വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 28

ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം

ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം

ഈ കുഞ്ഞ്‌ കരയു​ന്ന​തു കണ്ടോ, അവൻ അടുത്തു​നിൽക്കു​ന്ന ആ രാജകു​മാ​രി​യു​ടെ കൈവി​ര​ലിൽ പിടി​ച്ചി​ട്ടു​മുണ്ട്‌. ഇതു മോ​ശെ​യാണ്‌. സുന്ദരി​യാ​യ ഈ രാജകു​മാ​രി ആരാ​ണെ​ന്നോ? അവൾ ഈജി​പ്‌തി​ലെ ഫറവോ​ന്റെ സ്വന്തം മകളാണ്‌.

ഈജി​പ്‌തു​കാർ കുഞ്ഞിനെ കൊന്നു​ക​ള​യാ​തി​രി​ക്കാൻ വേണ്ടി മോ​ശെ​യു​ടെ അമ്മ അവനു മൂന്നു​മാ​സം പ്രായ​മാ​കു​ന്ന​തു​വ​രെ അവനെ ഒളിപ്പി​ച്ചു​വെ​ച്ചു. എന്നാൽ അവർ അവനെ കണ്ടുപി​ടി​ച്ചേ​ക്കും എന്ന്‌ അവൾക്ക്‌ അറിയാ​മാ​യി​രു​ന്നു, അതു​കൊണ്ട്‌ കുഞ്ഞിനെ രക്ഷിക്കാൻ അവൾ എന്തു ചെയ്‌തെ​ന്നോ?

അവൾ ഒരു കുട്ട​യെ​ടുത്ത്‌ അതു വെള്ളം കയറാ​ത്ത​വി​ധം ഭദ്രമാ​ക്കി. എന്നിട്ട്‌ മോ​ശെ​യെ അതിൽ കിടത്തി നൈൽന​ദി​ക്ക​ര​യിൽ വളരെ ഉയരത്തിൽ വളരുന്ന പുല്ലി​നി​ട​യിൽ കൊണ്ടു​പോ​യി​വെ​ച്ചു. എന്നിട്ട്‌, കുഞ്ഞിന്‌ എന്തു സംഭവി​ക്കു​ന്നു​വെ​ന്ന​റി​യാൻ അവിടെ അടുത്തു​ത​ന്നെ നിൽക്ക​ണ​മെന്ന്‌ മോ​ശെ​യു​ടെ പെങ്ങളായ മിര്യാ​മി​നെ പറഞ്ഞ്‌ ഏൽപ്പിച്ചു.

കുറച്ചു കഴിഞ്ഞ​പ്പോൾ, ഫറവോ​ന്റെ മകൾ നൈൽന​ദി​യിൽ കുളി​ക്കാൻ വന്നു. അപ്പോൾ പുല്ലി​നി​ട​യിൽ ഇരിക്കുന്ന കുട്ട അവൾ കണ്ടു. അവൾ തന്റെ ദാസി​മാ​രിൽ ഒരുവ​ളോട്‌, ‘പോയി ആ കുട്ട എടുത്തു​കൊ​ണ്ടു വരൂ’ എന്നു പറഞ്ഞു. രാജകു​മാ​രി ആ കുട്ട തുറന്ന​പ്പോൾ, അതിന​കത്ത്‌ അതാ ഓമനത്തം തുളു​മ്പു​ന്ന ഒരു കുഞ്ഞ്‌! അവൻ കരയു​ക​യാ​യി​രു​ന്നു, രാജകു​മാ​രിക്ക്‌ അവനോ​ടു പാവം​തോ​ന്നി. ആരും അവനെ കൊന്നു​ക​ള​യാൻ അവൾ ആഗ്രഹി​ച്ചി​ല്ല.

അപ്പോൾ മിര്യാം അവി​ടേ​ക്കു വന്നു. ഈ ചിത്ര​ത്തിൽ അവളെ കണ്ടോ? മിര്യാം രാജകു​മാ​രി​യോട്‌ ഇങ്ങനെ ചോദി​ച്ചു: ‘ഈ കുഞ്ഞിനു മുല​കൊ​ടു​ക്കാൻ ഞാൻ പോയി ഒരു ഇസ്രാ​യേൽക്കാ​രി​യെ വിളി​ച്ചു​കൊ​ണ്ടു​വ​രട്ടെ?’

‘ശരി പോയി കൊണ്ടു​വ​രൂ,’ രാജകു​മാ​രി പറഞ്ഞു.

ഉടനെ​ത​ന്നെ മിര്യാം തന്റെ അമ്മയോട്‌ ഇക്കാര്യം പറയാൻ ഓടി. മോ​ശെ​യു​ടെ അമ്മ വന്നപ്പോൾ രാജകു​മാ​രി പറഞ്ഞു: ‘എനിക്കു വേണ്ടി നീ ഈ കുഞ്ഞിനെ കൊണ്ടു​പോ​യി മുല​കൊ​ടു​ത്തു വളർത്തണം, ഞാൻ നിനക്കു ശമ്പളം തരാം.’

അങ്ങനെ മോ​ശെ​യു​ടെ അമ്മതന്നെ സ്വന്തം കുഞ്ഞിനെ വളർത്തി. മോശെ കുറച്ചു വളർന്നു കഴിഞ്ഞ​പ്പോൾ അമ്മ അവനെ ഫറവോ​ന്റെ മകളുടെ അടുത്തു കൊണ്ടു​ചെ​ന്നു. അവൾ അവനെ സ്വന്തം മകനായി ദത്തെടു​ത്തു. ഇങ്ങനെ​യാണ്‌ മോശെ ഫറവോ​ന്റെ കൊട്ടാ​ര​ത്തിൽ വളരാൻ ഇടയാ​യത്‌.