വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 32

10 ബാധകൾ

10 ബാധകൾ

ഈ ചിത്രങ്ങൾ നോക്കൂ. ഇവ ഓരോ​ന്നും യഹോവ ഈജി​പ്‌തി​നു​മേൽ വരുത്തിയ ബാധക​ളാണ്‌. ആദ്യത്തെ ചിത്ര​ത്തിൽ അഹരോൻ തന്റെ വടി​കൊണ്ട്‌ നൈൽ നദിയെ അടിക്കു​ന്ന​തു കണ്ടോ? അവൻ അങ്ങനെ ചെയ്‌ത​പ്പോൾ നദിയി​ലെ വെള്ളം മുഴു​വ​നും രക്തമായി മാറി. അതിലെ മീനെ​ല്ലാം ചത്തു​പോ​യി, നദി വല്ലാതെ നാറാ​നും തുടങ്ങി.

അടുത്ത​താ​യി, നൈൽ നദിയിൽനിന്ന്‌ തവളകൾ കയറി​വ​രാൻ യഹോവ ഇടയാക്കി. അവ എല്ലായി​ട​ത്തും​—അടുപ്പു​ക​ളി​ലും, അടുക്ക​ള​യി​ലെ പാത്ര​ങ്ങ​ളി​ലും, ആളുക​ളു​ടെ കട്ടിലു​ക​ളി​ലു​മെ​ല്ലാം—നിറഞ്ഞു. തവളകൾ ചത്തപ്പോൾ ഈജി​പ്‌തു​കാർ അവയെ വലിയ കൂമ്പാ​ര​ങ്ങ​ളാ​യി കൂട്ടി. ദേശത്തു മുഴു​വ​നും വല്ലാത്ത നാറ്റമാ​യി.

പിന്നെ, അഹരോൻ തന്റെ വടി​കൊണ്ട്‌ നിലത്ത്‌ അടിച്ചു. അപ്പോൾ നിലത്തെ പൊടി പേനാ​യി​ത്തീർന്നു. പറന്നു​ന​ട​ക്കു​ന്ന, കടിക്കുന്ന ഒരുതരം പേൻ. ഇതാണ്‌ ഈജി​പ്‌തു ദേശത്ത്‌ ഉണ്ടായ മൂന്നാ​മ​ത്തെ ബാധ.

പിന്നെ ഉണ്ടായ ബാധകൾ ഈജി​പ്‌തു​കാ​രെ മാത്രമേ ബാധി​ച്ചു​ള്ളൂ, ഇസ്രാ​യേ​ല്യ​രെ ബാധി​ച്ചി​ല്ല. വലിയ ഈച്ചകൾ ആയിരു​ന്നു അടുത്ത ബാധ. അവ ഈജി​പ്‌തു​കാ​രു​ടെ​യെ​ല്ലാം വീടു​ക​ളി​ലേക്ക്‌ ഒന്നടങ്കം ഇരച്ചു​ക​യ​റി. അഞ്ചാമത്തെ ബാധ മൃഗങ്ങ​ളു​ടെ​മേൽ ആയിരു​ന്നു. ഈജി​പ്‌തു​കാ​രു​ടെ കന്നുകാ​ലി​ക​ളും ചെമ്മരി​യാ​ടു​ക​ളും കോലാ​ടു​ക​ളു​മെ​ല്ലാം കൂട്ടമാ​യി ചത്തുവീ​ഴാൻ തുടങ്ങി.

അടുത്ത​താ​യി, മോ​ശെ​യും അഹരോ​നും കുറെ ചാരം എടുത്ത്‌ വായു​വി​ലേക്ക്‌ എറിഞ്ഞു. അപ്പോൾ മനുഷ്യ​രു​ടെ​യും മൃഗങ്ങ​ളു​ടെ​യും​മേൽ വലിയ കുരുക്കൾ പൊങ്ങാൻ തുടങ്ങി. ഇതായി​രു​ന്നു ആറാമത്തെ ബാധ.

അതുക​ഴിഞ്ഞ്‌ മോശെ തന്റെ കൈ ആകാശ​ത്തേക്ക്‌ ഉയർത്തി, അപ്പോൾ യഹോവ ഇടിയും കന്മഴയും അയച്ചു. മഴ പോലെ ആകാശ​ത്തു​നിന്ന്‌ ഐസ്‌ കട്ടകൾ പെയ്യു​ന്ന​തി​നാണ്‌ കന്മഴ എന്നു പറയു​ന്നത്‌. ഈജി​പ്‌ത്‌ കണ്ടിട്ടു​ള്ള​തിൽ വെച്ച്‌ ഏറ്റവും ഭയങ്കര​മാ​യ കന്മഴയാ​യി​രു​ന്നു അത്‌.

എട്ടാമത്തെ ബാധ വെട്ടു​ക്കി​ളി​ക​ളു​ടെ ആക്രമ​ണ​മാ​യി​രു​ന്നു. അതിനു മുമ്പോ പിമ്പോ അത്ര വലിയ ഒരു വെട്ടു​ക്കി​ളി​പ്പട ഉണ്ടായി​ട്ടേ​യി​ല്ല. കന്മഴയിൽ നശിക്കാ​തെ ബാക്കി​യു​ണ്ടാ​യി​രു​ന്ന​തെ​ല്ലാം അവ തിന്നൊ​ടു​ക്കി.

ഒമ്പതാ​മ​ത്തെ ബാധയാ​യി ദേശത്ത്‌ ഇരുട്ടു വ്യാപി​ച്ചു. മൂന്നു ദിവസം കൂരി​രുട്ട്‌ ദേശത്തെ മൂടി. എന്നാൽ ഇസ്രാ​യേ​ല്യർ താമസി​ക്കു​ന്നി​ട​ങ്ങ​ളിൽ വെളിച്ചം ഉണ്ടായി​രു​ന്നു.

അവസാനം, ദൈവം തന്റെ ജനത്തോട്‌ ഒരു കോലാ​ട്ടിൻ കുട്ടി​യു​ടെ​യോ ചെമ്മരി​യാ​ട്ടിൻ കുട്ടി​യു​ടെ​യോ രക്തമെ​ടുത്ത്‌ തങ്ങളുടെ വീട്ടു​വാ​തി​ലി​ന്റെ കട്ടിള​യി​ന്മേൽ തളിക്കാൻ പറഞ്ഞു. പിന്നെ, ദൈവ​ത്തി​ന്റെ ദൂതൻ ഈജി​പ്‌തി​ലൂ​ടെ കടന്നു​പോ​യി. ആട്ടിൻകു​ട്ടി​യു​ടെ രക്തം കണ്ട വീടു​ക​ളി​ലു​ള്ള ആരെയും ദൂതൻ കൊന്നില്ല. എന്നാൽ അത്‌ ഇല്ലാതി​രു​ന്ന എല്ലാ വീടു​ക​ളി​ലെ​യും മനുഷ്യ​ന്റെ​യും മൃഗത്തി​ന്റെ​യും ആദ്യത്തെ കുട്ടിയെ ദൂതൻ കൊന്നു​ക​ള​ഞ്ഞു. ഇതായി​രു​ന്നു പത്താമത്തെ ബാധ.

അവസാ​ന​ത്തെ ഈ ബാധയ്‌ക്കു​ശേ​ഷം ഫറവോൻ ഇസ്രാ​യേ​ല്യ​രോ​ടു പൊയ്‌ക്കൊ​ള്ളാൻ പറഞ്ഞു. ദൈവ​ജ​ന​മെ​ല്ലാം പോകാൻ തയ്യാറാ​യി നിന്നി​രു​ന്നു. ആ രാത്രി​യിൽത്ത​ന്നെ അവർ ഈജി​പ്‌തിൽനി​ന്നു​ള്ള തങ്ങളുടെ യാത്ര തുടങ്ങി.

പുറപ്പാ​ടു 7 മുതൽ 12 വരെ അധ്യാ​യ​ങ്ങൾ.