വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 60

അബീഗയിലും ദാവീദും

അബീഗയിലും ദാവീദും

ദാവീ​ദി​ന്റെ അടു​ത്തേ​ക്കു നടന്നു വരുന്ന ഈ സുന്ദരി ആരാ​ണെന്ന്‌ അറിയാ​മോ? അവളുടെ പേര്‌ അബീഗ​യിൽ എന്നാണ്‌. അവൾ വിവേ​ക​മ​തി​യാണ്‌; ഒരു ദോഷം പ്രവർത്തി​ക്കു​ന്ന​തിൽനിന്ന്‌ അവൾ ദാവീ​ദി​നെ തടയുന്നു. എന്നാൽ അത്‌ എന്തായി​രു​ന്നു​വെ​ന്നു മനസ്സി​ലാ​ക്കു​ന്ന​തി​നു​മുമ്പ്‌, ദാവീദ്‌ ഇതുവരെ എന്തു ചെയ്യു​ക​യാ​യി​രു​ന്നു എന്നു നമുക്കു നോക്കാം.

ദാവീദ്‌ ശൗലിന്റെ അടുത്തു​നിന്ന്‌ ഓടി​പ്പോ​യ​ശേ​ഷം ഒരു ഗുഹയിൽ ഒളിച്ചു താമസി​ക്കു​ന്നു. അവന്റെ സഹോ​ദ​ര​ന്മാ​രും മറ്റു കുടും​ബാം​ഗ​ങ്ങ​ളും അവിടെ അവനോ​ടു ചേരുന്നു. മൊത്തം ഏതാണ്ട്‌ 400 പേർ അവന്റെ അടുക്ക​ലേ​ക്കു വരുന്നു; ദാവീദ്‌ അവരുടെ നേതാ​വാ​യി​ത്തീ​രു​ന്നു. ദാവീദ്‌ പിന്നെ മോവാ​ബി​ലെ രാജാ​വി​ന്റെ അടുക്കൽ ചെന്ന്‌ ഇങ്ങനെ പറയുന്നു: ‘എനിക്ക്‌ എന്തു സംഭവി​ക്കു​മെന്ന്‌ അറിയു​ന്ന​തു​വ​രെ എന്റെ അപ്പനും അമ്മയും നിങ്ങളു​ടെ അടുക്കൽ പാർക്കാൻ അനുവ​ദി​ക്കേ​ണ​മേ.’ പിന്നീട്‌ ദാവീ​ദും അവന്റെ ആളുക​ളും കുന്നു​ക​ളിൽ ഒളിച്ചു പാർക്കാൻ തുടങ്ങു​ന്നു.

ഇതിനു ശേഷമാണ്‌ ദാവീദ്‌ അബീഗ​യി​ലി​നെ കാണു​ന്നത്‌. അവളുടെ ഭർത്താ​വാ​യ നാബാൽ ഒരു വലിയ പണക്കാ​ര​നാണ്‌. അവനു സ്വന്തമാ​യി വളരെ ഭൂമി​യും 3,000 ചെമ്മരി​യാ​ടു​ക​ളും 1,000 കോലാ​ടു​ക​ളു​മുണ്ട്‌. നാബാൽ ഒരു ദുഷ്ടനാണ്‌. പക്ഷേ അവന്റെ ഭാര്യ അബീഗ​യിൽ അങ്ങനെയല്ല. അവൾ വളരെ സുന്ദരി​യും ശരിയാ​യി കാര്യങ്ങൾ ചെയ്യു​ന്ന​വ​ളു​മാണ്‌. ഒരിക്കൽ അവൾ തന്റെ കുടും​ബ​ത്തെ രക്ഷിക്കുക പോലും ചെയ്യുന്നു. അതെങ്ങ​നെ​യെ​ന്നു നമുക്കു നോക്കാം.

ദാവീ​ദും അവന്റെ ആളുക​ളും നാബാ​ലി​നോ​ടു ദയ കാണി​ച്ചി​രു​ന്നു. അവന്റെ ആടുകളെ ആപത്തു​ക​ളിൽനി​ന്നു കാക്കു​ന്ന​തിന്‌ അവർ സഹായി​ച്ചി​ട്ടുണ്ട്‌. അതു​കൊണ്ട്‌ ഒരു ദിവസം, നാബാ​ലി​നോട്‌ ഒരു ഉപകാരം ചോദി​ക്കാ​നാ​യി ദാവീദ്‌ തന്റെ ആളുക​ളിൽ ചിലരെ അയയ്‌ക്കു​ന്നു. നാബാ​ലും അവന്റെ സഹായി​ക​ളും ആടുക​ളു​ടെ രോമം കത്രി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ദാവീ​ദി​ന്റെ ആളുകൾ അവന്റെ അടുക്ക​ലേ​ക്കു വരുന്നു. അത്‌ ഒരു വിരുന്നു ദിവസ​മാണ്‌; നാബാ​ലി​ന്റെ വീട്ടിൽ ധാരാളം നല്ല ഭക്ഷണസാ​ധ​ന​ങ്ങ​ളുണ്ട്‌. അതു​കൊണ്ട്‌ ദാവീ​ദി​ന്റെ ആളുകൾ ഇങ്ങനെ പറയുന്നു: ‘ഞങ്ങൾ നിന്നോ​ടു ദയകാ​ണി​ച്ചി​ട്ടുണ്ട്‌. നിന്റെ ആടുക​ളി​ലൊ​ന്നി​നെ​യും ഞങ്ങൾ മോഷ്ടി​ച്ചി​ട്ടി​ല്ല, അവയെ സംരക്ഷി​ക്കാൻ ഞങ്ങൾ സഹായി​ച്ചി​ട്ടേ​യു​ള്ളൂ. ഇപ്പോൾ ദയവു​ചെ​യ്‌ത്‌ നീ ഞങ്ങൾക്ക്‌ അൽപ്പം ആഹാരം തരേണം.’

‘നിങ്ങ​ളെ​പ്പോ​ലു​ള്ള​വർക്ക്‌ ഞാൻ ആഹാരം തരിക​യി​ല്ല’ എന്നു നാബാൽ പറയുന്നു. അവൻ അവരെ നിന്ദി​ക്കു​ക​യും ദാവീ​ദി​നെ കുറിച്ചു മോശ​മാ​യി സംസാ​രി​ക്കു​ക​യും ചെയ്യുന്നു. പോയവർ തിരി​ച്ചു​വന്ന്‌ നടന്ന​തെ​ല്ലാം ദാവീ​ദി​നോ​ടു പറയു​മ്പോൾ അവനു ദേഷ്യം സഹിക്കാൻ കഴിയു​ന്നി​ല്ല. ‘നിങ്ങളു​ടെ വാൾ എടുക്കുക!’ എന്ന്‌ അവൻ തന്റെ ആളുക​ളോ​ടു പറയുന്നു. നാബാ​ലി​നെ​യും അവന്റെ ആളുക​ളെ​യും കൊന്നു​ക​ള​യാ​നാ​യി അവർ പുറ​പ്പെ​ടു​ന്നു.

ദാവീ​ദി​ന്റെ ആളുകളെ നാബാൽ നിന്ദിച്ച്‌ അയയ്‌ക്കു​ന്ന​തു കേട്ട നാബാ​ലി​ന്റെ ഒരു ദാസൻ ചെന്ന്‌ സംഭവി​ച്ച​തെ​ല്ലാം അബീഗ​യി​ലി​നെ അറിയി​ക്കു​ന്നു. ഉടൻതന്നെ അബീഗ​യിൽ കുറെ ആഹാരം തയ്യാറാ​ക്കു​ന്നു. അവൾ അത്‌ കഴുത​ക​ളു​ടെ പുറത്തു കയറ്റി യാത്ര തിരി​ക്കു​ന്നു. വഴിക്കു​വെച്ച്‌ ദാവീ​ദി​നെ കാണു​മ്പോൾ അവൾ കഴുത​പ്പു​റ​ത്തു​നി​ന്നി​റങ്ങി കുമ്പിട്ട്‌ ഇങ്ങനെ പറയുന്നു: ‘യജമാ​ന​നേ, എന്റെ ഭർത്താ​വാ​യ നാബാൽ പറഞ്ഞത്‌ അങ്ങു കാര്യ​മാ​ക്ക​രു​തേ. അയാൾ ഒരു വിഡ്‌ഢി​യാണ്‌; വിഡ്‌ഢി​ത്ത​മാ​ണു പ്രവർത്തി​ക്കു​ന്ന​തും. ഇതാ ഒരു സമ്മാനം. ദയവു ചെയ്‌ത്‌ ഇതു സ്വീക​രിച്ച്‌, അടിയ​ങ്ങ​ളോ​ടു ക്ഷമി​ക്കേ​ണ​മേ.’

‘നീ ബുദ്ധി​യു​ള്ള ഒരു സ്‌ത്രീ​യാണ്‌’ എന്ന്‌ ദാവീദ്‌ പറയുന്നു. ‘നാബാ​ലി​നെ കൊന്ന്‌ അവന്റെ ദുഷ്ടത​യ്‌ക്കു പകരം ചോദി​ക്കു​ന്ന​തിൽനിന്ന്‌ നീ എന്നെ തടഞ്ഞി​രി​ക്കു​ന്നു. ഇപ്പോൾ സമാധാ​ന​ത്തോ​ടെ വീട്ടി​ലേ​ക്കു പോകുക.’ പിന്നീട്‌ നാബാൽ മരിക്കു​മ്പോൾ അബീഗ​യിൽ ദാവീ​ദി​ന്റെ ഭാര്യ​മാ​രിൽ ഒരുവ​ളാ​യി​ത്തീ​രു​ന്നു.