾ പഠിക്കാൻ തുടങ്ങിയിരുന്നു. നഷ്ടപ്പെട്ട പറുദീസയിൽനിന്ന്‌ തിരിച്ചുകിട്ടിയ പറുദീസയിലേക്ക്‌ (ഇംഗ്ലീഷ്‌) * എന്ന പുസ്‌തകം അമ്മ എനിക്കു കൊണ്ടുവന്നുതന്നു. അമ്മ എന്നോടു പറഞ്ഞു: “ദൈവം വാഗ്‌ദാനം ചെയ്‌തിരിക്കുന്ന പുതിയ ലോകത്തിൽ ജീവിക്കാനും യേശുവിൽനിന്ന്‌ സൗഖ്യം പ്രാപിക്കാനും ആഗ്രഹിക്കുന്നെങ്കിൽ നീ ബൈബിൾ പഠിക്കണം.” അങ്ങനെ, അമ്മൂമ്മയുടെ എതിർപ്പ്‌ വകവെക്കാതെ ഞാൻ സാക്ഷികളോടൊത്ത്‌ ബൈബിൾ പഠിക്കാൻ തീരുമാനിച്ചു. അപ്പോൾ എനിക്ക്‌ 14 വയസ്സായിരുന്നു. പിറ്റേവർഷം എനിക്ക്‌ ആശുപത്രി വിടേണ്ടിവന്നു. കാരണം കൊച്ചുകുട്ടികൾക്കു വേണ്ടിയുള്ളതായിരുന്നു ആ ആശുപത്രി.

വെല്ലുവിളികളുമായി മുന്നോട്ട്‌ . . .

എനിക്ക്‌ ആകെ നിരാശതോന്നി. അമ്മൂമ്മയുടെ എതിർപ്പുകാരണം എന്റെ മാതാപിതാക്കളോടൊപ്പം താമസിക്കാനായി ഞാൻ ചിയാപ്പാസിലേക്ക്‌ പോയി. വീട്ടിലെ സാഹചര്യവും അത്ര നല്ലതായിരുന്നില്ല. പിതാവ്‌ ഒരു മദ്യപാനിയായിരുന്നു. ജീവിതത്തോടുതന്നെ മടുപ്പുതോന്നിയ സമയമായിരുന്നു അത്‌. വിഷം കഴിച്ച്‌ എല്ലാം അവസാനിപ്പിച്ചാലോ എന്നുപോലും ഞാൻ ചിന്തിച്ചിട്ടുണ്ട്‌. എന്നാൽ ബൈബിൾ പഠിച്ച്‌ കുറെയായപ്പോൾ എന്റെ കാഴ്‌ചപ്പാടിന്‌ വ്യത്യാസംവന്നു. പറുദീസയെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്‌ദാനം എന്നെ സന്തോഷവതിയാക്കി.

ബൈബിൾ നൽകുന്ന മഹത്തായ പ്രത്യാശയെക്കുറിച്ച്‌ ഞാൻ മറ്റുള്ളവരോട്‌ സംസാരിക്കാൻ തുടങ്ങി. (യെശയ്യാവു 2:4; 9:6, 7; 11:6-9; വെളിപാട്‌ 21:3, 4) അങ്ങനെ 1968 മേയ്‌ 8-ന്‌, 18-ാം വയസ്സിൽ യഹോവയുടെ സാക്ഷികളിലൊരാളായി ഞാൻ സ്‌നാനമേറ്റു. ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ കരുത്തുപകരുന്ന ആ പ്രത്യാശ പങ്കുവെക്കാൻ 1974 മുതൽ എല്ലാ മാസവും ഞാൻ 70 മണിക്കൂറിലേറെ ചെലവഴിക്കുന്നുണ്ട്‌.

സംതൃപ്‌തി നിറഞ്ഞ ജീവിതം

കുറച്ചു കഴിഞ്ഞപ്പോൾ അമ്മയും ഞാനും റ്റീഹ്വാനയിലേക്ക്‌ താമസം മാറി. മെക്‌സിക്കോയുടെയും ഐക്യനാടുകളുടെയും അതിർത്തിക്ക്‌ അടുത്തുള്ള ഒരു പട്ടണമായിരുന്നു അത്‌. സൗകര്യപ്രദമായ ഒരു താമസസ്ഥലം ഞങ്ങൾ കണ്ടെത്തി. ക്രച്ചസിന്റെ സഹായത്തോടെയാണെങ്കിലും വീട്ടിലും പരിസരത്തും വലിയ ബുദ്ധിമുട്ടുകൂടാതെ നടക്കാൻ എനിക്കു പറ്റുന്നുണ്ട്‌. വീൽച്ചെയറിൽ ഇരുന്നാണ്‌ ഞാൻ ഭക്ഷണം പാകം ചെയ്യുന്നതും തുണിയലക്കുന്നതും ഇസ്‌തിരിയിടുന്നതുമൊക്കെ. ശുശ്രൂഷയ്‌ക്കു പോകാൻ എനിക്ക്‌ ഒരു പ്രത്യേക ഇലക്‌ട്രിക്‌ വാഹനമുണ്ട്‌.

വീടുതോറും പോയി ഞാൻ ആളുകളോട്‌ ബൈബിൾ സത്യങ്ങൾ പങ്കുവെക്കാറുണ്ട്‌. തെരുവിൽ കണ്ടുമുട്ടുന്നവരോടും ഞാൻ ഈ വിഷയങ്ങൾ സംസാരിക്കും. ഇതിനെല്ലാം പുറമേ അടുത്തുള്ള ഒരു ആശുപത്രിയിൽ ഞാൻ പതിവായി സന്ദർശനം നടത്താറുണ്ട്‌, ഡോക്‌ടറെ കാത്തിരിക്കുന്ന രോഗികളുമായി ബൈബിൾ വിഷയങ്ങൾ ചർച്ചചെയ്യാൻ. അതിനുശേഷം ഞാൻ എന്റെ വാഹനത്തിൽ മാർക്കറ്റിൽ പോയി ആവശ്യമുള്ള സാധനങ്ങൾ വാങ്ങും. തിരിച്ചു വീട്ടിൽ ചെല്ലുമ്പോൾ അമ്മയെ ഞാൻ പാചകത്തിലും മറ്റു ജോലികളിലും സഹായിക്കും.

സെക്കൻഡ്‌-ഹാൻഡ്‌ വസ്‌ത്രങ്ങൾ വിറ്റാണ്‌ ഞങ്ങൾ ചെലവു കഴിയുന്നത്‌. അമ്മയ്‌ക്ക്‌ 78 വയസ്സുണ്ട്‌. മൂന്നുതവണ ഹൃദയാഘാതം വന്നതുകൊണ്ട്‌ അമ്മയുടെ ആരോഗ്യം തീർത്തും മോശമാണ്‌. അമ്മയുടെ മരുന്നിന്റെയും ഭക്ഷണത്തിന്റെയും കാര്യങ്ങൾ നോക്കുന്നത്‌ ഞാനാണ്‌. ഇത്രയൊക്കെ പ്രശ്‌നങ്ങൾ ഉണ്ടെങ്കിലും സഭായോഗങ്ങൾ മുടക്കാതിരിക്കാൻ ഞങ്ങൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. ഈ വർഷങ്ങളിലൂടെ 30-ലധികം ആളുകളെ ബൈബിൾ പഠിപ്പിച്ച്‌ സത്യത്തിന്റെ പാതയിലേക്കു കൊണ്ടുവരാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്‌. ഇന്ന്‌ അവർ മറ്റുള്ളവരുമായി ബൈബിൾ സത്യങ്ങൾ പങ്കുവെക്കുന്നു.

“അന്നു (ദൈവത്തിന്റെ പുതിയ ലോകത്തിൽ) മുടന്തൻ മാനിനെപ്പോലെ ചാടും” എന്ന ബൈബിളിന്റെ വാഗ്‌ദാനം നിവൃത്തിയേറും എന്ന്‌ ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ആ നല്ല നാളേക്കായി കാത്തിരിക്കവെ പിൻവരുന്ന തിരുവെഴുത്ത്‌ എനിക്ക്‌ കരുത്തുപകരുന്നു: “ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ട്‌; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.”—യെശയ്യാവു 35:6; 41:10. * (g10-E 12)

[അടിക്കുറിപ്പുകൾ]

^ ഖ. 10 1958-ൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌; ഇപ്പോൾ പ്രസിദ്ധീകരിക്കുന്നില്ല.

^ ഖ. 18 2009 നവംബർ 30-ന്‌ 60-ാം വയസ്സിൽ വിക്‌ടോറിയ കോജോയ്‌ മരണമടഞ്ഞു. അവരുടെ അമ്മ 2009 ജൂലൈ 5-ന്‌ മരിച്ചു.

[14-ാം പേജിലെ ചിത്രം]

ഏഴാം വയസ്സിൽ

[15-ാം പേജിലെ ചിത്രം]

ശുശ്രൂഷയിൽ എന്റെ വാഹനവുമായി