വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 34

ഒരു പുതിയതരം ഭക്ഷണം

ഒരു പുതിയതരം ഭക്ഷണം

ആളുകൾ നിലത്തു​നി​ന്നു പെറു​ക്കി​യെ​ടു​ക്കു​ന്നത്‌ എന്താ​ണെ​ന്നു മനസ്സി​ലാ​യോ? മഞ്ഞു​പോ​ലെ​യു​ണ്ട​ല്ലേ അതു കാണാൻ? അതു വെളു​ത്ത​താണ്‌, കനം കുറഞ്ഞ​തു​മാണ്‌. എന്നാൽ അതു മഞ്ഞല്ല; തിന്നാ​നു​ള്ള എന്തോ ആണ്‌.

ഇസ്രാ​യേ​ല്യർ ഈജി​പ്‌തു വിട്ടിട്ട്‌ ഏതാണ്ട്‌ ഒരു മാസം ആയതേ​യു​ള്ളൂ. അവർ മരുഭൂ​മി​യി​ലാണ്‌. അവിടെ വളരെ കുറച്ചു ഭക്ഷ്യവ​സ്‌തു​ക്കൾ മാത്രമേ വളരു​ന്നു​ള്ളൂ. അതു​കൊണ്ട്‌ ജനം ഇങ്ങനെ പരാതി പറയുന്നു: ‘യഹോവ ഞങ്ങളെ ഈജി​പ്‌തിൽവെ​ച്ചു കൊന്നി​രു​ന്നെ​ങ്കിൽ നന്നായി​രു​ന്നു. ഒന്നുമ​ല്ലെ​ങ്കി​ലും അവിടെ ഞങ്ങൾക്കാ​വ​ശ്യ​മു​ള്ള ആഹാരം ഉണ്ടായി​രു​ന്ന​ല്ലോ.’

അതു​കൊണ്ട്‌ യഹോവ പറയുന്നു: ‘ഞാൻ ആകാശ​ത്തു​നിന്ന്‌ ആഹാരം വർഷി​ക്കാൻ പോകു​ക​യാണ്‌.’ യഹോവ പറഞ്ഞതു​പോ​ലെ​ത​ന്നെ ചെയ്യുന്നു. അടുത്ത ദിവസം രാവിലെ നിലത്തു​വീ​ണു​കി​ട​ക്കുന്ന ഈ വെളുത്ത സാധനം കാണു​മ്പോൾ ഇസ്രാ​യേ​ല്യർ പരസ്‌പ​രം ചോദി​ക്കു​ന്നു, ‘ഇതെന്താണ്‌?’

മോശെ പറയുന്നു: ‘നിങ്ങൾക്കു കഴിക്കാൻ യഹോവ തന്നിരി​ക്കു​ന്ന ആഹാര​മാ​ണിത്‌.’ ജനം അതിനെ മന്നാ എന്നു വിളി​ക്കു​ന്നു. അതിനു തേൻ ചേർത്തു​ണ്ടാ​ക്കി​യ കനംകു​റഞ്ഞ ദോശ​യു​ടെ രുചി​യാണ്‌.

‘ഓരോ​രു​ത്തർക്കും കഴിക്കാൻ പറ്റുന്നി​ട​ത്തോ​ളം നിങ്ങൾ പെറു​ക്ക​ണം’ എന്നു മോശെ ജനത്തോ​ടു പറയുന്നു. അതു​കൊണ്ട്‌ ഓരോ ദിവസ​വും രാവിലെ അവർ ഇതു ചെയ്യുന്നു. പിന്നീട്‌ വെയിൽ മൂക്കു​മ്പോൾ നിലത്തു ബാക്കി​യു​ള്ള മന്നാ ഉരുകി​പ്പോ​കു​ന്നു.

മോശെ ഇങ്ങനെ​യും പറയുന്നു: ‘ആരും മന്നായിൽ ഒട്ടും അടുത്ത ദിവസ​ത്തേ​ക്കു സൂക്ഷി​ച്ചു​വെ​ക്ക​രുത്‌.’ എന്നാൽ ജനത്തിൽ ചിലർ അത്‌ അനുസ​രി​ക്കു​ന്നി​ല്ല. അപ്പോൾ എന്തു സംഭവി​ക്കു​ന്നെ​ന്നോ? അവർ സൂക്ഷി​ച്ചു​വെ​ക്കു​ന്ന മന്നായിൽ അടുത്ത ദിവസം രാവിലെ പുഴു നിറഞ്ഞി​രി​ക്കു​ന്നു; അതിൽനി​ന്നു വല്ലാത്ത നാറ്റവും വരുന്നു!

എന്നാൽ ആഴ്‌ച​യി​ലെ ഒരു ദിവസം ഇരട്ടി മന്നാ ശേഖരി​ക്ക​ണ​മെന്ന്‌ യഹോവ ജനത്തോ​ടു കൽപ്പി​ക്കു​ന്നു. അത്‌ ആറാം ദിവസ​മാണ്‌. അതിൽ കുറെ പിറ്റെ ദിവസ​ത്തേ​ക്കു സൂക്ഷി​ച്ചു​വെ​ക്ക​ണ​മെന്ന്‌ യഹോവ പറയുന്നു; എന്തു​കൊ​ണ്ടെ​ന്നാൽ ഏഴാം ദിവസം അവൻ അത്‌ ഒട്ടും വർഷി​ക്കു​ക​യി​ല്ല. അവർ ഏഴാം ദിവസ​ത്തേക്ക്‌ മന്നാ സൂക്ഷി​ച്ചു​വെ​ക്കു​മ്പോൾ അതിൽ പുഴു നിറയു​ന്നി​ല്ല, അതിൽനി​ന്നു നാറ്റം വരുന്ന​തു​മി​ല്ല! ഇത്‌ മറ്റൊരു അത്ഭുത​മാണ്‌!

ഇസ്രാ​യേ​ല്യർ മരുഭൂ​മി​യി​ലാ​യി​രുന്ന വർഷങ്ങ​ളി​ലെ​ല്ലാം യഹോവ അവർക്കു ഭക്ഷണമാ​യി മന്നാ കൊടു​ക്കു​ന്നു.