വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആത്മദണ്ഡനത്തിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താനാകുമോ?

ആത്മദണ്ഡനത്തിലൂടെ ദൈവത്തെ പ്രീതിപ്പെടുത്താനാകുമോ?

ബൈബി​ളി​ന്റെ വീക്ഷണം

ആത്മദണ്ഡ​ന​ത്തി​ലൂ​ടെ ദൈവത്തെ പ്രീതിപ്പെ​ടു​ത്താ​നാ​കു​മോ?

സ്വന്തം ശരീരത്തെ അടിച്ചും മുറിവേൽപ്പി​ച്ചും ദണ്ഡിപ്പി​ക്കുക! പലരെ​യും സംബന്ധി​ച്ചി​ടത്തോ​ളം കേൾക്കാൻപോ​ലും ഇഷ്ടപ്പെ​ടാത്ത കാര്യ​മാ​ണത്‌. എന്നാൽ ദൈവത്തെ പ്രീതിപ്പെ​ടു​ത്താ​നാ​യി അനേകർ കഠോ​ര​മായ ദണ്ഡനമു​റ​ക​ളി​ലൂ​ടെ സ്വയം പീഡി​പ്പി​ക്കു​ന്നു. ശരീര​ത്തിൽ ചാട്ടവാ​റുകൊണ്ട്‌ അടിക്കുക, ദേഹത്തു കുത്തിക്കൊ​ള്ളുന്ന പരുക്കൻ രോമ​ക്കു​പ്പാ​യങ്ങൾ ധരിക്കുക, കടുത്ത ഉപവാസം അനുഷ്‌ഠി​ക്കുക, അങ്ങനെപോ​കു​ന്നു പീഡന​മു​റകൾ. ഇങ്ങനെയെ​ല്ലാം ചെയ്യു​ന്നവർ വലിയ ദൈവ​ഭ​ക്ത​രാണെ​ന്നാണ്‌ പൊതുവെ​യുള്ള ധാരണ. ഇതൊക്കെ മധ്യകാ​ല​ഘ​ട്ട​ത്തിൽ നടന്ന കാര്യ​ങ്ങ​ളാണെന്ന്‌ ചിലർ കരുതിയേ​ക്കാം. എന്നാൽ ഇന്നത്തെ പ്രമു​ഖ​രായ മതനേ​താ​ക്ക​ന്മാർപോ​ലും ഇത്തരം ആത്മദണ്ഡ​ന​മു​റകൾ സ്വീക​രി​ക്കാ​റുണ്ടെന്ന്‌ അടുത്ത​കാ​ല​ത്തു​വന്ന ചില റിപ്പോർട്ടു​കൾ പറയുന്നു.

ദൈവത്തെ പ്രസാ​ദി​പ്പി​ക്കാൻ ആളുകൾ ഇങ്ങനെയൊ​രു വഴി തിര​ഞ്ഞെ​ടു​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? ഒരു ക്രൈ​സ്‌തവ സംഘട​ന​യു​ടെ വക്താവ്‌ പറയു​ന്നത്‌ ഇങ്ങനെ: “ക്രിസ്‌തുയേ​ശു​വിൽ ഒന്നാകാ​നും പാപത്തിൽനി​ന്നു നമ്മെ വിടു​വി​ക്കാൻ അവൻ ഏറ്റുവാ​ങ്ങിയ യാതന​ക​ളിൽ പങ്കു​ചേ​രാ​നു​മുള്ള മാർഗ​മാണ്‌ ആത്മപീഡ.” ഇത്‌ മതാധ്യ​ക്ഷ​ന്മാ​രു​ടെ അഭി​പ്രാ​യം. പക്ഷേ ബൈബിൾ ഇതേക്കു​റിച്ച്‌ എന്താണു പറയു​ന്നത്‌?

സ്വന്തം ശരീരത്തെ “പരിപാ​ലി​ക്കുക”

സ്വയം ദണ്ഡിപ്പി​ച്ചുകൊണ്ട്‌ ദൈവത്തെ ആരാധി​ക്കാൻ ബൈബി​ളിൽ ഒരിട​ത്തും പറഞ്ഞി​ട്ടില്ല. മറിച്ച്‌, സ്വന്തശ​രീ​രത്തെ പരിപാ​ലി​ക്കാ​നുള്ള പ്രോ​ത്സാ​ഹ​ന​മാണ്‌ അത്‌ വായന​ക്കാർക്കു നൽകു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ഭാര്യാ​ഭർത്താ​ക്ക​ന്മാർ തമ്മിലുള്ള സ്‌നേ​ഹ​ബ​ന്ധത്തെ വിശേ​ഷി​പ്പി​ക്കുന്ന ഭാഗത്ത്‌ ബൈബിൾ ഇങ്ങനെ പറയുന്നു: ‘ഭർത്താ​ക്ക​ന്മാർ തങ്ങളുടെ ഭാര്യ​മാ​രെ സ്വന്തം ശരീരത്തെപ്പോ​ലെ സ്‌നേ​ഹിക്കേ​ണ്ട​താ​കു​ന്നു. ആരും ഒരിക്ക​ലും സ്വന്തം ശരീരത്തെ വെറു​ക്കു​ക​യി​ല്ല​ല്ലോ; ക്രിസ്‌തു സഭയെ എന്നതുപോ​ലെ അതിനെ പരി​പോ​ഷി​പ്പി​ക്കു​ക​യും പരിപാ​ലി​ക്കു​ക​യു​മ​ത്രേ ചെയ്യു​ന്നത്‌.’—എഫെസ്യർ 5:28, 29.

സ്വന്തശ​രീ​ര​ത്തെ ദണ്ഡിപ്പി​ച്ചുകൊണ്ട്‌ ആളുകൾ തന്നെ പ്രസാ​ദി​പ്പി​ക്കാൻ ദൈവം ആഗ്രഹി​ക്കുന്നെ​ങ്കിൽ, ‘സ്വന്തം ശരീരത്തെപ്പോ​ലെ’ ഭാര്യയെ സ്‌നേ​ഹി​ക്കാൻ ഭർത്താ​ക്ക​ന്മാരോട്‌ ആവശ്യപ്പെ​ടു​ന്ന​തിൽ എന്തർഥം? അതു​കൊണ്ട്‌ ദൈവ​വ​ച​നത്തെ മാനി​ക്കു​ന്നവർ സ്വന്തശ​രീ​രത്തെ വില​പ്പെ​ട്ട​താ​യി കരുതു​ക​യും അതി​നോട്‌ ന്യായ​മായ സ്‌നേഹം കാണി​ക്കു​ക​യും ചെയ്യണമെന്നു വ്യക്തം. അത്തരത്തി​ലുള്ള ഒരു സ്‌നേഹം ഇണയോ​ടും കാണി​ക്കണം.

ശരീരത്തെ ‘പരിപാ​ലി​ക്കാൻ’ ഒരുവനെ സഹായി​ക്കുന്ന അനേകം തത്ത്വങ്ങൾ ബൈബി​ളി​ലുണ്ട്‌. ഉദാഹ​ര​ണ​ത്തിന്‌, വ്യായാ​മ​ത്തി​ന്റെ പ്രയോ​ജ​നത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ പരാമർശി​ച്ചി​ട്ടുണ്ട്‌. (1 തിമൊഥെയൊസ്‌ 4:8) വീഞ്ഞിന്റെ ഔഷധ​മൂ​ല്യത്തെ​ക്കു​റി​ച്ചും ചില ആഹാര​രീ​തി​ക​ളു​ടെ ദോഷ​ഫ​ല​ങ്ങളെ​ക്കു​റി​ച്ചും അതു പറയു​ന്നുണ്ട്‌. (സദൃശ​വാ​ക്യ​ങ്ങൾ 23:20, 21; 1 തിമൊഥെയൊസ്‌ 5:23) ഊർജ​സ്വ​ല​തയോ​ടെ കാര്യങ്ങൾ ചെയ്യാൻ കഴി​യേ​ണ്ട​തിന്‌ ആരോ​ഗ്യം പരിര​ക്ഷി​ക്കാ​നും തിരുവെ​ഴു​ത്തു​കൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. (സഭാ​പ്ര​സം​ഗി 9:4) ഇങ്ങനെയൊ​ക്കെ ശരീരത്തെ പരിപാ​ലി​ക്കാൻ ദൈവം നമ്മോട്‌ ആവശ്യപ്പെ​ടു​ന്നുവെ​ന്നി​രി​ക്കെ, തന്നെ പ്രീതിപ്പെ​ടു​ത്താ​നാ​യി നാം സ്വയം പീഡി​പ്പി​ക്ക​ണമെന്ന്‌ അവൻ പ്രതീ​ക്ഷി​ക്കു​മോ?—2 കൊരി​ന്ത്യർ 7:1.

ക്രിസ്‌തു​വി​ന്റെ പീഡാ​നു​ഭവം ആത്മപീ​ഡ​യ്‌ക്ക്‌ പ്രചോ​ദ​ന​മാ​ക​ണോ?

ആത്മപീ​ഡയെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാ​യി ചില മതസം​ഘ​ട​നകൾ യേശു​വും അവന്റെ ആദ്യകാല ശിഷ്യ​ന്മാ​രും അനുഭ​വിച്ച കഷ്ടതകൾക്ക്‌ അമിത​മായ ഊന്നൽ നൽകുന്നു. എന്നാൽ ദൈവ​ദാ​സ​ന്മാർ അനുഭ​വി​ച്ച​താ​യി ബൈബി​ളിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യാതന​കളൊ​ന്നും അവർ സ്വയം വരുത്തിവെ​ച്ച​വയല്ല. ബൈബിൾ എഴുത്തു​കാർ, ക്രിസ്‌തു​വി​ന്റെ പീഡാ​നു​ഭവം രേഖ​പ്പെ​ടു​ത്തിവെ​ച്ചത്‌ സ്വയം പീഡി​പ്പി​ക്കാൻ വായന​ക്കാ​രെ പ്രചോ​ദി​പ്പി​ക്കാ​നല്ല, മറിച്ച്‌ അവർക്കു​ണ്ടാ​കുന്ന ഉപദ്ര​വ​ങ്ങ​ളും കഷ്ടതക​ളും സഹിക്കാൻ അവരെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നാണ്‌. അങ്ങനെ നോക്കുമ്പോൾ, സ്വയം ദണ്ഡിപ്പി​ക്കു​ന്നവർ ഒരിക്ക​ലും യേശുക്രി​സ്‌തു​വി​നെ അനുക​രി​ക്കു​ക​യാണെന്നു പറയാ​നാ​വില്ല.

ഒരു ദൃഷ്ടാന്തം നോക്കാം: നിങ്ങൾ വളരെ ആദരി​ക്കുന്ന ഒരു സുഹൃ​ത്തി​നെ ഒരുകൂ​ട്ടം ആളുകൾ അധി​ക്ഷേ​പി​ക്കു​ക​യും ഉപദ്ര​വി​ക്കു​ക​യും ചെയ്യു​ന്നത്‌ നിങ്ങൾ കാണുന്നു. തിരിച്ച്‌ ഒന്നും ചെയ്യാതെ അദ്ദേഹം ശാന്തതയോ​ടും സമചി​ത്ത​തയോ​ടും കൂടെ എല്ലാം സഹിക്കു​ക​യാണ്‌. ഈ സുഹൃ​ത്തി​നെ അനുക​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു എന്നിരി​ക്കട്ടെ. നിങ്ങൾ നിങ്ങ​ളെ​ത്തന്നെ അധി​ക്ഷേ​പി​ക്കു​ക​യും പീഡി​പ്പി​ക്കു​ക​യും ചെയ്യു​മോ? ഒരിക്ക​ലു​മില്ല! അങ്ങനെ ചെയ്‌താൽ നിങ്ങൾ സുഹൃ​ത്തി​നെ ആയിരി​ക്കില്ല ആ അക്രമി​കളെ​യാ​യി​രി​ക്കും അനുക​രി​ക്കു​ന്നത്‌. സുഹൃ​ത്തി​നെ അനുക​രി​ക്ക​ണമെ​ങ്കിൽ എന്തു ചെയ്യണം? നിങ്ങൾക്ക്‌ അങ്ങനെയൊ​രു സാഹച​ര്യം വന്നാൽ, തിരി​ച്ച​ടി​ക്കാ​തെ സഹിച്ചു​നിൽക്കുക.

ഇതിൽനിന്ന്‌ എന്തു മനസ്സി​ലാ​ക്കാം? ക്രിസ്‌തു​വി​ന്റെ എതിരാ​ളി​കൾ അവനോ​ടു പെരു​മാ​റി​യ​തുപോ​ലെ ക്രിസ്‌ത്യാ​നി​കൾ സ്വന്തം ശരീരത്തെ ദണ്ഡിപ്പി​ക്കാൻ പ്രതീ​ക്ഷി​ക്കു​ന്നില്ല. (യോഹ​ന്നാൻ 5:18; 7:1, 25; 8:40; 11:53) മറിച്ച്‌, ഉപദ്ര​വങ്ങൾ ഉണ്ടാകുമ്പോൾ, യേശു​വിനെപ്പോ​ലെ ശാന്തതയോ​ടും സമചി​ത്ത​തയോ​ടും കൂടെ അതെല്ലാം സഹിക്കു​ക​യാ​ണു വേണ്ടത്‌.—യോഹ​ന്നാൻ 15:20.

തിരുവെ​ഴു​ത്തു​വി​രു​ദ്ധ​മായ ഒരു ദുരാ​ചാ​രം

ഇനി നമുക്ക്‌ ക്രിസ്‌തീ​യ​പൂർവ കാലഘ​ട്ട​ത്തിലേക്കു വരാം. യഹൂദ​ന്മാർക്ക്‌ ദൈവം നൽകിയ ന്യായപ്ര​മാണ നിയമ​ങ്ങ​ളിൽ ശരീര​ത്തി​നു ഹാനി​വ​രു​ത്തുന്ന നടപടി​കളെ ശക്തമായി വിലക്കി​യി​രു​ന്നു. ഉദാഹ​ര​ണ​മാ​യി, ശരീര​ത്തിൽ മുറിവേൽപ്പി​ക്കു​ന്നത്‌ (തെളി​വ​നു​സ​രിച്ച്‌ യഹൂ​ദേതര ജനതകൾക്കി​ട​യിൽ വ്യാപ​ക​മാ​യി​രുന്ന ആചാരം) വിലക്കിക്കൊ​ണ്ടുള്ള നിയമം ന്യായപ്ര​മാ​ണ​ത്തിൽ ഉണ്ടായി​രു​ന്നു. (ലേവ്യ​പു​സ്‌തകം 19:28; ആവർത്ത​ന​പു​സ്‌തകം 14:1) ശരീര​ത്തിൽ മുറിവേൽപ്പി​ക്കു​ന്നത്‌ വിലക്കിയ ദൈവം, ചാട്ട​കൊണ്ട്‌ ശരീര​ത്തിൽ പരി​ക്കേൽപ്പി​ക്കു​ന്നത്‌ അംഗീ​ക​രി​ക്കു​മോ? ബൈബി​ളി​ന്റെ വീക്ഷണം വ്യക്തമാണ്‌: മനപ്പൂർവം ഏതെങ്കി​ലും വിധത്തിൽ ശരീരത്തെ ദണ്ഡിപ്പി​ക്കു​ന്നത്‌ ദൈവം ഒരുകാ​ര​ണ​വ​ശാ​ലും അംഗീ​ക​രി​ക്കു​ക​യില്ല.

തന്റെ കലാസൃ​ഷ്ടി അനാദ​രവോ​ടെ കൈകാ​ര്യം ചെയ്യ​പ്പെ​ടു​ന്നത്‌ ഏതെങ്കി​ലും കലാകാ​രനു സഹിക്കു​മോ? അതു​പോ​ലെ, താൻ സൃഷ്ടിച്ച മനുഷ്യ​ശ​രീ​രത്തോട്‌ അനാദ​രവ്‌ കാണി​ക്കു​ന്നത്‌ മഹാ​സ്ര​ഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തിന്‌ അംഗീ​ക​രി​ക്കാ​നാ​വില്ല. (സങ്കീർത്തനം 139:14-16) അതെ, ആത്മപീഡ ദൈവ​വു​മാ​യുള്ള ഒരുവന്റെ ബന്ധം ബലിഷ്‌ഠ​മാ​ക്കു​ന്നില്ല; സുവിശേ​ഷ​ങ്ങ​ളി​ലെ ഉപദേ​ശ​ങ്ങളെ വികല​മാ​ക്കുന്ന ഈ നടപടി വാസ്‌ത​വ​ത്തിൽ ദൈവ​വു​മാ​യുള്ള ബന്ധം തകർക്കു​കയേ ഉള്ളൂ!

ഇത്തരം ഹീനമായ മാനുഷ ഉപദേ​ശ​ങ്ങളെ അപലപി​ച്ചുകൊണ്ട്‌ ദൈവാ​ത്മാ​വി​ന്റെ പ്രേര​ണ​യാൽ പൗലോസ്‌ അപ്പൊ​സ്‌തലൻ എഴുതി: “അവ സ്വഹി​തപ്ര​കാ​ര​മുള്ള ഭക്തി​പ്ര​ക​ട​ന​ങ്ങ​ളാ​ലും വിനയചേ​ഷ്ട​ക​ളാ​ലും ദേഹപീ​ഡ​ന​ത്താ​ലും ജ്ഞാനത്തി​ന്റെ പ്രതീതി ജനിപ്പി​ക്കുന്നെ​ങ്കി​ലും ജഡാഭി​ലാ​ഷ​ങ്ങളെ അടക്കി​നി​റു​ത്തു​ന്ന​തിന്‌ ഉപകരി​ക്കു​ന്നില്ല.” (കൊ​ലോ​സ്യർ 2:20-23) ആത്മദണ്ഡ​ന​ത്തി​ലൂ​ടെ ദൈവത്തോട്‌ അടുക്കാ​മെന്ന ധാരണ തികച്ചും മൗഢ്യ​മാണെന്ന്‌ ഈ വാക്യം വ്യക്തമാ​ക്കു​ന്നു. തന്നോട്‌ അടുക്കാൻ ദൈവം മനുഷ്യർക്കു മുമ്പാകെ അങ്ങനെയൊ​രു നിബന്ധന വെച്ചി​ട്ടില്ല. ദൈവം വെച്ചി​രി​ക്കുന്ന നിബന്ധ​നകൾ ഭാരമു​ള്ള​വ​യല്ലെന്നു മാത്രമല്ല ഊഷ്‌മ​ള​വും ഉന്മേഷ​ദാ​യ​ക​വു​മാണ്‌.—മത്തായി 11:28-30. (g11-E 03)

നിങ്ങൾ ചിന്തി​ച്ചി​ട്ടു​ണ്ടോ?

● ദൈവം മനുഷ്യ​ശ​രീ​രത്തെ എങ്ങനെ വീക്ഷി​ക്കു​ന്നു?സങ്കീർത്തനം 139:13-16.

● ആത്മപീഡ തെറ്റായ മോഹ​ങ്ങളെ ചെറു​ക്കാൻ സഹായി​ക്കു​മോ?കൊ​ലോ​സ്യർ 2:20-23.

● സത്യാ​രാ​ധന ഭാര​പ്പെ​ടു​ത്തു​ന്ന​തും ക്രൂര​വു​മായ ഒന്നാണോ?മത്തായി 11:28-30.

[11-ാം പേജിലെ ആകർഷ​ക​വാ​ക്യം]

ബൈബിളിന്റെ വീക്ഷണം വ്യക്തമാണ്‌: മനപ്പൂർവം ഏതെങ്കി​ലും വിധത്തിൽ ശരീരത്തെ ദണ്ഡിപ്പി​ക്കു​ന്നത്‌ ദൈവം ഒരുകാ​ര​ണ​വ​ശാ​ലും അംഗീ​ക​രി​ക്കു​ക​യില്ല

[10-ാം പേജിലെ ചിത്രം]

മുട്ടുകുത്തി പള്ളിന​ടകൾ കയറുന്ന ഒരു ഭക്തൻ

[10-ാം പേജിലെ ചിത്ര​ത്തി​നു കടപ്പാട്‌]

© 2010 photolibrary.com