വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 79

ദാനീയേൽ സിംഹക്കുഴിയിൽ

ദാനീയേൽ സിംഹക്കുഴിയിൽ

നോക്കൂ! ദാനീ​യേൽ വലിയ കുഴപ്പ​ത്തിൽ അകപ്പെ​ട്ടി​രി​ക്കു​ക​യാ​ണ​ല്ലോ. എന്നാൽ സിംഹങ്ങൾ അവനെ ഉപദ്ര​വി​ക്കു​ന്നി​ല്ല! കാരണ​മെ​ന്താ​ണെന്ന്‌ അറിയാ​മോ? ദാനീ​യേ​ലി​നെ ഈ സിംഹ​ക്കൂ​ട്ടിൽ പിടി​ച്ചി​ട്ട​താ​രാണ്‌? നമുക്കു കണ്ടുപി​ടി​ക്കാം.

ഇപ്പോൾ ദാര്യാ​വേശ്‌ ആണ്‌ ബാബി​ലോ​ണി​ലെ രാജാവ്‌. വളരെ ദയാലു​വും ബുദ്ധി​മാ​നു​മാ​യ ദാനീ​യേ​ലി​നെ രാജാ​വി​നു വളരെ ഇഷ്ടമാണ്‌. ദാര്യാ​വേശ്‌ ദാനീ​യേ​ലി​നെ തന്റെ രാജ്യത്തെ ഒരു പ്രധാന ഭരണാ​ധി​കാ​രി​യാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നു. രാജ്യ​ത്തി​ലെ മറ്റു പുരു​ഷ​ന്മാർക്ക്‌ ദാനീ​യേ​ലി​നോട്‌ അസൂയ തോന്നാൻ ഇത്‌ ഇടയാ​ക്കു​ന്നു. അതു​കൊണ്ട്‌ അവർ എന്താണു ചെയ്യു​ന്ന​തെ​ന്നോ?

അവർ ദാര്യാ​വേ​ശി​ന്റെ അടുക്കൽ ചെന്ന്‌ ഇങ്ങനെ പറയുന്നു: ‘രാജാവേ, 30 ദിവസ​ത്തേക്ക്‌ തിരു​മേ​നി​യോ​ട​ല്ലാ​തെ യാതൊ​രു ദൈവ​ത്തോ​ടോ മനുഷ്യ​നോ​ടോ ആരും പ്രാർഥി​ക്ക​രു​തെ​ന്നു കൽപ്പി​ക്കു​ന്ന ഒരു നിയമം ഉണ്ടാക്കു​ന്ന​തു നല്ലതാ​യി​രി​ക്കു​മെന്ന്‌ ഞങ്ങൾക്കെ​ല്ലാ​വർക്കും തോന്നു​ന്നു. ആരെങ്കി​ലും ആ കൽപ്പന അനുസ​രി​ക്കാ​തി​രു​ന്നാൽ അവരെ സിംഹ​ക്കു​ഴി​യിൽ എറിയണം.’ ഇങ്ങനെ​യൊ​രു നിയമ​മു​ണ്ടാ​ക്കാൻ അവർ ആഗ്രഹി​ക്കു​ന്ന​തി​ന്റെ കാരണം ദാര്യാ​വേ​ശിന്‌ അറിയില്ല. എന്നാൽ അതൊരു നല്ല കാര്യ​മാ​ണെന്ന്‌ അവനു തോന്നു​ന്നു; അതു​കൊണ്ട്‌ അവൻ ഈ നിയമം എഴുതി​വെ​ക്കാൻ കൽപ്പി​ക്കു​ന്നു. ഇനി അതു മാറ്റാൻ സാധ്യമല്ല.

ദാനീ​യേൽ ആ നിയമ​ത്തെ​ക്കു​റി​ച്ചു കേൾക്കു​ന്നെ​ങ്കി​ലും വീട്ടിൽച്ചെന്ന്‌ പതിവു​പോ​ലെ പ്രാർഥി​ക്കു​ന്നു. അവൻ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്ന​തു നിറു​ത്തി​ക്ക​ള​യു​ക​യി​ല്ലെന്ന്‌ ആ ദുഷ്ടമ​നു​ഷ്യർക്ക്‌ അറിയാ​മാ​യി​രു​ന്നു. അവർക്കി​പ്പോൾ വലിയ സന്തോ​ഷ​മാ​യി, തങ്ങളുടെ ആഗ്രഹം പോ​ലെ​ത​ന്നെ എത്രയും വേഗം ദാനീ​യേ​ലി​നെ​ക്കൊ​ണ്ടുള്ള ശല്യം തീർന്നു​കി​ട്ടു​മെന്ന്‌ അവർ വിചാ​രി​ക്കു​ന്നു.

ഈ മനുഷ്യർ ആ നിയമ​മു​ണ്ടാ​ക്കാൻ ആഗ്രഹി​ച്ച​തി​ന്റെ കാരണം മനസ്സി​ലാ​ക്കു​മ്പോൾ ദാര്യാ​വേശ്‌ രാജാ​വി​നു വളരെ ദുഃഖം തോന്നു​ന്നു. എന്നാൽ നിയമം ഉണ്ടാക്കി​പ്പോ​യി, അതു മാറ്റാൻ കഴിയില്ല; അതു​കൊണ്ട്‌ മനസ്സി​ല്ലാ​മ​ന​സ്സോ​ടെ ആണെങ്കി​ലും ദാനീ​യേ​ലി​നെ സിംഹ​ക്കു​ഴി​യിൽ എറിയാൻ രാജാവു കൽപ്പി​ക്കു​ന്നു. എങ്കിലും രാജാവ്‌ ദാനീ​യേ​ലി​നോട്‌: ‘നീ സേവി​ക്കു​ന്ന നിന്റെ ദൈവം നിന്നെ രക്ഷിക്കു​മെ​ന്നു ഞാൻ പ്രത്യാ​ശി​ക്കു​ന്നു’ എന്നു പറയുന്നു.

ദാര്യാ​വേശ്‌ ആകെ അസ്വസ്ഥ​നാണ്‌, അവനു രാത്രി മുഴുവൻ ഉറങ്ങാൻ കഴിയു​ന്നി​ല്ല. അടുത്ത ദിവസം നേരം വെളു​ക്കു​മ്പോൾത്ത​ന്നെ അവൻ സിംഹ​ക്കു​ഴി​യു​ടെ അടു​ത്തേക്ക്‌ ഓടി​ച്ചെ​ല്ലു​ന്നു. ഈ ചിത്ര​ത്തിൽ അവനെ കണ്ടോ? അവൻ ഇങ്ങനെ വിളി​ച്ചു​പ​റ​യു​ന്നു: ‘ജീവനുള്ള ദൈവ​ത്തി​ന്റെ ദാസനായ ദാനീ​യേ​ലേ! നീ സേവി​ക്കു​ന്ന ദൈവ​ത്തിന്‌ നിന്നെ സിംഹ​ങ്ങ​ളിൽനി​ന്നു രക്ഷിക്കാൻ കഴിഞ്ഞോ?’

‘ദൈവം തന്റെ ദൂതനെ അയച്ച്‌ സിംഹ​ങ്ങ​ളു​ടെ വായ്‌ അടച്ചു, അതു​കൊണ്ട്‌ അവ എന്നെ ഉപദ്ര​വി​ച്ചി​ല്ല’ എന്നു ദാനീ​യേൽ ഉത്തരം പറയുന്നു.

രാജാ​വി​നു വളരെ സന്തോ​ഷ​മാ​യി. ദാനീ​യേ​ലി​നെ കുഴി​യിൽനി​ന്നു കയറ്റാൻ അവൻ കൽപ്പി​ക്കു​ന്നു. ദാനീ​യേ​ലി​നെ നശിപ്പി​ക്കാൻ ശ്രമിച്ച ദുഷ്ടന്മാ​രെ സിംഹ​ങ്ങ​ളു​ടെ മുമ്പി​ലേക്ക്‌ എറിഞ്ഞു​കൊ​ടു​ക്കാ​നും അവൻ തന്റെ ആളുക​ളോ​ടു പറയുന്നു. അവർ കുഴി​യു​ടെ അടിയിൽ എത്തുന്ന​തി​നു​മു​മ്പു​തന്നെ സിംഹങ്ങൾ അവരെ പിടി​കൂ​ടു​ക​യും അവരുടെ എല്ലൊ​ടി​ക്കു​ക​യും ചെയ്യുന്നു.

പിന്നെ ദാര്യാ​വേശ്‌ രാജാവ്‌ തന്റെ രാജ്യ​ത്തു​ള്ള സകല ജനങ്ങൾക്കും ഇങ്ങനെ എഴുതു​ന്നു: ‘എല്ലാവ​രും ദാനീ​യേ​ലി​ന്റെ ദൈവത്തെ ബഹുമാ​നി​ക്കേ​ണ്ട​താ​ണെന്നു ഞാൻ കൽപ്പി​ക്കു​ന്നു. അവൻ മഹാ അത്ഭുതങ്ങൾ പ്രവർത്തി​ക്കു​ന്ന​വ​നാണ്‌. ദാനീ​യേ​ലി​നെ സിംഹ​ങ്ങ​ളു​ടെ വായിൽനിന്ന്‌ അവൻ രക്ഷിച്ചു.’