കുട്ടികൾക്ക്
12: ലക്ഷ്യങ്ങൾ
അതിന്റെ അർഥം
സത്യമായിത്തീർന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന വെറും സ്വപ്നങ്ങളല്ല ലക്ഷ്യങ്ങൾ. ലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ നല്ല ആസൂത്രണവും കഠിനാധ്വാനവും വഴക്കവും ആവശ്യമാണ്.
ഏതാനും ദിവസങ്ങളോ ആഴ്ചകളോ കൊണ്ട് എത്തിച്ചേരാനാകുന്ന ഹ്രസ്വകാലലക്ഷ്യങ്ങളുണ്ട്. മറ്റു ചില ലക്ഷ്യങ്ങളിൽ എത്താൻ മാസങ്ങൾ എടുത്തേക്കാം. ഒരു വർഷമോ അതിലധികമോ എടുത്തേക്കാവുന്ന ദീർഘകാലലക്ഷ്യങ്ങളുമുണ്ട്. ഇത്തരം ദീർഘകാലലക്ഷ്യങ്ങളിൽ എത്തിച്ചേരാൻ പല ഹ്രസ്വകാലലക്ഷ്യങ്ങൾ വെക്കേണ്ടി വന്നേക്കാം.
അതിന്റെ പ്രാധാന്യം
ലക്ഷ്യങ്ങളിൽ എത്തിച്ചേരുന്നത് നിങ്ങളുടെ ആത്മവിശ്വാസം കൂട്ടാനും സൗഹൃദങ്ങൾ ശക്തമാക്കാനും സന്തോഷം വർധിപ്പിക്കാനും സഹായിക്കും.
ആത്മവിശ്വാസം: ചെറിയചെറിയ ലക്ഷ്യങ്ങൾ വെച്ച് അതിൽ എത്തിച്ചേരുമ്പോൾ വലിയ ലക്ഷ്യങ്ങൾ വെക്കാൻ ധൈര്യം വരും. സമപ്രായക്കാരിൽനിന്നുള്ള സമ്മർദംപോലെ, ദിവസവും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ നേരിടാനുള്ള ആത്മവിശ്വാസവും നിങ്ങൾക്കു ലഭിക്കും.
സൗഹൃദങ്ങൾ: ന്യായമായ ലക്ഷ്യങ്ങൾ വെച്ച് പ്രവർത്തിക്കുന്നവരോടൊപ്പം കൂട്ടുകൂടാനാണ് ആളുകൾക്ക് ഇഷ്ടം. എന്താണ് വേണ്ടതെന്ന് അത്തരക്കാർക്ക് അറിയാം. അതിനുവേണ്ടി അവർ പ്രവർത്തിക്കുകയും ചെയ്യും. സൗഹൃദങ്ങൾ ശക്തമാക്കാനുള്ള ഏറ്റവും നല്ലൊരു വഴി ഒരേ ലക്ഷ്യത്തിൽ എത്തിച്ചേരാൻ ഒരുമിച്ച് പ്രവർത്തിക്കുക എന്നതാണ്.
സന്തോഷം: ലക്ഷ്യങ്ങൾ വെച്ച് അതിൽ എത്തിച്ചേരുമ്പോൾ നിങ്ങൾക്ക് ഒരു ആത്മസംതൃപ്തി തോന്നും.
“ലക്ഷ്യങ്ങൾ വെക്കുന്നത് എനിക്ക് ഇഷ്ടമാണ്. അത് എന്നെ തിരക്കോടിരിക്കാനും അതിനായി പ്രവർത്തിക്കാനും സഹായിക്കും. നിങ്ങൾ ഒരു ലക്ഷ്യത്തിൽ എത്തുമ്പോൾ അഭിമാനത്തോടെ ഇങ്ങനെ പറയാൻ പറ്റും: ‘എനിക്ക് അതിനു കഴിഞ്ഞു! വിചാരിച്ചപോലെതന്നെ എല്ലാം നടന്നു.’”—ക്രിസ്റ്റഫർ.
ബൈബിൾതത്ത്വം: “കാറ്റിനെ നോക്കുന്നവൻ വിതയ്ക്കില്ല. മേഘത്തെ നോക്കുന്നവൻ കൊയ്യുകയുമില്ല.”—സഭാപ്രസംഗകൻ 11:4.
നിങ്ങൾക്ക് ചെയ്യാനാകുന്നത്
നിങ്ങളുടെ ലക്ഷ്യങ്ങളിൽ എത്താൻ പിൻവരുന്ന കാര്യങ്ങൾ ചെയ്യുക.
മുൻഗണന വെക്കുക. വെക്കാവുന്ന ലക്ഷ്യങ്ങളുടെ പട്ടികയുണ്ടാക്കിയിട്ട് മുൻഗണന അനുസരിച്ച് അവ ക്രമീകരിക്കുക. അതായത്, ആദ്യം എത്തിച്ചേരേണ്ടത്, രണ്ടാമത് എത്തിച്ചേരേണ്ടത് എന്നിങ്ങനെ.
ആസൂത്രണം ചെയ്യുക. ഓരോ ലക്ഷ്യങ്ങളുടെ കാര്യത്തിലും ഇത് ചെയ്തു നോക്കുക:
-
ലക്ഷ്യത്തിൽ എത്തിച്ചേരേണ്ട സമയം നിശ്ചയിക്കുക.
-
ഉൾപ്പെട്ടിരിക്കുന്ന പടികൾ ആസൂത്രണം ചെയ്യുക.
-
വരാൻ സാധ്യതയുള്ള പ്രശ്നങ്ങൾ മുൻകൂട്ടിക്കണ്ട് അവ എങ്ങനെ മറികടക്കാം എന്നു ചിന്തിക്കുക.
പ്രവർത്തിക്കുക. എല്ലാ വിശദാംശങ്ങളും കിട്ടിയിട്ട് പണി തുടങ്ങാം എന്നു വിചാരിക്കരുത്. സ്വയം ഇങ്ങനെ ചോദിക്കുക: ‘എന്റെ ലക്ഷ്യത്തിൽ എത്തിച്ചേരുന്നതിന് എനിക്ക് ഏറ്റവും ആദ്യം ചെയ്യാൻ കഴിയുന്നത് എന്താണ്?’ അത് ചെയ്യുക. ഓരോ പടിയും കഴിയുമ്പോൾ നിങ്ങളുടെ പുരോഗതി വിലയിരുത്തുക.
ബൈബിൾതത്ത്വം: “പരിശ്രമശാലിയുടെ പദ്ധതികൾ വിജയിക്കും.”—സുഭാഷിതങ്ങൾ 21:5.