വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 38

12 ഒറ്റുകാർ

12 ഒറ്റുകാർ

ഈ ആളുകൾ കൊണ്ടു​വ​രു​ന്ന പഴങ്ങൾ കണ്ടോ? ആ മുന്തി​രി​ക്കു​ല എത്ര വലുതാ​ണെ​ന്നു നോക്കൂ. ഒരു കമ്പിൽ കെട്ടി അതു ചുമന്നു​കൊ​ണ്ടു വരാൻ രണ്ടുപേർ വേണ്ടി​വ​ന്നു. അത്തിപ്പ​ഴ​വും മാതള​നാ​ര​ങ്ങ​യും കണ്ടോ! എവിടെ നിന്നാണ്‌ ഭംഗി​യു​ള്ള ഈ പഴങ്ങൾ? കനാൻദേ​ശ​ത്തു​നിന്ന്‌. ഓർക്കുക, ഒരിക്കൽ അബ്രാ​ഹാ​മും യിസ്‌ഹാ​ക്കും യാക്കോ​ബും ജീവി​ച്ചി​രു​ന്ന നാടാണ്‌ കനാൻ. എന്നാൽ അവിടെ ക്ഷാമം ഉണ്ടായ​പ്പോൾ യാക്കോ​ബും കുടും​ബ​വും ഈജി​പ്‌തി​ലേ​ക്കു പോയി. ഇപ്പോൾ ഏകദേശം 216 വർഷം കഴിഞ്ഞ്‌ മോശെ, ഇസ്രാ​യേ​ല്യ​രെ കനാനി​ലേ​ക്കു തിരികെ കൊണ്ടു​വ​രു​ക​യാണ്‌. അവർ ഇപ്പോൾ മരുഭൂ​മി​യി​ലു​ള്ള കാദേശ്‌ എന്ന സ്ഥലത്ത്‌ എത്തിയി​രി​ക്കു​ന്നു.

കനാനി​ലെ ആളുകൾ ദുഷ്ടരാണ്‌. അതു​കൊണ്ട്‌ മോശെ 12 ഒറ്റുകാ​രെ അഥവാ ചാരന്മാ​രെ അങ്ങോട്ട്‌ അയയ്‌ക്കു​ന്നു. അവരോട്‌ അവൻ ഇങ്ങനെ പറയുന്നു: ‘അവിടെ എത്ര ആളുക​ളു​ണ്ടെ​ന്നും അവർ എത്ര​ത്തോ​ളം ശക്തരാ​ണെ​ന്നും മനസ്സി​ലാ​ക്കു​ക. ഭൂമി നല്ല വിളവു നൽകു​ന്ന​താ​ണോ എന്നു നോക്കുക. തിരികെ വരു​മ്പോൾ അവി​ടെ​നിന്ന്‌ കുറച്ചു പഴവർഗ​ങ്ങൾ കൊണ്ടു​വ​രാൻ മറക്കരുത്‌.’

ഒറ്റുകാർ കാദേ​ശി​ലേ​ക്കു മടങ്ങി​വ​രു​മ്പോൾ അവർ മോ​ശെ​യോ​ടു പറയുന്നു: ‘അത്‌ വളരെ നല്ലൊരു ദേശം തന്നെയാണ്‌.’ തെളി​വി​നാ​യി അവർ കൊണ്ടു​വന്ന പഴങ്ങൾ കാണി​ക്കു​ന്നു. എന്നാൽ ഒറ്റുകാ​രിൽ പത്തുപേർ പറയുന്നു: ‘അവിടത്തെ ആളുകൾ വലുപ്പം കൂടി​യ​വ​രും അതിശ​ക്ത​രു​മാണ്‌. അവരുടെ കൈയിൽനി​ന്നു ദേശം പിടി​ച്ചെ​ടു​ക്കാൻ ശ്രമി​ച്ചാൽ നമ്മൾ കൊല്ല​പ്പെ​ടും.’

ഇതു​കേട്ട്‌ ഇസ്രാ​യേ​ല്യർ പേടിച്ചു വിറയ്‌ക്കു​ന്നു. ‘ഇതിലും ഭേദം ഈജി​പ്‌തി​ലോ ഇവിടെ മരുഭൂ​മി​യി​ലോ കിടന്ന്‌ മരിക്കു​ന്ന​താ​യി​രു​ന്നു,’ അവർ പറയുന്നു. ‘നാം യുദ്ധത്തിൽ കൊല്ല​പ്പെ​ടും. നമ്മുടെ ഭാര്യ​മാ​രെ​യും മക്കളെ​യും അവർ പിടി​ച്ചു​കൊ​ണ്ടു​പോ​കും. മോ​ശെ​ക്കു പകരം മറ്റൊരു നേതാ​വി​നെ തിര​ഞ്ഞെ​ടുത്ത്‌ നമുക്ക്‌ ഈജി​പ്‌തി​ലേ​ക്കു തിരികെ പോകാം!’

എന്നാൽ ഒറ്റുകാ​രിൽ രണ്ടു​പേർക്ക്‌ യഹോവ തങ്ങളോ​ടു​കൂ​ടെ ഉണ്ടെന്ന വിശ്വാ​സ​മുണ്ട്‌. അവർ ജനത്തെ ശാന്തരാ​ക്കാൻ ശ്രമി​ക്കു​ന്നു. യോശു​വ​യും കാലേ​ബു​മാണ്‌ അത്‌. അവർ പറയുന്നു: ‘പേടി​ക്കേണ്ട, യഹോവ നമ്മോ​ടു​കൂ​ടെ​യുണ്ട്‌. നമുക്ക്‌ എളുപ്പ​ത്തിൽ ദേശം പിടി​ച്ച​ട​ക്കാം.’ എന്നാൽ ജനം അവർ പറയു​ന്ന​തു കേൾക്കു​ന്നി​ല്ല. യോശു​വ​യെ​യും കാലേ​ബി​നെ​യും കൊല്ലാൻ പോലും അവർ ആഗ്രഹി​ക്കു​ന്നു.

ഇതു കാണു​മ്പോൾ യഹോ​വ​യ്‌ക്ക്‌ കടുത്ത ദേഷ്യം വരുന്നു. അവൻ മോ​ശെ​യോ​ടു പറയുന്നു: ‘ജനത്തിൽ 20-ഓ അതിൽ കൂടു​ത​ലോ വയസ്സുള്ള ആരും കനാൻദേ​ശത്ത്‌ കടക്കു​ക​യി​ല്ല. ഈജി​പ്‌തി​ലും മരുഭൂ​മി​യി​ലും ഞാൻ ചെയ്‌ത അത്ഭുതങ്ങൾ കണ്ടിട്ടും അവർ എന്നിൽ വിശ്വ​സി​ക്കു​ന്നി​ല്ല. അതു​കൊണ്ട്‌ അവസാ​ന​ത്തെ ആളും മരിക്കു​ന്ന​തു വരെ 40 വർഷം അവർ മരുഭൂ​മി​യിൽ അലഞ്ഞു​തി​രി​യും. യോശു​വ​യും കാലേ​ബും മാത്രമേ കനാൻദേ​ശ​ത്തു കടക്കു​ക​യു​ള്ളൂ.’