വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 83

യെരൂശലേമിന്റെ മതിലുകൾ

യെരൂശലേമിന്റെ മതിലുകൾ

ഇവിടെ നടക്കുന്ന പണി കണ്ടോ? ഇസ്രാ​യേ​ല്യർ യെരൂ​ശ​ലേ​മി​ന്റെ മതിലു​കൾ പണിയു​ന്ന​തിൽ തിര​ക്കോ​ടെ ഏർപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. 152 വർഷം മുമ്പ്‌ നെബൂ​ഖ​ദ്‌നേ​സർ രാജാവ്‌ യെരൂ​ശ​ലേം നശിപ്പി​ച്ച​പ്പോൾ അവൻ മതിലു​കൾ ഇടിച്ചു​ക​ള​യു​ക​യും പട്ടണത്തി​ന്റെ വാതി​ലു​കൾ കത്തിക്കു​ക​യും ചെയ്‌തി​രു​ന്നു. ബാബി​ലോ​ണിൽനി​ന്നു മടങ്ങിവന്ന ഉടനെ ഇസ്രാ​യേ​ല്യർ മതിലു​കൾ വീണ്ടും പണിതു​യർത്തി​യി​ല്ല.

ചുറ്റും മതിലു​കൾ ഇല്ലാതെ അവർ ഇത്രയും വർഷം ജീവി​ച്ച​തി​നെ​ക്കു​റിച്ച്‌ ഒന്ന്‌ ഓർത്തു​നോ​ക്കൂ. എപ്പോൾ വേണ​മെ​ങ്കി​ലും ആപത്ത്‌ വരാം എന്ന പേടി​യാ​യി​രു​ന്നി​രി​ക്കണം അവർക്ക്‌ എപ്പോ​ഴും. ശത്രു​ക്കൾക്ക്‌ എളുപ്പ​ത്തിൽ അവി​ടേ​ക്കു​വന്ന്‌ അവരെ ആക്രമി​ക്കാ​മാ​യി​രു​ന്നു. എന്നാൽ ഇപ്പോൾ നെഹെ​മ്യാവ്‌ എന്നു പേരുള്ള ഈ മനുഷ്യൻ മതിലു​കൾ പുതു​ക്കി​പ്പ​ണി​യാൻ അവരെ സഹായി​ക്കു​ക​യാണ്‌. നെഹെ​മ്യാവ്‌ ആരാ​ണെന്ന്‌ അറിയാ​മോ?

മൊർദ്ദെ​ഖാ​യി​യും എസ്ഥേറും ജീവി​ക്കു​ന്ന പട്ടണമായ ശൂശെ​നിൽനി​ന്നു​ള്ള ഒരു ഇസ്രാ​യേ​ല്യ​നാണ്‌ നെഹെ​മ്യാവ്‌. അവനു രാജാ​വി​ന്റെ കൊട്ടാ​ര​ത്തി​ലാ​യി​രു​ന്നു ജോലി. അതു​കൊണ്ട്‌ അവൻ മൊർദ്ദെ​ഖാ​യി​യു​ടെ​യും എസ്ഥേർ രാജ്ഞി​യു​ടെ​യും ചങ്ങാതി ആയിരു​ന്നി​രി​ക്കാം. എന്നാൽ അവൻ എസ്ഥേറി​ന്റെ ഭർത്താ​വാ​യി​രു​ന്ന അഹശ്വേ​രോ​ശി​നെ സേവി​ച്ചി​രു​ന്ന​താ​യി ബൈബിൾ പറയു​ന്നി​ല്ല. അടുത്ത രാജാ​വാ​യ അർത്ഥഹ്‌ശ​ഷ്ടാ​വി​ന്റെ ജോലി​ക്കാ​ര​നാ​യി​രു​ന്നു അവൻ.

യഹോ​വ​യു​ടെ ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണിക്ക്‌ ആവശ്യ​മാ​യ പണം എസ്രാ​യ്‌ക്കു നൽകിയ നല്ല രാജാ​വാണ്‌ അർത്ഥഹ്‌ശ​ഷ്ടാവ്‌ എന്നോർക്കു​ക. പക്ഷേ എസ്രാ യെരൂ​ശ​ലേ​മി​ന്റെ തകർന്ന മതിലു​കൾ പണിതി​ല്ലാ​യി​രു​ന്നു. നെഹെ​മ്യാവ്‌ ഈ വേല ചെയ്യാ​നി​ട​യാ​യത്‌ എങ്ങനെ​യാ​ണെ​ന്നു നമുക്കു നോക്കാം.

ആലയത്തി​ന്റെ അറ്റകു​റ്റ​പ്പ​ണിക്ക്‌ ആവശ്യ​മാ​യ പണം നൽകി അർത്ഥഹ്‌ശ​ഷ്ടാവ്‌ എസ്രായെ പറഞ്ഞയച്ച്‌ 13 വർഷം കഴിഞ്ഞാണ്‌ ഇതു സംഭവി​ക്കു​ന്നത്‌. ഇപ്പോൾ നെഹെ​മ്യാവ്‌ അർത്ഥഹ്‌ശ​ഷ്ടാവ്‌ രാജാ​വി​ന്റെ പ്രധാന പാനപാ​ത്ര​വാ​ഹ​ക​നാണ്‌. അതായത്‌ അവൻ രാജാ​വി​നു വീഞ്ഞ്‌ ഒഴിച്ചു കൊടു​ക്കു​ക​യും അതിൽ വിഷം കലർന്നി​ട്ടി​ല്ലെന്ന്‌ ഉറപ്പു​വ​രു​ത്തു​ക​യും ചെയ്യണ​മാ​യി​രു​ന്നു. അത്‌ വളരെ പ്രധാ​ന​പ്പെട്ട ഒരു ജോലി​യാണ്‌.

ഒരിക്കൽ നെഹെ​മ്യാ​വി​ന്റെ സഹോ​ദ​ര​നാ​യ ഹനാനി​യും ഇസ്രാ​യേ​ലിൽനി​ന്നു​ള്ള മറ്റുചി​ല​രും അവനെ സന്ദർശി​ക്കു​ന്നു. ഇസ്രാ​യേ​ല്യ​രു​ടെ പല പ്രശ്‌ന​ങ്ങ​ളെ​ക്കു​റി​ച്ചും അവർ അവനോ​ടു പറയുന്നു. യെരൂ​ശ​ലേ​മി​ന്റെ മതിലു​കൾ ഇപ്പോ​ഴും തകർന്നു​ത​ന്നെ കിടക്കു​ക​യാ​ണെന്ന കാര്യ​വും അവർ അവനെ അറിയി​ക്കു​ന്നു. ഇതു കേൾക്കു​മ്പോൾ നെഹെ​മ്യാ​വി​നു വളരെ സങ്കടമാ​കു​ന്നു. അവൻ അതു സംബന്ധിച്ച്‌ യഹോ​വ​യോ​ടു പ്രാർഥി​ക്കു​ന്നു.

ഒരു ദിവസം, നെഹെ​മ്യാവ്‌ സങ്കട​പ്പെ​ട്ടി​രി​ക്കു​ന്ന​തു കണ്ട രാജാവ്‌ അവനോ​ടു ചോദി​ക്കു​ന്നു: ‘നീ ഇത്ര ദുഃഖി​ച്ചി​രി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌?’ യെരൂ​ശ​ലേ​മി​ന്റെ​യും അതിന്റെ മതിലു​ക​ളു​ടെ​യും മോശ​മാ​യ സ്ഥിതി ഓർത്തി​ട്ടാ​ണെന്ന്‌ അവൻ പറയുന്നു. ‘നിനക്ക്‌ എന്താണു വേണ്ടത്‌?’ രാജാവു ചോദി​ക്കു​ന്നു.

‘മതിലു​കൾ പുതു​ക്കി​പ്പ​ണി​യാൻ കഴി​യേ​ണ്ട​തിന്‌ യെരൂ​ശ​ലേ​മി​ലേ​ക്കു പോകാൻ എന്നെ അനുവ​ദി​ച്ചാ​ലും,’ അവൻ പറയുന്നു. അർത്ഥഹ്‌ശ​ഷ്ടാവ്‌ രാജാവ്‌ വളരെ ദയാലു​വാണ്‌. അവൻ നെഹെ​മ്യാ​വി​നു പോകാൻ അനുവാ​ദം നൽകുന്നു, മാത്രമല്ല ചില കെട്ടി​ട​ങ്ങൾ പണിയു​ന്ന​തിന്‌ ആവശ്യ​മാ​യ തടി ലഭിക്കാൻ വേണ്ട ഏർപ്പാ​ടു​ക​ളും ചെയ്യുന്നു. യെരൂ​ശ​ലേ​മി​ലേ​ക്കു വന്ന ഉടനെ നെഹെ​മ്യാവ്‌ തന്റെ വരവിന്റെ ഉദ്ദേശ്യം ജനത്തോ​ടു പറയുന്നു. അപ്പോൾ അവർ സന്തോ​ഷ​ത്തോ​ടെ പറയുന്നു, ‘വരൂ, നമുക്കു പണി തുടങ്ങാം.’

മതിലി​ന്റെ പണി പുരോ​ഗ​മി​ക്കു​ന്ന​തു കാണു​മ്പോൾ ഇസ്രാ​യേ​ല്യ​രു​ടെ ശത്രുക്കൾ ഇങ്ങനെ പറയുന്നു: ‘നമുക്കു ചെന്ന്‌ അവരെ കൊന്ന്‌ പണി തടയാം.’ എന്നാൽ ഇതേപ്പറ്റി കേൾക്കുന്ന നെഹെ​മ്യാവ്‌ പണിക്കാർക്ക്‌ വാളും കുന്തവും നൽകുന്നു. അവൻ പറയുന്നു, ‘നിങ്ങൾ ശത്രു​ക്ക​ളെ പേടി​ക്കാ​തി​രി​ക്കു​ക. നിങ്ങളു​ടെ സഹോ​ദ​ര​ന്മാർക്കും മക്കൾക്കും ഭാര്യ​മാർക്കും നിങ്ങളു​ടെ വീടു​കൾക്കും വേണ്ടി പൊരു​തു​ക.’

ആളുകൾക്കു നല്ല ധൈര്യ​മാണ്‌. രാത്രി​യും പകലും ജോലി ചെയ്യു​മ്പോ​ഴെ​ല്ലാം, ആവശ്യം വന്നാൽ ഉപയോ​ഗി​ക്കാ​നാ​യി അവർ ആയുധങ്ങൾ കൂടെ​ത്ത​ന്നെ വെക്കുന്നു. അങ്ങനെ വെറും 52 ദിവസ​ത്തി​നു​ള്ളിൽ മതിലി​ന്റെ പണി പൂർത്തി​യാ​കു​ന്നു. ഇപ്പോൾ ആളുകൾക്കു പേടി​കൂ​ടാ​തെ പാർക്കാൻ കഴിയും. നെഹെ​മ്യാ​വും എസ്രാ​യും ജനത്തെ ദൈവ​ത്തി​ന്റെ ന്യായ​പ്ര​മാ​ണ നിയമങ്ങൾ പഠിപ്പി​ക്കു​ന്നു. ജനം സന്തുഷ്ട​രാ​കു​ന്നു.

എന്നാൽ ഇപ്പോ​ഴും, ബാബി​ലോ​ണി​ലേ​ക്കു തടവു​കാ​രാ​യി പോകു​ന്ന​തി​നു മുമ്പുള്ള അവസ്ഥയി​ലേ​ക്കു കാര്യങ്ങൾ വന്നിട്ടില്ല. ഇപ്പോൾ ഇസ്രാ​യേ​ല്യ​രെ ഭരിക്കു​ന്നത്‌ പേർഷ്യൻ രാജാ​ക്ക​ന്മാ​രാണ്‌. ജനം അവരെ സേവി​ക്കേ​ണ്ട​തുണ്ട്‌. എന്നാൽ താൻ ഒരു പുതിയ രാജാ​വി​നെ അയയ്‌ക്കു​മെന്ന്‌ യഹോവ വാഗ്‌ദാ​നം ചെയ്‌തി​ട്ടുണ്ട്‌. ആ രാജാവ്‌ ജനങ്ങൾക്കു സമാധാ​നം വരുത്തും. ആരാണ്‌ ആ രാജാവ്‌? അവൻ ഭൂമി​യിൽ സമാധാ​നം കൊണ്ടു​വ​രു​ന്നത്‌ എങ്ങനെ​യാ​യി​രി​ക്കും? ഇതി​നെ​ക്കു​റിച്ച്‌ കൂടു​ത​ലൊ​ന്നും അറിയാ​തെ ഏകദേശം 450 വർഷം കടന്നു​പോ​കു​ന്നു. അത്രയും വർഷം കഴിഞ്ഞ​പ്പോൾ വളരെ പ്രധാ​ന​പ്പെട്ട ഒരു സംഭവം നടക്കുന്നു, ഒരു ശിശു ജനിക്കു​ന്നു. വളരെ പ്രാധാ​ന്യ​മു​ള്ള ആ ശിശു​വി​നെ​ക്കു​റിച്ച്‌ നമുക്കു മറ്റൊരു കഥയിൽ പഠിക്കാം.

നെഹെ​മ്യാവ്‌ 1 മുതൽ 6 വരെയുള്ള അധ്യാ​യ​ങ്ങൾ.