കഥ 20
ദീനാ കുഴപ്പത്തിൽ അകപ്പെടുന്നു
ദീനാ ആരെ കാണാനാണു പോകുന്നത് എന്നു കണ്ടോ? കനാൻദേശത്തു താമസിക്കുന്ന ചില പെൺകുട്ടികളെ കാണാനാണ് അവൾ പോകുന്നത്. അവളുടെ അപ്പനായ യാക്കോബിന് ഇത് ഇഷ്ടമായിരിക്കുമോ? ഈ ചോദ്യത്തിന് ഉത്തരം കിട്ടുന്നതിന്, അബ്രാഹാമിനും യിസ്ഹാക്കിനും കനാനിലെ പെൺകുട്ടികളെ ഇഷ്ടമായിരുന്നോ എന്ന് ഓർത്തുനോക്കൂ.
തന്റെ മകനായ യിസ്ഹാക്കിന് കനാൻദേശത്തുനിന്ന് ഒരു പെൺകുട്ടിയെ ഭാര്യയായി എടുക്കാൻ അബ്രാഹാം ആഗ്രഹിച്ചിരുന്നോ? ഇല്ല. യിസ്ഹാക്കും റിബെക്കായും തങ്ങളുടെ മകനായ യാക്കോബ് ഒരു കനാന്യ പെൺകുട്ടിയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചോ? ഇല്ല. അത് എന്തുകൊണ്ടായിരുന്നു?
കനാൻദേശത്തെ ആളുകൾ വ്യാജദൈവങ്ങളെയാണ് ആരാധിച്ചിരുന്നത്. അവർ കല്യാണം കഴിക്കാനോ അടുത്ത കൂട്ടുകാർ ആയിരിക്കാനോ പറ്റിയവരല്ലായിരുന്നു. കാരണം അവർ നല്ല ആളുകൾ ആയിരുന്നില്ല. അതുകൊണ്ട് തന്റെ മകൾ കനാൻദേശത്തെ പെൺകുട്ടികളോടു കൂട്ടുകൂടാൻ പോകുന്നത് യാക്കോബിന് ഇഷ്ടമുള്ള കാര്യമായിരുന്നില്ല എന്നുള്ളത് ഉറപ്പാണ്.
ദീനാ കുഴപ്പത്തിൽ അകപ്പെടുകതന്നെ ചെയ്തു. ചിത്രത്തിൽ, ദീനായെത്തന്നെ നോക്കിനിൽക്കുന്ന ആ മനുഷ്യനെ കണ്ടോ? അയാളുടെ പേര് ശേഖേം എന്നാണ്. ഒരു ദിവസം ദീനാ തന്റെ കൂട്ടുകാരികളെ കാണാൻ ചെന്നപ്പോൾ ശേഖേം അവളെ പിടിച്ചുകൊണ്ടുപോയി തന്റെ കൂടെ കിടക്കാൻ നിർബന്ധിച്ചു. ഇതു തെറ്റായിരുന്നു. കാരണം വിവാഹം കഴിക്കാത്ത ഒരു ആണും പെണ്ണും അങ്ങനെ ഒരുമിച്ചു കിടക്കാൻ പാടില്ല. ശേഖേം ദീനായോടു ചെയ്ത ഈ ചീത്ത കാര്യം പിന്നെയും ഒരുപാട് പ്രശ്നങ്ങളിലേക്കു നയിച്ചു.
ദീനായ്ക്കു സംഭവിച്ചത് എന്താണെന്ന് അവളുടെ സഹോദരന്മാർ കേട്ടപ്പോൾ അവർക്കെല്ലാം ഭയങ്കര ദേഷ്യം വന്നു. അവരിൽ രണ്ടുപേർ, ശിമെയോനും, ലേവിയും ദേഷ്യം സഹിക്കവയ്യാതെ വാളുകളുമായി ആ പട്ടണത്തിലേക്കു ചെന്ന് അവിടത്തെ ആണുങ്ങളെയെല്ലാം ആക്രമിച്ചു. അവരും യാക്കോബിന്റെ മറ്റ് ആൺമക്കളും കൂടി ശേഖേമിനെയും അവിടത്തെ മറ്റുള്ള ആണുങ്ങളെയും കൊന്നുകളഞ്ഞു. ഇതു കേട്ട് യാക്കോബിനു കടുത്ത കോപം വന്നു. കാരണം അവന്റെ മക്കൾ ചെയ്തത് തെറ്റായ കാര്യമായിരുന്നു.
ഈ കുഴപ്പത്തിനെല്ലാം കാരണം എന്തായിരുന്നു? ദൈവത്തിന്റെ നിയമങ്ങൾ അനുസരിക്കാത്തവരുമായി ദീനാ ചങ്ങാത്തം കൂടാൻ പോയതായിരുന്നു കാരണം. അത്തരം ആളുകളെ കൂട്ടുകാരാക്കാൻ നാം ആഗ്രഹിക്കുകയില്ല, ശരിയല്ലേ?