വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കഥ 89

യേശു ആലയം ശുദ്ധിയാക്കുന്നു

യേശു ആലയം ശുദ്ധിയാക്കുന്നു

യേശു​വി​നെ നോക്കൂ. അവന്റെ മുഖത്ത്‌ എന്തൊരു ദേഷ്യ​മാ​ണെ​ന്നു കണ്ടോ? അവന്‌ ഇത്ര ദേഷ്യം വരാനുള്ള കാരണം എന്തായി​രി​ക്കും? യെരൂ​ശ​ലേം ദേവാ​ല​യ​ത്തി​ലെ ഈ മനുഷ്യർ വലിയ അത്യാ​ഗ്ര​ഹി​കൾ ആണെന്നു​ള്ള​താണ്‌ അതിന്റെ കാരണം. ദൈവത്തെ ആരാധി​ക്കാ​നാ​യി ഇവിടെ വന്നിരി​ക്കു​ന്ന​വ​രെ വഞ്ചിച്ച്‌ അവർ ധാരാളം പണം ഉണ്ടാക്കാൻ ശ്രമി​ക്കു​ക​യാണ്‌.

ആ കാളക്കി​ടാ​ക്ക​ളെ​യും ചെമ്മരി​യാ​ടു​ക​ളെ​യും പ്രാവു​ക​ളെ​യും ഒക്കെ കണ്ടോ? ഈ ആളുകൾ ഈ മൃഗങ്ങ​ളെ​യും പക്ഷിക​ളെ​യും ആലയത്തി​നു​ള്ളിൽവെ​ച്ചു​തന്നെ വിൽക്കു​ക​യാണ്‌. എന്തു​കൊ​ണ്ടാ​ണെ​ന്നോ? കാരണം ഇസ്രാ​യേ​ല്യർക്ക്‌ ദൈവ​ത്തി​നു യാഗം അർപ്പി​ക്കു​ന്ന​തിന്‌ മൃഗങ്ങ​ളെ​യും പക്ഷിക​ളെ​യും ആവശ്യ​മുണ്ട്‌.

ഒരു ഇസ്രാ​യേ​ല്യൻ തെറ്റു ചെയ്‌താൽ അവൻ ദൈവ​ത്തിന്‌ ഒരു യാഗം അർപ്പി​ക്കേ​ണം എന്നായി​രു​ന്നു ദൈവ​ത്തി​ന്റെ നിയമം. ഇസ്രാ​യേ​ല്യർ യാഗങ്ങൾ അർപ്പി​ക്കേ​ണ്ടി​യി​രു​ന്ന മറ്റ്‌ അവസര​ങ്ങ​ളും ഉണ്ടായി​രു​ന്നു. എന്നാൽ ദൈവ​ത്തിന്‌ യാഗം കഴിക്കാ​നു​ള്ള മൃഗങ്ങ​ളെ​യും പക്ഷിക​ളെ​യും അവർക്ക്‌ എങ്ങനെ കിട്ടു​മാ​യി​രു​ന്നു?

ചിലർക്ക്‌ പക്ഷിക​ളും മൃഗങ്ങ​ളും സ്വന്തമാ​യി ഉണ്ടായി​രു​ന്നു. അതു​കൊണ്ട്‌ അവർക്ക്‌ അവ അർപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു. എന്നാൽ ഇസ്രാ​യേ​ല്യ​രിൽ പലർക്കും സ്വന്തമാ​യി മൃഗങ്ങ​ളോ പക്ഷിക​ളോ ഇല്ലായി​രു​ന്നു. മറ്റു ചിലരാ​ണെ​ങ്കിൽ യെരൂ​ശ​ലേ​മിൽനി​ന്നു വളരെ അകലെ​യാ​ണു താമസി​ച്ചി​രു​ന്നത്‌, അതു​കൊണ്ട്‌ തങ്ങളുടെ മൃഗങ്ങ​ളിൽ ഒന്നിനെ ആലയത്തി​ലേ​ക്കു കൊണ്ടു​വ​രാൻ അവർക്കു കഴിയു​മാ​യി​രു​ന്നി​ല്ല. അതു​കൊണ്ട്‌ ആളുകൾ തങ്ങൾക്ക്‌ ആവശ്യ​മു​ള്ള മൃഗങ്ങ​ളെ​യോ പക്ഷിക​ളെ​യോ ഇവിടെ വന്നു വിലയ്‌ക്കു വാങ്ങി​യി​രു​ന്നു. എന്നാൽ ഈ മനുഷ്യർ ആളുക​ളിൽനിന്ന്‌ അന്യാ​യ​മാ​യ വിലയാ​ണു വാങ്ങി​യി​രു​ന്നത്‌. തന്നെയു​മല്ല അവർ ഇവിടെ ദൈവ​ത്തി​ന്റെ ആലയത്തിൽ വിൽപ്പന നടത്താ​നും പാടി​ല്ലാ​യി​രു​ന്നു.

യേശു​വി​നു ദേഷ്യം വരാനുള്ള കാരണം ഇതാണ്‌. അതു​കൊണ്ട്‌ അവൻ പണവു​മാ​യി ഇരിക്കുന്ന ആളുക​ളു​ടെ മേശകൾ മറിച്ചിട്ട്‌ അവരുടെ നാണയങ്ങൾ ചിതറി​ച്ചു​ക​ള​യു​ന്നു. കൂടാതെ അവൻ കയറു​കൊണ്ട്‌ ഒരു ചാട്ട ഉണ്ടാക്കി മൃഗങ്ങ​ളെ​യെ​ല്ലാം ആലയത്തിൽനിന്ന്‌ ഓടി​ച്ചു​ക​ള​യു​ന്നു. പ്രാവു​ക​ളെ വിൽക്കു​ന്ന​വ​രോട്‌ അവൻ ഇങ്ങനെ കൽപ്പി​ക്കു​ന്നു: ‘ഇവയെ ഇവി​ടെ​നി​ന്നു കൊണ്ടു​പോ​കു​വിൻ! എന്റെ പിതാ​വി​ന്റെ ഭവനത്തെ പണം വാരി​ക്കൂ​ട്ടാ​നു​ള്ള സ്ഥലമാ​ക്കി​ത്തീർക്ക​രുത്‌.’

യേശു​വി​ന്റെ അനുഗാ​മി​ക​ളിൽ ചിലർ ഇവിടെ യെരൂ​ശ​ലേ​മി​ലെ ഈ ആലയത്തിൽ അവനോ​ടൊ​പ്പ​മുണ്ട്‌. അവർ യേശു​വി​ന്റെ ഈ പ്രവൃത്തി കണ്ട്‌ ആശ്ചര്യ​പ്പെ​ടു​ന്നു. അപ്പോൾ അവർ ‘ദൈവ​ഭ​വ​ന​ത്തോ​ടു​ള്ള സ്‌നേഹം അവന്റെ​യു​ള്ളിൽ തീപോ​ലെ കത്തും’ എന്ന്‌ ബൈബി​ളിൽ ദൈവ​പു​ത്ര​നെ​ക്കു​റി​ച്ചു പറഞ്ഞി​രി​ക്കു​ന്ന ഭാഗം ഓർമി​ക്കു​ന്നു.

പെസഹാ​യിൽ സംബന്ധി​ക്കാ​നാ​യി യേശു ഇവിടെ യെരൂ​ശ​ലേ​മിൽ ആയിരി​ക്കെ അനേകം അത്ഭുതങ്ങൾ ചെയ്യുന്നു. പിന്നീട്‌ അവൻ യെഹൂദ്യ വിട്ട്‌ ഗലീല​യി​ലേ​ക്കു​ള്ള മടക്കയാ​ത്ര ആരംഭി​ക്കു​ന്നു. അവൻ ശമര്യ വഴിയാണ്‌ പോകു​ന്നത്‌. അവിടെ എന്തു സംഭവി​ക്കു​ന്നു​വെന്ന്‌ നമുക്കു നോക്കാം.