വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 5

കഷ്ടപ്പാട്‌ നിറഞ്ഞ ജീവിതം തുടങ്ങുന്നു

കഷ്ടപ്പാട്‌ നിറഞ്ഞ ജീവിതം തുടങ്ങുന്നു

ഏദെൻതോ​ട്ട​ത്തി​നു വെളി​യിൽ ആദാമി​ന്റെ​യും ഹവ്വായു​ടെ​യും ജീവിതം കഷ്ടപ്പാ​ടു​കൾ നിറഞ്ഞ​താ​യി​രു​ന്നു. ആഹാരം വേണ​മെ​ങ്കിൽ കഷ്ടപ്പെട്ടു പണി​യെ​ടു​ക്ക​ണം. നല്ല രുചി​യു​ള്ള പഴങ്ങൾ തരുന്ന മരങ്ങൾക്കു പകരം എങ്ങും ഒന്നിനും​കൊ​ള്ളാ​ത്ത മുൾച്ചെ​ടി​കൾമാ​ത്രം. ആദാമും ഹവ്വായും ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ക്കു​ക​യും അവന്റെ സ്‌നേ​ഹി​ത​രാ​യി തുടരാ​തി​രി​ക്കു​ക​യും ചെയ്‌ത​പ്പോൾ ഇതാണു സംഭവി​ച്ചത്‌.

എന്നാൽ ഇതി​നെ​ക്കാ​ളൊ​ക്കെ കഷ്ടം ആദാമും ഹവ്വായും മരിക്കാൻ തുടങ്ങി എന്നതാ​യി​രു​ന്നു. ഒരു പ്രത്യേക മരത്തിൽനി​ന്നു പഴം പറിച്ചു തിന്നാൽ അവർ മരിക്കു​മെന്ന്‌ ദൈവം അവരോ​ടു നേര​ത്തേ​ത​ന്നെ പറഞ്ഞി​രു​ന്നു എന്ന്‌ ഓർക്കുക. പഴം തിന്ന ആ ദിവസം​ത​ന്നെ അവർ മരിക്കാൻ തുടങ്ങി. അവർ ദൈവത്തെ അനുസ​രി​ക്കാ​തി​രു​ന്നത്‌ എത്ര വലിയ മണ്ടത്തര​മാ​യി​രു​ന്നു!

ആദാമി​ന്റെ​യും ഹവ്വായു​ടെ​യും മക്കളെ​ല്ലാ​വ​രും ജനിച്ചത്‌ ദൈവം അവരെ ഏദെൻതോ​ട്ട​ത്തിൽനി​ന്നു പുറത്താ​ക്കി​ക്ക​ഴി​ഞ്ഞാണ്‌. ഇതിന്റെ അർഥം ആ മക്കളും വയസ്സു​ചെന്ന്‌ മരി​ക്കേ​ണ്ടി​വ​രും എന്നായി​രു​ന്നു.

ആദാമും ഹവ്വായും യഹോ​വ​യെ അനുസ​രി​ച്ചി​രു​ന്നെ​ങ്കിൽ അവർക്കും അവരുടെ മക്കൾക്കും സന്തോ​ഷ​ത്തോ​ടെ ജീവി​ക്കാൻ കഴിയു​മാ​യി​രു​ന്നു. അവർക്കെ​ല്ലാ​വർക്കും ഒരു കഷ്ടപ്പാ​ടും ഇല്ലാതെ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ആർക്കും വയസ്സു​ചെന്ന്‌, രോഗി​ക​ളാ​യി മരി​ക്കേ​ണ്ടി വരുമാ​യി​രു​ന്നി​ല്ല.

ആളുകൾ സന്തോ​ഷ​ത്തോ​ടെ എന്നേക്കും ജീവി​ച്ചി​രി​ക്കാൻ ദൈവം ആഗ്രഹി​ക്കു​ന്നു; ആ ആഗ്രഹം ഒരിക്കൽ സത്യമാ​കു​മെന്ന്‌ അവൻ വാഗ്‌ദാ​നം ചെയ്യുന്നു. മുഴു​ഭൂ​മി​യും സുന്ദര​മാ​യി​ത്തീ​രും. മാത്രമല്ല അതിലെ ആളുകൾ നല്ല ആരോ​ഗ്യ​മു​ള്ള​വർ ആയിരി​ക്കു​ക​യും ചെയ്യും. ഭൂമി​യി​ലു​ള്ള എല്ലാ ആളുക​ളും തമ്മിൽ നല്ല സ്‌നേ​ഹ​മാ​യി​രി​ക്കും. അവർ എല്ലാവ​രും ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​വ​രു​മാ​യി​രി​ക്കും.

എന്നാൽ ഹവ്വാ ദൈവത്തെ സ്‌നേ​ഹി​ക്കു​ന്ന​തു നിറു​ത്തി​ക്ക​ള​ഞ്ഞു. മക്കളെ പ്രസവി​ച്ച​പ്പോൾ അവൾക്ക്‌ ഒരുപാ​ടു വേദന​തോ​ന്നാൻ അത്‌ ഇടയാക്കി. ദൈവ​ത്തോട്‌ അനുസ​ര​ണ​ക്കേ​ടു കാണി​ച്ചത്‌ അവൾക്ക്‌ എത്ര വലിയ സങ്കടമാണ്‌ വരുത്തി​വെ​ച്ചത്‌, അല്ലേ?

ആദാമി​നും ഹവ്വായ്‌ക്കും അനേകം മക്കളു​ണ്ടാ​യി. അവരുടെ ആദ്യത്തെ മകൻ ജനിച്ച​പ്പോൾ അവർ അവനു കയീൻ എന്നു പേരിട്ടു, രണ്ടാമത്തെ മകന്‌ ഹാബെൽ എന്നും. അവർക്ക്‌ എന്തു സംഭവി​ച്ചു? നമുക്കു നോക്കാം.