വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുഖ്യലേഖനം

അമൂല്യ​മാണ്‌ സമയം! ഫല​പ്രദ​മായി ഉപയോ​ഗി​ക്കു​ക

അമൂല്യ​മാണ്‌ സമയം! ഫല​പ്രദ​മായി ഉപയോ​ഗി​ക്കു​ക

“കു​റച്ചു​കൂടി സമയം കിട്ടി​യി​രു​ന്നെങ്കിൽ. . . ” എത്രയോ തവണ നിങ്ങൾ ഇതു പറഞ്ഞി​ട്ടു​ണ്ടാ​വും, അല്ലേ? വാസ്‌ത​വത്തിൽ, സമയത്തി​ന്‍റെ കാ​ര്യ​ത്തിൽ സകല​മനു​ഷ്യ​രും സമന്മാ​രാ​ണെന്നു പറയാം! ശക്തർക്കും അശ​ക്തർക്കും, ധന​വാ​നും ദരി​ദ്ര​നും സമയം തു​ല്യമാണ്‌. ആർക്കും കൂടു​തലു​മില്ല, കു​റവു​മില്ല! സമയം അല്‌പം ‘സമ്പാ​ദിച്ചു​വെ​ക്കാം’ എന്ന് ആ​രെങ്കി​ലും വിചാ​രി​ച്ചാ​ലോ, അതും നടക്കില്ല! കൈ​വിട്ടു​പോ​യാൽ, പോ​യതു​തന്നെ! പി​ന്നൊ​രിക്ക​ലും തി​രി​ച്ചുപി​ടി​ക്കാ​മെന്നും വി​ചാരി​ക്കേണ്ട! അ​പ്പോൾപ്പിന്നെ, ഉള്ള സമയം മെ​ച്ചമാ​യി ഉപ​യോ​ഗി​ക്കുക​യെന്ന​താണ്‌ ബുദ്ധി. അതെങ്ങനെ ചെയ്യാം? വിലപ്പെട്ട സമയം ഫല​പ്രദ​മായി വിനി​യോ​ഗി​ക്കാൻ പല​രെ​യും സഹാ​യിച്ചി​ട്ടുള്ള നാല്‌ പ്രാ​യോഗി​കനിർദേശങ്ങ​ളാണ്‌ ഇനി പറ​യു​ന്നത്‌.

1: നന്നായി ആസൂ​ത്രണം ചെയ്യുക

പ്രാധാന്യമനുസരിച്ച് ക്രമീകരിക്കുക. ‘പ്രാ​ധാന്യ​മേ​റിയ കാര്യങ്ങൾ ഉറ​പ്പാ​ക്കുക’ എന്ന് ബൈബിൾ ഉപ​ദേശി​ക്കുന്നു. (ഫി​ലിപ്പി​യർ 1:10) ചെയ്യേണ്ട കാ​ര്യങ്ങ​ളുടെ ഒരു ലിസ്റ്റ് തയ്യാ​റാ​ക്കുക. ലിസ്റ്റിൽ, പ്രധാ​ന​പ്പെട്ടത്‌, പെട്ടെന്നു ചെ​യ്യേ​ണ്ടത്‌, പെട്ടെന്നു ചെ​യ്യേണ്ട​തും പ്രധാ​ന​പ്പെട്ട​തും എന്നിങ്ങനെ പട്ടി​ക​പ്പെടു​ത്തുക. ലിസ്റ്റ് തയ്യാ​റാ​ക്കു​മ്പോൾ ഒരു​കാ​ര്യം മനസ്സിൽപ്പി​ടി​ക്കണം: പ്രധാ​ന​പ്പെട്ടതാണ്‌ എന്ന​തു​കൊണ്ട് അത്‌ ഉടനെ ചെയ്‌തു​തീർക്കണ​മെന്നില്ല. അതു​പോ​ലെ, ഉടനെ ചെ​യ്യേ​ണ്ടത്‌ അത്ര പ്രധാ​ന​പ്പെട്ടതാ​കണ​മെന്നു​മില്ല. ഉദാ​ഹരണ​ത്തിന്‌, അത്താ​ഴ​മൊ​രു​ക്കേണ്ടത്‌ പ്ര​ധാ​നമാ​ണെങ്കി​ലും അത്‌ ഉടനെ ചെ​യ്യേണ്ടതി​ല്ലാ​യിരി​ക്കാം. എന്നാൽ ഇഷ്ടമുള്ള ഒരു ടിവി പരി​പാ​ടി ആദ്യം​മു​തൽ കാ​ണണ​മെങ്കിൽ അത്‌ അതിന്‍റെ സമ​യത്തു​തന്നെ കാണണം, അത്‌ അത്ര പ്രധാ​നമ​ല്ലെങ്കി​ലും പി​ന്നെ​ത്തേക്കു മാ​റ്റി​വെക്കാൻ പറ്റി​ല്ല​ല്ലോ. *

മുൻകൂട്ടി ചിന്തിക്കുക. “ഇരി​മ്പാ​യുധം മൂർച്ചയി​ല്ലാഞ്ഞി​ട്ടു അതിന്‍റെ വായ്‌ത്തല തേക്കാ​തി​രു​ന്നാൽ അവൻ അധികം ശക്തി പ്ര​യോഗി​ക്കേണ്ടി​വരും” എന്ന് സഭാ​പ്ര​സംഗി 10:10 പറയുന്നു. “ജ്ഞാനമോ, കാര്യ​സി​ദ്ധിക്കു ഉപ​യോഗമു​ള്ളതാ​കുന്നു” എന്നും അതു പറയുന്നു. എന്താണ്‌ ഇതിൽനി​ന്നുള്ള പാഠം? ഒരു ആയുധം മൂർച്ച കൂട്ടു​ന്നതു​പോ​ലെ, മുൻകൂ​ട്ടി ആസൂ​ത്രണം ചെ​യ്യു​ന്നെങ്കിൽ നി​ങ്ങളു​ടെ സമയം ഒട്ടും പാ​ഴാക്കാ​തെ ഉപ​യോഗി​ക്കാൻ കഴിയും. സമയവും ഊർജ​വും വെറുതെ പാ​ഴാ​ക്കുന്ന കാര്യങ്ങൾ മാറ്റി​വെ​ക്കുക​യോ ഒഴി​വാ​ക്കുക​യോ ചെയ്യുക. നിങ്ങൾ ഒരു ജോലി ചെയ്‌തു​തീർത്തെ​ന്നിരി​ക്കട്ടെ. സമയം ബാ​ക്കിയു​ണ്ടോ? എങ്കിൽ പി​ന്നെ​ത്തേക്കു പട്ടി​ക​പ്പെടു​ത്തി​യിരി​ക്കുന്ന മറ്റൊരു ജോലി ചെ​യ്യരു​തോ? ആയുധം മൂർച്ചകൂ​ട്ടി​യാൽ ജോലി എളു​പ്പമാ​കും; അതു​പോ​ലെ, മുൻകൂ​ട്ടി ചി​ന്തി​ച്ചാൽ കാര്യ​ക്ഷമ​തയോ​ടെ ജോ​ലി​കൾ ചെയ്‌തു​തീർക്കാനാ​കും.

ഒരുപാട്‌ കാര്യങ്ങൾ കുത്തിനിറയ്‌ക്കാതിരിക്കുക. വെറുതെ സമയം കളയു​മെന്നല്ലാ​തെ മറ്റൊരു പ്ര​യോ​ജന​വുമി​ല്ലാത്ത കാര്യങ്ങൾ വേ​ണ്ടെന്നു​വെ​ക്കാൻ പഠിക്കുക. ഒരു​പാട്‌ കാര്യങ്ങൾ ഏറ്റെ​ടു​ക്കുന്ന​തും പരി​ധിയി​ല്ലാത്ത പോ​ക്കുവ​രവു​കളും അനാ​വ​ശ്യസ​മ്മർദ​ത്തിന്‌ ഇട​യാ​ക്കും, സന്തോഷം കവർന്നെടു​ക്കും.

2: സമയം അപ​ഹരി​ക്കുന്ന ശീലങ്ങൾ ഒഴിവാക്കുക

കാര്യങ്ങൾ നീട്ടിവെക്കുന്ന ശീലം, തീരുമാനങ്ങൾ വൈകിപ്പിക്കുന്ന ശീലം. “കാറ്റിനെ വിചാ​രി​ക്കു​ന്നവൻ വി​തെക്ക​യില്ല; മേഘങ്ങളെ നോ​ക്കു​ന്നവൻ കൊയ്‌കയു​മില്ല.” (സഭാ​പ്ര​സംഗി 11:4) എന്താണ്‌ ഇതിൽനി​ന്നുള്ള പാഠം? കാര്യങ്ങൾ നീ​ട്ടി​വെക്കുന്ന ശീലം സമയം കവർന്നെടു​ക്കും; ചെയ്‌തു​തീർക്കാ​മായി​രുന്ന പലതും ചെ​യ്യാ​നാകാ​ത്തതു​കൊ​ണ്ടുള്ള നഷ്ടം വേ​റെ​യും. കാലാവസ്ഥ നന്നാകട്ടെ എന്നു കരുതി കാ​ത്തിരി​ക്കുന്ന കർഷകന്‌ ഒരി​ക്ക​ലും വിതയ്‌ക്കാ​നോ കൊ​യ്യാ​നോ കഴി​ഞ്ഞെ​ന്നുവ​രില്ല. ജീ​വിത​ത്തിലെ അനി​ശ്ചി​തത്വ​ങ്ങളെ പ്രതി ചി​ല​പ്പോൾ നാമും ഇതു​പോ​ലെ ചില തീ​രുമാ​നങ്ങൾ വൈ​കി​ച്ചേക്കാം. അല്ലെങ്കിൽ എല്ലാ വിശ​ദാം​ശങ്ങ​ളും കി​ട്ടിയിട്ട് തീ​രു​മാന​മെടു​ക്കാം എന്നു​കരു​തി കാ​ത്തിരുന്ന് സമയം കള​ഞ്ഞേ​ക്കാം. പ്ര​ധാന​പ്പെട്ട കാര്യങ്ങൾ ചെ​യ്യുന്ന​തിനു മുമ്പ് ചിന്തി​ക്കു​കയും പര്യാ​ലോ​ചിക്കു​കയും ചെ​യ്യരു​തെന്നല്ല പറ​യു​ന്നത്‌. “സൂക്ഷ്മബു​ദ്ധി​യോ തന്‍റെ നടപ്പു സൂക്ഷി​ച്ചു​കൊ​ള്ളുന്നു” എന്ന് സദൃശ​വാ​ക്യ​ങ്ങൾ 14:15 പറയു​ന്നുണ്ട്. എന്നാൽ, കു​റച്ചൊ​ക്കെ അനി​ശ്ചിത​ത്വങ്ങൾ ഏതൊരു തീരു​മാ​ന​ത്തി​ന്‍റെ കാര്യ​ത്തിലു​മുണ്ടാ​കും എന്നത്‌ ഒരു യാഥാർഥ്യ​മാണ്‌.—സഭാ​പ്ര​സംഗി 11:6.

എല്ലാം പൂർണതയോടെ ചെയ്യണമെന്ന ചിന്ത. ‘ഉയര​ത്തിൽനി​ന്നുള്ള (ദൈ​വത്തിൽനി​ന്നുള്ള) ജ്ഞാനം ന്യാ​യബോ​ധമുള്ള​താണ്‌’ എന്നു യാ​ക്കോബ്‌ 3:17 പറയുന്നു. എല്ലാ​ക്കാര്യ​ത്തി​ലും മിക​ച്ചനി​ലവാ​രം പു​ലർത്തു​ന്നത്‌ പ്രശം​സനീ​യം​തന്നെ. പക്ഷേ, ചി​ല​പ്പോൾ നമ്മു​ടെ​തന്നെ നി​ലവാ​രങ്ങൾ നമുക്ക് എത്തി​പ്പിടി​ക്കാൻ പറ്റാത്തത്ര ഉയ​രത്തി​ലാ​യിരി​ക്കാം. അത്‌ നിരാ​ശയ്‌ക്കിടയാ​ക്കും, പരാ​ജയത്തി​നുപോ​ലും കാ​രണമാ​കും. ഉദാ​ഹരണ​ത്തിന്‌, മറ്റൊരു ഭാഷ പഠിക്കുന്ന ഒരാ​ളു​ടെ കാര്യ​മെടു​ക്കാം. പു​തി​യൊരു ഭാഷ പഠി​ക്കു​മ്പോൾ തെറ്റുകൾ വരാം, അതു തിരുത്തി ശ്രമം തുടരുന്ന ഒരു വ്യക്തിക്കേ ഭാഷ വശമാ​ക്കാ​നാകൂ. എന്നാൽ, ഒരു ‘പരി​പൂർണ​താവാ​ദിക്ക്’ താൻ എ​ന്തെങ്കി​ലും തെറ്റി​പ്പ​റയു​ന്നത്‌ ചി​ന്തിക്കാ​നേ കഴിയില്ല. പി​ന്നെ​യെങ്ങനെ അദ്ദേഹം ആ ഭാഷ പഠി​ച്ചെടു​ക്കും! എളി​മ​യോടെ നമ്മിൽനിന്ന് ന്യാ​യ​മായ​തുമാ​ത്രം പ്രതീ​ക്ഷി​ക്കു​ന്നത്‌ എത്ര നന്നാ​യിരി​ക്കും! “താഴ്‌മയു​ള്ളവ​രുടെ പക്കലോ ജ്ഞാ​നമുണ്ട്” എന്നു സദൃശ​വാ​ക്യ​ങ്ങൾ 11:2 പറയുന്നു. താഴ്‌മയു​ള്ളവർ തങ്ങ​ളെക്കു​റിച്ച് പരി​ധിയി​ലധി​കം ചി​ന്തി​ക്കില്ല. സ്വന്തം കു​റവു​കൾ നർമ​ബോ​ധത്തോ​ടെ കാ​ണാ​നും അവർക്കു കഴിയും.

“നിങ്ങൾ സാധനങ്ങൾ വാ​ങ്ങു​ന്നത്‌ വാസ്‌ത​വത്തിൽ പണം കൊ​ടു​ത്തല്ല, സമയം കൊ​ടു​ത്താണ്‌!”—എഴുത്തുകാരനും മനഃശാസ്‌ത്രജ്ഞനും ആയ ചാൾസ്‌ സ്‌പെറ്റ്‌സാനോ

3: സമ​നില​യും യാഥാർഥ്യബോധവും

ജോലിയും വിനോദവും സമനിലയിൽ കൊണ്ടുപോകുക. “രണ്ടു കൈയും നിറയെ ഉള്ള പ്രയത്‌നത്തെ​യും വൃഥാ​ശ്ര​മ​ത്തെ​യും​കാൾ ഉത്തമം ഒരു കൈ നിറയെ ഉള്ള സ്വ​സ്ഥതയാണ്‌.” (സഭാ​പ്ര​സംഗി 4:6, ഓശാന ബൈബിൾ.) ജോ​ലി​യോട്‌ ഭ്രാ​ന്ത​മായ ആസക്തി​യു​ള്ളവരു​ടെ ‘രണ്ടു കൈയും നിറയെ പ്രയത്‌ന​മാണ്‌.’ അതിനാൽ പ്രയത്‌ന​ത്തി​ന്‍റെ ഫലം പല​പ്പോ​ഴും അവർക്ക് ആസ്വ​ദി​ക്കാ​നാകു​ന്നില്ല. കാരണം, അവർക്ക് സമയമോ ഊർജ​മോ ബാ​ക്കി​യില്ല. നേ​രേമ​റിച്ച്, മടിയൻ “രണ്ടു കൈയും നിറയെ” സ്വ​സ്ഥതയാണ്‌ ആഗ്ര​ഹിക്കു​ന്നത്‌. ഇങ്ങ​നെയു​ള്ളവ​രും വിലപ്പെട്ട സമയം പാ​ഴാക്കു​ന്നു. എന്നാൽ ബൈബി​ളി​ന്‍റെ ഉപദേശം സമനി​ലയു​ള്ളതാണ്‌: കഠി​നാധ്വാ​നം ചെയ്യുക, ഒപ്പം അതിന്‍റെ ഫലം ആസ്വ​ദി​ക്കുക. തന്‍റെ പ്ര​യത്‌നത്തിൽ ആന​ന്ദിക്കു​ന്നത്‌ ‘ദൈവ​ത്തി​ന്‍റെ ദാ​നമാണ്‌’ അതായത്‌ അനു​ഗ്രഹ​മാണ്‌.—സഭാ​പ്ര​സംഗി 5:19.

ഉറങ്ങുന്നതിൽ പിശുക്കുകാട്ടരുത്‌. ഒരു ബൈ​ബിളെ​ഴുത്തു​കാരൻ ഇങ്ങനെ എഴുതി: “ഞാൻ സമാ​ധാ​നത്തോ​ടെ കി​ടന്നു​റങ്ങും.” (സങ്കീർത്ത​നം 4:8) മുതിർന്ന​വർക്ക് പൊ​തു​വെ രാത്രി എട്ട് മണി​ക്കൂ​റോളം ഉറക്കം ആവ​ശ്യമാണ്‌. ശാ​രീ​രിക, വൈകാ​രിക, ബൗദ്ധിക പ്രാപ്‌തി​കൾ പൂർണമാ​യും പു​തു​ക്കാൻ അത്‌ അനി​വാ​ര്യമാണ്‌. ബൗ​ദ്ധി​കപ്രാപ്‌തിക​ളുടെ കാ​ര്യ​ത്തിൽ നല്ല ഉറക്കം ഒരു ‘സമ്പാ​ദ്യ​മാ​ണെന്നു’ പറയാം. എന്തു​കൊണ്ട്? നന്നായി ഉറ​ങ്ങു​ന്നത്‌ ഏകാ​ഗ്രത​യോ​ടെയി​രിക്കാ​നും ഓർമകൾ കോർത്തി​ണക്കാ​നും സഹാ​യി​ക്കും. അപ്പോൾ കാര്യങ്ങൾ എളുപ്പം മനസ്സി​ലാ​ക്കാ​നും പഠി​ക്കാ​നും കഴിയും. അങ്ങനെ സമയം ലാ​ഭി​ക്കാം. അ​തേസ​മയം, ഉറ​ക്കക്കു​റവ്‌ ഗ്ര​ഹണ​പ്രാപ്‌തി​കളെ മന്ദീ​ഭവി​പ്പി​ക്കും, അപകടങ്ങൾ വരു​ത്തി​വെക്കും, ചെയ്യുന്ന കാര്യങ്ങൾ തെറ്റി​പ്പോ​കാൻ ഇട​യാ​ക്കും, പല മാ​നസി​കപി​രി​മുറു​ക്കങ്ങൾക്കും കാ​രണമാ​കും.

ന്യായമായ ലക്ഷ്യങ്ങൾ വെക്കുക. “കൺമുൻപി​ലുള്ള​തു​കൊണ്ട് തൃപ്‌തി​പ്പെ​ടു​ന്ന​താണ്‌ സങ്കൽപങ്ങ​ളിൽ അലയു​ന്നതി​നെ​ക്കാൾ നല്ലത്‌.” (സഭാ​പ്ര​സംഗി 6:9, പി.ഒ.സി. ബൈബിൾ.) എന്താണ്‌ ഇവിടത്തെ ആശയം? വി​വേക​മുള്ള ഒരു മനുഷ്യൻ തന്‍റെ അഭി​ലാഷ​ങ്ങൾക്ക് കടി​ഞ്ഞാണി​ടും; പ്ര​ത്യേകി​ച്ചും കൈപ്പി​ടി​യി​ലൊതു​ങ്ങാത്ത, നേടി​യെടു​ക്കാൻ സാ​ധി​ക്കാത്ത ആ​ഗ്രഹങ്ങൾക്ക്. തന്‍റെ ജീ​വി​തത്തെ നി​യന്ത്രി​ക്കാൻ അദ്ദേഹം അവയെ അനു​വദി​ക്കില്ല. അതു​കൊ​ണ്ടു​തന്നെ, വാണി​ജ്യ​ലോ​കം അവത​രിപ്പി​ക്കുന്ന പരസ്യങ്ങൾ എത്ര ആകർഷ​കമാ​ണെങ്കി​ലും അദ്ദേഹത്തെ സ്വാ​ധീനി​ക്കില്ല. ക്രെഡിറ്റ്‌കാർഡു​പോ​ലുള്ള ഉപാ​ധിക​ളിലൂ​ടെ വരവു മറന്ന് ചെ​ലവാ​ക്കുന്ന പദ്ധ​തിക​ളിൽ അങ്ങ​നെയൊ​രാൾ ചെ​ന്നു​പെടു​കയു​മില്ല. പി​ന്നെ​യോ, നേടി​യെടു​ക്കാനാ​കുന്ന കാര്യ​ങ്ങൾകൊണ്ട് അഥവാ “കൺമുൻപി​ലുള്ള​തു​കൊണ്ട്” തൃപ്‌തി​പ്പെ​ടാൻ അദ്ദേഹം പഠിക്കും.

4: ഉയർന്ന മൂ​ല്യ​ങ്ങളെ വഴികാട്ടിയാക്കുക

നിങ്ങൾ മൂല്യം കല്‌പിക്കുന്നത്‌ എന്തിനാണെന്നു ചിന്തിക്കുക. മൂല്യങ്ങൾ ഒരു അളവു​കോലാണ്‌. നല്ലത്‌, പ്രാ​ധാന്യ​മു​ള്ളത്‌, ഗുണ​കരമാ​യത്‌ എന്നിവ വേർതിരി​ച്ചറി​യാൻ അവ നിങ്ങളെ സഹാ​യി​ക്കും. നി​ങ്ങളു​ടെ ജീ​വി​തത്തെ ഒരു അസ്‌ത്ര​ത്തോട്‌ ഉപ​മി​ച്ചാൽ, അത്‌ എവി​ടേക്കു തി​രി​ച്ചുവി​ടണ​മെന്നു തീരു​മാ​നിക്കു​ന്നത്‌ നി​ങ്ങളു​ടെ മൂല്യ​ങ്ങ​ളാ​ണെന്നു പറയാം. സദ്‌മൂല്യ​ങ്ങളാണ്‌ ജീ​വിത​ത്തിൽ സു​ബോ​ധ​ത്തോ​ടെയുള്ള മുൻഗണ​നകൾ വെക്കാൻ നിങ്ങളെ സഹാ​യിക്കു​ന്നത്‌. അങ്ങ​നെയാ​യാൽ നി​ങ്ങളു​ടെ സമയം, അതായത്‌, ജീ​വിത​ത്തിലെ ഓരോ മണി​ക്കൂ​റും ഓരോ ദി​വസ​വും ഏറ്റവും കാര്യ​ക്ഷമ​മായി വിനി​യോ​ഗി​ക്കാൻ നിങ്ങൾക്കു കഴിയും. അതി​രി​ക്കട്ടെ, അത്തരം സദ്‌മൂ​ല്യങ്ങൾ നിങ്ങൾക്ക് എവിടെ കണ്ടെത്താം? പലരും ബൈ​ബി​ളി​ലേക്കു നോ​ക്കു​ന്നു. അതിലെ ശ്രേഷ്‌ഠ​മാ​യ ജ്ഞാനം അവർ തിരി​ച്ച​റിയു​ന്നു.—സദൃശ​വാ​ക്യ​ങ്ങൾ 2:6, 7.

സ്‌നേഹത്തിനാകട്ടെ ഏറ്റവും മൂല്യം. ‘ഐക്യ​ത്തി​ന്‍റെ സമ്പൂർണ​ബന്ധം’ എന്നാണ്‌ സ്‌നേ​ഹത്തെ കൊ​ലോ​സ്യർ 3:14 വി​ശേഷി​പ്പിക്കു​ന്നത്‌. സ്‌നേഹമി​ല്ലെ​ങ്കിൽ യഥാർഥസ​ന്തോഷ​മുണ്ടാ​കില്ല, വൈകാ​രി​കസു​രക്ഷി​തത്വം അനു​ഭവി​ക്കാനാ​വില്ല; പ്ര​ത്യേകി​ച്ചും കുടും​ബ​ബന്ധങ്ങ​ളിൽ. ഈ വസ്‌തുത അവഗ​ണിച്ചു​കൊണ്ട് പണ​ത്തി​നും തൊ​ഴിലി​നും പിന്നാലെ പരക്കം പാ​യു​ന്നവർ വാസ്‌ത​വത്തിൽ ‘സമ്പാ​ദിക്കു​ന്നത്‌’ അസന്തു​ഷ്ടി​യാണ്‌! നൂറു​കണ​ക്കിനു പ്രാ​വ​ശ്യം ബൈബിൾ സ്‌നേഹ​ത്തെക്കു​റിച്ചു പറ​യുന്നുണ്ട്. സ്‌നേ​ഹത്തെ അതി​വി​ശിഷ്ട​മായ മൂ​ല്യമാ​യും സർവ​പ്ര​ധാന​മായ സദ്‌ഗു​ണമാ​യും ബൈബിൾ വി​ശേഷി​പ്പിക്കു​ന്നതു വെ​റു​തെയല്ല.—1 കൊരി​ന്ത്യർ 13:1-3; 1 യോഹ​ന്നാൻ 4:8.

ആത്മീയകാര്യങ്ങൾക്കുവേണ്ടി സമയം നീക്കിവെക്കുക. ജെഫിന്‍റെ കാര്യ​മെടു​ക്കാം. അ​ദ്ദേഹത്തിന്‌ സ്‌നേഹ​മയി​യായ ഭാ​ര്യ​യും മി​ടുക്ക​രായ രണ്ടു കു​ട്ടിക​ളും നല്ല സുഹൃ​ത്തു​ക്ക​ളും ഉണ്ടാ​യി​രുന്നു. ആതു​രശു​ശ്രൂഷ​യോടു ബന്ധപ്പെട്ട നല്ലൊരു ജോ​ലി​യും അദ്ദേ​ഹത്തി​നുണ്ടാ​യി​രുന്നു. എന്നാൽ ജോ​ലി​ക്കിട​യിൽ, ആളു​കളു​ടെ ദു​രിത​ങ്ങളും മരണവും പല​പ്പോ​ഴും അ​ദ്ദേഹത്തിന്‌ മു​ഖാമു​ഖം കാ​ണേണ്ടി​വന്നി​ട്ടുണ്ട്. “ജീവിതം ഇങ്ങ​നെയാ​യി​രി​ക്കേണ്ടതാ​ണോ?” എന്ന് അദ്ദേഹം ചി​ന്തി​ക്കുമാ​യി​രുന്നു. അങ്ങ​നെയി​രിക്കെ, ജെഫ്‌ യ​ഹോവ​യുടെ സാ​ക്ഷിക​ളുടെ ചില ബൈബിൾപ്രസി​ദ്ധീക​രണങ്ങൾ വായി​ക്കാ​നിട​യായി, അ​ദ്ദേഹത്തിന്‌ തൃപ്‌തി​ക​ര​മാ​യ ഉത്തരം ലഭിച്ചു.

താൻ മന​സ്സിലാ​ക്കിയ കാര്യങ്ങൾ ജെഫ്‌ ഭാര്യ​യോ​ടും മക്ക​ളോ​ടും വി​വരി​ച്ചു. അവർക്കും താത്‌പ​ര്യം തോന്നി. അവർ ബൈബിൾ പഠി​ക്കാൻതു​ടങ്ങി. അവരുടെ ജീവിതം ധന്യ​മാ​യി, മുമ്പ​ത്തേതി​ലും വളരെ മെ​ച്ചമാ​യി സമയം ഉപ​യോഗ​പ്പെടു​ത്താൻ അവർക്ക് ഇന്നു കഴി​യു​ന്നു. ബൈബിൾ പഠി​ച്ചതു​കൊണ്ട് വേ​റെ​യും ഗുണ​ങ്ങളു​ണ്ടായി. ദു​രിത​വും കഷ്ട​പ്പാ​ടും ഇല്ലാത്ത ഒരു ലോ​ക​ത്തിൽ മനു​ഷ്യർക്ക് നി​ത്യമാ​യി ജീവി​ക്കാ​നാ​കും എന്ന മഹ​നീയ​മായ പ്ര​ത്യാ​ശയും അത്‌ അവർക്കു നൽകി.—വെ​ളിപാട്‌ 21:3, 4.

‘തങ്ങളുടെ ആത്മീയ ആവശ്യ​ത്തെ​ക്കുറി​ച്ചു ബോ​ധമു​ള്ളവർ അനുഗൃ​ഹീ​ത​രാ​കു​ന്നു’ എന്ന് യേശു​ക്രിസ്‌തു പറഞ്ഞു. അതു ശരി​യാ​ണെന്നാണ്‌ ജെഫിന്‍റെ അനുഭവം കാണി​ച്ചു​തരു​ന്നത്‌. (മത്തായി 5:3) ആത്മീ​യ​കാര്യ​ങ്ങൾക്കായി ജീ​വിത​ത്തിൽ ഒരു അല്‌പസ​മയം മാ​റ്റി​വെക്കാൻ നിങ്ങൾക്കാ​കു​മോ? അങ്ങനെ ചെ​യ്യു​ന്നെങ്കിൽ ജീ​വിത​ത്തിലെ ഓരോ ദി​വസ​വും, നി​ങ്ങളു​ടെ ജീവിതം മുഴു​വ​നും​തന്നെ ഏറ്റവും മെ​ച്ചമാ​യി വിനി​യോ​ഗി​ക്കാൻ ആവ​ശ്യ​മായ ജ്ഞാനവും വി​വേക​വും നിങ്ങൾക്കു ലഭിക്കും. അതു നൽകാൻ മറ്റൊരു ‘സമ്പാ​ദ്യത്തി​നും’ കഴിയില്ല! ▪ (g14-E 02)

^ ഖ. 5 2010 ഏപ്രിൽ ലക്കം ഉണരുക!-യുടെ ഇംഗ്ലീഷ്‌ പതി​പ്പി​ലെ, “സമയം ലാ​ഭി​ക്കാൻ 20 വഴികൾ” എന്ന ലേഖനം കാണുക.