വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 59

ദാവീദ്‌ ഓടിപ്പോകേണ്ടി വരുന്നതിന്റെ കാരണം

ദാവീദ്‌ ഓടിപ്പോകേണ്ടി വരുന്നതിന്റെ കാരണം

ദാവീദ്‌ ഗൊല്യാ​ത്തി​നെ കൊന്ന​ശേ​ഷം ഇസ്രാ​യേ​ലി​ന്റെ സേനാ​ധി​പ​തി​യാ​യ അബ്‌നേർ അവനെ ശൗലിന്റെ അടുക്ക​ലേ​ക്കു കൊണ്ടു​വ​രു​ന്നു. ശൗലിനു ദാവീ​ദി​നെ വളരെ​യ​ധി​കം ഇഷ്ടമാ​കു​ന്നു. അവൻ ദാവീ​ദി​നെ തന്റെ സൈന്യ​ത്തി​ലെ ഒരു പ്രധാ​നി​യാ​ക്കു​ക​യും രാജാ​വി​ന്റെ ഭവനത്തിൽ പാർപ്പി​ക്കു​ക​യും ചെയ്യുന്നു.

പിന്നീട്‌, സൈന്യം ഫെലി​സ്‌ത്യ​രു​മാ​യി യുദ്ധം ചെയ്‌തു തിരി​ച്ചു​വ​രു​മ്പോൾ സ്‌ത്രീ​കൾ ഇങ്ങനെ പാടുന്നു: ‘ശൗൽ ആയിരത്തെ കൊന്നു, ദാവീ​ദോ പതിനാ​യി​ര​ത്തെ.’ ഇത്‌ ശൗലിനെ അസൂയാ​ലു​വാ​ക്കു​ന്നു, എന്തു​കൊ​ണ്ടെ​ന്നാൽ ശൗലി​നെ​ക്കാ​ള​ധി​കം ബഹുമാ​നം ദാവീ​ദി​നു കിട്ടുന്നു. എന്നാൽ ശൗലിന്റെ മകനായ യോനാ​ഥാൻ അസൂയാ​ലു​വല്ല. അവൻ ദാവീ​ദി​നെ വളരെ​യ​ധി​കം സ്‌നേ​ഹി​ക്കു​ന്നു, ദാവീദ്‌ തിരി​ച്ചും. അതു​കൊണ്ട്‌ തങ്ങൾ എപ്പോ​ഴും മിത്ര​ങ്ങ​ളാ​യി​രി​ക്കു​മെന്ന്‌ അവർ പരസ്‌പ​രം വാഗ്‌ദാ​നം ചെയ്യുന്നു.

ദാവീദ്‌ വളരെ നല്ല ഒരു കിന്നരം വായന​ക്കാ​ര​നാണ്‌; അവൻ കിന്നര​ത്തിൽ മീട്ടുന്ന സംഗീതം ശൗലിന്‌ ഇഷ്ടമാണ്‌. എന്നാൽ ഒരു ദിവസം ശൗൽ അസൂയ നിമിത്തം വളരെ മോശ​മാ​യ ഒരു കാര്യം ചെയ്യുന്നു. ദാവീദ്‌ കിന്നരം വായി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ, ‘ഞാൻ ദാവീ​ദി​നെ ചുവ​രോ​ടു ചേർത്തു തറയ്‌ക്കും!’ എന്നു പറഞ്ഞു​കൊണ്ട്‌ ശൗൽ തന്റെ കുന്ത​മെ​ടുത്ത്‌ എറിയു​ന്നു, എന്നാൽ ദാവീദ്‌ ഒഴിഞ്ഞു​മാ​റി, കുന്തം അവന്റെ ദേഹത്തു തറച്ചില്ല. പിന്നീട്‌ ശൗൽ വീണ്ടും അവന്റെ നേർക്ക്‌ കുന്തം എറിയു​ന്നെ​ങ്കി​ലും അതു കൊള്ളാ​തെ പോകു​ന്നു. താൻ വളരെ ജാഗ്രത പുലർത്തേ​ണ്ട​തു​ണ്ടെന്ന്‌ ദാവീദ്‌ ഇപ്പോൾ മനസ്സി​ലാ​ക്കു​ന്നു.

ശൗൽ മുമ്പ്‌ ഒരു വാഗ്‌ദാ​നം ചെയ്‌തി​രു​ന്ന​ല്ലോ, ഗൊല്യാ​ത്തി​നെ കൊല്ലുന്ന പുരു​ഷന്‌ തന്റെ മകളെ ഭാര്യ​യാ​യി നൽകു​മെന്ന്‌. അവസാനം, തന്റെ മകളായ മീഖളി​നെ ഭാര്യ​യാ​യി നൽകാ​മെന്ന്‌ ശൗൽ ദാവീ​ദി​നോ​ടു പറയുന്നു; പക്ഷേ, ആദ്യം അവൻ 100 ഫെലി​സ്‌ത്യ ശത്രു​ക്ക​ളെ വധിക്കണം. അതേക്കു​റി​ച്ചു ചിന്തിക്കൂ! ഫെലി​സ്‌ത്യർ ദാവീ​ദി​നെ കൊല്ലു​മെന്ന്‌ ശൗൽ യഥാർഥ​ത്തിൽ പ്രത്യാ​ശി​ക്കു​ന്നു. എന്നാൽ അങ്ങനെ സംഭവി​ക്കു​ന്നി​ല്ല; അതു​കൊണ്ട്‌ ശൗൽ തന്റെ മകളെ ദാവീ​ദി​നു ഭാര്യ​യാ​യി കൊടു​ക്കു​ന്നു.

ഒരിക്കൽ ശൗൽ യോനാ​ഥാ​നോ​ടും തന്റെ സകല ദാസന്മാ​രോ​ടും താൻ ദാവീ​ദി​നെ കൊല്ലാൻ ആഗ്രഹി​ക്കു​ന്നെ​ന്നു പറയുന്നു. എന്നാൽ യോനാ​ഥാൻ അപ്പനോട്‌ ഇങ്ങനെ പറയുന്നു: ‘ദാവീ​ദി​നെ ഉപദ്ര​വി​ക്ക​രു​തേ. അവൻ അങ്ങേക്കു യാതൊ​രു ദോഷ​വും ഒരിക്ക​ലും ചെയ്‌തി​ട്ടി​ല്ല​ല്ലോ. അവൻ ചെയ്‌തി​ട്ടു​ള്ള​തൊ​ക്കെ​യും അങ്ങേക്കു വളരെ സഹായ​മാ​യി​ത്തീർന്നി​ട്ടേ​യു​ള്ളൂ. അവൻ തന്റെ ജീവൻ പണയ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാണ്‌ ഗൊല്യാ​ത്തി​നെ കൊന്നത്‌; അത്‌ അങ്ങയെ വളരെ സന്തുഷ്ട​നാ​ക്കി​യ​ല്ലോ.’

ശൗൽ തന്റെ മകൻ പറയു​ന്ന​തു കേൾക്കു​ന്നു; ദാവീ​ദി​നെ ഉപദ്ര​വി​ക്കി​ല്ലെന്ന്‌ അവൻ വാക്കു കൊടു​ക്കു​ന്നു; ദാവീ​ദി​നെ തിരികെ കൊണ്ടു​വ​രു​ന്നു. അവൻ മുമ്പ​ത്തെ​പ്പോ​ലെ​ത​ന്നെ രാജധാ​നി​യിൽ ശൗലിനെ സേവി​ക്കു​ന്നു. എങ്കിലും ഒരു ദിവസം ദാവീദ്‌ സംഗീ​തോ​പ​ക​ര​ണം വായി​ക്കു​മ്പോൾ ശൗൽ ദാവീ​ദി​ന്റെ നേർക്ക്‌ വീണ്ടും കുന്തം എറിയു​ന്നു. ദാവീദ്‌ തെന്നി​മാ​റു​ന്നു; കുന്തം ചുവരിൽ ചെന്നു തറയ്‌ക്കു​ന്നു. ഇതു മൂന്നാം പ്രാവ​ശ്യ​മാണ്‌! താൻ ഇപ്പോൾ ഓടി​പ്പോ​കേ​ണ്ട​താ​ണെന്നു ദാവീദ്‌ മനസ്സി​ലാ​ക്കു​ന്നു!

ആ രാത്രി​യിൽ ദാവീദ്‌ തന്റെ സ്വന്തം വീട്ടി​ലേ​ക്കു പോകു​ന്നു. എന്നാൽ അവനെ കൊ​ല്ലേ​ണ്ട​തിന്‌ ശൗൽ ചില ആളുകളെ അയയ്‌ക്കു​ന്നു. തന്റെ അപ്പൻ ചെയ്യാൻ ആലോ​ചി​ക്കു​ന്ന സംഗതി മീഖൾ മനസ്സി​ലാ​ക്കു​ന്നു. അതു​കൊണ്ട്‌ അവൾ തന്റെ ഭർത്താ​വി​നോട്‌ ഇങ്ങനെ പറയുന്നു: ‘ഇന്നു രാത്രി​യിൽ അങ്ങ്‌ ഓടി രക്ഷപ്പെ​ടു​ന്നി​ല്ലെ​ങ്കിൽ നാളെ അങ്ങു മരി​ക്കേ​ണ്ടി​വ​രും.’ ആ രാത്രി​യിൽ ഒരു ജനാല​യിൽക്കൂ​ടി രക്ഷപ്പെ​ടാൻ മീഖൾ ദാവീ​ദി​നെ സഹായി​ക്കു​ന്നു. ശൗൽ തന്നെ കണ്ടെത്താ​തി​രി​ക്കേ​ണ്ട​തിന്‌ ദാവീ​ദിന്‌ ഏതാണ്ട്‌ ഏഴു വർഷ​ത്തോ​ളം പല ഇടങ്ങളി​ലാ​യി ഒളിച്ചു താമസി​ക്കേ​ണ്ട​താ​യി വരുന്നു.