വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഥാർഥനീതി ദിവ്യഭരണത്തിൻകീഴിൽ

യഥാർഥനീതി ദിവ്യഭരണത്തിൻകീഴിൽ

യഥാർഥനീതി ദിവ്യഭരണത്തിൻകീഴിൽ

ഇന്നത്തെ ഈ ദുഷിച്ച വ്യവസ്ഥിതി പെട്ടെന്നുതന്നെ നീങ്ങിപ്പോകും. തത്‌സ്ഥാനത്ത്‌ ദൈവം പുതിയൊരു ലോകം സ്ഥാപിക്കും. ബൈബിൾ പ്രവചനങ്ങൾ അക്കാര്യം വ്യക്തമാക്കുന്നു. പുതിയലോകത്തിന്‌ ഏക ഭരണകൂടമേ ഉണ്ടായിരിക്കൂ​—⁠ദൈവരാജ്യം. അതിന്റെ രാജാവ്‌ യേശുക്രിസ്‌തുവായിരിക്കും. (വെളിപാട്‌ 11:15) ആ രാജ്യം എങ്ങനെയായിരിക്കും അനീതി തുടച്ചുനീക്കുന്നത്‌? രണ്ടുവിധങ്ങളിൽ അത്‌ പ്രവർത്തിക്കും.

1. അനീതി നിറഞ്ഞ, കാര്യശേഷിയില്ലാത്ത മാനുഷഗവണ്മെന്റുകളെ ദൈവരാജ്യം ഇല്ലായ്‌മചെയ്യും. ദാനീയേൽ 2:44 പറയുന്നു: “ഈ രാജാക്കന്മാരുടെ (ഗവണ്മെന്റുകളുടെ) കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം . . . ഒരു രാജത്വം സ്ഥാപിക്കും; അതു ഈ (മനുഷ്യനിർമിത) രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.”

2. ദൈവരാജ്യം ദുഷ്ടന്മാരെ നശിപ്പിക്കും, നീതിനിഷ്‌ഠർക്ക്‌ സംരക്ഷണമേകും. സങ്കീർത്തനം 37:10 പറയുന്നു: “കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല.” 28-ാം വാക്യം പറയുന്നത്‌ ഇങ്ങനെയാണ്‌: “യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു.”

യേശു മാതൃകാപ്രാർഥനയിൽ പറഞ്ഞതിന്റെ നിവൃത്തി വിശ്വസ്‌തരായ ഈ ‘വിശുദ്ധന്മാർ’ അനുഭവിച്ചറിയും. അവൻ പറഞ്ഞു: “നിന്റെ രാജ്യം വരേണമേ. നിന്റെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ.” (മത്തായി 6:10) ആകട്ടെ, ഭൂമിയെക്കുറിച്ചുള്ള ദൈവേഷ്ടം എന്താണ്‌?

ദൈവരാജ്യം ഭൂമിയെ ഭരിക്കുമ്പോൾ. . .

അഴിമതിയും അടിച്ചമർത്തലും ഇല്ലാത്ത ലോകം. യേശുവിനെക്കുറിച്ച്‌ എബ്രായർ 1:9 പറയുന്നു: ‘നീ നീതിയെ സ്‌നേഹിക്കുകയും അധർമത്തെ ദ്വേഷിക്കുകയും ചെയ്‌തിരിക്കുന്നു.’ നീതിനിഷ്‌ഠനായ ഒരു ഭരണാധിപൻ എന്ന നിലയിൽ യേശു ‘നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കും. അവരുടെ പ്രാണനെ അവൻ പീഡയിൽ നിന്നും സാഹസത്തിൽനിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.’​—⁠സങ്കീർത്തനം 72:​12-14.

എല്ലാവർക്കും സുഭിക്ഷമായ ആഹാരം. “ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.” (സങ്കീർത്തനം 67:⁠6) “ദേശത്തു പർവ്വതങ്ങളുടെ മുകളിൽ ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) ആയിരക്കണക്കിന്‌ ആളുകൾക്ക്‌ യേശു അത്ഭുതകരമായി ഭക്ഷണം നൽകിയതിനെക്കുറിച്ച്‌ തിരുവെഴുത്തുകൾ പറയുന്നു. ദൈവരാജ്യത്തിൻകീഴിൽ താൻ ചെയ്യാൻ പോകുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു അവൻ അതു ചെയ്‌തത്‌.​—⁠മത്തായി 14:​15-21; 15:​32-38.

മാനുഷികപരിമിതികളാൽ വികലമാകാത്ത നീതി. “(ദൈവത്തിന്റെ) ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്നതായി ഒരു സൃഷ്ടിപോലുമില്ല; സകലവും അവന്റെ കൺമുമ്പിൽ നഗ്നവും അനാവൃതവുമായി കിടക്കുന്നു; അവനോടത്രേ നാം കണക്കുബോധിപ്പിക്കേണ്ടത്‌.” (എബ്രായർ 4:13) ക്രിസ്‌തുവിനെക്കുറിച്ച്‌ നാം ഇങ്ങനെ വായിക്കുന്നു: “അവൻ കണ്ണുകൊണ്ടു കാണുന്നതുപോലെ ന്യായപാലനം ചെയ്‌കയില്ല; ചെവികൊണ്ടു കേൾക്കുന്നതു പോലെ വിധിക്കയുമില്ല. അവൻ ദരിദ്രന്മാർക്കു നീതിയോടെ ന്യായം പാലിച്ചുകൊടുക്കയും ദേശത്തിലെ സാധുക്കൾക്കു നേരോടെ വിധികല്‌പിക്കയും ചെയ്യും.”​—⁠യെശയ്യാവു 11:​3, 4.

ദൈവരാജ്യഭരണം പടിവാതിൽക്കൽ!

ഇന്നത്തെ ലോകത്തിന്റെ ദയനീയാവസ്ഥ അതിന്റെ അന്ത്യം അടുത്തെത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണ്‌. സങ്കീർത്തനം 92:7 പറയുന്നു: “ദുഷ്ടന്മാർ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവർത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.” ദൈവത്തിന്റെ അപ്രീതിക്ക്‌ പാത്രമാകാതെ അവൻ സംരക്ഷിക്കുന്നവരുടെ കൂടെ ആയിരിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും? യേശുക്രിസ്‌തു പറഞ്ഞു: “ഏകസത്യദൈവമായ നിന്നെയും നീ അയച്ച യേശുക്രിസ്‌തുവിനെയും അവർ അറിയുന്നതല്ലോ നിത്യജീവൻ.”​—⁠യോഹന്നാൻ 17:⁠3.

അമൂല്യമായ ഈ അറിവ്‌ നേടാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ, മുമ്പു പരാമർശിച്ച ഹൈഡയെപ്പോലെ, ഡൊറോത്തിയെപ്പോലെ, ഫെറോദ്ദീനെപ്പോലെ അക്കാര്യം യഹോവയുടെ സാക്ഷികളോട്‌ ചോദിച്ചറിയുക. യാതൊരു പണച്ചെലവും ബാധ്യതയും കൂടാതെ നിങ്ങളുടെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകാൻ അവർ സദാ സന്നദ്ധരാണ്‌. (g12-E 05)

[15-ാം പേജിലെ ചതുരം]

ജീവിതം ക്രൂരത കാട്ടുമ്പോൾ

ഐക്യനാടുകളിൽ താമസിക്കുന്ന എമിലിക്ക്‌ ഏഴുവയസ്സുള്ളപ്പോഴാണ്‌ ലുക്കീമിയ ബാധിച്ചിരിക്കുന്നതായി അറിയുന്നത്‌. കൂട്ടുകാർക്ക്‌ വല്ലപ്പോഴുമൊക്കെ പനിയോ ജലദോഷമോ വരുമ്പോൾ എമിലി വർഷങ്ങളോളം കീമോതെറാപ്പി അടക്കമുള്ള ദുസ്സഹമായ ചികിത്സയിലായിരുന്നു. “ലുക്കീമിയ വളരെ ഭീതിദമാണ്‌!” അവൾ പറയുന്നു.

ജീവിതം അവളോട്‌ കാണിച്ചത്‌ ക്രൂരതയാണെങ്കിലും അവൾ പ്രതീക്ഷയറ്റവളല്ല. ദൈവരാജ്യഭരണത്തിൻകീഴിൽ ‘എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറയുകയില്ലാത്ത’ സമയത്തിനായി അവൾ കാത്തിരിക്കുന്നു. (യെശയ്യാവു 33:24) എമിലി പറയുന്നത്‌ ഇങ്ങനെയാണ്‌: “എനിക്ക്‌ ഏറ്റവും ഇഷ്ടമുള്ള തിരുവെഴുത്താണ്‌ മർക്കോസ്‌ 12:30: ‘നിന്റെ ദൈവമായ യഹോവയെ നീ മുഴുഹൃദയത്തോടും മുഴുദേഹിയോടും മുഴുമനസ്സോടും മുഴുശക്തിയോടുംകൂടെ സ്‌നേഹിക്കണം.’ യഹോവയോട്‌ ഞാൻ പ്രാർഥിക്കുമ്പോൾ അവൻ എനിക്ക്‌ കരുത്തേകുന്നു. സ്‌നേഹനിധികളായ കുടുംബാംഗങ്ങളെയും സഭയിലെ സഹോദരങ്ങളെയും തന്നതിന്‌ എനിക്ക്‌ അവനോട്‌ നന്ദിയുണ്ട്‌. മാത്രമല്ല, പറുദീസാഭൂമിയിലെ നിത്യജീവന്റെ പ്രത്യാശയും അവൻ എനിക്കു നൽകിയിരിക്കുന്നു. എന്നെ പിടിച്ചുനിറുത്തുന്നത്‌ ആ പ്രത്യാശയാണ്‌.”

[14, 15 പേജുകളിലെ ചിത്രങ്ങൾ]

ദൈവരാജ്യത്തിൻകീഴിൽ മനുഷ്യരെല്ലാം സമൃദ്ധിയിൽ കഴിയും, യഥാർഥനീതിയും മുൻവിധിയില്ലാത്ത ജീവിതവും ആസ്വദിക്കും