വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 14

ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കുന്നു

ദൈവം അബ്രാഹാമിന്റെ വിശ്വാസം പരീക്ഷിക്കുന്നു

അബ്രാ​ഹാം ഇവിടെ ചെയ്യു​ന്നത്‌ എന്താ​ണെ​ന്നു നോക്കൂ. അവന്റെ കൈയിൽ ഒരു കത്തിയുണ്ട്‌, അവൻ തന്റെ മകനെ കൊല്ലാൻ പോകു​ന്ന​തു​പോ​ലു​ണ്ട​ല്ലോ. എന്തിനാണ്‌ അവൻ അങ്ങനെ​യൊ​രു കാര്യം ചെയ്യു​ന്നത്‌? ആദ്യം​ത​ന്നെ, അബ്രാ​ഹാ​മി​നും സാറാ​യ്‌ക്കും അവരുടെ മകനെ കിട്ടി​യത്‌ എങ്ങനെ​യെ​ന്നു നമുക്കു നോക്കാം.

അവർക്ക്‌ ഒരു മകൻ ജനിക്കു​മെന്ന്‌ ദൈവം വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന​ല്ലോ. എന്നാൽ അബ്രാ​ഹാ​മി​നും സാറാ​യ്‌ക്കും വളരെ പ്രായം ചെന്നതി​നാൽ അത്‌ ഒരിക്ക​ലും നടക്കില്ല എന്നു തോന്നി. എന്നിരു​ന്നാ​ലും, അസാധ്യ​മെ​ന്നു തോന്നുന്ന കാര്യ​ങ്ങൾപോ​ലും ചെയ്യാൻ ദൈവ​ത്തി​നു കഴിയും എന്ന്‌ അബ്രാ​ഹാം വിശ്വ​സി​ച്ചു. അതു​കൊണ്ട്‌ എന്തു സംഭവി​ച്ചു?

ദൈവം ഈ വാഗ്‌ദാ​നം നൽകി​യിട്ട്‌ ഒരു വർഷം കടന്നു​പോ​യി. പിന്നെ, അബ്രാ​ഹാ​മിന്‌ 100 വയസ്സും സാറാ​യ്‌ക്ക്‌ 90 വയസ്സു​മു​ള്ള​പ്പോൾ അവർക്ക്‌ യിസ്‌ഹാക്‌ എന്നു പേരുള്ള ഒരു മകൻ ജനിച്ചു. ദൈവം തന്റെ വാക്കു പാലിച്ചു!

എന്നാൽ യിസ്‌ഹാക്‌ വളർന്ന​പ്പോൾ യഹോവ അബ്രാ​ഹാ​മി​ന്റെ വിശ്വാ​സം പരീക്ഷി​ച്ചു. അവൻ അബ്രാ​ഹാ​മി​നെ വിളിച്ചു: ‘അബ്രാ​ഹാ​മേ!’ ‘ഞാൻ ഇതാ!’ എന്ന്‌ അവൻ ഉത്തരം പറഞ്ഞ​പ്പോൾ ദൈവം പറഞ്ഞു: ‘നിന്റെ മകനെ, നിന്റെ ഏക മകനായ യിസ്‌ഹാ​ക്കി​നെ കൂട്ടി ഞാൻ കാണി​ക്കാൻ പോകുന്ന ഒരു മലയിൽ കൊണ്ടു​ചെന്ന്‌ അവനെ കൊന്ന്‌ ബലി അർപ്പി​ക്കു​ക.’

അതു​കേ​ട്ട​പ്പോൾ അബ്രാ​ഹാ​മിന്‌ എത്ര സങ്കടമാ​യി കാണും, കാരണം അവൻ തന്റെ മകനെ ഒരുപാട്‌ സ്‌നേ​ഹി​ച്ചി​രു​ന്നു. അബ്രാ​ഹാ​മി​ന്റെ മക്കൾ കനാൻദേ​ശ​ത്തു ജീവി​ക്കും എന്നു ദൈവം വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന കാര്യ​വും ഓർക്കുക. യിസ്‌ഹാക്‌ മരിക്കു​ക​യാ​ണെ​ങ്കിൽ അതെങ്ങനെ നടക്കും? അതൊ​ന്നും അബ്രാ​ഹാ​മി​നു മനസ്സി​ലാ​യി​ല്ലെ​ങ്കി​ലും അവൻ ദൈവത്തെ അനുസ​രി​ച്ചു.

അവർ മലമു​ക​ളിൽ എത്തിയ​പ്പോൾ അബ്രാ​ഹാം തന്റെ മകൻ യിസ്‌ഹാ​ക്കി​നെ വരിഞ്ഞു​കെ​ട്ടി താൻ ഉണ്ടാക്കിയ ബലിപീ​ഠ​ത്തി​ന്മേൽ കിടത്തി. എന്നിട്ട്‌ അവനെ കൊല്ലാ​നാ​യി കത്തി​യെ​ടു​ത്തു. എന്നാൽ ആ നിമിഷം ദൈവ​ത്തി​ന്റെ ദൂതൻ വിളിച്ചു: ‘അബ്രാ​ഹാ​മേ, അബ്രാ​ഹാ​മേ!’ ‘ഞാൻ ഇതാ!’ എന്ന്‌ അബ്രാ​ഹാം ഉത്തരം പറഞ്ഞു.

‘ബാലനെ ഉപദ്ര​വി​ക്ക​രുത്‌ അവനെ ഒന്നും ചെയ്യരുത്‌’, ‘നിന്റെ ഏക മകനെ തരുവാൻ നീ മടിക്കാ​തി​രു​ന്ന​തി​നാൽ നിനക്ക്‌ എന്നിൽ വിശ്വാ​സ​മു​ണ്ടെന്ന്‌ ഞാൻ ഇപ്പോൾ അറിയു​ന്നു’ എന്നു ദൈവം പറഞ്ഞു.

അബ്രാ​ഹാ​മിന്‌ ദൈവ​ത്തിൽ എത്ര ശക്തമായ വിശ്വാ​സ​മാണ്‌ ഉണ്ടായി​രു​ന്നത്‌! യഹോ​വ​യ്‌ക്കു ചെയ്യാൻ കഴിയാത്ത ഒരു സംഗതി​യു​മി​ല്ലെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു, യിസ്‌ഹാ​ക്കി​നെ മരിച്ച​വ​രിൽനിന്ന്‌ ഉയിർപ്പി​ക്കാൻപോ​ലും യഹോ​വ​യ്‌ക്കു കഴിയു​മെന്ന്‌ അവൻ വിശ്വ​സി​ച്ചു. എന്നാൽ അബ്രാ​ഹാം യിസ്‌ഹാ​ക്കി​നെ കൊല്ല​ണ​മെ​ന്നു​ള്ളത്‌ ശരിക്കും ദൈവ​ത്തി​ന്റെ ഇഷ്ടമാ​യി​രു​ന്നി​ല്ല, അതു​കൊണ്ട്‌ അടുത്തുള്ള ഒരു കുറ്റി​ക്കാ​ട്ടിൽ ഒരു ചെമ്മരി​യാട്‌ കുടു​ങ്ങാൻ ദൈവം ഇടയാക്കി. മകനു പകരം അതിനെ എടുത്ത്‌ ബലി കഴിക്കാൻ യഹോവ അബ്രാ​ഹാ​മി​നോ​ടു പറഞ്ഞു.