വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 6

ഒരു നല്ല മകനും ഒരു ദുഷ്ട മകനും

ഒരു നല്ല മകനും ഒരു ദുഷ്ട മകനും

കയീ​നെ​യും ഹാബെ​ലി​നെ​യും കണ്ടോ, അവർ രണ്ടു​പേ​രും വളർന്നു വലുതാ​യി​രി​ക്കു​ന്നു, അല്ലേ? വലുതാ​യ​പ്പോൾ കയീൻ ഒരു കൃഷി​ക്കാ​ര​നാ​യി. അവൻ ധാന്യ​ങ്ങ​ളും പഴങ്ങളും പച്ചക്കറി​ക​ളും നട്ടുവ​ളർത്തു​ന്നു.

ഹാബെൽ ഒരു ആട്ടിട​യ​നാ​യി​ത്തീർന്നു. ആട്ടിൻകു​ട്ടി​ക​ളെ വളർത്താൻ അവന്‌ എന്തിഷ്ട​മാ​ണെ​ന്നോ! ഈ കുഞ്ഞാ​ടു​കൾ വളർന്ന്‌ വലിയ ആടുക​ളാ​കു​ക​യും അങ്ങനെ ഹാബെ​ലി​നു പെട്ടെ​ന്നു​ത​ന്നെ ഒരു വലിയ ആട്ടിൻകൂ​ട്ടം ഉണ്ടാകു​ക​യും ചെയ്യുന്നു.

ഒരു ദിവസം കയീനും ഹാബെ​ലും ദൈവ​ത്തി​നു കൊടു​ക്കാൻ ഓരോ സമ്മാനം കൊണ്ടു​വ​രു​ന്നു. കയീൻ താൻ നട്ടുവ​ളർത്തി​യ ചെടി​ക​ളിൽനി​ന്നു​ള്ള ചില ആഹാര​സാ​ധ​ന​ങ്ങ​ളാണ്‌ ദൈവ​ത്തി​നു കൊടു​ക്കു​ന്നത്‌. ഹാബെൽ തനിക്കുള്ള ഏറ്റവും നല്ല ആടിനെ കൊണ്ടു​വ​രു​ന്നു. ഹാബെ​ലി​നെ യഹോ​വ​യ്‌ക്ക്‌ ഇഷ്ടമാണ്‌, അവൻ കൊണ്ടു​വന്ന സമ്മാന​വും അവന്‌ ഇഷ്ടമായി. എന്നാൽ അവൻ കയീനി​ലും അവന്റെ സമ്മാന​ത്തി​ലും സന്തോ​ഷി​ക്കു​ന്നി​ല്ല. അത്‌ എന്തു​കൊ​ണ്ടാ​ണെന്ന്‌ അറിയാ​മോ?

ഹാബെ​ലി​ന്റെ സമ്മാനം കയീ​ന്റേ​തി​ലും നല്ലതാണ്‌ എന്നതു മാത്രമല്ല കാരണം. ഹാബെൽ ഒരു നല്ല മനുഷ്യ​നാണ്‌. അവൻ യഹോ​വ​യെ​യും സ്വന്തം ജ്യേഷ്‌ഠ​നെ​യും സ്‌നേ​ഹി​ക്കു​ന്നു. എന്നാൽ കയീൻ ദുഷ്ടനാണ്‌; അവൻ തന്റെ അനുജനെ സ്‌നേ​ഹി​ക്കു​ന്നി​ല്ല.

അതു​കൊണ്ട്‌ അവന്റെ വഴികൾക്കു മാറ്റം വരുത്ത​ണ​മെന്ന്‌ ദൈവം കയീ​നോ​ടു പറയുന്നു. എന്നാൽ കയീൻ ദൈവം പറയു​ന്ന​തു കേൾക്കു​ന്നി​ല്ല. ദൈവ​ത്തി​നു ഹാബെ​ലി​നോ​ടാണ്‌ കൂടുതൽ ഇഷ്ടമെന്നു കണ്ടപ്പോൾ അവനു വലിയ ദേഷ്യ​മാ​യി. അതു​കൊണ്ട്‌ കയീൻ ഹാബെ​ലി​നോട്‌, ‘നമുക്കു വയലി​ലേ​ക്കു പോകാം’ എന്നു പറയുന്നു. അവിടെ അവർ തനിച്ചാ​യി​രി​ക്കു​മ്പോൾ കയീൻ തന്റെ അനുജ​നാ​യ ഹാബെ​ലി​നെ ഇടിക്കു​ന്നു. ഇടി​കൊണ്ട്‌ ഹാബെൽ മരിക്കു​ന്നു, അത്രയ്‌ക്ക്‌ ശക്തിയി​ലാണ്‌ അവൻ ഇടിച്ചത്‌. എത്ര ഭയങ്കര​മാ​യ ഒരു സംഗതി ആണ്‌ കയീൻ ചെയ്‌തത്‌, അല്ലേ?

ഹാബെൽ മരിച്ചു​പോ​യെ​ങ്കി​ലും ദൈവം ഇപ്പോ​ഴും അവനെ ഓർക്കു​ന്നുണ്ട്‌. അവൻ നല്ലവനാ​യി​രു​ന്നു. അങ്ങനെ​യൊ​രാ​ളെ യഹോവ ഒരിക്ക​ലും മറക്കില്ല. അതു​കൊണ്ട്‌ യഹോ​വ​യാം ദൈവം ഹാബെ​ലി​നെ ഒരിക്കൽ ജീവനി​ലേ​ക്കു തിരിച്ചു കൊണ്ടു​വ​രും. പിന്നെ​യൊ​രി​ക്ക​ലും ഹാബെ​ലിന്‌ മരി​ക്കേ​ണ്ടി വരില്ല. അവന്‌ ഈ ഭൂമി​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും. ഹാബെ​ലി​നെ​പ്പോ​ലെ​യുള്ള ആളുക​ളെ​ക്കു​റിച്ച്‌ അറിയു​ന്ന​തു നല്ലതല്ലേ?

എന്നാൽ കയീ​നെ​പ്പോ​ലെ​യു​ള്ള ആളുക​ളിൽ ദൈവം പ്രസാ​ദി​ക്കു​ന്നി​ല്ല. അതു​കൊണ്ട്‌ കയീൻ തന്റെ സഹോ​ദ​ര​നെ കൊന്ന​തി​നു ശേഷം ദൈവം അവനെ തന്റെ കുടും​ബ​ത്തിൽ ശേഷി​ച്ച​വ​രിൽനി​ന്നു വളരെ ദൂരെ അയച്ചു​കൊണ്ട്‌ ശിക്ഷിച്ചു. കയീൻ ഭൂമി​യു​ടെ മറ്റൊരു ഭാഗത്തു വസിക്കാ​നാ​യി പോയ​പ്പോൾ തന്റെ സഹോ​ദ​രി​മാ​രിൽ ഒരാളെ കൂടെ കൊണ്ടു​പോ​യി; അവൾ അവനു ഭാര്യ​യാ​യി​ത്തീർന്നു.

കാലാ​ന്ത​ര​ത്തിൽ കയീനും ഭാര്യ​ക്കും മക്കളു​ണ്ടാ​കാൻ തുടങ്ങി. ആദാമി​ന്റെ​യും ഹവ്വായു​ടെ​യും മറ്റു പുത്ര​ന്മാ​രും പുത്രി​മാ​രും വിവാഹം കഴിച്ചു; അവർക്കും മക്കളു​ണ്ടാ​യി. പെട്ടെ​ന്നു​ത​ന്നെ ഭൂമി​യിൽ അനേകം ആളുകൾ ഉണ്ടായി. അവരിൽ ചില​രെ​ക്കു​റി​ച്ചു നമുക്കു പഠിക്കാം.