വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാതാപിതാക്കൾ പറയുന്നു

മാതാപിതാക്കൾ പറയുന്നു

മാതാപിതാക്കൾ പറയുന്നു

രണ്ടോ മൂന്നോ വയസ്സുള്ള മകനോ മകളോ നിങ്ങൾക്കുണ്ടോ? ഉണ്ടെങ്കിൽ കുട്ടിയുടെ ചില വിക്രിയകൾ നിങ്ങളെ പൊറുതിമുട്ടിക്കുന്നുണ്ടാകാം. അതിലൊന്നാണ്‌ പിടിവാശി. കുട്ടിയുടെ ശാഠ്യസ്വഭാവം എങ്ങനെ മാറ്റിയെടുക്കാം? ശരി ഏതെന്നും തെറ്റ്‌ ഏതെന്നും എങ്ങനെ പഠിപ്പിച്ചുകൊടുക്കാം? ഉചിതമായ വിധത്തിൽ എങ്ങനെ തിരുത്തലുകൾ നൽകാം? ചില മാതാപിതാക്കൾ ഇതെല്ലാം എങ്ങനെ കൈകാര്യം ചെയ്‌തിരിക്കുന്നു എന്ന്‌ നോക്കുക.

പിടിവാശി

“രണ്ടുവയസ്സാകുന്നതോടെ മിക്ക കുട്ടികളും വലിയ ശാഠ്യക്കാരാകും. ഞങ്ങളുടെ മോനും അങ്ങനെയായിരുന്നു. ചോദിച്ചത്‌ കിട്ടിയില്ലെങ്കിൽ കൈയിൽ കിട്ടിയതൊക്കെ അവൻ എടുത്തെറിയും. അവൻ ഞങ്ങളുടെ ആദ്യത്തെ കുഞ്ഞായിരുന്നതുകൊണ്ട്‌ കുട്ടികളുടെ ഇത്തരം പിടിവാശികളെക്കുറിച്ചൊന്നും ഞങ്ങൾക്ക്‌ യാതൊരു അറിവുമില്ലായിരുന്നു. ഈ പ്രായത്തിലുള്ള കുട്ടികൾക്ക്‌ ഇതൊക്കെ സാധാരണമാണെന്ന്‌ മറ്റുള്ളവർ പറഞ്ഞെങ്കിലും ഞങ്ങൾക്ക്‌ വലിയ ആധിയായിരുന്നു.”—സൂസൻ, കെനിയ.

“രണ്ടുവയസ്സുള്ളപ്പോൾ ഞങ്ങളുടെ മോൾ കുറച്ചൊന്നുമല്ല ഞങ്ങളെ വട്ടംകറക്കിയത്‌! ദേഷ്യം വന്നാൽ അവൾ നിലത്തു കിടന്ന്‌ ഉരുളും, അലറിക്കരയും, തൊഴിക്കും. ആ സമയത്ത്‌ അവളോട്‌ എന്തു പറഞ്ഞിട്ടും കാര്യമില്ലായിരുന്നു. ഞങ്ങൾ അവളെ അനുനയിപ്പിച്ച്‌ ഒരു വിധത്തിൽ അവളുടെ മുറിയിലേക്ക്‌ പറഞ്ഞയയ്‌ക്കും. ‘ദേഷ്യമൊക്കെ മാറുമ്പോൾ ഡാഡിയും മമ്മിയും മോളോട്‌ സംസാരിക്കാം’ എന്ന്‌ ഞങ്ങൾ പറയും. അവളുടെ ദേഷ്യം ഒന്നടങ്ങുമ്പോൾ ഞങ്ങളിൽ ഒരാൾ അവളുടെ മുറിയിൽച്ചെന്ന്‌ ശാഠ്യം കാണിച്ചതു ശരിയായില്ലെന്ന്‌ സാവധാനം അവളെ പറഞ്ഞു മനസ്സിലാക്കും. ഞങ്ങളുടെ ഈ വിദ്യ എപ്പോഴുംതന്നെ ഫലിക്കുമായിരുന്നു. ക്ഷമ ചോദിച്ചുകൊണ്ട്‌ ഒരിക്കൽ അവൾ ദൈവത്തോട്‌ പ്രാർഥിക്കുന്നതുപോലും ഞങ്ങൾ കേട്ടു. പതിയെപ്പതിയെ അവളുടെ പിടിവാശിയും നിർബന്ധവുമൊക്കെ അടങ്ങിത്തുടങ്ങി. പിന്നെ അതൊക്കെ നിന്നു.”—യൊലാൻഡ, സ്‌പെയിൻ.

“കാര്യം സാധിച്ചെടുക്കാൻ കുഞ്ഞുങ്ങൾ പല അടവുകളും പയറ്റിനോക്കും. അരുതെന്നു പറഞ്ഞ്‌ വിലക്കിയ ഒരു സംഗതി, ശാഠ്യത്തിനു വഴങ്ങി നമ്മൾ അനുവദിച്ചുകൊടുത്താൽ കുഞ്ഞിനുതന്നെ അത്‌ ചിന്താക്കുഴപ്പമുണ്ടാക്കും. മക്കൾ എത്ര വാശിപിടിച്ചാലും ഞങ്ങൾ ഞങ്ങളുടെ തീരുമാനങ്ങൾ മാറ്റാറില്ലായിരുന്നു. ആവശ്യമില്ലാതെ കരഞ്ഞതുകൊണ്ട്‌ പ്രയോജനമില്ലെന്ന്‌ അവർക്ക്‌ ക്രമേണ മനസ്സിലായി.”—നീൽ, ബ്രിട്ടൻ.

ശിക്ഷണം

“അഞ്ചുവയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളുടെ കാര്യത്തിൽ, നമ്മൾ പറഞ്ഞുകൊടുക്കുന്ന കാര്യങ്ങൾ അവരുടെ മനസ്സിൽ എത്ര നന്നായി പതിയുന്നുണ്ടെന്ന്‌ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്‌. ആവർത്തനമാണ്‌ അതിനുള്ള മറുമരുന്ന്‌. കാര്യങ്ങൾ ഒരായിരം പ്രാവശ്യം ആവർത്തിച്ച്‌ പറഞ്ഞുകൊടുക്കേണ്ടിവരും; ആംഗ്യങ്ങൾ കാണിച്ചും സ്വരം കനപ്പിച്ചുമൊക്കെ.”—സെർഷ്‌, ഫ്രാൻസ്‌.

“ഞങ്ങളുടെ നാലുകുട്ടികളും ഒരേ സാഹചര്യത്തിൽ വളർന്നവരാണെങ്കിലും നാലുപേരും നാലുസ്വഭാവക്കാരായിരുന്നു. ഞങ്ങളെ സങ്കടപ്പെടുത്തിയെന്നു കണ്ടാൽ കരയുന്ന സ്വഭാവമായിരുന്നു ഒരാളുടേത്‌. മറ്റേയാളാണെങ്കിൽ വാശിപിടിച്ച്‌ കാര്യം നേടാൻ ശ്രമിക്കും. ചിലപ്പോൾ ഒരു നോട്ടമോ ശാസനയോ മതിയാകും അവരെ അടക്കിയിരുത്താൻ. മറ്റു ചിലപ്പോൾ എന്തെങ്കിലും ശിക്ഷതന്നെ നൽകേണ്ടിവരും.”—നേഥൻ, കാനഡ.

“പറഞ്ഞാൽ പറഞ്ഞതായിരിക്കണം. അതേസമയം പട്ടാളച്ചിട്ടയും ശരിയാവില്ല. ചെയ്‌തത്‌ ശരിയായില്ലെന്ന്‌ കുട്ടിക്ക്‌ ബോധ്യമായിട്ടുണ്ടെങ്കിൽ പിന്നെ ഒന്നു മയപ്പെടുന്നതാണ്‌ നല്ലത്‌. ശിക്ഷണത്തിന്‌ അയവുവരുത്തുകയുമാവാം.”—മാത്യു, ഫ്രാൻസ്‌.

“‘അത്‌ ചെയ്യരുത്‌, ഇതു ചെയ്യരുത്‌’ എന്നിങ്ങനെ ഒരു നൂറുകൂട്ടം നിയമങ്ങളൊന്നും ഞാൻ ഉണ്ടാക്കിവെച്ചിട്ടില്ല. എന്നാൽ വെച്ചിട്ടുള്ള നിയമങ്ങളിൽ ഞാൻ വിട്ടുവീഴ്‌ച ചെയ്യില്ലെന്ന്‌ എന്റെ മൂന്നുവയസ്സുകാരൻ മകന്‌ അറിയാം. അനുസരണക്കേട്‌ കാട്ടിയാലുള്ള ഭവിഷ്യത്ത്‌ നന്നായി അറിയാവുന്നതുകൊണ്ട്‌ ദുശ്ശാഠ്യം കാട്ടാൻ അവൻ മുതിരാറില്ല. ക്ഷീണിച്ചിരിക്കുന്ന നേരങ്ങളിൽ അവന്റെ കുറുമ്പ്‌ കണ്ടില്ലെന്നുവെക്കാനാണു തോന്നുക. പക്ഷേ എന്റെ വാക്കിന്‌ വിലയുണ്ടാകാൻ രണ്ടുതരം സമീപനങ്ങൾ ഞാൻ കൈക്കൊള്ളാറില്ല.”—നഥാലി, കാനഡ.

ഇരട്ടനയം അരുത്‌ !

“അച്ഛനോ അമ്മയോ വാക്ക്‌ തെറ്റിച്ചാൽ, അത്‌ പെട്ടെന്നു മനസ്സിലാക്കാനും ഓർത്തുവെക്കാനുമുള്ള പ്രത്യേക കഴിവ്‌ കുഞ്ഞുങ്ങൾക്കുണ്ട്‌.”—മിൽട്ടൺ, ബൊളീവിയ.

“ചിലപ്പോൾ എന്റെ മകൻ ഒരേ കാര്യംതന്നെ പല തരത്തിൽ ചോദിക്കും; ഞങ്ങൾ ഉത്തരം മാറ്റിപ്പറയുമോ എന്നറിയാനാണ്‌ അത്‌. ഞാനും അവന്റെ അമ്മയും പറഞ്ഞ മറുപടിയിൽ വ്യത്യാസം ഉണ്ടെന്നു മനസ്സിലാക്കിയാൽ, അത്‌ തരമായി കണ്ട്‌ കാര്യം സാധിച്ചെടുക്കാൻ നോക്കും അവൻ.”—ആങ്കേൽ, സ്‌പെയിൻ.

“നല്ല മൂഡിലാണെങ്കിൽ മകന്റെ വാശിയും വികൃതിയും ഞാൻ കണ്ടില്ലെന്നുവെക്കും. ടെൻഷനിലാണെങ്കിൽ കണ്ണുംമൂക്കും നോക്കാതെ ഞാൻ അവനെ ശിക്ഷിക്കും. പക്ഷേ എന്റെ ഈ രീതി, അവനെ കൂടുതൽ വാശിക്കാരനാക്കുകയാണു ചെയ്‌തത്‌.”—ഗ്യോങ്‌-ഓക്ക്‌, കൊറിയ.

“തെറ്റ്‌ എപ്പോഴും തെറ്റുതന്നെയാണെന്ന്‌ കുട്ടികൾക്കു മനസ്സിലാകണം.”—അന്റോണിയൂ, ബ്രസീൽ.

“തങ്ങൾ വെക്കുന്ന നിബന്ധനകൾ മാതാപിതാക്കൾതന്നെ തെറ്റിക്കുമ്പോൾ അച്ഛനും അമ്മയും അവരുടെ മൂഡ്‌ അനുസരിച്ച്‌ തീരുമാനങ്ങൾ മാറ്റുന്നവരാണ്‌, അവരുടെ വാക്കിന്‌ വ്യവസ്ഥയില്ല, എന്നൊക്കെ കുട്ടികൾ ചിന്തിക്കും. എന്നാൽ മാതാപിതാക്കൾ അവരുടെ വ്യവസ്ഥകളോടു പറ്റിനിന്നാൽ തെറ്റ്‌ എപ്പോഴും തെറ്റുതന്നെയാണെന്ന വസ്‌തുത കുട്ടികൾ പഠിക്കും. സുരക്ഷിതബോധവും സ്‌നേഹിക്കപ്പെടുന്നുവെന്ന തോന്നലും കുഞ്ഞുമനസ്സുകളിൽ ഉറപ്പിച്ചുകൊടുക്കാനുള്ള ഒരു മാർഗംകൂടെയാണത്‌.”—ഷിൽമാർ, ബ്രസീൽ.

“നാലാളുടെ മുന്നിൽവെച്ച്‌ എന്തെങ്കിലും ചോദിച്ചു വാശിപിടിച്ചാൽ മുഖം രക്ഷിക്കാനായി മാതാപിതാക്കൾ അതു സാധിച്ചുതരുമെന്ന്‌ ചില കുട്ടികൾക്ക്‌ അറിയാം. എന്നാൽ ഒരു കാര്യത്തിന്‌ ഞാൻ ‘നോ’ പറഞ്ഞാൽ എത്ര കരഞ്ഞുപറഞ്ഞാലും അത്‌ മാറ്റാൻ പോകുന്നില്ലെന്ന്‌ ഞാൻ മോനോട്‌ ആദ്യമേതന്നെ വ്യക്തമാക്കും.” —ചാങ്‌-സോക്ക്‌, കൊറിയ.

“അച്ഛനും അമ്മയും തമ്മിൽ ഒരു അഭിപ്രായ സമന്വയം ഉണ്ടാകേണ്ടത്‌ അത്യാവശ്യമാണ്‌. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ മക്കളുടെ കേൾവിക്കപ്പുറത്തേ ഞങ്ങൾ അതേക്കുറിച്ചു സംസാരിക്കൂ. മാതാപിതാക്കൾക്ക്‌ രണ്ടഭിപ്രായമാണെങ്കിൽ കുട്ടികൾ പെട്ടെന്ന്‌ അതു മണത്തറിയും. സാഹചര്യം മുതലെടുക്കാൻ അവർ ശ്രമിക്കും.”—ഹെസൂസ്‌, സ്‌പെയിൻ.

“അച്ഛനും അമ്മയും ഒറ്റക്കെട്ടാണെന്നും ഒരാളെ വശത്താക്കി കാര്യം സാധിക്കാനാവില്ലെന്നും മനസ്സിലാക്കിയാൽ അച്ഛനും അമ്മയും വിശ്വാസയോഗ്യരാണെന്ന്‌ കുഞ്ഞ്‌ തിരിച്ചറിയും; അത്‌ അവന്‌ സുരക്ഷിതബോധം നൽകും. അനുസരണം കാണിക്കുമ്പോഴും അനുസരണക്കേട്‌ കാണിക്കുമ്പോഴും എന്തായിരിക്കും ഫലം എന്ന്‌ അവനു ബോധ്യമുണ്ടായിരിക്കും.”—ഡെമാറിസ്‌, ജർമനി.

“മോളോട്‌, നല്ല കുട്ടിയായിരുന്നാൽ ‘ഇന്നതു’ ചെയ്‌തുതരാം അല്ലെങ്കിൽ ‘ഇന്നതു’ വാങ്ങിത്തരാം എന്നൊക്കെ ഞാനും അവളുടെ അമ്മയും പറയാറുണ്ട്‌; അതു പാലിക്കാനും ഞങ്ങൾ ശ്രമിക്കും. ഞങ്ങളുടെ വാക്കു വിശ്വസിക്കാമെന്ന ഉറപ്പാണ്‌ അവൾക്ക്‌ അതിലൂടെ ലഭിക്കുന്നത്‌.”—ഹെന്‌റിക്‌, ജർമനി.

“എന്റെ മാനേജർ അദ്ദേഹത്തിനു തോന്നുന്നപോലെ ജോലി വ്യവസ്ഥകൾ മാറ്റിയാൽ എനിക്കു ദേഷ്യം തോന്നുമല്ലോ. കുട്ടികളും ഏതാണ്ട്‌ അങ്ങനെതന്നെയാണ്‌. അവരെ ഉദ്ദേശിച്ച്‌ വെച്ചിരിക്കുന്ന ചട്ടങ്ങളും നിയമങ്ങളും മാതാപിതാക്കൾ ഇഷ്ടാനുസരണം മാറ്റുകയില്ലെന്നു കാണുമ്പോൾ അത്‌ അവർക്ക്‌ സുരക്ഷിതബോധം നൽകും. അനുസരണക്കേട്‌ കാണിച്ചാലുള്ള ശിക്ഷ എന്താണെന്നും അതിന്‌ ഒരിക്കലും മാറ്റമുണ്ടാകില്ലെന്നും അവർക്ക്‌ മനസ്സിലാകണം.”—ഗ്ലെൻ, കാനഡ. (g11-E 10)

[8-ാം പേജിലെ ആകർഷകവാക്യം]

“നിങ്ങളുടെ ഉവ്വ്‌ എന്നത്‌ ഉവ്വ്‌ എന്നും ഇല്ല എന്നത്‌ ഇല്ല എന്നും ആയിരിക്കട്ടെ.”—യാക്കോബ്‌ 5:12

[9-ാം പേജിലെ ചതുരം/ചിത്രം]

അനുഭവത്തിൽനിന്ന്‌ . . .

അപ്രതീക്ഷിത ഗർഭധാരണത്തെ ഞങ്ങൾ ഉൾക്കൊണ്ടവിധം

ടോം ഹാനും യൂൻഹിയും പറയുന്നു

ടോം: ഞങ്ങളുടെ വിവാഹം കഴിഞ്ഞ്‌ ആറു മാസമായപ്പോഴേക്കും യൂൻഹി ഗർഭിണിയായി. ഉള്ളിൽ വലിയ ടെൻഷനായിരുന്നെങ്കിലും ഒന്നും ഞാൻ പുറത്തുകാണിച്ചില്ല. അവളെ ബലപ്പെടുത്താൻ മറ്റാരാണുള്ളത്‌?

യൂൻഹി: ഞാൻ ശരിക്കും തളർന്നുപോയി. പേടിയായിരുന്നു എനിക്ക്‌. ഞാൻ കരച്ചിലോടു കരച്ചിലായിരുന്നു. ഒരമ്മയാകാൻ മാനസികവും ശാരീരികവുമായി ഞാൻ ഒട്ടും ഒരുങ്ങിയിരുന്നില്ല.

ടോം: ഇത്ര പെട്ടെന്ന്‌ ഒരച്ഛനാകാൻ ഞാനും തയ്യാറെടുത്തിരുന്നില്ല! പക്ഷേ കുട്ടികളുള്ള മറ്റു ദമ്പതികളോട്‌ സംസാരിച്ചപ്പോൾ അത്ര അസാധാരണമായ ഒരു കാര്യമൊന്നുമല്ല ഞങ്ങൾക്കു സംഭവിച്ചിരിക്കുന്നതെന്ന്‌ മനസ്സിലായി. ഒരമ്മയും അച്ഛനും ആകുന്നതിന്റെ സന്തോഷത്തെപ്പറ്റി അവരിൽനിന്നു കേട്ടതും വലിയ ആശ്വാസമായി. ഒടുവിൽ ഭയവും അനിശ്ചിതത്വവും നീങ്ങി; ഓരോ ദിവസവും കാത്തിരിപ്പിന്റേതായി.

യൂൻഹി: മോൾക്ക്‌ ഞങ്ങൾ അമാൻഡ എന്നാണ്‌ പേരിട്ടിരിക്കുന്നത്‌. അവളുടെ വരവോടെ പുതിയ കുറേ പ്രശ്‌നങ്ങളുമുണ്ടായി. നിറുത്താതെ കരയുമായിരുന്നു അവൾ. ആഴ്‌ചകളോളം ഞാൻ ഉറങ്ങാതിരുന്നിട്ടുണ്ട്‌. എന്റെ വിശപ്പു കെട്ടു. പോരാത്തതിന്‌ കടുത്ത ക്ഷീണവും. ആദ്യമൊക്കെ വീട്ടിൽ തനിച്ചിരിക്കാനായിരുന്നു എനിക്കിഷ്ടം. എന്നാൽ സ്വയം ഒറ്റപ്പെടുത്തുന്നത്‌ നല്ലതല്ലെന്ന്‌ എനിക്കു മനസ്സിലായി. അങ്ങനെ കൊച്ചുകുഞ്ഞുങ്ങളുള്ള മറ്റ്‌ അമ്മമാരോടൊപ്പം സമയം ചെലവഴിക്കാൻ ഞാൻ ശ്രമിച്ചു; എന്റെ പ്രശ്‌നങ്ങൾ അവരുമായി പങ്കുവെച്ചു. അപ്പോഴാണ്‌ മനസ്സിലായത്‌, അവർക്കും എന്നെപ്പോലുള്ള ബുദ്ധിമുട്ടുകളൊക്കെ ഉണ്ടെന്ന്‌.

ടോം: ഞങ്ങളുടെ ദിനചര്യയുടെ താളംതെറ്റാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. യഹോവയുടെ സാക്ഷികളായ ഞങ്ങൾക്ക്‌ വളരെ പ്രധാനപ്പെട്ട കാര്യങ്ങളാണ്‌ ഞങ്ങളുടെ പ്രസംഗവേലയും ക്രിസ്‌തീയ യോഗങ്ങളും. അതു മുടക്കില്ലെന്ന്‌ ഞാനും യൂൻഹിയും തീരുമാനിച്ചുറച്ചിരുന്നു. കുഞ്ഞുണ്ടായാൽ ചെലവും ഏറുമല്ലോ. ചിലത്‌ നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്തതായിരിക്കും. വരവിലൊതുങ്ങി ജീവിക്കാനും കടബാധ്യതകളൊന്നും വരുത്തിവെക്കാതിരിക്കാനും ഞങ്ങൾ നല്ല ശ്രമം ചെയ്‌തു.

യൂൻഹി: കുഞ്ഞിനെയുംകൊണ്ട്‌ പ്രസംഗവേലയ്‌ക്കു പോകുന്നത്‌ നടക്കാത്ത കാര്യമാണെന്നാണ്‌ ഞാൻ ആദ്യം കരുതിയത്‌. കുഞ്ഞ്‌ ശല്യമുണ്ടാക്കുമോയെന്ന്‌ ഞാൻ ഭയന്നു. പക്ഷേ കുഞ്ഞിനെയുംകൊണ്ട്‌ ചെല്ലുന്നത്‌ ആളുകൾക്ക്‌ വലിയ കൗതുകമാണ്‌. അതു മനസ്സിലാക്കിയപ്പോൾ മോളെയുംകൊണ്ട്‌ പ്രസംഗവേലയ്‌ക്കു പോകാൻ എനിക്കു ധൈര്യമായി. പിന്നെപ്പിന്നെ അത്‌ ഒരു രസമായി.

ടോം: “ബൈബിൾ പറയുന്നത്‌, ‘മക്കൾ, യഹോവ നൽകുന്ന അവകാശവും പ്രതിഫലവും’ ആണെന്നാണ്‌. (സങ്കീർത്തനം 127:3) അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഒരു കുഞ്ഞ്‌ അമൂല്യമായ സമ്മാനമാണ്‌. അവകാശമായി കിട്ടുന്ന സ്വത്ത്‌ രണ്ടുരീതിയിൽ കൈകാര്യം ചെയ്യാം: ഒന്നുകിൽ അത്‌ ബുദ്ധിപൂർവം ഒരു നിക്ഷേപമാക്കാം; അല്ലെങ്കിൽ അത്‌ നാനാവിധമാക്കിക്കളയാം. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടവും വളരെ പ്രധാനമാണെന്ന സത്യം ഞാൻ മനസ്സിലാക്കിവരികയാണ്‌. എന്റെ മകളുടെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ഞാൻ കൂടെയുണ്ടാവണം. ജീവിതത്തിൽ ഒരിക്കലേ അതു കാണാൻ അവസരം കിട്ടൂ; അവർ ആ ഘട്ടം പിന്നിട്ടുകഴിഞ്ഞാൽ പിന്നെ അതേക്കുറിച്ച്‌ ഓർത്തിട്ടു ഫലമില്ല.

യൂൻഹി: ജീവിതത്തിൽ അപ്രതീക്ഷിതമായി പല കാര്യങ്ങളും സംഭവിക്കാം. ഓർക്കാപ്പുറത്ത്‌ ഒരു അച്ഛനോ അമ്മയോ ആകുന്നത്‌ അതിലൊന്നാണ്‌. പക്ഷേ അത്‌ നമ്മുടെ സന്തോഷം കെടുത്തിക്കളയേണ്ട ഒരു കാര്യമേയല്ല. മോൾക്ക്‌ ഇപ്പോൾ ആറുവയസ്സായി. അവളില്ലാത്ത ഒരു ജീവിതം എനിക്ക്‌ ചിന്തിക്കാനേ വയ്യാ!

[ചിത്രം]

ടോമും യൂൻഹിയും മകൾ അമാൻഡയ്‌ക്കൊപ്പം