വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 42

ഒരു കഴുത സംസാരിക്കുന്നു

ഒരു കഴുത സംസാരിക്കുന്നു

എപ്പോ​ഴെ​ങ്കി​ലും ഒരു കഴുത സംസാ​രി​ച്ചി​ട്ടു​ള്ള​താ​യി കേട്ടി​ട്ടു​ണ്ടോ? ‘ഇല്ല, മൃഗങ്ങൾക്കു സംസാ​രി​ക്കാൻ കഴിയി​ല്ല​ല്ലോ’ എന്നു നിങ്ങൾ പറഞ്ഞേ​ക്കാം. എന്നാൽ ഒരിക്കൽ ഒരു കഴുത സംസാ​രി​ച്ച​താ​യി ബൈബിൾ പറയുന്നു. അത്‌ എങ്ങനെ സംഭവി​ച്ചെ​ന്നു നമുക്കു നോക്കാം.

ഇസ്രാ​യേ​ല്യർ കനാൻദേ​ശ​ത്തി​ന്റെ അടുത്ത്‌ എത്തിയി​രി​ക്കു​ക​യാണ്‌. മോവാ​ബ്യ രാജാ​വാ​യ ബാലാ​ക്കിന്‌ ഇസ്രാ​യേ​ല്യ​രെ പേടി​യാണ്‌. അതു​കൊണ്ട്‌ അവൻ ബിലെ​യാം എന്നു പേരുള്ള കൗശല​ക്കാ​ര​നാ​യ ഒരു മനുഷ്യ​നെ വിളി​പ്പി​ക്കു​ന്നു. ബിലെ​യാം ഇസ്രാ​യേ​ല്യ​രെ ശപിക്കണം, ഇതാണ്‌ അവന്റെ ആവശ്യം. അങ്ങനെ ചെയ്‌താൽ ധാരാളം പണം അവനു നൽകാ​മെന്ന്‌ ബാലാക്ക്‌ പറയുന്നു. അതു​കൊണ്ട്‌ ബിലെ​യാം ബാലാ​ക്കി​നെ കാണാൻ തന്റെ കഴുത​പ്പു​റ​ത്തു കയറി യാത്ര തിരി​ക്കു​ന്നു.

ബിലെ​യാം തന്റെ ജനത്തെ ശപിക്കാൻ യഹോവ ആഗ്രഹി​ക്കു​ന്നി​ല്ല. അതു​കൊ​ണ്ടു ബിലെ​യാ​മി​ന്റെ വഴി തടയാൻ യഹോവ ഒരു ദൂതനെ അയയ്‌ക്കു​ന്നു. അവന്റെ കൈയിൽ ഒരു നീണ്ട വാളുണ്ട്‌. ബിലെ​യാ​മിന്‌ ദൂതനെ കാണാൻ കഴിയു​ന്നി​ല്ല, എന്നാൽ കഴുത​യ്‌ക്കു കാണാം. അതു​കൊണ്ട്‌ കഴുത ദൂതനിൽനിന്ന്‌ അകന്നു​പോ​കാൻ പലപ്രാ​വ​ശ്യം ശ്രമി​ക്കു​ന്നു, ഒടുവിൽ അത്‌ വഴിയിൽ കിടക്കു​ന്നു. ബിലെ​യാ​മിന്‌ വളരെ​യ​ധി​കം ദേഷ്യം വരുന്നു. അവൻ ഒരു വടി​കൊണ്ട്‌ കഴുതയെ അടിക്കു​ന്നു.

അപ്പോൾ ആ കഴുത സംസാ​രി​ക്കു​ന്നത്‌ ബിലെ​യാം കേൾക്കാൻ യഹോവ ഇടയാ​ക്കു​ന്നു. ‘എന്നെ അടിക്കാൻമാ​ത്രം ഞാൻ എന്താണു നിന്നോ​ടു ചെയ്‌തത്‌?’ എന്നു കഴുത ചോദി​ക്കു​ന്നു.

‘നീ എന്നെ വിഡ്‌ഢി​യാ​ക്കി,’ ബിലെ​യാം പറയുന്നു. ‘എന്റെ കയ്യിൽ ഒരു വാൾ ഉണ്ടായി​രു​ന്നെ​ങ്കിൽ ഞാൻ നിന്നെ കൊന്നു​ക​ള​ഞ്ഞേ​നെ!’

‘ഇതിനു മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും ഞാൻ ഇങ്ങനെ ചെയ്‌തി​ട്ടു​ണ്ടോ?,’ കഴുത ചോദി​ക്കു​ന്നു.

‘ഇല്ല,’ ബിലെ​യാം പറയുന്നു.

അപ്പോൾ കൈയിൽ വാളു​മാ​യി വഴിയിൽ നിൽക്കുന്ന ദൂതനെ ബിലെ​യാം കാണാൻ യഹോവ ഇടയാ​ക്കു​ന്നു. ദൂതൻ പറയുന്നു, ‘നീ നിന്റെ കഴുതയെ അടിച്ചത്‌ എന്തിന്‌? ഇസ്രാ​യേ​ലി​നെ ശപിക്കാൻ നീ പോകാൻ പാടി​ല്ലാ​ത്ത​തി​നാൽ നിന്റെ വഴി മുടക്കാ​നാ​ണു ഞാൻ വന്നിരി​ക്കു​ന്നത്‌. നിന്റെ കഴുത എന്നിൽനിന്ന്‌ അകന്നു​പോ​യി​രു​ന്നി​ല്ലെ​ങ്കിൽ ഞാൻ നിന്നെ കൊല്ലു​മാ​യി​രു​ന്നു, പക്ഷേ കഴുതയെ ഞാൻ വെറുതെ വിടു​മാ​യി​രു​ന്നു.’

ബിലെ​യാം പറയുന്നു, ‘ഞാൻ പാപം ചെയ്‌തി​രി​ക്കു​ന്നു. നീ വഴിയിൽ നിൽക്കുന്ന കാര്യം ഞാൻ അറിഞ്ഞില്ല.’ കടന്നു​പോ​കാൻ ദൂതൻ ബിലെ​യാ​മി​നെ അനുവ​ദി​ക്കു​മ്പോൾ അവൻ ബാലാ​ക്കി​ന്റെ അടു​ത്തേ​ക്കു​ള്ള യാത്ര തുടരു​ന്നു. അവൻ ഇസ്രാ​യേ​ലി​നെ ശപിക്കാൻ ശ്രമി​ക്കു​ന്നു. പക്ഷേ മൂന്നു പ്രാവ​ശ്യം അവൻ ഇസ്രാ​യേ​ലി​നെ അനു​ഗ്ര​ഹി​ക്കാൻ യഹോവ ഇടയാ​ക്കു​ന്നു.