വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 33

ചെങ്കടൽ കടക്കുന്നു

ചെങ്കടൽ കടക്കുന്നു

എന്താണു സംഭവി​ക്കു​ന്ന​തെ​ന്നു നോക്കൂ! തന്റെ വടി ചെങ്കട​ലി​നു മുകളി​ലാ​യി നീട്ടി​പ്പി​ടി​ച്ചു നിൽക്കു​ന്ന​തു മോ​ശെ​യാണ്‌. അവന്റെ കൂടെ കുഴപ്പ​മൊ​ന്നും കൂടാതെ നിൽക്കു​ന്നത്‌ ഇസ്രാ​യേ​ല്യ​രും. എന്നാൽ ഫറവോ​നും അവന്റെ മുഴു സൈന്യ​വും കടലിൽ മുങ്ങി​മ​രി​ക്കു​ക​യാണ്‌. ഇത്‌ എങ്ങനെ സംഭവി​ച്ചെ​ന്നു നമുക്കു നോക്കാം.

നമ്മൾ കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ, ഈജി​പ്‌തു​കാ​രു​ടെ​മേൽ ദൈവം 10-ാമത്തെ ബാധ വരുത്തി​യ​പ്പോൾ ഈജി​പ്‌തു​വി​ട്ടു പോകാൻ ഫറവോൻ ഇസ്രാ​യേ​ല്യ​രോ​ടു പറഞ്ഞു. ഇസ്രാ​യേ​ല്യ​രാ​യ ഏകദേശം 6,00,000 പുരു​ഷ​ന്മാ​രും നിരവധി സ്‌ത്രീ​ക​ളും കുട്ടി​ക​ളും ഈജി​പ്‌തു വിട്ടു. കൂടാതെ യഹോ​വ​യിൽ വിശ്വ​സി​ച്ച മറ്റൊരു വലിയ ജനക്കൂ​ട്ട​വും ഇസ്രാ​യേ​ല്യ​രോ​ടൊ​പ്പം അവി​ടെ​നി​ന്നും പോന്നു. അവരെ​ല്ലാം തങ്ങളുടെ ചെമ്മരി​യാ​ടു​ക​ളെ​യും കോലാ​ടു​ക​ളെ​യും കന്നുകാ​ലി​ക​ളെ​യും കൂടെ കൊണ്ടു​പോ​ന്നു.

പുറ​പ്പെ​ടു​ന്ന​തി​നു മുമ്പ്‌ ഇസ്രാ​യേ​ല്യർ ഈജി​പ്‌തു​കാ​രോ​ടു തുണി​ക​ളും സ്വർണം​കൊ​ണ്ടും വെള്ളി​കൊ​ണ്ടും ഉണ്ടാക്കിയ സാധന​ങ്ങ​ളും ചോദി​ച്ചു വാങ്ങി. ഇസ്രാ​യേ​ല്യർ ചോദി​ച്ച​തെ​ല്ലാം അവർ കൊടു​ത്തു. കാരണം അവസാ​ന​ത്തെ ബാധ​യോ​ടെ ഈജി​പ്‌തു​കാർ വല്ലാതെ പേടിച്ചു പോയി​രു​ന്നു.

പുറ​പ്പെട്ട്‌ ഏതാനും ദിവസം കഴിഞ്ഞ​പ്പോൾ ഇസ്രാ​യേ​ല്യർ ചെങ്കട​ലി​ന്റെ തീര​ത്തെ​ത്തി. അവി​ടെ​യി​രുന്ന്‌ അവർ തങ്ങളുടെ ക്ഷീണം മാറ്റി. ഇതിനി​ട​യിൽ, ഇസ്രാ​യേ​ല്യ​രെ വിട്ടയ​ച്ച​ല്ലോ എന്നോർത്ത്‌ ഫറവോ​നും അവന്റെ ആളുകൾക്കും വിഷമം തോന്നാൻ തുടങ്ങി. ‘നമ്മൾ നമ്മുടെ അടിമ​ക​ളെ വിട്ടയ​ച്ചു​ക​ള​ഞ്ഞ​ല്ലോ!’ എന്ന്‌ അവർ പറഞ്ഞു.

അതു​കൊണ്ട്‌ ഫറവോൻ പിന്നെ​യും തന്റെ മനസ്സു​മാ​റ്റി. അവൻ പെട്ടെന്ന്‌ തന്റെ യുദ്ധരഥം ഒരുക്കി, സൈന്യ​ത്തെ​യും തയ്യാറാ​ക്കി. എന്നിട്ട്‌, 600 പ്രത്യേക രഥങ്ങളും ഈജി​പ്‌തി​ലെ മറ്റെല്ലാ രഥങ്ങളു​മാ​യി അവൻ ഇസ്രാ​യേ​ല്യ​രെ പിടി​ക്കാ​നാ​യി പിന്നാലെ പാഞ്ഞു.

ഫറവോ​നും സൈന്യ​വും പുറകെ വരുന്നതു കണ്ടപ്പോൾ ഇസ്രാ​യേ​ല്യർ പേടിച്ചു വിറച്ചു. ഓടി​ര​ക്ഷ​പ്പെ​ടാൻ ഒരു വഴിയു​മി​ല്ലാ​യി​രു​ന്നു. ഒരു വശത്ത്‌ ചെങ്കടൽ, മറുവ​ശ​ത്താ​ണെ​ങ്കിൽ പാഞ്ഞടു​ക്കു​ന്ന ഈജി​പ്‌തു​കാ​രും. എന്നാൽ ആ സമയത്ത്‌ യഹോവ തന്റെ ജനത്തി​നും ഈജി​പ്‌തു​കാർക്കും ഇടയിൽ ഒരു മേഘം വരാൻ ഇടയാക്കി. അതിനാൽ ഇസ്രാ​യേ​ല്യ​രെ ആക്രമി​ക്കാൻ വന്ന ഈജി​പ്‌തു​കാർക്ക്‌ അവരെ കാണാൻ കഴിഞ്ഞില്ല.

അപ്പോൾ, ചെങ്കട​ലി​നു നേരെ തന്റെ വടിനീ​ട്ടാൻ യഹോവ മോ​ശെ​യോ​ടു പറഞ്ഞു. അവൻ അങ്ങനെ ചെയ്‌ത​പ്പോൾ അതിശ​ക്ത​മാ​യ ഒരു കിഴക്കൻകാറ്റ്‌ അടിക്കാൻ യഹോവ ഇടയാക്കി. കടലിലെ വെള്ളം രണ്ടു ഭാഗമാ​യി പിരിഞ്ഞ്‌ രണ്ടു വശത്തും മതിൽപോ​ലെ നിന്നു.

അപ്പോൾ ഇസ്രാ​യേ​ല്യർ ഉണങ്ങിയ നിലത്തു​കൂ​ടെ മാർച്ചു​ചെ​യ്യാൻ തുടങ്ങി. ലക്ഷക്കണ​ക്കിന്‌ ആളുകൾ തങ്ങളുടെ എല്ലാ മൃഗങ്ങ​ളോ​ടും കൂടെ കുഴപ്പ​മൊ​ന്നും കൂടാതെ കടലിന്റെ അങ്ങേ കരയി​ലെ​ത്താൻ മണിക്കൂ​റു​ക​ളെ​ടു​ത്തു. ഒടുവിൽ ഈജി​പ്‌തു​കാർക്ക്‌ ഇസ്രാ​യേ​ല്യ​രെ വീണ്ടും കാണാൻ കഴിഞ്ഞു. അവരുടെ അടിമകൾ കടന്നു​ക​ള​യു​ക​യാ​യി​രു​ന്നു! അതിനാൽ ഈജി​പ്‌തു​കാർ അവരുടെ പിന്നാലെ കടലി​ലേ​ക്കു കുതിച്ചു.

അവർ അങ്ങനെ ചെയ്‌ത​പ്പോൾ അവരുടെ രഥങ്ങളു​ടെ ചക്രങ്ങൾ ഊരി​പ്പോ​കാൻ ദൈവം ഇടയാക്കി. ഈജി​പ്‌തു​കാർ വല്ലാതെ പേടിച്ച്‌, ‘യഹോവ ഇസ്രാ​യേ​ല്യർക്കു​വേണ്ടി നമ്മോടു യുദ്ധം ചെയ്യു​ക​യാണ്‌, വരൂ നമുക്ക്‌ ഇവി​ടെ​നി​ന്നും പുറത്തു​ക​ട​ക്കാം!’ എന്നു നിലവി​ളി​ച്ചു പറഞ്ഞു. പക്ഷേ അവർക്ക്‌ രക്ഷപ്പെ​ടാ​നു​ള്ള സമയം ഇല്ലായി​രു​ന്നു.

കാരണം, അപ്പോ​ഴാണ്‌ ഈ ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലെ ചെങ്കട​ലി​നു​നേ​രെ തന്റെ വടിനീ​ട്ടാൻ യഹോവ മോ​ശെ​യോ​ടു പറഞ്ഞത്‌. മോശെ അങ്ങനെ ചെയ്‌ത​പ്പോൾ, മതിലു​കൾ പോലെ നിന്ന വെള്ളം കൂടി​ച്ചേർന്ന്‌ ഈജി​പ്‌തു​കാ​രെ​യും അവരുടെ രഥങ്ങ​ളെ​യും മൂടി. സൈന്യം മുഴു​വ​നും ഇസ്രാ​യേ​ല്യ​രു​ടെ പുറകെ കടലി​ലേ​ക്കു പാഞ്ഞി​രു​ന്നു. അതിൽ ഒരാൾ പോലും ജീവ​നോ​ടെ പുറത്തു​വ​ന്നി​ല്ല!

തങ്ങൾ രക്ഷപ്പെ​ട്ട​തിൽ ദൈവ​ജ​ന​മെ​ല്ലാം എത്ര സന്തുഷ്ട​രാ​യി​രു​ന്നു! അവരു​ടെ​യി​ട​യി​ലെ പുരു​ഷ​ന്മാ​രെ​ല്ലാം യഹോ​വ​യ്‌ക്കു നന്ദി പറഞ്ഞു​കൊണ്ട്‌ ഒരു പാട്ടു​പാ​ടി. അത്‌ ഇങ്ങനെ​യാ​യി​രു​ന്നു: ‘യഹോവ മഹത്തായ വിജയം നേടി​യി​രി​ക്കു​ന്നു. കുതി​ര​ക​ളെ​യും കുതി​ര​ക്കാ​രെ​യും അവൻ കടലിൽ തള്ളിയി​ട്ടി​രി​ക്കു​ന്നു​വ​ല്ലോ.’ മോ​ശെ​യു​ടെ സഹോ​ദ​രി​യാ​യ മിര്യാം തന്റെ തപ്പ്‌ എടുത്തു കൊട്ടാൻ തുടങ്ങി​യ​പ്പോൾ മറ്റു സ്‌ത്രീ​ക​ളും അതുതന്നെ ചെയ്‌തു. സന്തോ​ഷ​ത്താൽ അവർ നൃത്തം​വെ​ച്ചു, പുരു​ഷ​ന്മാർ പാടി​ക്കൊ​ണ്ടി​രു​ന്ന പാട്ടു​ത​ന്നെ അവരും ഏറ്റുപാ​ടി: ‘യഹോവ മഹത്തായ വിജയം നേടി​യി​രി​ക്കു​ന്നു. കുതി​ര​ക​ളെ​യും കുതി​ര​ക്കാ​രെ​യും അവൻ കടലിൽ തള്ളിയി​ട്ടി​രി​ക്കു​ന്നു​വ​ല്ലോ.’

പുറപ്പാ​ടു 12 മുതൽ 15 വരെ അധ്യാ​യ​ങ്ങൾ.