വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 43

യോശുവ നേതാവാകുന്നു

യോശുവ നേതാവാകുന്നു

ഇസ്രാ​യേ​ല്യ​രോ​ടൊ​പ്പം കനാൻദേ​ശ​ത്തേ​ക്കു പോകാൻ മോശെ ആഗ്രഹി​ക്കു​ന്നു. അവൻ ചോദി​ക്കു​ന്നു: ‘യഹോവേ, അടിയൻ യോർദ്ദാൻ കടന്ന്‌ ആ നല്ല ദേശം ഒന്നു കണ്ടു​കൊ​ള്ള​ട്ടെ.’ എന്നാൽ യഹോവ പറയുന്നു: ‘മതി! ഇക്കാര്യം ഇനി എന്നോടു പറയു​ക​യേ വേണ്ട!’ യഹോവ അങ്ങനെ പറഞ്ഞത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും?

മോശെ പാറയെ അടിച്ച​പ്പോൾ സംഭവിച്ച കാര്യം ഓർമ​യി​ല്ലേ? ആ സമയത്ത്‌ മോ​ശെ​യും അഹരോ​നും യഹോ​വ​യ്‌ക്കു പുകഴ്‌ച നൽകി​യി​ല്ല. പാറയിൽനി​ന്നു വെള്ളം കൊടു​ത്തത്‌ യഹോ​വ​യാ​ണെന്ന്‌ അവർ ജനത്തോ​ടു പറഞ്ഞില്ല. അതു​കൊ​ണ്ടാണ്‌ കനാനി​ലേ​ക്കു പോകാൻ അവരെ അനുവ​ദി​ക്കി​ല്ലെ​ന്നു യഹോവ പറഞ്ഞത്‌.

അതു​കൊണ്ട്‌ അഹരോൻ മരിച്ച്‌ കുറെ മാസങ്ങൾ കഴിഞ്ഞ്‌ യഹോവ മോ​ശെ​യോ​ടു പറയുന്നു: ‘യോശു​വ​യെ മഹാപു​രോ​ഹി​ത​നാ​യ എലെയാ​സാ​രി​ന്റെ​യും ജനത്തി​ന്റെ​യും മുമ്പാകെ നിറു​ത്തു​ക. അവിടെ എല്ലാവ​രു​ടെ​യും മുമ്പാകെ യോശു​വ​യാണ്‌ അടുത്ത നേതാവ്‌ എന്നു പറയുക.’ ഇവിടെ കൊടു​ത്തി​രി​ക്കു​ന്ന ചിത്രം കണ്ടോ? യഹോവ പറഞ്ഞതു​പോ​ലെ​ത​ന്നെ മോശെ ചെയ്യുന്നു.

അപ്പോൾ യഹോവ യോശു​വ​യോട്‌ ഇങ്ങനെ പറയുന്നു: ‘ബലപ്പെ​ടു​ക, പേടി​ക്ക​രുത്‌. ഞാൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കു​ന്ന കനാൻ നാട്ടി​ലേക്ക്‌ ഇസ്രാ​യേ​ല്യ​രെ നീ നയിക്കും. ഞാൻ നിന്നോ​ടു കൂടെ​യുണ്ട്‌.’

പിന്നീട്‌ മോവാബ്‌ ദേശത്തി​ലെ നെബോ മലയുടെ മുകളിൽ കയറാൻ യഹോവ മോ​ശെ​യോ​ടു പറയുന്നു. അവിടെ നിന്നു​കൊണ്ട്‌ യോർദ്ദാൻ നദിയു​ടെ അപ്പുറ​ത്തു​ള്ള സുന്ദര​മാ​യ കനാൻദേ​ശം മോശെ കാണുന്നു. യഹോവ പറയുന്നു: ‘അബ്രാ​ഹാ​മി​ന്റെ​യും യിസ്‌ഹാ​ക്കി​ന്റെ​യും യാക്കോ​ബി​ന്റെ​യും മക്കൾക്കു കൊടു​ക്കു​മെ​ന്നു ഞാൻ വാഗ്‌ദാ​നം ചെയ്‌ത ദേശം ഇതാണ്‌. അതു കാണാൻ ഞാൻ നിന്നെ അനുവ​ദി​ച്ചി​രി​ക്കു​ന്നു, പക്ഷേ അതിൽ കടക്കാൻ ഞാൻ നിന്നെ അനുവ​ദി​ക്കു​ക​യി​ല്ല.’

നെബോ മലയുടെ മുകളിൽവെ​ച്ചു​ത​ന്നെ മോശെ മരിക്കു​ന്നു. അവനു 120 വയസ്സാ​യി​രു​ന്നു. അപ്പോ​ഴും അവനു നല്ല ആരോ​ഗ്യ​വും കാഴ്‌ച​ശ​ക്തി​യും ഉണ്ടായി​രു​ന്നു. ജനം അവന്റെ മരണത്തിൽ സങ്കട​പ്പെ​ട്ടു കരയുന്നു. എന്നാൽ പുതിയ നേതാ​വാ​യി യോശുവ ഉള്ളതിൽ അവർ സന്തുഷ്ട​രാണ്‌.