വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 21

യോസേഫിന്റെ ജ്യേഷ്‌ഠന്മാർ അവനെ വെറുക്കുന്നു

യോസേഫിന്റെ ജ്യേഷ്‌ഠന്മാർ അവനെ വെറുക്കുന്നു

ഈ ബാലനെ കണ്ടോ? എന്തൊരു സങ്കടവും വിഷമ​വും ആണല്ലേ അവന്റെ മുഖത്ത്‌? ഇതു യോ​സേ​ഫാണ്‌. അവന്റെ ജ്യേഷ്‌ഠ​ന്മാർ അവനെ ഈജി​പ്‌തി​ലേ​ക്കു പോകു​ക​യാ​യി​രു​ന്ന ഈ മനുഷ്യർക്ക്‌ ഇപ്പോൾ വിറ്റ​തേ​യു​ള്ളൂ. യോ​സേ​ഫി​നെ അവർ അവിടെ ഒരു അടിമ​യാ​ക്കും. അവന്റെ ജ്യേഷ്‌ഠ​ന്മാർ ഇത്രയും ക്രൂര​മാ​യ ഒരു കാര്യം ചെയ്‌തത്‌ എന്തു​കൊ​ണ്ടാണ്‌? കാരണം അവർക്കു യോ​സേ​ഫി​നോട്‌ അസൂയ​യാണ്‌.

അവരുടെ അപ്പനായ യാക്കോ​ബിന്‌ യോ​സേ​ഫി​നെ​യാ​യി​രു​ന്നു ഏറ്റവും ഇഷ്ടം. അതു​കൊണ്ട്‌ അവൻ യോ​സേ​ഫി​നു നല്ല ഭംഗി​യു​ള്ള നീണ്ട ഒരു അങ്കി തുന്നി​ക്കൊ​ടു​ത്തു. യാക്കോ​ബി​നു യോ​സേ​ഫി​നോ​ടു​ള്ള സ്‌നേഹം അവന്റെ പത്തു ജ്യേഷ്‌ഠ​ന്മാർ കണ്ടപ്പോൾ അവർക്ക്‌ അസൂയ തോന്നി​ത്തു​ട​ങ്ങി, അങ്ങനെ അവർ അവനെ വെറുത്തു. അവനെ വെറു​ക്കാൻ മറ്റൊരു കാരണ​വും ഉണ്ടായി​രു​ന്നു.

യോ​സേഫ്‌ രണ്ടു സ്വപ്‌ന​ങ്ങൾ കണ്ടു. അവന്റെ ജ്യേഷ്‌ഠ​ന്മാർ അവന്റെ മുമ്പിൽ കുമ്പി​ടു​ന്ന​താ​യി​ട്ടാ​യി​രു​ന്നു രണ്ടു സ്വപ്‌ന​ങ്ങ​ളും. ഇതി​നെ​ക്കു​റിച്ച്‌ അവൻ തന്റെ ജ്യേഷ്‌ഠ​ന്മാ​രോ​ടു പറഞ്ഞ​പ്പോൾ അവർക്ക്‌ അവനോ​ടു​ള്ള വെറുപ്പു പിന്നെ​യും കൂടി.

ഒരു ദിവസം യോ​സേ​ഫി​ന്റെ ജ്യേഷ്‌ഠ​ന്മാർ തങ്ങളുടെ അപ്പന്റെ ആടുകളെ മേയ്‌ക്കു​ക​യാ​യി​രു​ന്നു, അവർ സുഖമാ​യി​രി​ക്കു​ന്നു​വോ എന്ന്‌ അന്വേ​ഷി​ച്ചു വരാൻ യാക്കോബ്‌ യോ​സേ​ഫി​നെ അവരുടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നു. യോ​സേഫ്‌ വരുന്നതു കണ്ടപ്പോൾ അവരിൽ ചിലർ ഇങ്ങനെ പറയുന്നു: ‘നമുക്ക​വ​നെ കൊല്ലാം!’ എന്നാൽ ഏറ്റവും മൂത്തവ​നാ​യ രൂബേൻ പറയുന്നു: ‘വേണ്ട, അതു വേണ്ട!’ പകരം അവർ അവനെ പിടിച്ച്‌ ഒരു പൊട്ട​ക്കി​ണ​റ്റിൽ ഇടുന്നു. എന്നിട്ട്‌ അവനെ എന്തു ചെയ്യണ​മെന്ന്‌ എല്ലാവ​രും കൂടി​യി​രുന്ന്‌ ആലോ​ചി​ക്കു​ന്നു.

ഈ സമയത്താണ്‌ ഇശ്‌മാ​യേ​ല്യ​രാ​യ ചില ആളുകൾ അതുവഴി വരുന്നത്‌. യെഹൂദാ മറ്റുള്ള​വ​രോട്‌ ഇങ്ങനെ പറയുന്നു: ‘നമുക്ക​വ​നെ ഇശ്‌മാ​യേ​ല്യർക്കു വിൽക്കാം.’ അവർ അങ്ങനെ ചെയ്യുന്നു. അവർ അവനെ 20 വെള്ളി​ക്കാ​ശി​നു വിൽക്കു​ന്നു. എത്ര ക്രൂര​മാ​യി​രു​ന്നു അത്‌, അല്ലേ?

ഇനി അവർ തങ്ങളുടെ അപ്പനോട്‌ എന്തു പറയും? അവർ ഒരു കോലാ​ടി​നെ കൊന്ന്‌ യോ​സേ​ഫി​ന്റെ ഭംഗി​യു​ള്ള അങ്കി ആ ചോര​യിൽ പിന്നെ​യും പിന്നെ​യും മുക്കുന്നു. എന്നിട്ട്‌ അവർ ആ അങ്കിയു​മെ​ടുത്ത്‌ വീട്ടിൽ ചെന്ന്‌ യാക്കോ​ബി​നെ കാണി​ച്ചിട്ട്‌ പറയുന്നു: ‘ഞങ്ങൾക്ക്‌ ഇതു മാത്രം കിട്ടി. ഇതു യോ​സേ​ഫി​ന്റെ അങ്കിയല്ലേ എന്നു നോക്കി​ക്കേ.’

അതു തന്റെ മകന്റേ​താ​ണെന്ന്‌ യാക്കോ​ബി​നു മനസ്സി​ലാ​കു​ന്നു. ‘ഏതെങ്കി​ലും കാട്ടു​മൃ​ഗം അവനെ കടിച്ചു​കീ​റി കൊന്നി​ട്ടു​ണ്ടാ​കും’ എന്നു പറഞ്ഞ്‌ യാക്കോബ്‌ കരയുന്നു. അവൻ അങ്ങനെ വിചാ​രി​ക്കാൻ തന്നെയാണ്‌ അവർ ആഗ്രഹി​ച്ച​തും. യാക്കോ​ബി​നു സങ്കടം സഹിക്കാ​നാ​കു​ന്നി​ല്ല. അവൻ ദിവസ​ങ്ങ​ളോ​ളം യോ​സേ​ഫി​നെ ഓർത്തു കരയുന്നു. എന്നാൽ യോ​സേഫ്‌ മരിച്ചി​ട്ടി​ല്ല. അവനെ കൊണ്ടു​ചെന്ന സ്ഥലത്ത്‌ എന്താണു സംഭവി​ക്കു​ന്ന​തെ​ന്നു നമുക്കു നോക്കാം.