വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദുഃഖി​തർക്ക്‌ ആശ്വാ​സ​വും സഹായ​വും

എന്തു പ്രതീ​ക്ഷി​ക്കണം?

എന്തു പ്രതീ​ക്ഷി​ക്കണം?

ദുഃഖ​ത്തി​നു പല ഘട്ടങ്ങളു​ണ്ടെ​ന്നാ​ണു ചില വിദഗ്‌ധർ പറയു​ന്നത്‌. പക്ഷേ, ഓരോ​രു​ത്ത​രും ദുഃഖം പ്രകടി​പ്പി​ക്കുന്ന വിധം വ്യത്യ​സ്‌ത​മാ​യി​രി​ക്കാം. എന്നു കരുതി ചിലർക്കു പ്രിയ​പ്പെ​ട്ട​വരെ നഷ്ടമാ​യ​തി​ലുള്ള ദുഃഖം കുറവാ​ണെ​ന്നോ അതു കടിച്ച​മർത്തു​ക​യാ​ണെ​ന്നോ ആണോ അതിന്‌ അർഥം? അങ്ങനെ​യാ​യി​രി​ക്ക​ണ​മെ​ന്നില്ല. ദുഃഖം തോന്നു​ന്നതു സ്വാഭാ​വി​ക​മാ​ണെന്നു മനസ്സി​ലാ​ക്കു​ന്ന​തും അതു​പോ​ലെ അതു പ്രകടി​പ്പി​ക്കു​ന്ന​തും ആശ്വാസം നൽകി​യേ​ക്കാ​മെ​ങ്കി​ലും, ദുഃഖം “ഇന്ന വിധത്തിൽ” പ്രകടി​പ്പി​ക്കു​ന്ന​താ​ണു ശരി എന്നു പറയാ​നാ​കില്ല. അത്‌ ഒരു വലിയ അളവു​വരെ ഓരോ​രു​ത്ത​രു​ടെ​യും സംസ്‌കാ​ര​ത്തെ​യും വ്യക്തി​ത്വ​ത്തെ​യും ജീവി​താ​നു​ഭ​വ​ങ്ങ​ളെ​യും പ്രിയ​പ്പെ​ട്ട​വരെ എങ്ങനെ നഷ്ടമായി എന്നതി​നെ​യും ഒക്കെ ആശ്രയി​ച്ചി​രി​ക്കും.

അവസ്ഥ എത്ര​ത്തോ​ളം മോശ​മാ​യേ​ക്കാം?

പ്രിയ​പ്പെട്ട ഒരാൾ മരിച്ചു​പോ​കു​മ്പോൾ എന്തൊക്കെ പ്രതീ​ക്ഷി​ക്ക​ണ​മെന്നു പലർക്കും അറിയില്ല. വൈകാ​രി​ക​മാ​യും ശാരീ​രി​ക​മാ​യും ചില പ്രശ്‌നങ്ങൾ പൊതു​വേ ഉണ്ടാകാ​റുണ്ട്‌. മിക്കവാ​റും അവ മുൻകൂ​ട്ടി​ക്കാ​ണാ​വു​ന്ന​തു​മാണ്‌. ചില പ്രശ്‌നങ്ങൾ നോക്കാം:

വൈകാ​രി​ക​മാ​യ തളർച്ച. മരിച്ച​യാ​ളെ കാണണ​മെന്ന അതിയായ ആഗ്രഹം തോന്നി​യേ​ക്കാം, പെട്ടെന്നു ദേഷ്യ​വും നിരാ​ശ​യും ഒക്കെ വന്നേക്കാം, പലപ്പോ​ഴും പൊട്ടി​ക്ക​ര​ഞ്ഞെ​ന്നും വരാം. മരിച്ച​യാ​ളെ​ക്കു​റി​ച്ചുള്ള ഓർമ​ക​ളും സ്വപ്‌ന​ങ്ങ​ളും ദുഃഖ​ത്തി​ന്റെ തീവ്രത കൂട്ടാ​നും സാധ്യ​ത​യുണ്ട്‌. എങ്കിലും, ആദ്യം ഞെട്ടലും അങ്ങനെ സംഭവി​ച്ചെന്നു വിശ്വ​സി​ക്കാൻ ബുദ്ധി​മു​ട്ടും ആയിരി​ക്കാം തോന്നു​ന്നത്‌. ഭർത്താ​വായ ടിമോ അപ്രതീ​ക്ഷി​ത​മാ​യി മരിച്ച​പ്പോ​ഴുള്ള തന്റെ അവസ്ഥ​യെ​ക്കു​റിച്ച്‌ ടീന ഇങ്ങനെ പറയുന്നു: “ആദ്യം ഒരു മരവിച്ച അവസ്ഥയി​ലാ​യി​രു​ന്നു ഞാൻ. കരയാൻപോ​ലും കഴിഞ്ഞില്ല. ചില​പ്പോൾ ശ്വാസം നിന്നു​പോ​കു​ന്ന​തു​പോ​ലെ തോന്നി. സംഭവി​ച്ചത്‌ എനിക്ക്‌ വിശ്വ​സി​ക്കാൻ പറ്റിയില്ല.”

പെട്ടെ​ന്നു​ണ്ടാ​കു​ന്ന ഉത്‌ക​ണ്‌ഠ​യും ദേഷ്യ​വും കുറ്റ​ബോ​ധ​വും സാധാ​ര​ണ​മാണ്‌. ഐവാൻ ഇങ്ങനെ പറയുന്നു: “24-ാം വയസ്സിൽ ഞങ്ങളുടെ മകൻ എറിക്ക്‌ മരിച്ച​പ്പോൾ, കുറച്ച്‌ കാല​ത്തേക്ക്‌ എനിക്കും എന്റെ ഭാര്യ യൊലാൻഡ​യ്‌ക്കും ഭയങ്കര ദേഷ്യ​മാ​യി​രു​ന്നു. ഞങ്ങൾ ഇത്രയും ദേഷ്യ​മു​ള്ള​വ​രാ​ണെന്നു ഞങ്ങൾക്ക്‌ ഇതിനു മുമ്പു തോന്നി​യി​ട്ടേ ഇല്ല! മോനു​വേണ്ടി എന്തെങ്കി​ലും കുറച്ചു​കൂ​ടി ചെയ്യാൻ പറ്റുമാ​യി​രു​ന്നു എന്ന്‌ ഓർത്ത്‌ ഞങ്ങൾക്കു കുറ്റ​ബോ​ധ​വും തോന്നി.” കുറെ കാലം രോഗ​വു​മാ​യി മല്ലിട്ട​ശേഷം തന്റെ ഭാര്യ മരിച്ച​പ്പോൾ അലാൻ​ഡ്രോ​യ്‌ക്കും കുറ്റ​ബോ​ധം തോന്നി. അദ്ദേഹം പറയുന്നു: “ഞാനൊ​രു ചീത്ത ആളായ​തു​കൊ​ണ്ടാ​യി​രി​ക്കും ദൈവം എന്നെ ഇത്രയ​ധി​കം കഷ്ടപ്പെ​ടാൻ അനുവ​ദി​ക്കു​ന്ന​തെന്ന്‌ ആദ്യം ഓർത്തു. പക്ഷേ ദൈവത്തെ കുറ്റ​പ്പെ​ടു​ത്തി​യ​ല്ലോ എന്ന്‌ ഓർത്ത്‌ പിന്നെ എനിക്കു വിഷമം തോന്നി.” കഴിഞ്ഞ ലേഖന​ത്തിൽ പറഞ്ഞ കോസ്റ്റസ്‌ ഇങ്ങനെ പറയുന്നു: “മരിച്ചു​പോ​യ​തിന്‌, ചില സമയത്ത്‌ സോഫി​യ​യോ​ടു​പോ​ലും എനിക്കു ദേഷ്യം തോന്നി. പക്ഷേ പിന്നെ എനിക്ക്‌ അങ്ങനെ തോന്നി​യ​ല്ലോ എന്ന്‌ ഓർത്ത്‌ വിഷമ​മാ​യി. എന്തായാ​ലും മരിച്ചത്‌ അവളുടെ കുഴപ്പ​മ​ല്ല​ല്ലോ.”

നേരെ​ചൊ​വ്വേ ചിന്തി​ക്കാ​നുള്ള ബുദ്ധി​മുട്ട്‌. ചില​പ്പോ​ഴൊ​ക്കെ മനസ്സ്‌ അലഞ്ഞു​തി​രി​യു​ക​യും ശരിയാ​യി ചിന്തി​ക്കാൻ പറ്റാതെ വരുക​യും ചെയ്‌തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌ പ്രിയ​പ്പെട്ട ഒരാളെ നഷ്ടമായ ആൾക്ക്‌, ആ വ്യക്തിയെ കാണു​ന്ന​താ​യും അയാൾ പറയു​ന്നതു കേൾക്കു​ന്ന​താ​യും തന്നോ​ടൊ​പ്പ​മാ​യി​രി​ക്കു​ന്ന​താ​യും തോന്നി​യേ​ക്കാം. അതു​പോ​ലെ ദുഃഖി​ച്ചി​രി​ക്കു​ന്ന​വർക്കു ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാ​നോ കാര്യങ്ങൾ ഓർക്കാ​നോ ബുദ്ധി​മു​ട്ടു തോന്നി​യേ​ക്കാം. ടീന പറയുന്നു: “ചില​പ്പോൾ ഞാൻ ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കു​ക​യാ​യി​രി​ക്കും, പക്ഷേ എന്റെ മനസ്സ്‌ അവി​ടെ​യാ​യി​രി​ക്കില്ല! അത്‌ ടിമോ​യു​ടെ മരണത്തി​ലും അതെ ചുറ്റി​പ്പ​റ്റി​യുള്ള സംഭവ​ങ്ങ​ളി​ലും ആയിരി​ക്കും. ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ പറ്റാത്ത​തു​തന്നെ കഷ്ടമാ​യി​രു​ന്നു.”

ഉൾവലി​യാ​നു​ള്ള തോന്നൽ. ദുഃഖി​ച്ചി​രി​ക്കുന്ന ഒരാൾക്കു മറ്റുള്ള​വ​രോ​ടൊ​പ്പ​മാ​യി​രി​ക്കു​മ്പോൾ അസ്വസ്ഥത തോന്നി​യേ​ക്കാം. കോസ്റ്റസ്‌ ഇങ്ങനെ പറയുന്നു: “കല്യാണം കഴിച്ച​വ​രോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോൾ, ഞാൻ അധിക​പ്പ​റ്റാ​ണെന്നു തോന്നി. ഏകാകി​ക​ളോ​ടൊ​പ്പ​മാ​യി​രു​ന്ന​പ്പോ​ഴും എനിക്ക്‌ ഇതുത​ന്നെ​യാ​ണു തോന്നി​യത്‌.” ഐവാന്റെ ഭാര്യ യൊലാൻഡ പറയുന്നു: “ചിലർ ചില പ്രശ്‌ന​ങ്ങ​ളെ​ക്കു​റിച്ച്‌ പറയാ​റുണ്ട്‌. ഞങ്ങളു​ടേ​തു​വെച്ച്‌ നോക്കു​മ്പോൾ അതൊ​ന്നും ഒന്നുമല്ല. അവർ പറയു​ന്നത്‌ കേട്ടി​രി​ക്കാൻ വലിയ പ്രയാസം തോന്നി. മക്കളുടെ നേട്ടങ്ങ​ളെ​ക്കു​റിച്ച്‌ ഞങ്ങളോ​ടു പറയു​ന്ന​വ​രു​മു​ണ്ടാ​യി​രു​ന്നു. എനിക്ക്‌ അതിൽ സന്തോ​ഷ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും അതു കേട്ടി​രി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ജീവിതം ഇനി ഇങ്ങനെ​യൊ​ക്കെ​യാ​ണെന്നു ഞങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നു. പക്ഷേ, ഇതി​നെ​യൊ​ക്കെ നേരി​ടാ​നുള്ള ആഗ്രഹ​വും ക്ഷമയും ഞങ്ങൾക്ക്‌ ഇല്ലായി​രു​ന്നു.”

ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ. വിശപ്പി​ലും തൂക്കത്തി​ലും ഉറക്കത്തി​ലും ഉണ്ടാകുന്ന വ്യതി​യാ​നങ്ങൾ സാധാ​ര​ണ​മാണ്‌. അച്ഛൻ മരിച്ച​ശേഷം ഒരു വർഷ​ത്തേക്കു വലിയ ബുദ്ധി​മു​ട്ടാ​യി​രു​ന്നെന്ന്‌ ആരോൺ പറയുന്നു. “എനിക്ക്‌ ഉറക്ക​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അച്ഛനെ​ക്കു​റിച്ച്‌ ഓർത്ത്‌ ഞാൻ എല്ലാ രാത്രി​യും ഒരേ സമയം ഉണരു​മാ​യി​രു​ന്നു.”

അലാൻ​ഡ്രോ​യ്‌ക്ക്‌ എന്തൊ​ക്കെ​യോ ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ള്ള​തു​പോ​ലെ തോന്നി. അദ്ദേഹം പറയുന്നു: “പല തവണ ഡോക്ടറെ കണ്ടപ്പോ​ഴും എനിക്കു കുഴപ്പ​മൊ​ന്നു​മി​ല്ലെ​ന്നാ​ണു ഡോക്ടർ പറഞ്ഞത്‌. വിഷമം ഉള്ളതു​കൊ​ണ്ടാ​യി​രി​ക്കും ഇങ്ങനെ ഓരോ​ന്നു തോന്നു​ന്ന​തെന്ന്‌ എനിക്കു മനസ്സി​ലാ​യി.” ആ ആരോ​ഗ്യ​പ്ര​ശ്‌നങ്ങൾ പതി​യെ​പ്പ​തി​യെ ഇല്ലാതാ​യി. എങ്കിലും അലാൻഡ്രോ ഡോക്ടറെ കണ്ടതു നന്നായി. കാരണം സാധാ​ര​ണ​ഗ​തി​യിൽ ദുഃഖി​ച്ചി​രു​ന്നാൽ പ്രതി​രോ​ധ​ശേഷി കുറയും. അങ്ങനെ, ആരോ​ഗ്യ​പ്ര​ശ്‌ന​ങ്ങ​ളു​ണ്ടാ​കു​ക​യോ ഉള്ള പ്രശ്‌നങ്ങൾ വഷളാ​കു​ക​യോ ചെയ്‌തേ​ക്കാം.

അത്യാ​വ​ശ്യ​കാ​ര്യ​ങ്ങൾപോ​ലും ചെയ്യാ​നുള്ള ബുദ്ധി​മുട്ട്‌. ഐവാൻ പറയുന്നു: “എറിക്കി​ന്റെ മരണം ബന്ധുക്ക​ളെ​യും സുഹൃ​ത്തു​ക്ക​ളെ​യും മാത്രം അറിയി​ച്ചാൽ പോരാ​യി​രു​ന്നു. അവന്റെ തൊഴി​ലു​ട​മ​യെ​യും വാടക​വീ​ടി​ന്റെ ഉടമസ്ഥ​നെ​യും അങ്ങനെ പലരെ​യും അറിയി​ക്ക​ണ​മാ​യി​രു​ന്നു. നിയമ​പ​ര​മായ പല രേഖക​ളും പൂരി​പ്പി​ക്കാ​നു​മു​ണ്ടാ​യി​രു​ന്നു. എറിക്കി​ന്റെ സാധന​ങ്ങ​ളൊ​ക്കെ എടുത്ത്‌ എന്തെങ്കി​ലും ചെയ്യേ​ണ്ട​തു​ണ്ടോ എന്നു നോക്ക​ണ​മാ​യി​രു​ന്നു. ഞങ്ങൾ മാനസി​ക​വും ശാരീ​രി​ക​വും വൈകാ​രി​ക​വും ആയി തളർന്നി​രുന്ന അവസ്ഥയി​ലാണ്‌ ഇതെല്ലാം ചെയ്യേ​ണ്ടി​യി​രു​ന്നത്‌.”

എന്നാൽ ചിലർക്കു ശരിക്കും ബുദ്ധി​മു​ട്ടു തോന്നു​ന്നതു പിന്നീ​ടാണ്‌. പ്രിയ​പ്പെട്ട ആൾ മുമ്പു ചെയ്‌തി​രുന്ന കാര്യങ്ങൾ ചെയ്യേ​ണ്ടി​വ​രു​മ്പോ​ഴാ​യി​രി​ക്കും ഇതു സംഭവി​ക്കു​ന്നത്‌. ഇതു​പോ​ലൊ​രു അവസ്ഥയി​ലാ​യി​ത്തീർന്ന ടീന പറയുന്നു: “ബാങ്കു​കാ​ര്യ​ങ്ങ​ളും ബിസി​നെ​സ്സു​കാ​ര്യ​ങ്ങ​ളും നോക്കി​യി​രു​ന്നത്‌ ടിമോ​യാ​യി​രു​ന്നു. ടിമോ ഇല്ലാതാ​യ​പ്പോൾ അതെല്ലാം ഞാൻ ചെയ്യേ​ണ്ടി​വന്നു. അതെന്റെ പിരി​മു​റു​ക്കം ഒന്നുകൂ​ടി കൂട്ടി. എനിക്ക്‌ അതെല്ലാം കൈകാ​ര്യം ചെയ്യാൻ പറ്റുമോ എന്നു ഞാൻ ഓർത്തു.”

മുകളിൽ പറഞ്ഞ വൈകാ​രി​ക​വും മാനസി​ക​വും ശാരീ​രി​ക​വും ആയ പ്രശ്‌നങ്ങൾ കേൾക്കു​മ്പോൾ ഈ ദുഃഖം മറിക​ട​ക്കാൻ എളുപ്പ​മ​ല്ലെന്നു തോന്നി​യേ​ക്കാം. ശരിയാണ്‌, പ്രിയ​പ്പെട്ട ഒരാളെ മരണത്തിൽ നഷ്ടമാ​കു​മ്പോ​ഴുള്ള വേദന തീവ്ര​മാ​യി​രി​ക്കാം. പക്ഷേ ഇതു നേരത്തെ മനസ്സി​ലാ​ക്കു​ന്നെ​ങ്കിൽ ആ വേദന​യിൽനിന്ന്‌ കരകയ​റാൻ കഴി​ഞ്ഞേ​ക്കും. എന്നാൽ എല്ലാവർക്കും ഈ പറഞ്ഞ എല്ലാ പ്രശ്‌ന​ങ്ങ​ളും ഉണ്ടാക​ണ​മെ​ന്നു​മില്ല. ദുഃഖി​തർക്കു തീവ്രവികാരങ്ങളുണ്ടാകുന്നതു സ്വാഭാ​വി​ക​മാണ്‌ എന്ന്‌ അറിയു​ന്നത്‌ അൽപ്പം ആശ്വാസം നൽകി​യേ​ക്കാം.

എനിക്ക്‌ ഇനി എന്നെങ്കി​ലും സന്തോ​ഷി​ക്കാൻ കഴിയു​മോ?

എന്തു പ്രതീ​ക്ഷി​ക്കണം? ദുഃഖ​ത്തി​ന്റെ തീവ്രത എല്ലാ കാലത്തും ഒരു​പോ​ലെ തുടരില്ല. അതു പതി​യെ​പ്പ​തി​യെ കുറഞ്ഞു​വ​രും. ഒരാളു​ടെ ദുഃഖം പൂർണ​മാ​യി മാറു​മെ​ന്നോ പ്രിയ​പ്പെട്ട ആളെ മറക്കു​മെ​ന്നോ ഇതിന്‌ അർഥമില്ല. എങ്കിലും പതുക്കെ ദുഃഖ​ത്തി​ന്റെ കാഠി​ന്യം കുറയും. പെട്ടെന്നു ചില ഓർമകൾ വരു​മ്പോ​ഴോ ചില പ്രത്യേ​ക​ദി​വ​സ​ങ്ങ​ളി​ലോ വീണ്ടും വിഷമം തോന്നി​യേ​ക്കാം. മിക്കവ​രും ക്രമേണ വൈകാ​രി​ക​സ​മ​നില വീണ്ടെ​ടു​ക്കും, സാധാരണ ജീവി​ത​ത്തി​ലേക്കു തിരി​ച്ചു​വ​രു​ക​യും ചെയ്യും. ദുഃഖത്തെ മറിക​ട​ക്കാൻ ന്യായ​മായ കാര്യങ്ങൾ ഒരാൾ ചെയ്യു​ക​യും, സുഹൃ​ത്തു​ക്ക​ളും വീട്ടു​കാ​രും അയാളെ പിന്തു​ണ​യ്‌ക്കു​ക​യും ചെയ്യു​മ്പോൾ ഇത്‌ എളുപ്പ​മാ​യി​രി​ക്കും.

എത്ര കാല​മെ​ടു​ക്കും? ചിലരു​ടെ കാര്യ​ത്തിൽ ഏതാനും മാസങ്ങൾ മതിയാ​കും. എന്നാൽ പലർക്കും ഒന്നോ രണ്ടോ വർഷങ്ങൾ കഴിയു​മ്പോ​ഴാ​യി​രി​ക്കാം തങ്ങളുടെ അവസ്ഥ മെച്ച​പ്പെ​ട്ട​താ​യി തോന്നു​ന്നത്‌. മറ്റു ചിലർക്ക്‌ അതിലും കൂടുതൽ സമയം വേണ്ടി​വ​രും. * അലാൻഡ്രോ പറയുന്നു: “മൂന്നു വർഷ​ത്തോ​ളം എന്റെ അവസ്ഥയ്‌ക്കു മാറ്റ​മൊ​ന്നും വന്നില്ല.”

കാര്യങ്ങൾ നേരെ​യാ​കു​ന്ന​തി​നു സമയം അനുവ​ദി​ക്കുക. അന്നന്നത്തെ കാര്യ​ത്തെ​ക്കു​റിച്ച്‌ മാത്രം ചിന്തി​ക്കുക. നിങ്ങൾക്കു കഴിയു​ന്ന​തു​പോ​ലെ മാത്രം കാര്യങ്ങൾ ചെയ്യുക. ദുഃഖ​ത്തി​ന്റെ കാഠി​ന്യം കാല​ക്ര​മേണ കുറയു​ക​തന്നെ ചെയ്യും. എന്നാൽ ഇപ്പോ​ഴത്തെ ദുഃഖം കുറയ്‌ക്കാ​നും അതു നീണ്ടു​നിൽക്കാ​തി​രി​ക്കാ​നും എന്തെങ്കി​ലും ചെയ്യാൻ കഴിയു​മോ?

ദുഃഖിതർക്കു തീവ്രവികാരങ്ങളുണ്ടാകുന്നതു സ്വാഭാവികമാണ്‌

^ ചിലരുടെ കാര്യ​ത്തിൽ “സങ്കീർണം” എന്നോ “വിട്ടു​മാ​റാ​ത്തത്‌” എന്നോ വിശേ​ഷി​പ്പി​ക്കാ​വുന്ന വിധത്തിൽ ദുഃഖം അതിക​ഠി​ന​വും നീണ്ടു​നിൽക്കു​ന്ന​തും ആയിരി​ക്കും. അങ്ങനെ​യു​ള്ള​വർക്കു മാനസി​കാ​രോ​ഗ്യ വിദഗ്‌ധ​രു​ടെ സഹായം പ്രയോ​ജനം ചെയ്‌തേ​ക്കും.