വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 24

യോസേഫ്‌ തന്റെ സഹോദരന്മാരെ പരീക്ഷിക്കുന്നു

യോസേഫ്‌ തന്റെ സഹോദരന്മാരെ പരീക്ഷിക്കുന്നു

തന്റെ പത്ത്‌ ജ്യേഷ്‌ഠ​ന്മാർ ഇപ്പോ​ഴും ദുഷ്ടരും ക്രൂര​രു​മാ​ണോ എന്ന്‌ അറിയാൻ യോ​സേഫ്‌ ആഗ്രഹി​ക്കു​ന്നു. അതു​കൊണ്ട്‌ അവൻ പറയുന്നു: ‘നിങ്ങൾ ഒറ്റു​നോ​ക്കാൻ വന്നവരാണ്‌. ഞങ്ങളുടെ ദേശത്തെ എങ്ങനെ ആക്രമി​ച്ചു തോൽപ്പി​ക്കാ​മെ​ന്നു കണ്ടുപി​ടി​ക്കാൻ വന്നിരി​ക്കു​ക​യാണ്‌.’

‘അല്ല, ഞങ്ങൾ അങ്ങനെ​യു​ള്ള​വ​രല്ല, ഞങ്ങൾ സത്യസ​ന്ധ​രാണ്‌,’ അവർ പറയുന്നു. ‘ഞങ്ങൾ എല്ലാവ​രും ഒരു അപ്പന്റെ മക്കളാണ്‌. ഞങ്ങൾ 12 പേരാ​യി​രു​ന്നു. ഒരാൾ ഇപ്പോൾ ജീവി​ച്ചി​രി​പ്പി​ല്ല. ഏറ്റവും ഇളയവൻ ഇപ്പോൾ അപ്പന്റെ കൂടെ വീട്ടി​ലുണ്ട്‌.’

യോ​സേഫ്‌ അവർ പറയു​ന്ന​തു വിശ്വ​സി​ക്കാ​ത്ത​തു​പോ​ലെ അഭിന​യി​ക്കു​ന്നു. അവൻ ശിമെ​യോൻ എന്നു പേരുള്ള തന്റെ ജ്യേഷ്‌ഠ​നെ തടവിൽ ആക്കിയിട്ട്‌ മറ്റെല്ലാ​വ​രെ​യും ഭക്ഷണ സാധന​ങ്ങ​ളു​മാ​യി വീട്ടിൽ പോകാൻ അനുവ​ദി​ക്കു​ന്നു. എന്നാൽ അവൻ അവരോട്‌ ഇങ്ങനെ പറയുന്നു: ‘നിങ്ങൾ തിരികെ വരു​മ്പോൾ, നിങ്ങളു​ടെ ഏറ്റവും ഇളയസ​ഹോ​ദ​ര​നെ​യും കൂടെ കൊണ്ടു​വ​ര​ണം.’

അവർ കനാനി​ലെ വീട്ടിൽ തിരി​ച്ചെ​ത്തു​മ്പോൾ നടന്ന​തെ​ല്ലാം തങ്ങളുടെ അപ്പനായ യാക്കോ​ബി​നോ​ടു പറയുന്നു. അതു കേട്ട​പ്പോൾ യാക്കോ​ബി​നു വളരെ സങ്കടമാ​യി. ‘യോ​സേഫ്‌ ഇല്ല. ഇപ്പോൾ ശിമെ​യോ​നും ഇല്ല. ഇനി എന്റെ ഇളയമ​ക​നാ​യ ബെന്യാ​മീ​നെ​യും​കൂ​ടെ കൊണ്ടു​പോ​കാൻ ഞാൻ സമ്മതി​ക്കു​ക​യി​ല്ല’ എന്നു പറഞ്ഞ്‌ അവൻ കരയുന്നു. പക്ഷേ അവർ കൊണ്ടു​വന്ന ഭക്ഷണ സാധനങ്ങൾ എല്ലാം തീരാ​റാ​യ​തി​നാൽ കൂടുതൽ ഭക്ഷണ സാധന​ങ്ങൾക്കാ​യി ഈജി​പ്‌തിൽ പോയേ തീരൂ, അതു​കൊണ്ട്‌ യാക്കോ​ബിന്‌ ഇപ്പോൾ ബെന്യാ​മീ​നെ അവരോ​ടൊ​പ്പം അയയ്‌ക്കാ​തെ നിവൃ​ത്തി​യി​ല്ല.

ജ്യേഷ്‌ഠ​ന്മാ​രു​ടെ കൂടെ തന്റെ അനുജ​നാ​യ ബെന്യാ​മീ​നും വരുന്നത്‌ കണ്ടപ്പോൾ യോ​സേ​ഫി​നു വളരെ സന്തോ​ഷ​മാ​യി. പക്ഷേ, ഈ വലിയ മനുഷ്യൻ യോ​സേ​ഫാ​ണെന്ന്‌ അവരാ​രും അറിയു​ന്നി​ല്ല. തന്റെ 10 ജ്യേഷ്‌ഠ​ന്മാ​രെ​യും പരീക്ഷി​ക്കാൻ യോ​സേഫ്‌ ഇപ്പോൾ ഒരു കാര്യം ചെയ്യുന്നു.

അവരുടെ ചാക്കു​ക​ളിൽ ധാന്യം നിറയ്‌ക്കാൻ അവൻ തന്റെ ദാസന്മാ​രോ​ടു പറയുന്നു. എന്നാൽ അവരറി​യാ​തെ അവൻ വെള്ളി​കൊ​ണ്ടു​ള്ള തന്റെ വില കൂടിയ പാനപാ​ത്ര​വും ബെന്യാ​മീ​ന്റെ ചാക്കി​നു​ള്ളിൽ വെപ്പി​ക്കു​ന്നു. അവർ ധാന്യ​വു​മാ​യി കുറച്ചു​ദൂ​രം ചെന്നു കഴിയു​മ്പോൾ യോ​സേഫ്‌ തന്റെ ദാസന്മാ​രെ അവരുടെ പിന്നാലെ അയയ്‌ക്കു​ന്നു. അവരോ​ടൊ​പ്പം എത്തു​മ്പോൾ ദാസന്മാർ ഇങ്ങനെ ചോദി​ക്കു​ന്നു: ‘നിങ്ങൾ ഞങ്ങളുടെ യജമാ​ന​ന്റെ പാനപാ​ത്രം മോഷ്ടി​ച്ചത്‌ എന്തിനാണ്‌?’

‘ഇല്ല, ഞങ്ങൾ അദ്ദേഹ​ത്തി​ന്റെ പാനപാ​ത്രം എടുത്തി​ട്ടി​ല്ല,’ അവരെ​ല്ലാ​വ​രും പറയുന്നു. ‘പാനപാ​ത്രം ഞങ്ങളിൽ ആരു​ടെ​യെ​ങ്കി​ലും പക്കൽ കണ്ടാൽ അവനെ കൊന്നു​ക​ള​യു​ക.’

അപ്പോൾ ദാസന്മാർ എല്ലാവ​രു​ടെ​യും ചാക്ക്‌ തപ്പുന്നു. ഒടുവിൽ ഈ ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ ബെന്യാ​മീ​ന്റെ ചാക്കിൽനിന്ന്‌ അവർക്കു പാനപാ​ത്രം കിട്ടുന്നു.’ ദാസന്മാർ ഇങ്ങനെ പറയുന്നു: ‘ബാക്കി​യു​ള്ള​വർക്കു പോകാം, ബെന്യാ​മീൻ ഞങ്ങളോ​ടൊ​പ്പം വരണം.’ ബാക്കി 10 പേർ ഇപ്പോൾ എന്തു ചെയ്യും?

അവരെ​ല്ലാം ബെന്യാ​മീ​ന്റെ കൂടെ യോ​സേ​ഫി​ന്റെ വീട്ടി​ലേ​ക്കു തിരി​ച്ചു​പോ​കു​ന്നു. യോ​സേഫ്‌ അവരോ​ടു പറയുന്നു: ‘നിങ്ങൾക്കെ​ല്ലാം വീട്ടിൽപോ​കാം, പക്ഷേ ബെന്യാ​മീൻ എന്റെ അടിമ​യാ​യി ഇവിടെ കഴിയണം.’

അപ്പോൾ യെഹൂദാ ഇങ്ങനെ പറയുന്നു: ‘ഈ ബാലനി​ല്ലാ​തെ ഞാൻ വീട്ടി​ലേ​ക്കു പോയാൽ എന്റെ അപ്പൻ മരിച്ചു​പോ​കും. കാരണം അപ്പൻ ഇവനെ അത്രമാ​ത്രം സ്‌നേ​ഹി​ക്കു​ന്നു. അതു​കൊണ്ട്‌ എന്നെ ഇവിടെ അടിമ​യാ​ക്കി​യിട്ട്‌ ഇവനെ പോകാൻ അനുവ​ദി​ച്ചാ​ലും.’

തന്റെ സഹോ​ദ​ര​ന്മാർക്കു മാറ്റം വന്നിരി​ക്കു​ന്ന​താ​യി യോ​സേഫ്‌ മനസ്സി​ലാ​ക്കു​ന്നു. അവർ ഇപ്പോൾ മുമ്പ​ത്തേ​തു​പോ​ലെ ദുഷ്ടരും ക്രൂര​രും അല്ല. അടുത്ത​താ​യി യോ​സേഫ്‌ എന്തു ചെയ്യു​ന്നു​വെന്ന്‌ നമുക്കു കാണാം.