വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുടുംങ്ങൾക്കുവേണ്ടി | ദാമ്പത്യം

ചെലവു നിയ​ന്ത്രി​ക്കാൻ എങ്ങനെ സാധി​ക്കും

ചെലവു നിയ​ന്ത്രി​ക്കാൻ എങ്ങനെ സാധി​ക്കും

പ്രശ്‌നം

നിങ്ങളു​ടെ ബാങ്ക് രേഖക​ളും ബില്ലു​ക​ളും വെളി​പ്പെ​ടു​ത്തു​ന്നത്‌, കൈക്കു​ള്ളി​ലെ മണൽത്ത​രി​കൾ വിരലു​കൾക്കി​ട​യി​ലൂ​ടെ പോകു​ന്ന​തു​പോ​ലെ പണം ചോർന്നു​പോ​കു​ന്നു എന്നാണ്‌. നിങ്ങളു​ടെ വിവാഹം കഴിഞ്ഞിട്ട് കുറച്ചു നാളു​കളേ ആയിട്ടു​ള്ളൂ, എന്നാൽ നിങ്ങളു​ടെ ചെലവ്‌ അനിയ​ന്ത്രി​ത​മാ​യി വർധി​ച്ചി​രി​ക്കു​ന്നു. നിങ്ങളു​ടെ ഇണയാ​ണോ അതിന്‌ ഉത്തരവാ​ദി? അങ്ങനെ ചിന്തി​ക്കാൻ വരട്ടെ! ഈ ദുരവ​സ്ഥ​യി​ലേക്കു നിങ്ങളെ എത്തിച്ച ചില വസ്‌തു​തകൾ ഒരുമി​ച്ചു പരിചി​ന്തി​ക്കുക. *

എന്തു​കൊണ്ട് അതു സംഭവി​ക്കു​ന്നു?

മാറ്റങ്ങൾ. വിവാ​ഹി​ത​രാ​കു​ന്ന​തി​നു മുമ്പ് നിങ്ങൾ മാതാ​പി​താ​ക്ക​ളോ​ടൊ​പ്പ​മാണ്‌ ജീവി​ച്ചി​രു​ന്ന​തെ​ങ്കിൽ ബില്ലുകൾ അടയ്‌ക്കു​ന്ന​തും ചെലവു​കൾ പങ്കു​വെ​ക്കു​ന്ന​തും നിങ്ങൾക്ക് ഒരു പുതിയ അനുഭ​വ​മാ​യി​രി​ക്കും. പണത്തോ​ടുള്ള ബന്ധത്തിൽ നിങ്ങളു​ടെ​യും ഇണയു​ടെ​യും കാഴ്‌ച​പ്പാ​ടു​കൾ വ്യത്യസ്‌ത​മാ​യി​രു​ന്നേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഒരാൾക്ക് പണം ചെലവാ​ക്കു​ന്ന​തി​ലാ​യി​രി​ക്കാം താത്‌പ​ര്യ​മെ​ങ്കിൽ മറ്റേയാൾക്ക് പണം മിച്ചം പിടി​ക്കു​ന്ന​തി​ലാ​യി​രി​ക്കാം ഏറെ താത്‌പ​ര്യം. പരസ്‌പ​രം പൊരു​ത്ത​പ്പെ​ടാ​നും ഇരുവ​രും യോജി​ക്കുന്ന വിധത്തിൽ പണം കൈകാ​ര്യം ചെയ്യാൻ പഠിക്കാ​നും സമയ​മെ​ടു​ത്തേ​ക്കാം.

ശ്രദ്ധി​ച്ചി​ല്ലെ​ങ്കിൽ കളകൾപോ​ലെ കടങ്ങളും വളർന്നു​കൊ​ണ്ടേ​യി​രി​ക്കും

വെച്ചുതാമസിപ്പിക്കുക. ഇപ്പോൾ ബിസി​നെ​സ്സിൽ വിജയം നേടി​യി​രി​ക്കുന്ന ജിം, തന്‍റെ വിവാ​ഹ​ജീ​വി​തം തുടങ്ങിയ നാളിൽ കാര്യങ്ങൾ ചിട്ട​യോ​ടെ ചെയ്യാ​തി​രു​ന്ന​തി​നാൽ വലിയ വില ഒടു​ക്കേ​ണ്ടി​വ​ന്ന​താ​യി സമ്മതി​ച്ചു​പ​റ​യു​ന്നു. “ഞാൻ ബില്ലുകൾ അടയ്‌ക്കു​ന്നതു നീട്ടി​വെ​ച്ച​തി​നാൽ പതിനാ​യി​ര​ക്ക​ണ​ക്കിന്‌ രൂപ ഞങ്ങൾ പിഴയാ​യി അടയ്‌ക്കേ​ണ്ടി​വന്നു. ഞങ്ങളുടെ പണമെ​ല്ലാം തീർന്നു​പോ​യി!”

“അദൃശ്യമായ പണ”ത്തിന്‍റെ കെണി. നിങ്ങളു​ടെ പേഴ്‌സിൽനി​ന്നോ പോക്ക​റ്റിൽനി​ന്നോ പണം പോകു​ന്നത്‌ കാണാൻ കഴിയുന്ന വിധത്തി​ല​ല്ലെ​ങ്കിൽ, കൂടുതൽ പണം ചെലവാ​ക്കു​ന്നത്‌ എളുപ്പ​മാ​യി തോന്നി​യേ​ക്കാം. നിങ്ങൾ മിക്ക ഇടപാ​ടു​ക​ളും ക്രെഡിറ്റ്‌ കാർഡോ ഡെബിറ്റ്‌ കാർഡോ ഉപയോ​ഗി​ച്ചോ അല്ലെങ്കിൽ ഇന്‍റർനെ​റ്റി​ലൂ​ടെ​യോ ഇലക്‌ട്രോ​ണിക്‌ ബാങ്കിം​ഗി​ലൂ​ടെ​യോ ആണ്‌ നടത്തു​ന്ന​തെ​ങ്കിൽ ഇതായി​രി​ക്കാം സംഭവി​ക്കു​ന്നത്‌. അതു​പോ​ലെ, എളുപ്പ​ത്തിൽ വായ്‌പ ലഭിക്കു​ന്ന​തി​ന്‍റെ പ്രലോ​ഭ​ന​വും നവദമ്പ​തി​കൾക്ക് അമിത​മാ​യി ചെലവു ചെയ്യാ​നുള്ള പ്രേരണ നൽകുന്നു.

കാരണം എന്തുത​ന്നെ​യാ​യാ​ലും, പണപര​മായ കാര്യ​ങ്ങൾക്കു നിങ്ങളു​ടെ വിവാ​ഹ​ജീ​വി​ത​ത്തിൽ വലിയ പ്രശ്‌ന​ങ്ങൾ ഉളവാ​ക്കാൻ കഴിയും. ദാമ്പത്യ​ത്തെ​ക്കു​റി​ച്ചുള്ള ഒരു പുസ്‌ത​കം പറയുന്നു: “എത്രയു​ണ്ടാ​യി​രു​ന്നാ​ലും പണം എപ്പോ​ഴും ഒരു മുഖ്യ​പ്രശ്‌നം​ത​ന്നെ​യാ​ണെന്ന് മിക്ക ദമ്പതി​ക​ളും പറയുന്നു. പലപ്പോ​ഴും വാക്കു​തർക്ക​ങ്ങ​ളു​ണ്ടാ​കു​ന്നതു പണത്തെ ചൊല്ലി​യാണ്‌”.

നിങ്ങൾക്കു ചെയ്യാ​നാ​കു​ന്നത്‌

സഹകരിക്കാൻ ദൃഢനിശ്ചയം ചെയ്യുക. പരസ്‌പ​രം പഴിചാ​രു​ന്ന​തി​നു പകരം ചെലവു നിയ​ന്ത്രി​ക്കു​ന്ന​തി​നാ​യി ഒത്തൊ​രു​മി​ച്ചു പ്രവർത്തി​ക്കുക. ചർച്ചയു​ടെ ആരംഭ​ത്തിൽത്തന്നെ ഈ വിഷയം നിങ്ങൾക്കി​ട​യിൽ ഒരു വിടവു​ണ്ടാ​ക്കാൻ നിങ്ങൾ അനുവ​ദി​ക്കു​ക​യി​ല്ലെന്നു തീരു​മാ​നി​ക്കുക.—ബൈബിൾ തത്ത്വം: എഫെസ്യർ 4:32.

ഒരു ബജറ്റ്‌ ഉണ്ടാക്കുക. ഒരു മാസ​ത്തേ​ക്കുള്ള നിങ്ങളു​ടെ എല്ലാ ചെലവു​ക​ളും, അത്‌ എത്ര ചെറു​താ​യി​രു​ന്നാ​ലും എഴുതി വെക്കുക. അത്‌, പണം ഏതു വഴിക്കാണ്‌ പോകു​ന്ന​തെന്നു കണ്ടുപി​ടി​ക്കാ​നും അനാവ​ശ്യ​ചെ​ല​വു​കൾ തിരി​ച്ച​റി​യാ​നും സഹായി​ക്കും. എന്തായി​രു​ന്നാ​ലും പണത്തിന്‍റെ അനിയ​ന്ത്രി​ത​മായ ചെലവു​കൾ നിറു​ത്തി​യേ മതിയാ​കൂ.

ഭക്ഷണം, വസ്‌ത്രം, വാടക അല്ലെങ്കിൽ പണയം, കാർ ലോണി​ന്‍റെ അടവുകൾ തുടങ്ങിയ അവശ്യ​ചെ​ല​വു​ക​ളു​ടെ ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഓരോ​ന്നി​നും​വേണ്ടി ഒരു നിശ്ചി​ത​സ​മ​യ​ത്തി​നു​ള്ളിൽ, ഒരുപക്ഷേ ഒരു മാസം, എത്ര പണം ചെലവാ​കാൻ സാധ്യ​ത​യു​ണ്ടെന്ന് കണക്കു​കൂ​ട്ടി നിശ്ചയി​ക്കുക.—ബൈബിൾ തത്ത്വം: ലൂക്കോസ്‌ 14:28.

“കടം മേടി​ക്കു​ന്നവൻ കടം കൊടു​ക്കു ന്നവന്നു ദാസൻ.”—സദൃശ​വാ​ക്യ​ങ്ങൾ 22:7

ഓരോ മാസവും വ്യത്യ​സ്‌ത ചെലവു​കൾക്കാ​യി (ഭക്ഷണം, വാടക, ഇന്ധനം തുടങ്ങി​യ​വയ്‌ക്ക്) ഒരു തുക നീക്കി​വെ​ക്കുക. ചിലർ, ഓരോ ചെലവി​ന്‍റെ​യും ഇനം തരംതി​രിച്ച് അതിന്‌ വേണ്ട പണം വെവ്വേറെ കവറു​ക​ളിൽ ഇട്ടു​വെ​ക്കു​ന്നു. * ഏതെങ്കി​ലും ഒരു കവറി​നു​ള്ളി​ലെ പണം തീർന്നു​പോ​കു​ന്നെ​ങ്കിൽ ആ വിഭാ​ഗ​ത്തി​ലുള്ള ചെലവു​കൾ നിറു​ത്തു​ക​യോ അല്ലെങ്കിൽ മറ്റൊരു കവറിൽനി​ന്നു പണം എടുത്ത്‌ ഈ കവറിൽ വെക്കു​ക​യോ ചെയ്യുന്നു.

വസ്‌തുവകകളെക്കുറിച്ചുള്ള വീക്ഷണം പുനർവിചിന്തനം ചെയ്യുക. ഏറ്റവും നൂതന​മായ വസ്‌തു​ക്കൾ ഉണ്ടായി​രി​ക്കു​ന്ന​തി​ലല്ല സന്തോഷം; “ഒരുവന്‌ എത്ര സമ്പത്തു​ണ്ടാ​യാ​ലും അവന്‍റെ വസ്‌തു​വ​ക​കളല്ല അവന്‍റെ ജീവന്‌ ആധാര​മാ​യി​രി​ക്കു​ന്നത്‌” എന്നാണ്‌ യേശു പറഞ്ഞത്‌. (ലൂക്കോസ്‌ 12:15) നിങ്ങൾ ആ വാക്കുകൾ വിശ്വ​സി​ക്കു​ന്നു​ണ്ടോ എന്ന് നിങ്ങളു​ടെ പണം ചെലവാ​ക്കുന്ന ശീലം സൂചി​പ്പി​ച്ചേ​ക്കാം.—ബൈബിൾ തത്ത്വം: 1 തിമൊഥെയൊസ്‌ 6:8.

പൊരുത്തപ്പെടുത്തലുകൾ വരുത്തുക. “കേബിൾ ടിവി-ക്കുവേണ്ടി പണം ചെലവാ​ക്കു​ന്ന​തും പുറത്തു പോയി ഭക്ഷണം കഴിക്കു​ന്ന​തും ഒക്കെ താങ്ങാ​നാ​കു​മെന്നു തുടക്ക​ത്തിൽ തോന്നി​യേ​ക്കാം. എന്നാൽ കാലാ​ന്ത​ര​ത്തിൽ അതിനു നിങ്ങളെ സാമ്പത്തി​ക​മാ​യി ബുദ്ധി​മു​ട്ടി​ലാ​ക്കാൻ കഴിയും. ഞങ്ങളുടെ വരുമാ​ന​ത്തി​നു​ള്ളിൽ ഒതുങ്ങി ജീവി​ക്കാൻ ചില കാര്യങ്ങൾ വേണ്ടെ​ന്നു​വെ​ക്കാൻ പഠി​ക്കേ​ണ്ടി​യി​രു​ന്നു” എന്ന് വിവാ​ഹി​ത​നാ​യിട്ട് രണ്ടു വർഷം കഴിഞ്ഞ ഏരൻ പറയുന്നു.▪ (g14-E 06)

^ ഖ. 4 ഈ ലേഖനം നവദമ്പ​തി​കളെ ഉദ്ദേശി​ച്ചാണ്‌ തയ്യാറാ​ക്കി​യി​രി​ക്കു​ന്ന​തെ​ങ്കി​ലും, ഇതിൽ ചർച്ച ചെയ്യുന്ന തത്ത്വങ്ങൾ വിവാ​ഹി​ത​രായ എല്ലാവർക്കും ബാധക​മാണ്‌.

^ ഖ. 14 നിങ്ങൾ ഇന്‍റർനെ​റ്റി​ലൂ​ടെ​യോ ക്രെഡിറ്റ്‌ കാർഡ്‌ വഴിയോ ആണ്‌ പണം നൽകു​ന്ന​തെ​ങ്കിൽ, ആ തുക ഒരു പേപ്പറിൽ എഴുതി അതതു കവറിൽ ഇടുക.