വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ആമുഖം

ആമുഖം

ഇത്‌ യഥാർഥ കഥകൾ അടങ്ങിയ ഒരു പുസ്‌ത​ക​മാണ്‌. അവ ലോക​ത്തി​ലെ ഏറ്റവും മഹത്തായ പുസ്‌ത​ക​മാ​കു​ന്ന ബൈബി​ളിൽനിന്ന്‌ എടുത്തി​ട്ടു​ള്ള​വ​യാണ്‌. ദൈവം സൃഷ്ടി തുടങ്ങിയ സമയം മുതൽ നമ്മുടെ ഈ കാലം​വ​രെ​യു​ള്ള ലോക​ച​രി​ത്ര​മാണ്‌ ഈ കഥകൾ നിങ്ങ​ളോ​ടു പറയു​ന്നത്‌. അവൻ ഭാവി​യിൽ ചെയ്യു​മെ​ന്നു വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​പോ​ലും അവ പറയുന്നു.

ഈ പുസ്‌ത​കം, ബൈബി​ളി​ന്റെ ഉള്ളടക്ക​ത്തെ​ക്കു​റിച്ച്‌ ഒരു ഏകദേശ രൂപം നൽകുന്നു. ബൈബി​ളിൽ പറഞ്ഞി​രി​ക്കു​ന്ന ആളുക​ളെ​യും അവർ ചെയ്‌ത കാര്യ​ങ്ങ​ളെ​യും കുറിച്ച്‌ അതു വർണി​ക്കു​ന്നു. ദൈവം മനുഷ്യർക്കു നൽകി​യി​രി​ക്കു​ന്ന, ഒരു പറുദീ​സാ ഭൂമി​യി​ലെ നിത്യ​ജീ​വ​ന്റെ മഹത്തായ പ്രത്യാ​ശ​യെ സംബന്ധി​ച്ചും അതു പറയുന്നു.

ഈ പുസ്‌ത​ക​ത്തിൽ 116 കഥകളുണ്ട്‌. ഇവ എട്ടു ഭാഗങ്ങ​ളാ​യി തിരി​ച്ചി​രി​ക്കു​ന്നു. ഓരോ ഭാഗവും തുടങ്ങുന്ന പേജിൽ, ആ ഭാഗത്ത്‌ എന്ത്‌ അടങ്ങി​യി​രി​ക്കു​ന്നു​വെന്ന്‌ ചുരു​ക്ക​മാ​യി പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു. സംഭവങ്ങൾ നടന്ന ക്രമത്തി​ലാണ്‌ കഥകൾ കൊടു​ത്തി​രി​ക്കു​ന്നത്‌. മറ്റു സംഭവ​ങ്ങ​ളോ​ടു​ള്ള ബന്ധത്തിൽ ചരി​ത്ര​ത്തിൽ എപ്പോ​ഴാണ്‌ കാര്യങ്ങൾ സംഭവി​ച്ച​തെ​ന്നു മനസ്സി​ലാ​ക്കാൻ ഇതു സഹായി​ക്കു​ന്നു.

ലളിത​മാ​യ ഭാഷയി​ലാണ്‌ കഥകൾ അവതരി​പ്പി​ച്ചി​രി​ക്കു​ന്നത്‌. കൊച്ചു​കു​ട്ടി​ക​ളാ​യ നിങ്ങളിൽ പലർക്കും ഇവ സ്വന്തമാ​യി വായി​ക്കാൻ കഴിയും. ഇനി, തനിയെ വായി​ക്കാൻ പ്രായ​മാ​യി​ട്ടി​ല്ലാ​ത്ത കുട്ടികൾ ഈ കഥകൾ വീണ്ടും വീണ്ടും വായി​ച്ചു​കേൾക്കാൻ ഇഷ്ടപ്പെ​ടു​ന്ന​താ​യി മാതാ​പി​താ​ക്ക​ളാ​യ നിങ്ങൾ കണ്ടെത്തും. കുട്ടി​കൾക്കും മുതിർന്ന​വർക്കും ഒരു​പോ​ലെ താത്‌പ​ര്യ​മു​ള്ള വളരെ​യ​ധി​കം കാര്യങ്ങൾ ഈ പുസ്‌ത​ക​ത്തിൽ അടങ്ങി​യി​രി​ക്കു​ന്ന​താ​യി നിങ്ങൾ മനസ്സി​ലാ​ക്കും.

ഓരോ കഥയു​ടെ​യും അവസാനം തിരു​വെ​ഴു​ത്തു പരാമർശ​ങ്ങൾ നൽകി​യി​ട്ടുണ്ട്‌. കഥകൾക്ക്‌ ആധാര​മാ​യി​രി​ക്കു​ന്ന ഈ ബൈബിൾ ഭാഗങ്ങൾ വായി​ക്കാൻ നിങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാണ്‌. 116-ാമത്തെ കഥയ്‌ക്കു ശേഷം പഠന​ചോ​ദ്യ​ങ്ങ​ളു​ടെ ഒരു ഭാഗമുണ്ട്‌. ഓരോ കഥയും വായിച്ച്‌ കഴിയു​മ്പോൾ അതിന്റെ പഠന​ചോ​ദ്യ​ങ്ങൾ പരിചി​ന്തി​ക്കു​ക​യും ഉത്തരങ്ങൾ ഓർത്തെ​ടു​ക്കാൻ ശ്രമി​ക്കു​ക​യും ചെയ്യണം.