വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 86

ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു

ഒരു നക്ഷത്രം വഴികാണിച്ചു കൊടുക്കുന്നു

ഈ ആളുക​ളി​ലൊ​രാൾ ചൂണ്ടി​ക്കാ​ണി​ക്കു​ന്ന നല്ല ശോഭ​യു​ള്ള ആ നക്ഷത്രം കണ്ടോ? അവർ യെരൂ​ശ​ലേ​മിൽനി​ന്നു യാത്ര തിരി​ച്ച​പ്പോൾ ആ നക്ഷത്രം പ്രത്യ​ക്ഷ​പ്പെ​ട്ടു. അവർ കിഴക്കു​നി​ന്നു​ള്ള​വ​രാണ്‌. നക്ഷത്ര​ങ്ങ​ളെ​ക്കു​റി​ച്ചു പഠനം നടത്തു​ന്ന​വ​രാ​ണ​വർ. ഈ പുതിയ നക്ഷത്രം പ്രധാ​ന​പ്പെട്ട ഒരു വ്യക്തി​യു​ടെ അടു​ത്തേ​ക്കു​ള്ള വഴി തങ്ങൾക്കു കാണി​ച്ചു​ത​രി​ക​യാ​ണെന്ന്‌ അവർ വിശ്വ​സി​ക്കു​ന്നു.

യെരൂ​ശ​ലേ​മിൽ എത്തിയ​പ്പോൾ ആ മനുഷ്യർ ‘യഹൂദ​ന്മാ​രു​ടെ രാജാ​വാ​കാ​നി​രി​ക്കുന്ന കുട്ടി എവിടെ?’ എന്നു ചോദി​ച്ചു. ‘യഹൂദ​ന്മാർ’ എന്നത്‌ ഇസ്രാ​യേ​ല്യ​രു​ടെ മറ്റൊരു പേരാണ്‌. ‘ഞങ്ങൾ അവന്റെ നക്ഷത്രം ആദ്യം കിഴക്കു​വെ​ച്ചു കാണു​ക​യു​ണ്ടാ​യി. ഞങ്ങൾ അവനെ ആരാധി​ക്കാൻ വന്നിരി​ക്കു​ക​യാണ്‌’ എന്ന്‌ അവർ പറഞ്ഞു.

യെരൂ​ശ​ലേ​മി​ലെ രാജാ​വാ​യ ഹെരോ​ദാവ്‌ ഇതു കേട്ട​പ്പോൾ ആകെ അസ്വസ്ഥ​നാ​യി. തന്റെ സ്ഥാനത്ത്‌ മറ്റൊരു രാജാവു വരുന്നത്‌ അവന്‌ ഇഷ്ടമാ​യി​രു​ന്നി​ല്ല. അതു​കൊണ്ട്‌ ഹെരോ​ദാവ്‌ മഹാപു​രോ​ഹി​ത​ന്മാ​രെ വിളിച്ച്‌ അവരോട്‌ ‘വാഗ്‌ദത്ത രാജാവ്‌ എവി​ടെ​യാ​ണു ജനിക്കുക?’ എന്നു ചോദി​ച്ചു. ‘ബേത്ത്‌ലേ​ഹെ​മിൽ ജനിക്കും എന്നാണു ബൈബിൾ പറയു​ന്നത്‌’ എന്ന്‌ അവർ മറുപടി പറഞ്ഞു.

അതു​കൊണ്ട്‌ ഹെരോ​ദാവ്‌ കിഴക്കു​നി​ന്നു​ള്ള പുരു​ഷ​ന്മാ​രെ വിളിച്ച്‌ അവരോട്‌ ‘നിങ്ങൾ ചെന്ന്‌ കുട്ടി എവി​ടെ​യു​ണ്ടെന്ന്‌ അന്വേ​ഷി​പ്പിൻ. നിങ്ങൾ അവനെ കണ്ടെത്തി​ക്ക​ഴി​യു​മ്പോൾ എന്നെ അറിയി​ക്ക​ണം. എനിക്കും ചെന്ന്‌ അവനെ ആരാധി​ക്കാ​നാണ്‌’ എന്നു പറഞ്ഞു. എന്നാൽ ഹെരോ​ദാവ്‌ ആ കുട്ടിയെ അന്വേ​ഷി​ക്കു​ന്നത്‌ വാസ്‌ത​വ​ത്തിൽ അവനെ കൊല്ലാൻ വേണ്ടി​യാണ്‌!

അപ്പോൾ നക്ഷത്രം ആ മനുഷ്യർക്കു മുമ്പായി ബേത്ത്‌ലേ​ഹെ​മി​ലേ​ക്കു നീങ്ങുന്നു. കുട്ടി ഉള്ള വീട്‌ അവർക്കു കാണിച്ചു കൊടു​ക്കാൻ പാകത്തിന്‌ അതു വന്നു നിൽക്കു​ന്നു. ആ പുരു​ഷ​ന്മാർ അവിടെ ചെല്ലു​മ്പോൾ മറിയ​യെ​യും യേശു​വി​നെ​യും കാണുന്നു. അവർ അവനു സമ്മാനങ്ങൾ കൊടു​ക്കു​ന്നു. എന്നാൽ ഹെരോ​ദാ​വി​ന്റെ അടു​ത്തേ​ക്കു മടങ്ങി​പ്പോ​ക​രു​തെന്ന്‌ യഹോവ പിന്നീട്‌ ഒരു സ്വപ്‌ന​ത്തിൽ ആ മനുഷ്യർക്കു താക്കീതു നൽകുന്നു. അതു​കൊണ്ട്‌ അവർ മറ്റൊരു വഴിയാ​യി അവരുടെ സ്വന്തം ദേശ​ത്തേ​ക്കു മടങ്ങുന്നു.

കിഴക്കു​നി​ന്നു​ള്ള പുരു​ഷ​ന്മാർ സ്വന്തം ദേശ​ത്തേ​ക്കു മടങ്ങി​പ്പോ​യി എന്ന്‌ ഹെരോ​ദാവ്‌ മനസ്സി​ലാ​ക്കു​മ്പോൾ അവനു വളരെ​യ​ധി​കം കോപം ഉണ്ടാകു​ന്നു. അതു​കൊണ്ട്‌ അവൻ ബേത്ത്‌ലേ​ഹെ​മി​ലെ രണ്ടു വയസ്സും അതിൽ താഴെ​യു​മു​ള്ള എല്ലാ ആൺകു​ഞ്ഞു​ങ്ങ​ളെ​യും കൊന്നു​ക​ള​യ​ണ​മെന്ന കൽപ്പന നൽകുന്നു. എന്നാൽ യഹോവ യോ​സേ​ഫിന്‌ ഒരു സ്വപ്‌ന​ത്തിൽ അതു സംബന്ധിച്ച്‌ മുന്നറി​യി​പ്പു നൽകുന്നു. അങ്ങനെ യോ​സേഫ്‌ തന്റെ കുടും​ബ​ത്തെ​യും​കൊണ്ട്‌ ഈജി​പ്‌തി​ലേ​ക്കു രക്ഷപ്പെ​ടു​ന്നു. പിന്നീട്‌, ഹെരോ​ദാ​വു മരിച്ചു​പോ​യെന്ന്‌ അറിയു​മ്പോൾ അവൻ മറിയ​യെ​യും യേശു​വി​നെ​യും കൂട്ടി​ക്കൊണ്ട്‌ നസറെ​ത്തി​ലേ​ക്കു തിരി​ച്ചു​പോ​കു​ന്നു. ഇവി​ടെ​യാണ്‌ യേശു വളരു​ന്നത്‌.

ആ പുതിയ നക്ഷത്രം പ്രകാ​ശി​ക്കാൻ ഇടയാ​ക്കി​യത്‌ ആരായി​രി​ക്കും? നക്ഷത്രം കണ്ടു കഴിഞ്ഞ്‌ ആ പുരു​ഷ​ന്മാർ ആദ്യം പോയത്‌ യെരൂ​ശ​ലേ​മി​ലേ​ക്കാണ്‌ എന്ന കാര്യം ഓർക്കുക. ദൈവ​ത്തി​ന്റെ പുത്രനെ കൊല്ലാൻ പിശാ​ചാ​യ സാത്താൻ ആഗ്രഹി​ച്ചു. യെരൂ​ശ​ലേ​മി​ലെ ഹെരോ​ദാ രാജാവ്‌ അവനെ കൊല്ലാൻ ശ്രമി​ക്കു​മെന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. അതു​കൊണ്ട്‌ ആ നക്ഷത്രം പ്രകാ​ശി​ക്കാൻ ഇടയാ​ക്കി​യത്‌ സാത്താൻ ആയിരി​ക്ക​ണം.