വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 23

ഫറവോന്റെ സ്വപ്‌നങ്ങൾ

ഫറവോന്റെ സ്വപ്‌നങ്ങൾ

രണ്ടു വർഷം കഴിഞ്ഞു, യോ​സേഫ്‌ ഇപ്പോ​ഴും തടവിൽത്ത​ന്നെ​യാണ്‌. പാനപാ​ത്ര​വാ​ഹ​കൻ ഇതുവരെ അവനെ ഓർത്തി​ട്ടി​ല്ല. അങ്ങനെ​യി​രി​ക്കെ, ഒരു രാത്രി​യിൽ ഫറവോൻ വളരെ അസാധാ​ര​ണ​മാ​യ രണ്ടു സ്വപ്‌ന​ങ്ങൾ കാണുന്നു. സ്വപ്‌ന​ങ്ങ​ളു​ടെ അർഥം അറിയാൻ അവൻ ആഗ്രഹി​ക്കു​ന്നു. ഈ ചിത്ര​ത്തിൽ, ഫറവോൻ ഉറങ്ങി​ക്കി​ട​ക്കു​ന്ന​തു കണ്ടോ? പിറ്റേന്നു രാവിലെ ഫറവോൻ തന്റെ രാജ്യത്തെ ബുദ്ധി​മാ​ന്മാ​രെ​യെ​ല്ലാം വിളി​പ്പിച്ച്‌ താൻ കണ്ട സ്വപ്‌ന​ത്തെ കുറിച്ച്‌ അവരോ​ടു പറയുന്നു. എന്നാൽ ഈ സ്വപ്‌ന​ങ്ങ​ളു​ടെ അർഥം പറഞ്ഞു​കൊ​ടു​ക്കാൻ അവർക്കാർക്കും കഴിയു​ന്നി​ല്ല.

അപ്പോ​ഴാണ്‌ പാനപാ​ത്ര​വാ​ഹ​കൻ യോ​സേ​ഫി​നെ കുറിച്ച്‌ ഓർക്കു​ന്നത്‌. അവൻ ഫറവോ​നോ​ടു പറയുന്നു: ‘ഞാൻ തടവി​ലാ​യി​രു​ന്ന​പ്പോൾ, സ്വപ്‌ന​ങ്ങ​ളു​ടെ അർഥം പറഞ്ഞു​ത​രാൻ കഴിവുള്ള ഒരു മനുഷ്യൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നു.’ ഉടനെ ഫറവോൻ യോ​സേ​ഫി​നെ തടവറ​യിൽനി​ന്നു വരുത്തു​ന്നു.

ഫറവോൻ യോ​സേ​ഫി​നോട്‌ സ്വപ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചു പറയുന്നു: ‘തടിച്ചു​കൊ​ഴു​ത്ത നല്ല ഏഴു പശുക്കളെ ഞാൻ കണ്ടു. പിന്നെ മെലിഞ്ഞ്‌ എല്ലും​തോ​ലു​മാ​യ വേറെ ഏഴു പശുക്ക​ളെ​യും ഞാൻ കണ്ടു. മെലിഞ്ഞ പശുക്കൾ തടിച്ചു​കൊ​ഴു​ത്ത​വ​യെ തിന്നു​ക​ള​ഞ്ഞു.’

‘എന്റെ രണ്ടാമത്തെ സ്വപ്‌ന​ത്തിൽ, ഒരു തണ്ടിൽ ധാന്യ​മ​ണി​കൾ നിറഞ്ഞ നല്ല ഏഴു കതിരു​കൾ ഞാൻ കണ്ടു. പിന്നെ വാടി​ക്ക​രി​ഞ്ഞ ഏഴു കതിരു​ക​ളും ഞാൻ കണ്ടു. ഉണങ്ങിയ കതിരു​കൾ നല്ല കതിരു​ക​ളെ വിഴു​ങ്ങി​ക്ക​ള​ഞ്ഞു.’

യോ​സേഫ്‌ ഫറവോ​നോ​ടു പറയുന്നു: ‘രണ്ടു സ്വപ്‌ന​ങ്ങ​ളു​ടെ​യും അർഥം ഒന്നുത​ന്നെ​യാണ്‌. ഏഴു തടിച്ച പശുക്ക​ളും ഏഴു നല്ല കതിരു​ക​ളും ഏഴു വർഷങ്ങളെ കുറി​ക്കു​ന്നു. മെലിഞ്ഞ ഏഴു പശുക്ക​ളും ഉണങ്ങിയ ഏഴു കതിരു​ക​ളും വേറെ ഏഴു വർഷങ്ങളെ കുറി​ക്കു​ന്നു. ഇഷ്ടം​പോ​ലെ ഭക്ഷണം ഉള്ള ഏഴു വർഷങ്ങൾ ഇനി ഈജി​പ്‌തി​ലു​ണ്ടാ​കും, തുടർന്ന്‌ വലിയ ക്ഷാമത്തി​ന്റേ​താ​യ ഏഴു വർഷങ്ങ​ളും ഉണ്ടാകും.’

അതു​കൊണ്ട്‌, യോ​സേഫ്‌ ഫറവോ​നോട്‌ പറയുന്നു: ‘ഇഷ്ടം​പോ​ലെ ഭക്ഷണം ലഭിക്കുന്ന സമയത്ത്‌ ധാന്യ​ത്തിൽ കുറെ മാറ്റി​വെ​ക്കാ​നാ​യി ബുദ്ധി​മാ​നാ​യ ഒരാളെ തിര​ഞ്ഞെ​ടു​ക്കു​ക. അപ്പോൾ പിന്നെ​വ​രു​ന്ന ക്ഷാമകാ​ലത്ത്‌ ജനം പട്ടിണി കിട​ക്കേ​ണ്ടി വരില്ല.’

ഫറവോന്‌ യോ​സേഫ്‌ പറഞ്ഞ ഈ കാര്യം വളരെ ഇഷ്ടപ്പെ​ടു​ന്നു. ധാന്യം ശേഖരി​ച്ചു വെക്കാൻ അവൻ യോ​സേ​ഫി​നെ​ത്ത​ന്നെ തിര​ഞ്ഞെ​ടു​ക്കു​ന്നു. ഫറവോൻ കഴിഞ്ഞാൽപ്പി​ന്നെ ഈജി​പ്‌തി​ലെ ഏറ്റവും വലിയ ആളായി​ത്തീ​രു​ന്നു യോ​സേഫ്‌.

എട്ടുവർഷ​ത്തി​നു ശേഷം, ക്ഷാമകാ​ലത്ത്‌ ചില ആളുകൾ വരുന്നത്‌ യോ​സേഫ്‌ കാണുന്നു. അവർ ആരാ​ണെന്ന്‌ അറിയാ​മോ? യോ​സേ​ഫി​ന്റെ 10 ജ്യേഷ്‌ഠ​ന്മാർ! അവർ താമസി​ക്കു​ന്ന കനാനിൽ ധാന്യം തീരാ​റാ​യ​തു​കൊണ്ട്‌ അവരുടെ അപ്പനായ യാക്കോബ്‌ അവരെ ഈജി​പ്‌തി​ലേ​ക്കു പറഞ്ഞയ​ച്ചി​രി​ക്കു​ക​യാണ്‌. യോ​സേ​ഫിന്‌ തന്റെ ജ്യേഷ്‌ഠ​ന്മാ​രെ കണ്ടപ്പോൾത്ത​ന്നെ മനസ്സി​ലാ​യി, എന്നാൽ അവർക്ക്‌ അവനെ മനസ്സി​ലാ​കു​ന്നി​ല്ല. അത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? കാരണം യോ​സേഫ്‌ ഇപ്പോൾ അന്നത്തേ​തി​ലും വളർന്നു, മാത്രമല്ല അവൻ പണ്ട്‌ ഇട്ടിരു​ന്ന​തു​പോ​ലു​ള്ള ഉടു​പ്പൊ​ന്നു​മല്ല ഇപ്പോൾ ഇടുന്നത്‌.

ജ്യേഷ്‌ഠ​ന്മാർ തന്റെ മുമ്പിൽ കുമ്പി​ടു​ന്ന​താ​യി ചെറു​താ​യി​രു​ന്ന​പ്പോൾ താൻ കണ്ട സ്വപ്‌ന​ത്തെ​ക്കു​റിച്ച്‌ യോ​സേഫ്‌ ഇപ്പോൾ ഓർക്കു​ന്നു. അതിനെ കുറിച്ച്‌ വായി​ച്ചത്‌ ഓർക്കു​ന്നി​ല്ലേ? അതു​കൊണ്ട്‌ ദൈവ​മാണ്‌ തന്നെ ഈജി​പ്‌തി​ലേക്ക്‌ അയച്ച​തെ​ന്നും അതിന്‌ തക്കതായ കാരണം ഉണ്ടായി​രു​ന്നെ​ന്നും അവന്‌ ഇപ്പോൾ മനസ്സി​ലാ​കു​ന്നു. യോ​സേഫ്‌ ഇപ്പോൾ എന്തായി​രി​ക്കും ചെയ്യുക? നമുക്കു നോക്കാം.